കണ്ണുകൾ കടലായ നേരം..!! (വഫാത്തുന്നബി ഭാഗം:5)
കണ്ണുകൾ കടലായ നേരം..!!
(വഫാത്തുന്നബി ഭാഗം:5)
---------
ആ ചുണ്ടുകൾ പതുക്കെ ചലിച്ചുകൊണ്ടിരുന്നു…
വളരെ നേർത്ത,
ക്ഷീണിച്ച ശബ്ദത്തിൽ പുറത്തുവന്നുകൊണ്ടിരുന്നത്
നബി ﷺയുടെ അവസാന വസ്വിയ്യത്തുകളായിരുന്നു.
ആഇശാ ബീവി (റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
നബി ﷺയുടെ ഇരുനയനങ്ങളിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകിത്തുടങ്ങി.
എങ്കിലും ആ ചുണ്ടുകൾക്ക്
നിശ്ശബ്ദമാകാൻ കഴിഞ്ഞില്ല.
അവിടുന്ന് മൊഴിഞ്ഞുകൊണ്ടിരുന്നു:
“നിങ്ങൾക്ക് അനുമോദനങ്ങൾ…!
അല്ലാഹു നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തട്ടെ…!
അല്ലാഹു നിങ്ങളെ തുണയ്ക്കട്ടെ…!
അല്ലാഹു നിങ്ങളെ സഹായിക്കട്ടെ…!
അല്ലാഹു നിങ്ങളെ ഉയർത്തട്ടെ…!
അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ…!
അല്ലാഹു നിങ്ങൾക്ക് രിസ്ഖ് നൽകട്ടെ…!
അല്ലാഹു നന്മ ചെയ്യാൻ നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ…!
അല്ലാഹു നിങ്ങൾക്ക് സമാധാനം പ്രദാനം ചെയ്യട്ടെ…!
അല്ലാഹു നിങ്ങളെ സ്വീകരിക്കട്ടെ…!
അല്ലാഹുവിനെ തഖ്‌വ ചെയ്യുന്നതിൽ
ഞാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു…!
ഞാൻ നിങ്ങളെ അല്ലാഹുവിനെ ഭരമേൽപ്പിക്കുന്നു…!!”
അവസാന നിമിഷങ്ങളിലും തന്റെ ഉമ്മത്തിനെ മറക്കാത്ത ഹബീബ് ﷺ…
പിന്നെയും അവിടുന്ന് മൊഴിഞ്ഞു:
“ഞാൻ നിങ്ങൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നു.
നിങ്ങൾ അല്ലാഹുവിനുവേണ്ടി
അവന്റെ ദാസന്മാരോടും
അവന്റെ നാടുകളിലെ ജീവജാലങ്ങളോടും കരുണയും വിനയവും ഉള്ളവരായിത്തീരണം…!
നിങ്ങൾ നിസ്കാരത്തിന്റെ കാര്യം ശ്രദ്ധിക്കണേ…
നിസ്കാരത്തിന്റെ കാര്യം ശ്രദ്ധിക്കണേ…
നിങ്ങൾ ജമാഅത്തായി നിസ്കരിക്കുന്ന കാലത്തോളം നിങ്ങൾ ഐക്യത്തിലായിരിക്കും.
അതിനാൽ നിസ്കാരത്തിന്റെ കാര്യം
നിങ്ങൾ ശ്രദ്ധിക്കണേ…
നിസ്കാരത്തിന്റെ കാര്യം ശ്രദ്ധിക്കണേ…”
അലി (റ) പറയുന്നു:
നബി ﷺ അവസാനമായി സംസാരിച്ചത്:
ഒന്ന് നിസ്കാരത്തിന്റെ കാര്യം ശ്രദ്ധിക്കുക.
രണ്ട് നിങ്ങളുടെ കൈകൾ ഉടമകളാക്കി വെച്ചവരുടെ സമ്പത്തിന്റെ കാര്യം ശ്രദ്ധിക്കുക.
പലതവണ നബി ﷺ അതുതന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
അവസാന ശ്വാസങ്ങളിലേക്കടുക്കുമ്പോഴും തന്റെ ഉമ്മത്തിന്റെ കാര്യത്തിൽ ഇത്രയേറെ കരുതലുള്ളൊരു ഹൃദയം…
ആഇശാ ബീവി (റ) പറയുന്നു:
ഞാൻ നബി ﷺയെ ചേർത്തുപിടിച്ചിരിക്കുമ്പോൾ
എന്റെ സഹോദരൻ അബ്ദുറഹ്മാനുബ്നു അബീബകർ (റ) അവിടേക്ക് വന്നു.
അദ്ദേഹത്തിന്റെ കയ്യിൽ
പുതിയൊരു മിസ്വാക് ഉണ്ടായിരുന്നു.
നബി ﷺ അതിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
നബി ﷺക്ക് മിസ്വാക് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ ചോദിച്ചു:
“നബിയേ…
അങ്ങേയ്ക്കുവേണ്ടി ഞാനത് വാങ്ങട്ടെയോ?”
അവിടുന്ന് തലകൊണ്ട് “അതെ” എന്നർത്ഥത്തിൽ ആംഗ്യം കാണിച്ചു.
ഞാനത് വാങ്ങി നബി ﷺക്ക് നൽകി.
അവിടുന്ന് മിസ്വാക് ചെയ്തു.
പക്ഷേ അതിന്റെ ഉറപ്പ് കണ്ടപ്പോൾ ഞാൻ ചോദിച്ചു:
“അത് മൃദുലമാക്കിത്തരട്ടെയോ?”
അവിടുന്ന് വീണ്ടും “അതെ” എന്നർത്ഥത്തിൽ ആംഗ്യം കാണിച്ചു.
ഞാനത് എന്റെ വായിലിട്ട് മൃദുലമാക്കി.
ശേഷം നബി ﷺക്ക് നൽകി.
അവിടുന്ന് അതുകൊണ്ട് മിസ്വാക് ചെയ്തു
ആഇശാ ബീവി (റ) പിന്നീട് ആ സംഭവത്തെ ഓർത്തുകൊണ്ട് പലപ്പോഴും പറയുമായിരുന്നു:
“അല്ലാഹു എനിക്ക് നൽകിയ അനുഗ്രഹങ്ങളിൽപ്പെട്ടതാണ് ഇത്.
എന്റെ വീട്ടിൽ വെച്ച്,
എന്റെ ദിവസത്തിൽ,
എന്റെ നെഞ്ചിലും മടിയിലും കിടന്നുകൊണ്ടാണ് നബി ﷺ വഫാത്തായത്.
വഫാത്തിന്റെ ആ അവസാന നിമിഷത്തിൽ അവിടുത്തെയും എന്റെയും
ഉമിനീർ പരസ്പരം കൂടിക്കലർന്നിരുന്നു…!”
എത്ര ആഴമുള്ളൊരു ദാമ്പത്യബന്ധത്തിന്റെ ഓർമ്മ…
എത്ര അവിസ്മരണീയമായൊരു ജീവിതത്തിന്റെ അവസാന സാക്ഷ്യം…
ലോകത്തിന്റെ മുഴുവൻ സ്നേഹത്തിനും പകരം വെക്കാനാകാത്തൊരു നിമിഷം.
നബി ﷺയുടെ മുന്നിൽ ഒരു പാത്രത്തിൽ വെള്ളമുണ്ടായിരുന്നു.
അവിടുന്ന് രണ്ട് കൈകളും
അതിൽ മുക്കി നനച്ച് മുഖം തടവിക്കൊണ്ടിരുന്നു.
നേർത്ത ശബ്ദത്തിൽ അവിടുന്ന് മൊഴിഞ്ഞു:
“അല്ലാഹു അല്ലാതെ ആരാധ്യനില്ല…
നിശ്ചയം,
മരണത്തിന് നല്ല വേദനയുണ്ട്…!”
ആ വാക്കുകൾ കേട്ടപ്പോൾ അവിടെയുണ്ടായിരുന്ന ഹൃദയങ്ങൾ വിറച്ചു.
ആ കണ്ണുകൾ പതുക്കെ അടഞ്ഞു…
അത് ഒരു മയക്കത്തിലേക്കുള്ള വീഴ്ചയായിരുന്നു.
ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുവീണുകൊണ്ടിരുന്നു…
കുറച്ചു സമയത്തിനുശേഷം നബി ﷺ വീണ്ടും കണ്ണുകൾ തുറന്നു.
ആ മുഹൂർത്തത്തിൽ ആഇശാ ബീവി (റ) ഹബീബ് ﷺ മുമ്പ് പറഞ്ഞ ഒരു വാക്ക് ഓർത്തു:
“സ്വർഗത്തിൽ തന്റെ സ്ഥാനം കാണിച്ചുകൊടുത്തതിനുശേഷം
ഭൂമിയിൽ ജീവിതം തുടരണമോ,
അല്ലെങ്കിൽ മരിക്കണമോ എന്ന തിരഞ്ഞെടുപ്പ് നൽകപ്പെടാതെ ഒരു പ്രവാചകനെയും അല്ലാഹു മരണത്തിലേക്ക് വിളിച്ചിട്ടില്ല.”
യാ അല്ലാഹ്…!
അപ്പോൾ ആഇശാ ബീവി (റ)ക്ക് കാര്യം മനസ്സിലായി.
അവിടെ ഉണ്ടായിരുന്നവർ ഹബീബ് ﷺ നേരിയ മയക്കത്തിലേക്ക് വീണുപോയി എന്നു കരുതിയ ആ നിമിഷങ്ങളിൽ…
അവിടുന്ന് മറ്റൊരു ലോകത്തിന്റെ കാഴ്ച കണ്ടു തിരിച്ചെത്തിയതുപോലെയായിരുന്നു.
പാരത്രിക ലോകത്തിന്റെ വാതിൽ തുറക്കപ്പെട്ടതുപോലെ…
അവിടുത്തെ മുഖഭാവത്തിൽ
അതിന്റെ ഒരു പ്രകാശം തെളിഞ്ഞുനിന്നു.
ആഇശാ ബീവിയുടെ (റ) ഹൃദയം വിങ്ങി.
ഇനി ഹബീബ് ദുനിയാവിനെയും
നമ്മെയും തെരഞ്ഞെടുക്കില്ല…!
അവിടുന്ന് യാത്രയാവുകയാണ്…
ആഇശാ ബീവിയുടെ (റ) ഹൃദയത്തിൽ
ആ സത്യം ഉറപ്പായി.
അപ്പോൾ പ്രവാചകന്റെ മുഖത്ത്
ഒരു പ്രകാശം തിളങ്ങി.
അവിടുന്ന് വളരെ നേർത്ത ശബ്ദത്തിൽ മൊഴിഞ്ഞു:
“സ്വർഗത്തിലുള്ള ഉന്നതമായ സംഗമത്തിലേക്ക്…
അല്ലാഹു അനുഗ്രഹം ചൊരിഞ്ഞ പ്രവാചകന്മാർ,
സത്യസന്ധന്മാർ,
രക്തസാക്ഷികൾ, സച്ചരിതർ…
അവർ എത്ര നല്ല കൂട്ടുകാർ…!
അല്ലാഹുവേ…
നീയുമായുള്ള ഉന്നത സംഗമത്തിലേക്ക്…”
ഭാര്യമാരുടെ ഹൃദയം പൊട്ടിത്തുടങ്ങി…
വിതുമ്പലുകൾ ആ വീട്ടിൽ നിറഞ്ഞു.
ആഇശാ ബീവി (റ) നബി ﷺയുടെ
തലഭാഗം ഒരു തലയിണയിൽ പതുക്കെ ഇറക്കി വെച്ചു.
അപ്പോൾ…
നബി ﷺ ചൂണ്ടുവിരൽ മുകളിലേക്ക് ഉയർത്തി.
വീടിന്റെ മേൽക്കൂരയുടെ ഭാഗത്തേക്ക് നോക്കി…
ആ ചുണ്ടുകൾ വീണ്ടും പതുക്കെ ചലിച്ചു.
ആഇശാ ബീവി (റ) കാതുകൾ കൂർപ്പിച്ച് ശ്രദ്ധിച്ചു:
“അല്ലാഹുവേ
അമ്പിയാക്കളുടെയും,
സിദ്ദീഖീങ്ങളുടെയും,
ശുഹദാക്കളുടെയും,
സ്വാലിഹീങ്ങളുടെയും കൂട എന്നെ ചേർക്കകണമേ,
അല്ലാഹുവേ,
നീ എനിക്ക് പൊറുക്കണമേ…
എന്നോട് കരുണ കാണിക്കണമേ…
അല്ലാഹുവേ,
എന്നെ റഫീഖുൽ അഅ്‌ലായിൽ ചേർക്കണമേ…!”
“റഫീഖുൽ അഅ്‌ലാ…”
ആ വാക്ക്…
വീണ്ടും…
“റഫീഖുൽ അഅ്‌ലാ…”
മൂന്നാമതും…
“റഫീഖുൽ അഅ്‌ലാ…”
അതിനുശേഷം ആ കൈ പതുക്കെ ചെരിഞ്ഞു…
ആ കണ്ണുകൾ…
തനിയെ അടഞ്ഞു.
ഒരു നിമിഷം…
എല്ലാം നിശ്ചലമായി.
എല്ലാ കണ്ണുകളും പുഴയായി
ആ അധരങ്ങളിൽ മാത്രം
ഒരു പുഞ്ചിരി ബാക്കിനിന്നു.
പാതിരാവിൽ പാതി വിരിയുന്ന പാരിജാതപ്പൂവിനെപ്പോലെ…
അത്രമേൽ ശാന്തമായൊരു പുഞ്ചിരി…
അത്രമേൽ സ്നേഹമുള്ളൊരു വിടപറയൽ…
അതെ…
ഹബീബ് ﷺ യാത്രയായി…!
ഉമ്മത്ത് അനാഥമായി…
മദീനയുടെ ഹൃദയം തകർന്നു…
ലോകത്തിന്റെ വെളിച്ചം ഒരു നിമിഷം മങ്ങിപ്പോയതുപോലെ…
പക്ഷേ ആ പുഞ്ചിരി മാത്രം…
ഇന്നും ചരിത്രത്തിന്റെ താളുകളിൽ മായാതെ കിടക്കുന്നു.
“റഫീഖുൽ അഅ്‌ലാ…”
അവിടുന്ന് ആ ഉന്നത സംഗമത്തിലേക്ക് യാത്രയായി…
(തുടരും…)
ബഷീർ ഫൈസി ദേശമംഗലം
Post a Comment