ഹബീബില്ലാത്ത ആദ്യ രാത്രി..!! (വഫാത്തുന്നബി:ഭാഗം: 7)
ഹബീബില്ലാത്ത ആദ്യ രാത്രി..!!
(വഫാത്തുന്നബി:ഭാഗം: 7)
സിദ്ധീഖ്(റ)യുടെ നെഞ്ചിൽ തളർന്നുകിടന്ന ഉമർ(റ)യുടെ
ആ ചോദ്യം… കരളലിയിക്കുന്നതായിരുന്നു.
നബി(ﷺ) വഫാത്തായെന്ന യാഥാർഥ്യത്തോട് ഉമർ(റ)
പതിയെ പൊരുത്തപ്പെടുകയായിരുന്നു.
അബൂബക്കർ(റ) ഉമർ(റ)നോട് ചോദിച്ചു:
“നബി(ﷺ) വഫാത്തായിട്ടില്ലെന്ന് നിങ്ങൾ പറഞ്ഞതായി എനിക്ക് അറിയാൻ സാധിച്ചു.
നിങ്ങൾ ഓർക്കുന്നുണ്ടോ…? ഒരിക്കൽ നബി(ﷺ) നമുക്ക് ഖുർആനിലെ ഒരു ആയത്ത് ഓതിത്തന്നിരുന്നില്ലേ…?”
“നബിയേ, നിശ്ചയം അങ്ങും അവരും മരിക്കുന്നതാണ്…”
എന്ന ആയത്ത്.
അബൂബക്കർ(റ) ആ ആയത്ത് ഓതിയപ്പോൾ,
ഇതിന് മുമ്പ് ഒരിക്കലും
ആ ആയത്ത് കേട്ടിട്ടില്ലാത്തതുപോലെയാണ് ഉമർ(റ)ന് തോന്നിയത്.
ആ ഒരു ആയത്ത്…
അദ്ദേഹത്തിന്റെ മനസ്സിൽ
ഒരു സത്യം ഉറപ്പിച്ചു:
നബി(ﷺ) വഫാത്തായിരിക്കുന്നു...!
ആ സത്യം അംഗീകരിക്കുക സ്വഹാബികൾക്ക് എത്രമാത്രം വേദനാജനകമായിരുന്നിരിക്കണം…
എങ്കിലും,
നബിയുടെ(ﷺ) വഫാത്തോടെ
ഈ സമുദായത്തിന് ഒരു നേതാവില്ലാതാകരുതെന്ന കാര്യം അവർ ഉടൻ പരിഹരിച്ചു. ചർച്ചകൾക്കുശേഷം അബൂബക്കർ(റ)നെ ഖലീഫയായി നിയമിച്ചു.
ചൊവ്വാഴ്ച നബി(ﷺ)യെ കുളിപ്പിച്ചു.
അലി(റ) ആണ് നബി(ﷺ)യെ കുളിപ്പിച്ചത്.
ഉസാമതുബ്നു സൈദ്(റ)യും നബിയുടെ(ﷺ) സേവകനായ ശുഖ്റാൻ(റ)യും വെള്ളം ഒഴിച്ചുകൊടുത്തു.
ഔസ് ബ്നു ഖൗല(റ) നബി(ﷺ)യുടെ ശരീരം തന്റെ ശരീരത്തോട് ചേർത്തുപിടിച്ചു. അബ്ബാസ്(റ),
ഫളൽ ബ്നു അബ്ബാസ്(റ),
ഖുസം ബ്നു അബ്ബാസ്(റ) എന്നിവരും നബിയുടെ(ﷺ) ശരീരം കഴുകാൻ സഹായിച്ചു.
മൂന്ന് വെള്ള വസ്ത്രങ്ങളിലാണ് അവർ നബി(ﷺ)യെ കഫൻ ചെയ്തത്.
ശേഷം വീട്ടിലുണ്ടായിരുന്ന
കട്ടിലിൽ നബി(ﷺ)യുടെ
ജനാസ കിടത്തി.
പത്ത് വീതം ആളുകൾ അകത്തേക്ക് കടന്നു.
ഇമാമില്ലാതെ, ഓരോരുത്തരായി നബി(ﷺ)യുടെ മേൽ ജനാസ നിസ്കരിച്ചു.
ആദ്യം കുടുംബക്കാർ…
പിന്നീട് മുഹാജിറുകൾ…
ശേഷം അൻസാറുകൾ…
എല്ലാവരും നബി(ﷺ)യുടെ മേൽ നിസ്കരിച്ചു.
ചൊവ്വാഴ്ച മുഴുവനും, ബുധനാഴ്ചയുടെ ഭൂരിഭാഗം സമയവും ആ ജനാസ നിസ്കാരം തുടർന്നുകൊണ്ടിരുന്നു.
നബി(ﷺ)യുടെ വസ്വിയ്യത്ത് അനുസരിച്ചായിരുന്നു ഇമാമില്ലാതെ ജനാസ നിസ്കരിച്ചത്.
ആ വസ്വിയ്യത്തിനെക്കുറിച്ച് ആഇശാ ബീവി(റ) പറയുന്നു:
“ഒരിക്കൽ നബി(ﷺ) പറഞ്ഞു: എന്നെ കുളിപ്പിച്ച് കഫൻ ചെയ്ത ശേഷം,
എന്റെ ഖബറിനടുത്ത് വീട്ടിലെ കട്ടിലിൽ എന്റെ ശരീരം വെക്കുക. പിന്നെ അൽപസമയം നിങ്ങൾ എല്ലാവരും മാറിനിൽക്കണം.
ആദ്യം ജിബ്രീലും,
ശേഷം മീകാഈലും,
പിന്നീട് ഇസ്റാഫീലും,
പിന്നെ അസ്റാഈലും, അതിനുശേഷം മലക്കുകളെല്ലാവരും
എന്റെ മേൽ ജനാസ നിസ്കരിക്കുന്നതാണ്.
പിന്നീട് നിങ്ങൾ ചെറുസംഘങ്ങളായി വന്ന് എന്റെ മേൽ നിസ്കരിക്കുക…”
വസ്വിയ്യത്ത് പോലെ ജനാസ നിസ്കാരം കഴിഞ്ഞു.
ഇനി ഒരു ചോദ്യം മാത്രം ബാക്കി:
എവിടെയാണ് ഹബീബിനെ(ﷺ) മറവു ചെയ്യേണ്ടത്?
ചിലർ പറഞ്ഞു:
പള്ളിയിൽ മറവു ചെയ്യാം.
മറ്റുചിലർ പറഞ്ഞു:
ജന്നത്തുൽ ബഖീഇൽ മറവു ചെയ്യാം.
അപ്പോൾ അബൂബക്കർ(റ) പറഞ്ഞു:
“നബി(ﷺ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:
‘ഏതൊരു നബിയെയും വഫാത്തായ സ്ഥാനത്തുതന്നെയാണ്
മറവു ചെയ്യപ്പെടുന്നത്.’”
അതോടെ ആ ചർച്ച അവസാനിച്ചു.
നബി(ﷺ) വഫാത്തായ അതേ സ്ഥലത്തുതന്നെ മറവു ചെയ്യാൻ അവർ തീരുമാനിച്ചു.
നബി(ﷺ) വഫാത്തായ സ്ഥലത്തുണ്ടായിരുന്ന വിരിപ്പ് മാറ്റി…
അവിടെ ഖബർ കുഴിക്കാൻ തീരുമാനിച്ചു.
മദീനയിൽ ചെല്ലുമ്പോൾ…
ഹബീബിന്റെ(ﷺ) അരികിൽ നിൽക്കുമ്പോൾ…
നാം എപ്പോഴെങ്കിലും ഓർക്കാറുണ്ടോ.?
പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പ്, നാം ഇന്ന് നിൽക്കുന്ന ഈ മണ്ണിനോട് ചേർന്ന്,
ഒരു കട്ടിലിൽ നമ്മുടെ
ഹബീബ്(ﷺ) കിടന്നിരുന്നുവെന്ന്…?
ഇന്ന് നാം സമാധാനത്തോടെ നിൽക്കുന്ന ആ മണ്ണ്…
ഒരിക്കൽ നമ്മുടെ പ്രിയപ്പെട്ട നബി(ﷺ)യുടെ വഫാത്തിന്റെ വേദന ഏറ്റുവാങ്ങിയ മണ്ണായിരുന്നു.
ആ മണ്ണിന്റെ മാറിലേക്ക് ഹബീബിന്റെ(ﷺ) ശരീരം ഏറ്റുവാങ്ങാനായി…
മഴു മണ്ണിലേക്ക് ആഴ്ന്നിറങ്ങി.
ആ രാത്രിയിൽ…
മണ്ണിൽ മഴു തറയ്ക്കുന്ന
ശബ്ദം കേട്ട്
മദീന എത്രമാത്രം കദനവേദനയിൽ വിറച്ചിട്ടുണ്ടാകും…!
ഒരിക്കൽ നബി(ﷺ)യുടെ ശബ്ദം നിറഞ്ഞിരുന്ന മദീന…
അന്ന് രാത്രി എങ്ങനെയായിരുന്നിരിക്കും?
ഹബീബിന്റെ(ﷺ) സാന്നിധ്യം കൊണ്ട് ജീവിച്ചിരുന്ന സ്വഹാബികൾ…
അന്ന് രാത്രി എങ്ങനെയാകും കഴിച്ചുകൂട്ടിയത്…?
ഹബീബില്ലാത്ത ആദ്യ രാത്രി…
ആ രാത്രി മദീനയുടെ
ഓരോ മണൽത്തരിക്കും കരയാതിരിക്കാനാകുമായിരുന്നോ…?
അല്ലാഹുവേ മദീനയിൽ ഞങ്ങളെ എത്തിക്കണമേ. ആമീൻ
(തുടരും )
ബഷീർ ഫൈസി ദേശമംഗലം
Post a Comment