ഒടുവിൽ അത് സംഭവിച്ചു...!! (വഫാത്തുന്നബി-ഭാഗം:6)

ഒടുവിൽ അത് സംഭവിച്ചു...!!
(വഫാത്തുന്നബി-ഭാഗം:6)
ഹബീബ് ﷺ യാത്രയായി
എന്ന വിവരം
കാട്ടുതീ പോലെ മദീനയിൽ പടർന്നു.
മദീനയുടെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നുപോലും ജനങ്ങൾ ആയിഷാ ബീവി(റ)യുടെ വീട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു…!!
ആ വീടും പരിസരവും സുഗന്ധപൂരിതമായി. നബി ﷺ യുടെ റൂഹ് പിരിഞ്ഞപ്പോൾ
അവിടെ അനുഭവപ്പെട്ട സുഗന്ധത്തെക്കുറിച്ച് ആയിഷാ ബീവി(റ) പറയുന്നു:
“അതിനേക്കാൾ നല്ല മറ്റൊരു സുഗന്ധവും ഞാൻ വാസനിച്ചിട്ടില്ല.”
ഫാത്വിമാ ബീവി(റ) പറഞ്ഞു:
“എന്റെ പിതാവേ…
അങ്ങ് റബ്ബിന്റെ വിളിക്ക് ഉത്തരം ചെയ്തിരിക്കുന്നു.
പിതാവേ…
അങ്ങ് സ്വർഗത്തിലേക്ക് ചേർന്നിരിക്കുന്നു…”
ഓടിക്കിതച്ചു രണ്ടുപേർ ഒരുമിച്ചെത്തി ഉമർ(റ)യും മുഗീറതുബ്നു ശുഅ്ബ(റ)യും.
നബി ﷺ വഫാത്തായി കിടക്കുന്നത് ഉൾക്കൊള്ളാനാകാതെ ഉമർ(റ) പറഞ്ഞു:
“മയക്കമേ…
റസൂലുല്ലാഹിക്ക് എന്തൊരു ശക്തമായ മയക്കമാണ് ബാധിച്ചിരിക്കുന്നത്!”
എന്നാൽ നബി ﷺ വഫാത്തായ വിവരം മനസ്സിലാക്കിയ മുഗീറ(റ)
അത് ഉമർ(റ)നോട് പറഞ്ഞപ്പോൾ
അദ്ദേഹം പ്രതികരിച്ചു:
“നീ കള്ളം പറയുകയാണ്.
നീ ഫിത്ന പടർത്താൻ വന്നയാളാണ്!”
നബിയുടെ ﷺ വഫാത്ത് ഉമർ(റ)ന് ഉൾക്കൊള്ളാനായില്ല.
അദ്ദേഹം ക്രുദ്ധനായി വിളിച്ചുപറഞ്ഞു:
“നബി ﷺ വഫാത്തായിട്ടില്ല…!
മുനാഫിഖുകളെ നശിപ്പിക്കാതെ നബി ﷺ വഫാത്താകുകയില്ല!
മൂസാ നബി(അ) തൗറാത്ത് സ്വീകരിക്കാൻ പോയതുപോലെ
കുറച്ചു ദിവസത്തേക്ക് പോയതാണ്…
നാല്പത് ദിവസം കഴിഞ്ഞ്
മൂസാ നബി(അ) തിരിച്ചുവന്നതുപോലെ നബിയും ﷺ തിരിച്ചുവരും!
എന്റെ നബി ﷺ വഫാത്തായി എന്ന് ആരെങ്കിലും പറഞ്ഞാൽ
ഈ വാളിന്റെ മൂർച്ച അവൻ അറിയും…!”
ഉമർ(റ) പറഞ്ഞുകൊണ്ടിരുന്നു…!!
എങ്ങും തേങ്ങിക്കരച്ചിലുകൾ ഉയർന്നു.
അന്നേ ദിവസം മദീന തന്നെ ഇരുട്ടിലാണ്ടുപോയതുപോലെ തോന്നി.
ആ ഇരുട്ടിനെക്കുറിച്ച് അനസ്(റ) പറയുന്നു:
“നബി ﷺ മദീനയിലെത്തിയ ദിവസം
എല്ലാ വസ്തുക്കളും പ്രകാശിച്ചിരുന്നു. എന്നാൽ നബി ﷺ വഫാത്തായ ദിവസം മദീനയിലെ സർവ്വ വസ്തുക്കൾക്കും
ഇരുട്ട് ബാധിച്ചു.”
നബിയുടെ ﷺ വഫാത്ത് ഉൾക്കൊള്ളാനാകാതെ അന്ധാളിച്ചു നിൽക്കുന്ന ഉമർ(റ)നെ കണ്ടപ്പോൾ സ്വഹാബികളിൽ ചിലർ സാലിമുബ്നു ഉബൈദ്(റ)നെ
അബൂബക്ർ(റ)ന്റെ അടുക്കലേക്ക് പറഞ്ഞയച്ചു.
സാലിം(റ) പറയുന്നു:
“ഞാൻ കരഞ്ഞുകൊണ്ട് അബൂബക്ർ(റ)ന്റെ അടുക്കൽ ചെന്നു.
എന്നെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു:
‘നബി ﷺ വഫാത്തായോ?’
ഞാൻ പറഞ്ഞു:
‘അതെ…
ഉമർ(റ) അത് അംഗീകരിക്കുന്നില്ല. വഫാത്തായി എന്ന് ആര് പറഞ്ഞാലും
ഞാൻ അംഗീകരിക്കുകയില്ലെന്നും
അങ്ങനെ പറയുന്നവനെ വാളുകൊണ്ട് വെട്ടുമെന്നുമാണ് അദ്ദേഹം പറയുന്നത്.”
ഇതു കേട്ടപ്പോൾ അബൂബക്ർ(റ)ന്റെ
ഹൃദയം പിടഞ്ഞു.
അദ്ദേഹം ഉടനെ നബി ﷺ യുടെ അടുക്കലേക്ക് ഓടി.
ജനങ്ങൾ അവിടെ തിങ്ങിക്കൂടിയത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു:
“വഴി മാറിത്തരൂ…”
സ്വഹാബികൾ വഴിമാറിക്കൊടുത്തു.
അദ്ദേഹം അകത്തേക്ക് പ്രവേശിച്ചു.
അവിടെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ﷺ വഫാത്തായി കിടക്കുന്നത് കണ്ടപ്പോൾ
ആ കണ്ണുകൾ നിറഞ്ഞൊഴുകി…
കൂട്ടുകാരൻ കൂട്ടുകാരനെ
അവസാനമായി കാണുകയായിരുന്നു.
അറുപത്തിമൂന്ന് വർഷക്കാലം ഈ ലോകത്ത് ജീവിച്ച തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ…
ഒരു വാക്കുപോലും പറയാതെ വിടചൊല്ലിയിരിക്കുന്നു…!
ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട് യത്തീമായി മക്കയിൽ ജീവിച്ച മുത്തുനബിയുടെ ﷺ ബാല്യകാലം…
അവിടെയും രണ്ട് വയസ്സ് കുറവുള്ള സിദ്ധീഖ്(റ) ആയിരുന്നു
നബിയുടെ ﷺ കൂട്ടുകാരൻ.
അവർ കഥകൾ ഏറെ പറഞ്ഞു.
മക്കയുടെ മലഞ്ചെരിവുകളിൽ
തോളിൽ കയ്യിട്ട് നടന്നു.
ഉപ്പമാരുടെ കയ്യിൽ തൂങ്ങി ആർത്തുല്ലസിച്ച് ഉക്കാള് ചന്തയിലേക്ക് ഷോപ്പിങ്ങിന് പോകുന്ന കുട്ടികളെ കാണുമ്പോൾ…
ഹബീബും അബൂബക്‌റും
കണ്ണിൽ കണ്ണിൽ നോക്കി, ഏകാന്തമായി കഅബയുടെ തണലിൽ ഇരുന്നു…!
അവിടെ തുടങ്ങിയ ആ സൗഹൃദത്തിന്റെ ആഴം,
പിന്നീട് ഹബീബ് ﷺ പ്രവാചകനായപ്പോൾ കൂടുതൽ വർധിച്ചു.
മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഹിജ്റയുടെ യാത്രയിൽ…
സൗർ ഗുഹയിൽ അപകടം വന്നപ്പോഴും…
മരുഭൂമിയിൽ ഊരിപ്പിടിച്ച വാളുമായി
സുറാഖ പിന്നാലെ വന്നപ്പോഴും…
എല്ലായിടത്തും നബിയുടെ ﷺ സഹായിയായി, സുഹൃത്തായി
സിദ്ധീഖ്(റ) ഉണ്ടായിരുന്നു…!!
എന്നാൽ ആ കൂട്ടുകാരനെ ഉപേക്ഷിച്ചാണ് ഒരു വാക്കുപോലും പറയാതെ
ഹബീബ് ﷺ യാത്രയായിരിക്കുന്നത്…
വാവിട്ട് കരഞ്ഞു സിദ്ധീഖ്(റ)…!!
“ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ…”
എന്ന് ചൊല്ലിക്കൊണ്ട് അദ്ദേഹം പറഞ്ഞു:
“നബി ﷺ വഫാത്തായിരിക്കുന്നു…”
ശേഷം നബിയുടെ ﷺ തലഭാഗത്തേക്ക് ചെന്നുകൊണ്ട് വിളിച്ചു:
“വാ നബിയ്യാഹ്…!”
ശേഷം നബിയുടെ ﷺ മുഖത്ത് നിന്നു
വസ്ത്രം നീക്കി ആ മുഖത്ത്
ചുംബിച്ചുകൊണ്ട് വിളിച്ചു:
“വാ സ്വഫിയ്യാഹ്…!”
ശേഷം നബിയുടെ ﷺ കവിളിൽ ചുംബിച്ചുകൊണ്ട് വിളിച്ചു:
“വാ ഖലീലാഹ്…!”
പിന്നീട് നബിയോട് ﷺ ഒരുപാട് സങ്കടങ്ങൾ പറഞ്ഞു.
അക്കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു:
“മുഹമ്മദ് നബിയേ ﷺ…
അങ്ങയുടെ രക്ഷിതാവിന്റെ അടുക്കൽവെച്ച് ഞങ്ങളെ ഓർത്താലും…
ഞങ്ങൾ അങ്ങയുടെ ഹൃദയത്തിൽ ഉണ്ടായിരിക്കട്ടെ…!”
അവിടെനിന്ന് അദ്ദേഹം പള്ളിയിലേക്ക് ചെന്നു.
അവിടെ ഉമർ(റ) ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അബൂബക്ർ(റ) ഉമർ(റ)നോട് ഇരിക്കാൻ ആവശ്യപ്പെട്ടു.
ശേഷം അബൂബക്ർ(റ) ജനങ്ങളോട് പ്രസംഗിച്ചു:
“ജനങ്ങളേ…
നിങ്ങളിൽ ആരെങ്കിലും മുത്തുനബിയെ ﷺ ആരാധിക്കുന്നുണ്ടോ?
നിശ്ചയം,
നബി ﷺ വഫാത്തായിരിക്കുന്നു.
ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുണ്ടെങ്കിൽ അറിയുക,
അല്ലാഹു മരണമില്ലാതെ എന്നെന്നും ജീവിക്കുന്നവനാണ്.”
ശേഷം അദ്ദേഹം സൂറത്തു ആലു ഇംറാനിലെ 144-ാം ആയത്ത് പാരായണം ചെയ്തു:
“മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. നബിക്കു മുമ്പ് മറ്റു ദൂതന്മാർ കഴിഞ്ഞുപോയിട്ടുണ്ട്.
നബി വഫാത്താവുകയോ വധിക്കപ്പെടുകയോ ചെയ്തു എന്ന് കരുതി നിങ്ങൾ പിറകോട്ട് തിരിഞ്ഞുപോകുകയാണോ?
ആരെങ്കിലും പിറകോട്ട് തിരിഞ്ഞുപോകുന്നുവെങ്കിൽ
അല്ലാഹുവിന് ഒരു പ്രയാസവും അവൻ വരുത്തുകയില്ല.
നന്ദി ചെയ്യുന്നവർക്ക് അല്ലാഹു പ്രതിഫലം നൽകുന്നതാണ്.”
ഇബ്നു അബ്ബാസ്(റ) പറയുന്നു:
അബൂബക്ർ(റ) ഈ ആയത്ത് ഓതിയപ്പോഴാണ് പലർക്കും അങ്ങനെയൊരു ആയത്ത് ഖുർആനിലുണ്ടെന്ന കാര്യം ഓർമവന്നത്.
ഉമറിന്റെ(റ) കയ്യിൽ നിന്ന് വാൾ താഴെ ഊർന്നു വീണു…
ദേഷ്യംകൊണ്ട് വിറച്ചിരുന്ന ആ ശരീരം തളർന്നു.
ആ കണ്ണുകൾ അനുനിമിഷം
ഒരു കടലായി മാറി…
ആ ചുണ്ടുകൾ വിതുമ്പി വിറച്ചു…!!
മുസ്ലിമാകുന്നതിന് മുമ്പ് മക്കയുടെ മലഞ്ചെരിവുകളിൽ
ചുണ്ടിൽ ഒരു ചൂളംവിളിയുമായി,
കാലിൽ ചെരിപ്പിടാതെ,
തലമുടി ചീകാതെ,
കണ്ണുകളിൽ കത്തുന്ന രോഷവുമായി നടന്നിരുന്ന ഖത്താബിന്റെ മകൻ ഉമർ…
അന്ന്…
ഒരു കുഞ്ഞിനെപ്പോലെ
വാവിട്ട് കരഞ്ഞുപോയി…!
സിദ്ധീഖിന്റെ(റ) തോളിൽ വീണുകിടന്ന് അദ്ദേഹം വിതുമ്പിക്കൊണ്ട് ചോദിച്ചു:
“അല്ലാഹുവിന്റെ റസൂൽ…
മരിച്ചു അല്ലേ…?”
ആ നിമിഷത്തിലാണ്…
നബി ﷺ വഫാത്തായിരിക്കുന്നു
എന്ന സത്യത്തോട് അവരുടെ മനസ്സ് പൂർണ്ണമായി പൊരുത്തപ്പെട്ടത്.
(തുടരും…)
ബഷീർ ഫൈസി ദേശമംഗലം