ആ മുഖത്ത് നിരാശയില്ല… ദുഃഖത്തിന്റെ നിഴലില്ല…(വഫാത്തുന്നബി : ഭാഗം 4)
വഫാത്തുന്നബി : ഭാഗം 4)
ഹബീബ് ﷺ കിടക്കുകയാണ്…
അന്ത്യയാത്രയുടെ സമയം അടുത്തെത്തിയെന്ന ഉറപ്പ് ലഭിച്ചിട്ടും
ആ മുഖത്ത് നിരാശയില്ല…
ദുഃഖത്തിന്റെ നിഴലില്ല…
മറിച്ച്, ആ കണ്ണുകളിൽ ഒരു പ്രകാശം ജ്വലിക്കുന്നുണ്ടായിരുന്നു.
ആ മുഖത്ത് ആർദ്രതയും കനിവും നിറഞ്ഞുനിന്നിരുന്നു…
ജിബ്‌രീൽ (അ) മടങ്ങിയ ശേഷം,
നബി ﷺയുടെ സമ്മതപ്രകാരം ഭാര്യമാർ വീണ്ടും അകത്തേക്ക് പ്രവേശിച്ചു.
കൂട്ടത്തിലുണ്ടായിരുന്ന പ്രിയമകൾ
ഫാത്വിമ ബീവി (റ)യെ നബി ﷺ അരികിലേക്ക് വിളിച്ചു.
അവളുടെ ചെവിയിൽ എന്തോ രഹസ്യമായി പറഞ്ഞു…
അത് കേട്ട ഫാത്വിമ (റ) പൊട്ടിക്കരഞ്ഞു.
പിന്നീട് വീണ്ടും എന്തോ പറഞ്ഞു…
അപ്പോൾ ആ കണ്ണുനീരിനിടയിൽ അവൾ പുഞ്ചിരിച്ചു.
ആഇശാ ബീവി (റ) പറയുന്നു:
നബിയുടെ ﷺ വഫാത്തിന് ശേഷം,
ആ രഹസ്യം എന്തായിരുന്നുവെന്ന് ഞാൻ ഫാത്വിമ ബീവി (റ)യോട് ചോദിച്ചു.
അപ്പോൾ അവർ പറഞ്ഞു:
“ആദ്യമായി ഉപ്പ എന്നോട് പറഞ്ഞത്,
ഈ രോഗം കൊണ്ടുതന്നെ താൻ മരണപ്പെടുമെന്നാണ്.
അതുകൊണ്ടാണ് ഞാൻ കരഞ്ഞത്.
പിന്നീട് ഉപ്പ എന്നോട് പറഞ്ഞു:
‘എന്റെ വഫാത്തിന് ശേഷം എന്റെ കുടുംബത്തിൽ നിന്ന് ആദ്യം
എന്നോടൊപ്പം ചേരുന്നത് നീയായിരിക്കട്ടെ എന്ന് ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടുണ്ട്.
നീ ലോകത്തിലെ സ്ത്രീകളുടെ നേതാവായിരിക്കുമെന്നും ഉപ്പ എന്നോട് പറഞ്ഞു.’
അതു കൊണ്ടാണ് ഞാൻ ചിരിച്ചത്.”
ഖദീജ ബീവി (റ) മുത്തുനബി ﷺക്ക് സമ്മാനിച്ച ആ പ്രിയപുത്രി…
ഫാത്വിമ (റ)…
നടപ്പിലും ഇരിപ്പിലും രൂപത്തിലും
ഹബീബിനെ ﷺ പോലെ.
“ഫാത്വിമ എന്റെ കരളിന്റെ കഷ്ണമാണ്” എന്ന് ഹബീബ് ﷺ പറഞ്ഞിട്ടുണ്ട്.
ആ പിതാവിന്റെ ഹൃദയത്തിൽ
ആ മകൾക്കുണ്ടായിരുന്ന സ്ഥാനം…
അത് വാക്കുകൾക്ക് ഒരിക്കലും
പൂർണ്ണമായി പറയാനാകില്ല.
പക്ഷേ…
ഇപ്പോൾ ആ പിതാവും മകളും വേർപിരിയേണ്ട നിമിഷം അടുത്തെത്തിയിരിക്കുന്നു…
ഹബീബിന്റെ ﷺ നെറ്റിയിൽ നക്ഷത്രക്കുഞ്ഞുങ്ങളെ പോലെ വിയർപ്പുതുള്ളികൾ പൊടിഞ്ഞു.
ആ മുഖത്ത് വേദനയുടെ ലക്ഷണങ്ങൾ പ്രകടമായി.
നെഞ്ചിൽ കടുത്ത വേദന…
ആഇശാ ബീവി (റ) വെള്ളത്തിൽ തുണി മുക്കി ആ നെഞ്ചിൽ പതിയെ തടവിക്കൊണ്ടിരുന്നു.
അപ്പോഴാണ് ആഇശാ ബീവിയുടെ ഹൃദയം കീറിമുറിക്കുന്ന ആ വാക്കുകൾ കേട്ടത്:
“ആഇശാ…
മരണത്തിനുണ്ട് വല്ലാത്ത വേദന…”
വാക്കുകൾ പതിയെ വീണടരുകയാണ്…
ആ ശബ്ദം കേൾക്കുമ്പോൾ അവിടെയുണ്ടായിരുന്ന ഓരോ ഹൃദയവും തകർന്നുപോയിട്ടുണ്ടാകണം…
നബി ﷺയുടെ പ്രയാസം കണ്ട
ഫാത്വിമ ബീവി (റ) വിങ്ങിപ്പൊട്ടി പറഞ്ഞു:
“എന്റെ പിതാവിന്റെ പ്രയാസമേ…”
അപ്പോൾ നബി ﷺ പറഞ്ഞു:
“ഇന്നത്തെ ദിവസത്തിന് ശേഷം
നിന്റെ പിതാവിന് ഒരു പ്രയാസവുമില്ല.”
എത്ര ആശ്വാസം നിറഞ്ഞ വാക്കുകൾ…
പക്ഷേ അതിന്റെ പിന്നിൽ മറഞ്ഞിരുന്നത്…
ഈ ലോകത്തിലെ അവസാന നിമിഷങ്ങളായിരുന്നു.
നബി ﷺ തന്റെ പേരക്കുട്ടികളായ
ഹസൻ (റ)നെയും ഹുസൈൻ (റ)നെയും അരികിലേക്ക് വിളിച്ചു.
അവരെ ചേർത്തുപിടിച്ചു.
നെറ്റിയിൽ ചുംബിച്ചു.
നന്മകൾ നിറഞ്ഞ വസ്വിയ്യത്തുകൾ നൽകി…
ഭാര്യമാരെയും വിളിച്ചു.
ഉപദേശങ്ങൾ നൽകി…
ഫാത്വിമ ബീവി (റ)യുടെ മകൾ ഉമ്മുകുൽസൂമിനെ അരികിലേക്ക് ചേർത്തുനിർത്തി.
അവളെ മുഖത്തോട് ചേർത്തുപിടിച്ചു…
അവസാനമായി ആ കുഞ്ഞുമുഖം നോക്കുമ്പോൾ…
ആ ഹൃദയത്തിൽ എന്തെല്ലാം വികാരങ്ങളായിരുന്നിരിക്കാം…!
നബി ﷺയുടെ വേദന പിന്നെയും കഠിനമായി.
ആഇശാ ബീവി (റ)യെ വിളിച്ച് അവിടുന്ന് പറഞ്ഞു:
“ആഇശാ…
ഖൈബറിൽ വെച്ച് ഞാൻ കഴിച്ചിരുന്ന വിഷത്തിന്റെ വേദന എനിക്ക് ഇപ്പോഴും അനുഭവപ്പെടുന്നു.
ആ വിഷം കാരണം
എന്റെ കണ്ഠനാഡി മുറിയുന്നതുപോലെ തോന്നുന്നു…”
അപ്പോഴേക്കും…
മലക്കുൽ മൗത്ത് അസ്റാഈൽ (അ)
വീണ്ടും എത്തി.
അനുമതി ചോദിച്ചു.
നബി ﷺ അനുമതി നൽകി.
മലക്കുൽ മൗത്ത് പറഞ്ഞു:
“സ്തുതിക്കപ്പെട്ട നബിയേ,
അങ്ങ് ഞങ്ങളോട് എന്താണ് കൽപ്പിക്കുന്നത്?”
ഹബീബ് ﷺ പറഞ്ഞു:
“ഇപ്പോൾ തന്നെ എന്നെ എന്റെ റബ്ബിലേക്ക് ചേർത്തുതരൂ…”
അപ്പോൾ ആകാശത്തിന്റെ സന്ദേശം പോലെ ആ വാക്കുകൾ എത്തി:
“അങ്ങയുടെ റബ്ബ് അങ്ങയെ കാണാൻ ആഗ്രഹിച്ചിരിക്കുന്നു…”
എത്രയോ തവണ മലക്കുകൾ ഈ ഭൂമിയിലേക്ക് ഇറങ്ങിവന്നിട്ടുണ്ട്…
പക്ഷേ
ഹബീബ് ﷺയുടെ അടുക്കലേക്ക് വന്നതുപോലെ മറ്റാരുടെയും അടുക്കലേക്ക് താൻ ആവർത്തിച്ച് അയക്കപ്പെട്ടിട്ടില്ലെന്ന് മലക്കുൽ മൗത്ത് അറിയിച്ചു.
അങ്ങയുടെ വഫാത്തിന്റെ സമയം എത്തിയിരിക്കുന്നു…
അപ്പോൾ ഹബീബ് ﷺ പറഞ്ഞു:
“അസ്റാഈലേ…
എനിക്ക് എന്റെ കൂട്ടുകാരൻ ജിബ്‌രീലിനെ കാണണം…”
മലക്കുൽ മൗത്ത് മടങ്ങി.
അൽപസമയം കഴിഞ്ഞില്ല…
ഹബീബ് ﷺ കിടക്കുന്ന മുറിക്ക് പുറത്ത് ജിബ്‌രീൽ (അ)യുടെ സാന്നിധ്യം…
എത്രയോ തവണ ഹബീബിനായി ﷺ ഭൂമിയിലേക്ക് ഇറങ്ങിവന്ന ജിബ്‌രീൽ…
ഇപ്പോൾ വരുന്നത്…
അവസാന സന്ദർശനത്തിനാണ്.
“അസ്സലാമു അലൈക യാ റസൂലല്ലാഹ്…”
ഇത് എന്റെ അവസാന ഇറക്കമാണ്.
വഹ്‌യ് അവസാനിച്ചിരിക്കുന്നു…
അങ്ങേയ്ക്ക് വേണ്ടിയാണ് ഞാൻ ഭൂമിയിലേക്ക് വന്നത്.
ഇനി അങ്ങേയ്ക്കായി മറ്റൊരു വരവില്ല…
വിടപറയലിന്റെ ആ നിമിഷം…
രണ്ടു പ്രിയപ്പെട്ടവർ അവസാനമായി സംസാരിക്കുന്നു…
ഒടുവിൽ ജിബ്‌രീൽ (അ) അവിടെനിന്നും മടങ്ങി.
ആഇശാ ബീവി (റ) പറയുന്നു:
“ഞാൻ നബിയുടെ ﷺ തല എന്റെ മാറോട് ചേർത്തുവെച്ചു.
അവിടുത്തെ നെഞ്ചോട് ചേർന്ന് ഞാൻ ഇരുന്നു.
അവിടുത്തെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു.
ഞാനത് തുടച്ചുകൊണ്ടിരുന്നു.
ആ വിയർപ്പിനേക്കാൾ സുഗന്ധമുള്ള മറ്റൊന്നും ഞാൻ ഒരിക്കലും വാസനിച്ചിട്ടില്ല.”
ആഇശാ ബീവി (റ) ചോദിച്ചു:
“എന്റെ പിതാവും മാതാവും ശരീരവും കുടുംബവും അങ്ങേയ്ക്ക് സമർപ്പിതം.
അങ്ങയുടെ നെറ്റിത്തടത്തിലെ
ഈ വിയർപ്പുതുള്ളികൾ എന്താണ്?”
ഹബീബ് ﷺ പറഞ്ഞു:
“ആഇശാ…
സത്യവിശ്വാസിയുടെ ആത്മാവ് വിയർപ്പുതുള്ളികളോടുകൂടിയാണ് പുറത്തുപോകുന്നത്.”
ആ വാക്കുകൾ കേൾക്കുമ്പോൾ…
അന്ത്യനിമിഷം എത്തിയെന്ന
സത്യം ആ മുറിയിലെ ഓരോ ഹൃദയത്തിലും പതിഞ്ഞിട്ടുണ്ടാകണം…
ഒരിക്കൽ കൂടി…
അവസാനമായി…
മരണത്തിന്റെ മലക്ക് ചിറകിന്റെ നിസ്വനവുമായി മദീനയിലെ
ആ ചെറിയ മുറിയിലേക്ക്
പതിയെ അടുക്കുകയാണ്…
ആകാശവും ഭൂമിയും വരവേറ്റു കാത്തിരുന്നവർ
അറുപത്തിമൂന്ന് വർഷം കൊണ്ട് ലോകത്തിന് വെളിച്ചം പകർന്നവർ
അനാഥരുടെ ആശ്വാസം…
പാവങ്ങളുടെ അഭയം…
ഉമ്മത്തിന്റെ കണ്ണുനീർ തുടച്ച കരുണയുടെ പ്രവാചകൻ…
നമ്മുടെ ഹബീബ് മുഹമ്മദ് ﷺ…
ഇനി യാത്രയാകാൻ ഒരുങ്ങുകയാണ്…
മദീനയുടെ മണ്ണ് ഒരിക്കലും മറക്കാത്ത
ആ പാദങ്ങൾ…
അവസാനമായി ആ മണ്ണിൽ വിശ്രമിക്കാനൊരുങ്ങുകയാണ്…
ലോകം മുഴുവൻ പ്രകാശിപ്പിച്ച ആ നിലാവ്…
ഇനി ഈ ലോകത്തിന്റെ കണ്ണുകളിൽ നിന്ന് മറയാൻ പോകുന്നു…
ഹബീബ് ﷺ യാത്രയാകുകയാണ്…
(തുടരും )
അല്ലാഹുവേ ഹബീബിനെ ഞങ്ങൾക്ക് നൽകേണമേ
ബഷീർ ഫൈസി ദേശമംഗലം
---------------
Post a Comment