കദനഭാരത്താൽ കണ്ണീർക്കടലായ ആ പകലും രാത്രിയും (വഫാത്തുന്നബി :ഭാഗം 3)
(വഫാത്തുന്നബി :ഭാഗം 3)
പാതി തുറന്ന ജാലക വാതിൽ
മദീന കദനഭാരത്താൽ കണ്ണീർക്കടലായ
ആ പകലും രാത്രിയും കടന്നുപോയി…
ഹബീബിന്റെ ﷺ വാക്കുകൾ സ്വഹാബികളുടെ ഹൃദയങ്ങളിൽ കിടന്ന് വിങ്ങുകയായിരുന്നു.
“നിങ്ങളെ ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, പകരം ചോദിക്കൂ…”
എങ്ങിനെയായിരിക്കും ആ രാത്രി
മദീന ഉറങ്ങിയിട്ടുണ്ടാവുക…?!
മദീനയിലെ കുന്നിൻചെരുവിൽ പകലോൻ തലകാട്ടാൻ തുടങ്ങി.
പുതിയൊരു പുലരിയിലേക്ക് അവർ ഉണർന്നെഴുന്നേറ്റു.
ഹൃദയം തുളച്ചുകയറുന്ന വേദനയുമായി സുബ്ഹി നിസ്കാരത്തിലേക്ക്…
നിസ്കാരം ആരംഭിച്ചു.
അൽപ്പസമയം കഴിഞ്ഞപ്പോൾ,
പള്ളിയോട് ചേർന്ന ആയിശാ ബീവി (റ)യുടെ വീടിന്റെ ജനൽപ്പാളികൾ പതിയെ തുറന്നു. വിരി പതുക്കെ മാറ്റി മുത്തുനബി ﷺ പള്ളിയിലേക്ക് നോക്കി.
തിരുമുഖത്ത് ഒരു പുഞ്ചിരി വിടർന്നു…
ആ രംഗം അനസ് (റ) വിവരിക്കുന്നത് ഇങ്ങിനെയാണ്:
“തിങ്കളാഴ്ച ദിവസം സുബ്ഹി നിസ്കാര സമയത്ത് അബൂബകർ (റ) ഇമാമായി നിൽക്കുകയായിരുന്നു.
അപ്പോൾ നബി ﷺ എഴുന്നേറ്റ് നിന്ന് വീട്ടിലെ വിരി നീക്കി പള്ളിയിലേക്ക് നോക്കി.
അവിടുത്തെ തിരുമുഖം ഭംഗിയിൽ തിളങ്ങുന്നുണ്ടായിരുന്നു.
അവിടുന്ന് പുഞ്ചിരിച്ചു.
സ്വഹാബികൾ അവസാനമായി നബി ﷺ പുഞ്ചിരിക്കുന്നത് കണ്ടത് അപ്പോഴായിരുന്നു.
നബിയെ ﷺ ആരോഗ്യത്തോടെ
കണ്ടതിലുള്ള സന്തോഷം കാരണം ഞങ്ങളുടെ നിസ്കാരം പിഴച്ചുപോകുമോ എന്നുപോലും ഞങ്ങൾ ഭയന്നു.
നബി ﷺ നിസ്കാരത്തിനായി വരികയാണെന്ന് മനസ്സിലാക്കിയ അബൂബകർ (റ) പിന്നിലെ സ്വഫിലേക്ക് നീങ്ങാൻ ഒരുങ്ങി.
അപ്പോൾ നിസ്കാരം പൂർത്തിയാക്കാൻ വേണ്ടി നബി ﷺ ആംഗ്യം കാണിക്കുകയും വിരി താഴ്ത്തിയിടുകയും ചെയ്തു.
സ്വഹാബികൾക്ക് വലിയ സന്തോഷമായി. നബിയുടെ ﷺ രോഗം മാറിയെന്ന് പലരും വിശ്വസിച്ചു.
അവർ പതിവുപോലെ മറ്റു കാര്യങ്ങളിലേക്ക് നീങ്ങി.”
പക്ഷേ…
നബിയുടെ ﷺ ആരോഗ്യസ്ഥിതി കണ്ട് സന്തോഷിച്ച അലി (റ)ന്റെ കൈപിടിച്ചുകൊണ്ട് അബ്ബാസ് (റ) പറഞ്ഞു:
“അല്ലാഹു സത്യം!
ഈ രോഗത്തിലായി
നബി ﷺ വഫാത്താകുമെന്നാണ്
ഞാൻ മനസ്സിലാക്കുന്നത്.
കാരണം,
അബ്ദുൽ മുത്ത്വലിബിന്റെ മക്കളുടെ മരണസമയത്ത് അവരുടെ മുഖങ്ങൾ
ഞാൻ ഇതുപോലെ കണ്ടിട്ടുണ്ട്.”
ആയിശാ ബീവി (റ) പറയുന്നു:
“നബിയുടെ ﷺ രോഗശമനത്തിൽ ഞങ്ങളെല്ലാം സന്തോഷത്തിലായിരുന്നു. വീട്ടിൽ ഭാര്യമാരല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല.
നബി ﷺ ഞങ്ങളോട് പറഞ്ഞു:
‘ഇതാ, ഒരു മലക്ക് എന്നോട് അകത്തേക്ക് പ്രവേശിക്കാൻ സമ്മതം ചോദിക്കുന്നുണ്ട്. അതിനാൽ നിങ്ങൾ പുറത്തുപോകുക.’
വീട്ടിലുണ്ടായിരുന്ന മറ്റെല്ലാവരും പുറത്തുപോയി.
നബി ﷺ എന്റെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു.
പിന്നീട് നബി ﷺ എഴുന്നേറ്റിരുന്നു.
ഞാൻ മുറിയുടെ ഒരു ഭാഗത്തേക്ക് മാറിനിന്നു.
പ്രസ്തുത മലക്കുമായി നബി ﷺ കുറേനേരം സംസാരിച്ചു.
ശേഷം എന്നെ വിളിച്ചു.
വീണ്ടും എന്റെ മടിയിൽ തന്നെ തലവെച്ച് കിടന്നു.
മറ്റു ഭാര്യമാരോട് അകത്തേക്ക് പ്രവേശിക്കാൻ ആവശ്യപ്പെട്ടു.
അവിടെ വന്നത് ആരാണെന്ന് ഞാൻ അന്വേഷിച്ചപ്പോൾ നബി ﷺ എന്നോട് പറഞ്ഞു:
‘അത് മലക്കുൽ മൗത്താണ്.’
ശേഷം മലക്കുൽ മൗത്തിന്റെ സംസാരത്തെക്കുറിച്ച് നബി ﷺ വിവരിച്ചുകൊടുത്തു.
മലക്കുൽ മൗത്ത് എന്നോട് പറഞ്ഞു:
‘അങ്ങയുടെ സമ്മതമുണ്ടെങ്കിൽ അകത്തേക്ക് പ്രവേശിക്കാനും,
ഇല്ലെങ്കിൽ തിരികെ പോകാനും കൽപ്പിച്ചുകൊണ്ടാണ്
അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. അങ്ങയുടെ സമ്മതമുണ്ടെങ്കിൽ മാത്രം
റൂഹ് പിടിക്കണമെന്നാണ്
അല്ലാഹുവിന്റെ കൽപ്പന.’
ആയിശാ ബീവി (റ) ചോദിച്ചു:
“അങ്ങയുടെ തീരുമാനമെന്താണ്?”
നബി ﷺ പറഞ്ഞു:
“ജിബ്രീൽ വരുന്നതുവരെ കാത്തിരിക്കണം.”
അപ്പോഴാണ്…
ജിബ്രീൽ (അ) വരുന്നത്.
പെട്ടെന്ന് ജിബ്രീൽ (അ) വന്നു സലാം ചൊല്ലി.
മുറിയിലുണ്ടായിരുന്നവരെല്ലാം പുറത്തിറങ്ങി. ജിബ്രീൽ (അ) അകത്തേക്ക് പ്രവേശിച്ച് അല്ലാഹുവിന്റെ സലാം കൈമാറി.
ശേഷം പറഞ്ഞു:
“അല്ലാഹു നിങ്ങളുടെ രോഗവിവരം അന്വേഷിക്കുന്നുണ്ട്.”
അവന് അറിയാമെങ്കിലും,
അങ്ങയോടുള്ള ആദരവും ബഹുമാനവും വർധിപ്പിക്കാനും,
മറ്റു സൃഷ്ടികളേക്കാൾ അങ്ങേയ്ക്കുള്ള മഹത്വം പൂർത്തിയാക്കിത്തരാനും, അങ്ങയുടെ സമുദായത്തിന്
ഒരു ചര്യയായി മാറ്റാനുമാണ്
ഇങ്ങനെ ചോദിച്ചത്.
നബി ﷺ പറഞ്ഞു:
“എനിക്ക് വേദനിക്കുന്നുണ്ട്.”
ജിബ്രീൽ (അ) പറഞ്ഞു:
“അങ്ങ് സന്തോഷിച്ചാലും.
അല്ലാഹു അങ്ങേയ്ക്കുവേണ്ടി ഒരുക്കിവെച്ച അനുഗ്രഹങ്ങളിലേക്ക് അങ്ങയെ എത്തിക്കാൻ ഉദ്ദേശിച്ചിരിക്കുന്നു.”
മലക്കുൽ മൗത്ത് വന്നതും റൂഹ് പിടിക്കാൻ സമ്മതം ചോദിച്ചതും നബി ﷺ ജിബ്രീൽ (അ)നെ അറിയിച്ചു.
അപ്പോൾ ജിബ്രീൽ (അ) പറഞ്ഞു:
“അങ്ങയെ കാണാൻ അല്ലാഹു ആഗ്രഹിക്കുന്നുണ്ട്.
അങ്ങയെക്കൊണ്ട് അല്ലാഹു ഉദ്ദേശിച്ചതെന്താണെന്ന് അങ്ങേയ്ക്ക്
അല്ലാഹു അറിയിച്ചു തന്നിട്ടില്ലേ?”
“അല്ലാഹു സത്യം!
അങ്ങയോടല്ലാതെ മറ്റാരോടും റൂഹ് പിടിക്കാൻ മലക്കുൽ മൗത്ത് ഇതുവരെ സമ്മതം ചോദിച്ചിട്ടില്ല.
ഇനിയൊരിക്കലും ചോദിക്കുകയുമില്ല.
അങ്ങയുടെ മഹത്വം അല്ലാഹു പൂർത്തിയാക്കിത്തരാനാണിത്.
അവൻ അങ്ങയെ കാണാൻ ആഗ്രഹിച്ചിരിക്കുന്നു…”
മുത്തുനബിയുടെ ﷺ പ്രിയപ്പെട്ട കൂട്ടുകാരൻ…
ജിബ്രീൽ (അ) ഇത്രയും പറഞ്ഞ് മടങ്ങിപ്പോയി.
അത് ഒരു ളുഹാ സമയമായിരുന്നു…
മദീന അപ്പോഴും ഒന്നുമറിയാതെ നിശ്ശബ്ദമായി നിന്നു.
പക്ഷേ…
ആ നിശ്ശബ്ദതയുടെ പിന്നിൽ,
ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ
ഒരു വിടപറയലിന്റെ നിമിഷങ്ങൾ അടുത്തുകൊണ്ടിരിക്കുകയായിരുന്നു…
(തുടരും )
അല്ലാഹുവേ
നിന്റെ ഹബീബിനെ ഞങ്ങൾക് നൽകേണമേ
ആമീൻ
ബഷീർ ഫൈസി ദേശമംഗലം
---------------
Post a Comment