തിരുദേഹം മണ്ണിലേക്ക്..! (വഫാത്തുന്നബി:ഭാഗം:8)

 തിരുദേഹം മണ്ണിലേക്ക്..!

(വഫാത്തുന്നബി:ഭാഗം:8)
എത്രമേൽ കദനനിർഭരമായിരുന്നിരിക്കണം ആ രാത്രി…!
മദീന ഉറങ്ങാതെ ആ വീടിനു ചുറ്റും കൂടിയിട്ടുണ്ടാകണം…!
ആയിഷാ ബീവി (റ)യുടെ വീടിനുള്ളിൽ,
ഒരു പൂവിനെപ്പോലെ ശാന്തമായ ഉറക്കത്തിലെന്നവണ്ണം,
ഹബീബ് ﷺ കട്ടിലിൽ വഫാത്തായി കിടക്കുമ്പോൾ…
അവിടുത്തെ തനിച്ചാക്കി അവർ എങ്ങനെയാണ് വീടുകളിലേക്ക് മടങ്ങിപ്പോയി സുഖമായി ഉറങ്ങുക…?!
ഉമ്മുസലമ ബീവി (റ) പറയുന്നു:
“കട്ടിലിൽ വഫാത്തായി കിടക്കുന്ന
നബിയെ ﷺ കണ്ട് ഞങ്ങൾ കരഞ്ഞുകൊണ്ട് രാത്രി ഉറങ്ങാതിരിക്കുമ്പോൾ, അർധരാത്രിയായപ്പോൾ അബൂത്വൽഹ
ഖബർ കുഴിക്കുന്ന ശബ്ദം ഞങ്ങൾ കേട്ടു. ഞങ്ങളും പള്ളിയിലുണ്ടായിരുന്നവരും അതുകേട്ട് വിങ്ങിക്കരഞ്ഞു…!”
ഹബീബിന്റെ ﷺ അന്ത്യവിശ്രമസ്ഥലം ഒരുങ്ങുകയാണ്…!
ആ പരിശുദ്ധ ശരീരം ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിച്ച ആ മണ്ണ് എത്രമേൽ ആഹ്ലാദിച്ചിട്ടുണ്ടാവും…!
ഈ വരികൾ കുറിക്കുമ്പോൾ എനിക്ക് തോന്നി…
ചിലപ്പോഴെല്ലാം അങ്ങനെയുള്ള അമൂർത്തമായ,
വ്യത്യസ്തമായ ചിന്തകൾ
പ്രവാചകനെ ﷺ ഓർക്കുമ്പോൾ
മനസ്സിൽ വന്നെത്താറുണ്ട്.
അത് ഇങ്ങിനെയാണ്:
‘മദീന മുഴുവൻ കദനക്കടലിൽ തിരയാർക്കുമ്പോഴും,
ഒരുപക്ഷേ ആയിഷാ ബീവിയുടെ വീടകത്തെ ആ മണ്ണ് ആഹ്ലാദം കൊണ്ട് വിറച്ചതാകില്ലേ …?
കാരണം,
ഈ പ്രപഞ്ചത്തിലെ ഏറ്റവും ശ്രേഷ്ഠമായ
ദേഹമാണ് തന്നിലേക്ക് വന്നുചേരുന്നത്.
സർവ്വചരാചരങ്ങളും കരയുമ്പോൾ,
ആ ഒരൊറ്റ കാരണത്താൽ
ആ ഖബറിലെ മണ്ണ് ചിരിച്ചതാകില്ലേ …!‘
ആരും അങ്ങനെ പറഞ്ഞതായി, എഴുതിയതായി ഈയുള്ളവൻ അറിഞ്ഞിട്ടില്ല.
അനാദരവിന്റെ നേരിയ അംശംപോലും അതിലില്ലെന്ന ധൈര്യത്തിൽ നിങ്ങളോട് പങ്കുവെക്കുന്നു എന്ന് മാത്രം.
നിങ്ങൾക്ക് എന്ത് തോന്നുന്നു
അറിയിക്കുമല്ലോ
(തെറ്റാണെങ്കിൽ പടച്ചോൻ പൊറുത്തു തരട്ടെ)
ആരാണ് ആ തിരുസാന്നിധ്യത്തെ
കൊതിക്കാതിരുന്നിട്ടുള്ളത്…?!
സൂര്യനും
ചന്ദ്രനും
ഗോളങ്ങളും
നക്ഷത്രങ്ങളും
താരാപഥങ്ങളും
മാമലകളും
സമതലങ്ങളും
ആറുകളും
പുഴകളും
ജലാശയങ്ങളും
അർഷും
കുർസും
ലൗഹും
ഖലമും
ബൈത്തുൽ ഉസ്സയും
ബൈത്തുൽ മഅമൂറും…
സ്വർണ്ണവർണ്ണ ചിത്രശലഭങ്ങൾ പാറിവന്നിരിക്കുന്ന
പ്രപഞ്ചത്തിന്റെ അങ്ങേയറ്റത്തെ ഇലന്തവൃക്ഷമായ സിദ്റത്തുൽ മുൻതഹയും…
ആ പദനിസ്വനത്തിനായി നിശാപ്രയാണനേരം കൊതിയോടെ കാത്തിരുന്നിട്ടില്ലേ…!
അബൂത്വൽഹ (റ) മൺവെട്ടി കൊണ്ട്
തന്റെ ദേഹത്തേക്ക് ആഞ്ഞുവെട്ടുമ്പോൾ…
“ത്വൽഹാ…
ഒന്ന് വേഗം…
എന്റെ നെഞ്ചു പിളർത്തൂ…
ഹബീബിനെ എന്നിലേക്ക് ചേർക്കൂ…!”
എന്ന് ആ മണ്ണ് പറഞ്ഞിട്ടുണ്ടാകില്ലേ…?!
ഉണ്ടാകും എന്നെന്റെ മനസ്സ് പറയുന്നു…!
‘മനസ്സുകൊണ്ട് മദീനയിലേക്ക്‘
എന്ന ലൈവ് സ്ട്രീമിങ് തുടങ്ങിയത് മുതൽ… പിന്നെ ഈ “വഫാത്തുന്നബി” കുറിപ്പ് തുടരുമ്പോഴും,
മനസ്സ്—ശരീരമല്ല—നേരിയ മയക്കത്തിലേക്ക് വീണുപോകുന്ന ചില നിമിഷങ്ങളിൽ,
ഉള്ളിൽ എവിടെയോ ആരോ പറയുന്നതുപോലെ തോന്നാറുണ്ട്:
“ഇതിങ്ങനെയൊന്ന് പറഞ്ഞു നോക്കൂ…!”
😭😭
കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ പ്രവാചകചരിതങ്ങളിൽ ഉള്ളതിനപ്പുറവും പെരുത്ത്, പെരുത്ത് പൊരുളുകൾ ഉള്ളതുപോലെ…!
മദീനയിൽ പോകുന്നത് പ്രണയമാണെങ്കിൽ, മദീനയോടുള്ള പ്രണയം കാരണം
അവിടെ പോകാൻ കഴിയാത്തവരും ഉള്ളതുപോലെ…!
മദീനയിൽനിന്നും പുറത്തുകടക്കുമ്പോൾ കരയിലേക്ക് എറിയപ്പെട്ട പരൽമത്സ്യത്തെപ്പോലെ പിടഞ്ഞവർ ഉണ്ടായപ്പോൾ തന്നെ,
അതേ മദീനയിൽനിന്ന്
അവിടെ നിൽക്കാൻ വയ്യ എന്ന് പറഞ്ഞ് ബിലാൽ (റ) പോയില്ലേ…?!
മക്കൾക്ക് “മുഹമ്മദ്” എന്ന് പേരിടുന്ന സ്നേഹം ഉള്ളവരുണ്ടായപ്പോൾ തന്നെ,
ആ പേര് വിളിക്കുമ്പോൾ “ടാ മുഹമ്മദേ…” എന്ന് വിളിക്കേണ്ടിവരില്ലേ എന്ന ഭയത്താൽ ആ പേര് ഇടാതിരുന്നവരും ഉണ്ടായിട്ടില്ലേ…?!
അതെ…
പ്രവാചകസ്നേഹം ഒരറ്റം കാണാത്ത കടലാണ്…!
ആ കടലിന്റെ വ്യാപ്തിയിൽ
ഒരു കൊച്ചുതുള്ളിയുടെ പേരിൽ
എന്റെ മുകളിലെ വരികളിൽ ക്ഷമിച്ചാലും…!
എനിക്കങ്ങനെ പറയാൻ തോന്നി…
ഹബീബിനായി ഒരുങ്ങുന്ന ആ മണ്ണ് ആഹ്ലാദിച്ചിട്ടുണ്ടാകും…! 🙏
നമുക്ക് ആ രാത്രിയിലേക്ക് തിരിച്ചു പോകാം…
ത്വൽഹ (റ) മണ്ണിൽ വെട്ടുകയാണ്.
ആ കണ്ണുകൾ നിറഞ്ഞുതുളുമ്പി…
കണ്ണീർക്കണങ്ങൾ മണ്ണിൽ വീണുചിതറി…!
മദീനയൊന്നു വിറകൊണ്ടു…
ബിലാൽ (റ) ഫജ്ർ ബാങ്ക് വിളിച്ചു.
പ്രസ്തുത ബാങ്കിൽ നബിയുടെ ﷺ പേര് പരാമർശിച്ചപ്പോൾ അദ്ദേഹം തേങ്ങിക്കരഞ്ഞു.
ആ തേങ്ങൽ ദുഃഖം ഒന്നുകൂടി വർധിപ്പിച്ചു.
ജനങ്ങൾ അവിടുത്തെ ഖബറിനരികിലേക്ക് കടക്കാൻ തിരക്കുകൂട്ടിയപ്പോൾ
റൂമിന്റെ വാതിലടച്ചു.
ഹബീബിന്റെ ﷺ തിരുശരീരം കട്ടിലിൽനിന്നെടുത്തു…!
യാ അല്ലാഹ്…!
ഫാത്തിമാ ബീവിയുടെ കവിളിണകളിലൂടെ അശ്രുകണങ്ങൾ തുള്ളിത്തുളുമ്പി ഒഴുകി…!
പ്രവാചകപത്നിമാർ വിതുമ്പി…!
സ്വഹാബികൾ അവസാനമായി
ആ വിശുദ്ധ ജനാസയെ നോക്കി…!
പതിയെ…
ജിബ്രീലിന്റെ കൂട്ടുകാരൻ ﷺ കബറിലേക്ക്…
അലിയ്യുബ്നു അബീത്വാലിബ് (റ),
ഫളൽ ബ്നു അബ്ബാസ് (റ),
ഖുബ്നു അബ്ബാസ് (റ),
ശുഖ്റാൻ (റ) എന്നിവർ ഖബറിൽ ഇറങ്ങി.
നബി ﷺ ഉപയോഗിച്ചിരുന്ന ഒരു ചുവന്ന വിരിപ്പ് ഖബറിൽ വിരിച്ചു.
പ്രസ്തുത വിരിപ്പ് വിരിക്കാൻ നബി ﷺ വസ്വിയ്യത്ത് ചെയ്തിട്ടുണ്ടായിരുന്നു.
നബിയുടെ ﷺ ശരീരത്തിൽ
അവസാനമായി സ്പർശിക്കാൻ വേണ്ടി മുഗീറതുബ്നു ശുഅ്ബ (റ) ഒരു തന്ത്രം പ്രയോഗിച്ചു.
സംഭവം മുഗീറ (റ) വിവരിക്കുന്നു:
“ഞാനെന്റെ കയ്യിലുണ്ടായിരുന്ന മോതിരം ഊരി ഖബറിലേക്കിട്ടു.
ശേഷം അലി (റ)യോട് പറഞ്ഞു:
‘യാ അബൽ ഹസൻ, എന്റെ മോതിരം!’
അദ്ദേഹം പറഞ്ഞു:
‘നിങ്ങൾ ഇറങ്ങി എടുത്തോളൂ.’
ഞാൻ ഖബറിലേക്കിറങ്ങിയപ്പോൾ
നബിയുടെ ﷺ കഫൻ പുടവയിൽ കൈവെച്ചു…
എന്റെ ശരീരത്തിൽ തടവി…!”
ഒമ്പത് മൺകട്ടകൾ കൊണ്ടാണ്
നബിയുടെ ﷺ ഖബർ മൂടിയത്.
ബിലാലുബ്നു റബാഹ് (റ) ആണ് ഖബറിനു മീതെ വെള്ളമൊഴിച്ചത്…!
മുഹമ്മദ് മുസ്തഫാ ﷺ…
മദീനയിലെ ആ മണ്ണിൽ…
അവിടുത്തെ തിരുശരീരം സൃഷ്ടിക്കാൻ എടുത്ത മണ്ണിൽ…
കവിൾ ചേർത്തുകിടന്നു…!
ഹസനും ഹുസൈനും ഫാത്തിമയും സൈനബും (റഹും)
മറ്റനേകം സ്വഹാബത്തും
ചുണ്ട് ചേർത്ത് ചുംബിച്ച ആ മുഖകമലം…!
യാ അല്ലാഹ്…!
മുഹമ്മദ് മുസ്തഫാ ﷺ…
മദീനയുടെ ആ മണ്ണിൽ…
അവിടുത്തെ തിരുശരീരം സൃഷ്ടിക്കാൻ ഒരിക്കൽ കൈകളിൽ കോരിയെടുത്ത അതേ മണ്ണിൽ…
സർവ്വലോകത്തിന്റെയും ഹബീബ് ﷺ കവിൾ ചേർത്തുകിടക്കുന്നു…!
യാ അല്ലാഹ്…!
ഒരിക്കൽ ലോകത്തിന്റെ കണ്ണുകൾക്ക് പ്രകാശമായിരുന്ന
ആ തിരുമുഖം…
ഇതാ മദീനയുടെ മണ്ണിലേക്ക് ചേർത്ത് വെച്ചിരിക്കുന്നു...!!
ആ തിരുമുഖം അവസാനമായി കണ്ട കണ്ണുകൾ
എത്ര ഭാഗ്യമുള്ളവ…!
ആ തിരുശരീരത്തെ അവസാനമായി സ്പർശിച്ച കൈകൾ എത്ര ഭാഗ്യമുള്ളവ…!
ആ കബറിലേക്ക് മണ്ണിറക്കിയ കൈകൾ എത്ര ഭാഗ്യമുള്ളവ…!
ആ തിരുശരീരം ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച ആ മണ്ണ്…
അത് എത്ര ഭാഗ്യമുള്ള മണ്ണായിരിക്കണം…!
മദീന മുഴുവൻ കണ്ണീരിലായിരുന്ന
ആ രാത്രിയിൽ…!!
ലോകം മുഴുവൻ ദുഃഖത്തിലായിരുന്ന
ആ നിമിഷത്തിൽ…!!
ഒരുപക്ഷേ,
ആ മണ്ണിന്റെ ഉള്ളിൽ മാത്രം ഒരു നിശ്ശബ്ദ ആഹ്ലാദം ഉണ്ടായിരുന്നിരിക്കാം…
കാരണം…
ലോകം മുഴുവൻ തേടിയ ഹബീബ് ﷺ
ഇനി എന്നിൽ വിശ്രമിക്കുകയാണ്…!
യാ അല്ലാഹ്…!
ആ മണ്ണിന്റെ ഭാഗ്യം…
ആ മണ്ണിന്റെ ഭാഗ്യം…!
മുഹമ്മദ് മുസ്തഫാ ﷺ…
മദീനയുടെ മണ്ണിൽ…
ഇത് ഓർക്കുമ്പോൾ പോലും
ഹൃദയം എങ്ങനെയാണ് കരയാതിരിക്കുക…!
യാ അള്ളാഹ്
ഞങ്ങളുടെ സലാമുകൾ അങ്ങയുടെ അരികിലെത്തിക്കണമേ…!
(തുടരും )
ബഷീർ ഫൈസി ദേശമംഗലം