തസ്ബീഹ് നിസ്കാരം: വളരെ എളുപ്പത്തിൽ എങ്ങനെ നിർവഹിക്കാം..?! ലേഖനം വീഡിയോ സഹിതം


ഏറെ പുണ്യമുള്ള സുന്നത്ത് നിസ്കാരമാണ് തസ്ബീഹ് നിസ്കാരം. ഇത് ജമാഅത്തായി നിര്‍വഹിക്കല്‍ സുന്നത്തല്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് പഠിപ്പിക്കാനും പ്രേരണനല്‍കാനുമായി ജമാഅത്തായി നിര്‍വഹിക്കുന്നതിന് വിരോധമില്ല.


പുരുഷനെ ഇമാമാക്കി സ്ത്രീകള്‍ വീടുകളില്‍ തസ്ബീഹ് നിസ്കാരം നിര്‍വഹിക്കാറുണ്ട്. സ്ത്രീകള്‍ക്ക് നിസ്കാരം അറിയാനും പഠിപ്പിക്കുനുമാണെങ്കില്‍ ഇത് കുഴപ്പമില്ല. മഅ്മൂമുകള്‍ മുഴുവനും സ്ത്രീകളാണെങ്കില്‍ ഇത് കുഴപ്പമില്ല. മഅ്മൂമുകള്‍ മുഴുവനും സ്ത്രീകളാണെങ്കില്‍ അവര്‍ക്ക് പുരുഷന്‍ ഇമാമത്ത് നില്‍ക്കലാണ് ഉത്തമം (മഹല്ലി 1/222). പുരുഷന്റെ പിന്നില്‍ തുടര്‍ന്ന് നിസ്കരിക്കുന്ന സ്ത്രീകള്‍ മൂന്ന്മുഴത്തിലേറെ പിന്നില്‍ നില്‍ക്കലാണ് സുന്നത്ത്. ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയില്‍ മൂന്ന് മുഴത്തേക്കാള്‍ കൂടുതല്‍ ഉണ്ടാവരുതെന്ന നിയമം പുരുഷന്റെ പിന്നില്‍ തുടരുന്ന സ്ത്രീകള്‍ക്ക് ബാധകമല്ല. (ഫതാവല്‍ കുബ്റാ 2/215)


തസ്ബീഹ് നിസ്കാരത്തിന് പ്രത്യേക സമയമോ സന്ദര്‍ഭമോ ഇല്ല. നിസ്കാരം വിലക്കപ്പെടാത്ത ഏത് സമയത്തും ഇത് നിര്‍വഹിക്കപ്പെടാവുന്നതാണ്. മുന്തിയതും പിന്തിയതും രഹസ്യവും പരസ്യവുമായ മുഴുവന്‍ തെറ്റുകളും തസ്ബീഹ് നിസ്കാരം കൊണ്ട് പൊറുക്കപ്പെടുമെന്ന് ഹദീസുകളില്‍ കാണാം.

നാല് റക്അത്താണ് ഈ നിസ്കാരം. ഫര്‍ള് നിസ്കാരം ഖളാഉള്ളവര്‍ തസ്ബീഹ് നിസ്കരിക്കരുത്. അവര്‍ ഖളാഅ് വീട്ടാനാണ് ആ സമയം ഉപയോഗിക്കേണ്ടത്. ഒന്നാം റക്അത്തില്‍ ഫാത്തിഹക്ക് ശേഷം സൂറത്തുത്തകാസുറും രണ്ടാം റക്അത്തില്‍ വല്‍ അസ്രിയും മൂന്നാം റക്അത്തില്‍ കാഫിറൂനയും നാലാം റക്അത്തില്‍ ഇഖ്ലാസ് സൂറത്തുമാണ് ഈ നിസ്കാരത്തില്‍ ഓതേണ്ടത്.


നിസ്കാര രൂപം


അല്ലാഹു തആലാക്ക് വേണ്ടി രണ്ട് റക്അത്ത് തസ്ബീഹ് സുന്നത്ത് നിസ്കാരം ഖിബ്ലക്ക് മുന്നിട്ട് ഞാന്‍ നിസ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്ത് തക്ബീറത്തില്‍ ഇഹ്റാം കെട്ടണം. നാല്‍ റക്അത്തുള്ള തസ്ബീഹ് നിസ്കാരത്തില്‍ 300 തവണ ...سبحان الله والحمد لله ولا اله الا الله الله اكبر..... എന്ന ദിക്റ് ചൊല്ലണം. ഇതാണ് തസ്ബീഹ് നിസ്കാരത്തിന്റെ പ്രത്യേകത. ഒന്നാം റക്അത്തില്‍ ഫാത്തിഹക്കും സൂറത്തിനും ശേഷം പതിനഞ്ച് പ്രാവശ്യം റുകൂഅ്, ഇഅ്തിദാല്, രണ്ട് സുജുദുകള്‍, ഇടയിലെ ഇരുത്തം എന്നിവയിലെ സുന്നത്തായ ദിക്റുകള്‍ക്ക് ശേഷം പത്ത് പ്രാവശ്യം, രണ്ടാം സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴുള്ള ഇസ്തിറാഹത്തിന്റെ ഇരുത്തത്തില്‍ പത്ത് പ്രാവശ്യം ഇങ്ങനെ ഒരു റക്അത്തില്‍ 75 തസ്ബീഹാണ് ചൊല്ലേണ്ടത്. ഇതേ പ്രകാരം രണ്ടാം റക്അത്തിലും ആവര്‍ത്തിക്കണം. രണ്ടാം റക്അത്തില്‍ അത്തഹിയ്യാത്തിനും സ്വലാത്തിനും  മുമ്പാണ് അവസാനത്തെ പത്ത് തസ്ബീഹ് ചൊല്ലേണ്ടത്. ശേഷം സലാം വീട്ടുകയും അടുത്ത രണ്ട് റക്അത്ത് ഇപ്രകാം പൂര്‍ത്തിയാക്കുകയും ചെയ്യണം.


ഖിറാഅത്തിന് ശേഷം ചൊല്ലേണ്ട 15 തസ്ബീഹ് ഖിറാഅത്തിന് മുമ്പിലേക്കും ഇസ്തിറാഹത്തിന്റെ ഇരുത്തത്തില്‍ പറഞ്ഞ പത്ത് തസ്ബീഹ് ഖിറാഅത്തിന്റെ പിന്നിലേക്കും മാറ്റാവുന്നതാണ്. റുകൂഇല്‍ ചൊല്ലേണ്ട തസ്ബീഹ് വിട്ടുപോയെന്ന് ഇഅ്തിദാലില്‍ ഓര്‍മ വന്നാല്‍ തസ്ബീഹിന് വേണ്ടി വീണ്ടും റുകൂഇലേക്ക് മടങ്ങരുത്. ഇഅ്തിദാല്‍ ചുരുങ്ങിയ ഫര്‍ളായത് കൊണ്ട് അവ ഇഅ്തിദാലില്‍ കൂട്ടിയെടുക്കാനും പറ്റില്ല. പ്രത്യുത അത് സുജൂദില്‍ കൊണ്ട് വരേണ്ടതാണ്. തസ്ബീഹുകളുടെ എണ്ണം ചുരുക്കി നിസ്കരിച്ചാല്‍ നിസ്കാരം ബാത്തിലാകില്ല. നിസ്കാരത്തിന്റെ അടിസ്ഥാന സുന്നത്ത് ലഭിക്കും. തസ്ബീഹ് മുഴുവനും ഒഴിവാക്കിയാല്‍ അടിസ്ഥാന സുന്നത്ത് ലഭിക്കില്ല. നിരുപാദിക നിസ്കാരത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. (തുഹ്ഫ 2/239)

കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കാണുക..⤵️


കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക...👇👇