ഒരു മഹത്തായ പണ്ഡിത പാരമ്പര്യത്തിന്റെ മനോഹരമായ തുടർച്ച…



ബഹുമാനപ്പെട്ട പി.പി. ഉമർ മുസ്‌ലിയാർ കൊയ്യോട് ഉസ്താദ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട വാർത്ത ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് കാണുന്നത്.

ശൈഖുനാ ശംസുൽ ഉലമ, ചെറുശ്ശേരി ഉസ്താദ്, ബഹുമാനപ്പെട്ട ശൈഖുൽ ജാമിഅ കെ. ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങിയ മഹാരഥന്മാർ അലങ്കരിച്ച മഹത്തായ നേതൃത്വ പാരമ്പര്യത്തിലേക്കാണ് കൊയ്യോട് ഉസ്താദും എത്തിച്ചേരുന്നത്.

അതുകൊണ്ടുതന്നെ ഇത് കേവലം ഒരു സ്ഥാനലബ്ധിയല്ല;
ഒരു മഹത്തായ പണ്ഡിത പാരമ്പര്യത്തിന്റെ കൈമാറ്റം കൂടിയാണ്.

പാണക്കാട് കുടുംബവുമായി ഏറെ ആത്മബന്ധം പുലർത്തുന്ന സ്വാത്വികനായ പണ്ഡിതനാണ് കൊയ്യോട് ഉസ്താദ്.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുതൽ സാദിഖലി ശിഹാബ് തങ്ങൾ വരെയുള്ള പാണക്കാട് കുടുംബത്തിലെ കാരണവന്മാരുമായി ഊഷ്മളമായ ബന്ധം പുലർത്തിയ അദ്ദേഹം, കുടുംബത്തിലെ ഓരോ അംഗങ്ങളോടും സ്നേഹവും വാത്സല്യവും കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ്.

ആത്മീയമായി പാണക്കാട് കുടുംബത്തോട് ചേർന്നുനിൽക്കുകയും, സമൂഹത്തിന്റെ നന്മയ്ക്കായി അതേ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്ത പണ്ഡിതൻ.

സമസ്തയുടെ ചരിത്രത്തിലെ നിർണായക ഘട്ടങ്ങളിലെല്ലാം പക്വതയോടെയും ദീർഘവീക്ഷണത്തോടെയും സമൂഹത്തിന് ദിശാബോധം നൽകിയ നേതൃത്വമാണ് നമുക്ക് കാണാനായത്.

ഇന്നത്തെ സങ്കീർണമായ സാമൂഹിക സാഹചര്യത്തിലും ജിഫ്രി തങ്ങളോടൊപ്പം കൊയ്യോട് ഉസ്താദിന്റെ പക്വമായ പണ്ഡിത നേതൃത്വവും, പാണക്കാട് കുടുംബത്തിന്റെയും സമസ്തയുടെ പണ്ഡിത നേതൃത്വത്തിന്റെയും കൂട്ടായ്മയും സമൂഹത്തെ കൂടുതൽ ഐക്യത്തോടെയും കരുത്തോടെയും മുന്നോട്ടുനയിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

എനിക്ക് ഇത് കുറച്ചുകൂടി വ്യക്തിപരമായ സന്തോഷം കൂടിയാണ്…

അഭിവന്ദ്യനായ എന്റെ പിതാവുമായി കൊയ്യോട് ഉസ്താദ് സൂക്ഷിച്ചിരുന്ന ആത്മബന്ധം ഇന്നും എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

ബാപ്പയുടെ വിയോഗത്തിനുശേഷവും ഉസ്താദിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന അതേ സ്നേഹവും വാത്സല്യവും, പാണക്കാട് കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും ചേർന്നപ്പോൾ എന്റെ ഹൃദയത്തിൽ ഉസ്താദ് ഒരു പണ്ഡിതൻ മാത്രമല്ല… പിതൃതുല്യനായ ഒരാളാണ്.

സമസ്തയുടെ ഒരു ചെറിയ ഖാദിമായി സേവനം ചെയ്യാൻ ഈ വിനീതന് അവസരം ലഭിച്ച കാലത്ത്, ഉസ്താദിനൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിന്റെ ഇടപെടലുകൾ അടുത്തറിയാനും കഴിഞ്ഞത് അല്ലാഹുവിന്റെ അനുഗ്രഹമായാണ് ഞാൻ കാണുന്നത്.

ആരെയും അകറ്റിനിർത്താതെ ചേർത്തുപിടിക്കുന്ന സമീപനം,
വ്യത്യസ്തരായ മനുഷ്യരെ ഒരുമിപ്പിക്കുന്ന സ്നേഹസമ്പർക്കം,
പക്വമായ ഇടപെടൽ,
ദീർഘവീക്ഷണമുള്ള നേതൃത്വം
ഇവയെല്ലാം ഇന്നത്തെ സാഹചര്യത്തിൽ സമസ്തയ്ക്ക് കൂടുതൽ കരുത്തായി മാറട്ടെ.

കൊയ്യോട് ഉസ്താദിന്റെ നേതൃത്വത്തിലൂടെ പണ്ഡിത പാരമ്പര്യത്തിന്റെ മഹത്വവും സമുദായ ഐക്യവും കൂടുതൽ ശക്തി പെടാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ...

അല്ലാഹു ഉസ്താദിന്റെ സേവനങ്ങൾക്ക് കരുത്തും ആരോഗ്യവും നൽകി, ദീർഘായുസ്സോടെ ദീനിനും സമൂഹത്തിനും സേവനം ചെയ്യാൻ അനുഗ്രഹിക്കട്ടെ.
മഹത്തായ പാരമ്പര്യത്തിന്റെ ഈ പുതിയ അധ്യായം സമൂഹത്തിന് നന്മയുടെ വഴികാട്ടിയാകട്ടെ…
ആമീൻ യാ റബ്ബൽ ആലമീൻ.

✍️ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ