വി. മൂസക്കോയ മുസ്‌ലിയാർ: ചെറുശ്ശേരി ഉസ്താദ് കണ്ടെത്തിയ പണ്ഡിത പ്രതിഭ


            

1941 വയനാട് ജില്ലയിലെ കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് കരിഞ്ഞ കുന്നിൽ പ്രശസ്ത കുടുംബാംഗങ്ങളായ വള്ളി അബ്ദുള്ള ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനായാണ് മൂസക്കോയ മുസ് ലിയാരുടെ ജനനം. പിതാമഹൻ മുഹ് യിദ്ദീൻ മുസ് ലിയാർ വലിയ പണ്ഡിതനും സൂഫിവര്യനുമായിരുന്നു. വെണ്ണിയോട്ടെ ഓത്തുപള്ളിയിൽ നിന്ന് ഓത്തു പലക മുഖേനയാണ് പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം. 5-ാം ക്ലാസ് വരെ കോട്ടത്തറ ബോർഡ് മാപ്പിള ബോയ്സ് സ്കൂളിലും. പിന്നീട് നാട്ടിലെ പള്ളി ദർസിൽ ഒരു വർഷം . പത്ത് കിതാബ് പോലോത്ത പ്രാഥമിക കിതാബുകൾ ഓതിയത് ഇക്കാലത്താണ്. വാഴക്കാട്ടെ സി.പി ആലിക്കുട്ടി മുസ്‌ലിയാരായിരുന്നു ഉസ്താദ്. പിന്നീട് കുറച്ച് കാലം നാട്ടിൽ പലചരക്ക് കച്ചവടക്കാരനായി. ഇതിനിടയിൽ ട്യൂഷനു പോയി അത്യാവശ്യം ഇംഗ്ലീഷ് ഭാഷയും വശമാക്കി. കിതാബോതി പഠിക്കാനുള്ള വലിയ ആഗ്രഹം ഇടവേളക്ക് ശേഷം വീണ്ടും കോടങ്ങാട് ദർസിലെത്തിച്ചു. നെടിയിരുപ്പ് കോമു മുസ് ലിയാരായിരുന്നു അവിടെ ഉസ്താദ്. ഇവിടെ വെച്ചാണ് അൽഫിയ്യയും ഫത്ഹുൽ മുഈനു മൊക്കെ ഓതിയത്. പിന്നീട് പയ്യനാട്ട് കെ.സി ജമാലുദ്ദീൻ മുസ് ലിയാരുടെ ദർസിൽ ചേർന്നു. ഇതി നിടയിൽ കുടുംബ പരമായ പല പ്രതിസന്ധികളും വന്നു ചേർന്നു പഠനം തടസ്സപ്പെടുന്ന അവസ്ഥയിലായി. അല്പം നാട്ടിൽ തന്നെ തങ്ങിയെങ്കിലും വീണ്ടും പഠനം ലക്ഷ്യം വെച്ച് എത്തിയത് കോടങ്ങാട് ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെ ദർസിലാണ്. 1956 മുതൽ 1966 വരെയുള്ള ദീർഘമായ 10 വർഷമാണ് ഉസ്താദിൻ്റെ കൂടെ എല്ലാ അർഥത്തിലും സഹവസിച്ചത്. ശേഷം ജാമിഅയിലേക്ക് ഉന്നത പഠനത്തിനായി ഒരുങ്ങിയപ്പോൾ ഒരു വർഷം അവിടെ ദർസ് നടത്തിയിട്ട് പോയാൽ മതിയെന്നായിരുന്നു ചെറുശ്ശേരി ഉസ്താദിൻ്റെ നിർദ്ദേശം. ഉസ്താദിൻ്റെ ശിഷ്യരിൽ ആദ്യമായി ഉപരി പഠനത്തിന് പോയത് മൂസക്കോയ മുസ് ലിയാരാണ്. 1966 ലാണ് ജാമിഅ നൂരിയ്യയിലെത്തിയത്. ജാമിഅയുടെ സുവർണ കാലമായിരുന്നു അത്. ശൈഖുനാ ശംസുൽ ഉലമാ , കെ കെ അബൂബക്കർ ഹസ്റത്ത്, കോട്ടു മല അബൂബക്കർ മുസ്‌ലിയാർ, കെ.സി ജമാലുദ്ദീൻ മുസ് ലിയാർ തുടങ്ങിയവരായിരുന്നു അന്ന് ജാമിഅയിലെ പ്രധാന ഉസ്താദുമാർ. മർഹൂം പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ കെ. ആലിക്കുട്ടി മുസ്‌ലിയാർ , വില്യാപള്ളി ഇബ്റാഹിം മുസ് ലിയാർ , ടി.എസ് ഇബ്റാഹിം കുട്ടി മുസ് ലിയാർ തുടങ്ങിയവർ ജാമിഅയിലെ സതീർഥ്യരാണ്. 1969 ൽ ജാമിഅയിൽ നിന്ന് പഠനം പൂർത്തിയാക്കി വയനാട് ജില്ലയിലെ രണ്ടാമത്തെ ഫൈസിയായി. പരിയാരത്തെ കുഞ്ഞാലൻ ഫൈസിയാണ് ഒന്നാമൻ.

1969ൽ ജാമിഅയിൽ നിന്ന് ഫൈസി ബിരുദം നേടി ഇറങ്ങിയ അന്നു മുതൽ ജില്ലയിലെ ഉള്ളിശ്ശേരിയിലാണ് സേവനം. ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ് വരെ പള്ളി ദർസും ഉണ്ടായിരുന്നു. ഒരു പാട് വിദ്യാർഥികൾ ഈ ദർസിൽ നിന്ന് ഇൽമ് നുകരുകയും ജാമിഅ , നന്തി തുടങ്ങിയവിടങ്ങളിൽ നിന്ന് ബിരുദം നേടുകയും ചെയ്തിട്ടുണ്ട്. ജില്ലാ സമസ്തയിലെ പ്രഗത്ഭരായ വാളാട് ഇബ്റാഹിം ഫൈസിയും പോള ഇബ്റാഹിം ദാരിമിയും ശിഷ്യരിൽ പ്രധാനികളാണ്. 

അഞ്ചരപ്പതിറ്റാണ്ടിലേറെയായി ഉള്ളിശ്ശേരിയിൽ സേവനം ചെയ്തു വരുന്നതിനു പിന്നിലെ രഹസ്യം ശൈഖുനാ ശംസുൽ ഉലമായുടെ ഗുരുത്വവും പൊരുത്തവുമാണെന്ന് ഉസ്താദ് ഉറപ്പിച്ചു പറയുന്നു. ഉള്ളിശ്ശേരിയിൽ നിന്ന് ജാമിഅയിൽ സനദ് വാങ്ങാൻ പോയപ്പോൾ കൂടെ ഉണ്ടായിരുന്ന മുതവല്ലിയും കാരണവരുമായിരുന്ന എടവെട്ടൻ ഇബ്റാഹിം ഹാജിയോട് ശംസുൽ ഉലമാ പറഞ്ഞുവത്രെ. "ഇവൻ മതി നിങ്ങൾക്ക് ; ഇവൻ അവിടെ നിന്നോട്ടെ " 
ആ നിർത്തം ഇന്നും നിൽക്കുന്നു. മുതവല്ലിയും കമ്മിറ്റിയുമൊക്കെ മാറി മാറി വന്നെങ്കിലും നാട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ടവരായി ഖത്തീബും ഇമാമുമായി ഇന്നും ഉസ്താദ് തുടരുന്നു. അല്ലാഹു ദീർഘായുസ്സ് നൽകട്ടെ - ആമീൻ
 1971 ലും 2023 ലും ഹജ്ജ് കർമം നിർവഹിക്കാൻ നാഥൻ തൗഫീഖേകിയിട്ടുണ്ട്. 70- 71 കാലത്തെ കപ്പൽ യാത്രയും മക്കയിൽ നിന്ന് ലഭിച്ച സയ്യിദ് അലവി മാലികി (റ) യുടെ ശിഷ്യത്വവും ഇന്നും മധുരിക്കുന്ന ഓർമകളാണ്.
ദീർഘ കാലം എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് പദവി വഹിച്ച ഉസ്താദ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജില്ലാ ഉപാധ്യക്ഷ പദവിയും ജംഇയ്യത്തുൽ ഖുത്വബാ ജില്ലാ അധ്യക്ഷ പദവിയും വഹിക്കുന്നു. 2012 ൽ കാളമ്പാടി മുഹമ്മദ് മുസ്ലിയാർ പ്രസിഡണ്ടും ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ ജനറൽ സെക്രട്ടറിയുമായ വേളയിലാണ് സമസ്തയുടെ പരമോന്നത സഭയിൽ അംഗമാവുന്നത്.
കർമ ശാസ്ത്രത്തിൽ നിപുണനായ വി. മൂസക്കോയ മുസ് ലിയാരുടേതായി വിവിധ കാര്യ പ്രസക്തമായ മസ് അലകൾ അടക്കുന്ന ജംഉൽ ഫറാഇദ് എന്ന ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ടുണ്ട്. വെണ്ണിയോട് നിന്നും താമസം തന്നെ ഉള്ളിശ്ശേരിയിലേക്ക് മാറ്റിയ ഉസ്താദ് ഇന്ന് ഉള്ളിശ്ശേരി മൂസ മുസ്‌ലിയാർ എന്നാണറിയപ്പെടുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡണ്ടായിരുന്ന മലയമ്മ നാരകശ്ശേരി മുഹമ്മദ് അബൂബക്കർ മുസ്ലിയാരുടെ മകൾ റുഖിയ്യയാണ് ഭാര്യ. മുഹമ്മദ് അബ്ദുള്ള , മുഹമ്മദ് ഷറഫുദ്ദീൻ എന്നീ 2 ആൺമക്കളും. 

പാരമ്പര്യ വസ്ത്ര രീതി മുറുകെ പിടിക്കാനും കർമ ശാസ്ത്ര വിഷയങ്ങളിൽ നല്ല അറിവും അവബോധവും നേടണമെന്നതുമാണ് പുതിയ കാലത്തെ മുതഅല്ലിം - മുഅല്ലിം സഹോദരങ്ങളോടും അല്ലാഹുവിനെയും പ്രവാചകരെയും മനസ്സിലാക്കിത്തന്ന അക്ഷര ജ്ഞാനം നൽകിയ സമസ്ത യാവണം നമ്മുടെ വഴികാട്ടിയെന്നതാണ് മുഴുവൻ സുന്നി സമൂഹത്തോടും മൂസക്കോയ മുസ്ലിയാർക്ക് നൽകാനുള്ള ഉപദേശം

✍️ഹാരിസ് ബാഖവി കമ്പളക്കാട്