‘മൗനവേദനയിൽ മസ്ജിദുന്നബവി’ (വഫാത്തുന്നബി ഭാഗം :2)
‘മൗനവേദനയിൽ മസ്ജിദുന്നബവി’
(വഫാത്തുന്നബി ഭാഗം :2)
അവർ ഹബീബിന്റെ ﷺ തിരുമുഖത്തേക്ക് നോക്കി നിൽക്കുകയാണ്…
പ്രകാശം പൊഴിച്ചിരുന്ന ആ മുഖത്ത്, രോഗത്തിന്റെ ക്ഷീണം പതിഞ്ഞുതുടങ്ങിയിരിക്കുന്നു.
ലോകത്തിന് മുഴുവൻ ആശ്വാസമായിരുന്ന ആ മുഖത്ത് ഇന്ന് വേദനയുടെ നിഴൽ…
ഹബീബിനെ ﷺ നോക്കിനിൽക്കുന്ന
ഓരോ കണ്ണിലും ഒരു ചോദ്യം മാത്രം,
“ഇനി എത്രനാൾ കൂടി ഞങ്ങളുടെ ഇടയിൽ…?”
മൈമൂന ബീവി رضي الله عنهاയുടെ വീട്ടിലായിരിക്കെയാണ് സ്വഫർ മാസം അവസാന ബുധനാഴ്ച നബി ﷺക്ക്
രോഗം ബാധിച്ചതായി വിവരിക്കപ്പെടുന്നത്.
രോഗം ക്രമേണ കഠിനമായി.
ആഇശാ ബീവി رضي الله عنها പറയുന്നു:
നബി ﷺയുടെ രോഗം കഠിനമായപ്പോൾ അവിടുന്ന് ഭാര്യമാരോട് പറഞ്ഞു:
“നിങ്ങളുടെ വീടുകളിൽ വരാൻ
എനിക്ക് സാധിക്കുന്നില്ല.
അതിനാൽ നിങ്ങൾക്ക് സമ്മതമാണെങ്കിൽ ആഇശയുടെ വീട്ടിൽ താമസിക്കാൻ
എന്നെ അനുവദിക്കൂ.”
ഹബീബിന് ﷺ ആഇശാ ബീവിയുടെ رضي الله عنها വീട്ടിൽ കഴിയാനാണ് കൂടുതൽ താൽപര്യമെന്ന് മനസ്സിലാക്കിയ ഭാര്യമാർ പറഞ്ഞു:
“യാ റസൂലല്ലാഹ് ﷺ,
ഞങ്ങളുടെ ദിവസങ്ങൾ ഞങ്ങളുടെ സഹോദരി ആഇശയ്ക്ക് رضي الله عنها വേണ്ടി ഞങ്ങൾ സമർപ്പിച്ചിരിക്കുന്നു.”
അങ്ങനെ മുത്തുനബി ﷺ ആഇശാ ബീവിയുടെ رضي الله عنها വീട്ടിലേക്ക് മാറി.
പക്ഷേ,
രോഗം ശരീരത്തെ തളർത്തിയപ്പോഴും ഉമ്മത്തിന്റെ കാര്യത്തിൽ ഹബീബിന്റെ ﷺ ശ്രദ്ധയ്ക്ക് ഒരു തളർച്ചയും ഉണ്ടായിരുന്നില്ല.
ഉബൈദുല്ലാഹിബ്നു അബ്ദില്ലാഹ് رضي الله عنه ഒരിക്കൽ ആഇശാ ബീവിയോട് رضي الله عنها നബി ﷺയുടെ രോഗത്തെക്കുറിച്ച് ചോദിച്ചു.
മഹതി പറഞ്ഞു:
നബി ﷺയുടെ രോഗം കഠിനമായ
ഒരു സമയത്ത് അവിടുന്ന് ചോദിച്ചു:
“ജനങ്ങൾ നിസ്കരിച്ചോ?”
മറുപടി:
“ഇല്ല…
അവർ അങ്ങയെ കാത്തിരിക്കുകയാണ്.”
അവിടുന്ന് വെള്ളം തയ്യാറാക്കാൻ ആവശ്യപ്പെട്ടു.
വെള്ളം തയ്യാറാക്കി.
നബി ﷺ കുളിച്ചു.
പള്ളിയിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ അവിടുത്തേക്ക് മയക്കം ബാധിച്ചു.
ഉണർന്നപ്പോൾ വീണ്ടും ചോദിച്ചു:
“ജനങ്ങൾ നിസ്കരിച്ചോ?”
മറുപടി:
“ഇല്ല… അവർ അങ്ങയെ കാത്തിരിക്കുകയാണ്.”
വീണ്ടും വെള്ളം തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അവിടുന്ന് ഇരുന്ന് കുളിച്ചു.
പള്ളിയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ വീണ്ടും മയക്കം ബാധിച്ചു.
മൂന്നാം തവണയും അതുതന്നെ ആവർത്തിച്ചു.
മയക്കത്തിൽ നിന്ന് ഉണർന്നശേഷം
വീണ്ടും ആ ചോദ്യം:
“ജനങ്ങൾ നിസ്കരിച്ചോ?”
മറുപടി:
“ഇല്ല…
അവർ അങ്ങയെ കാത്ത് പള്ളിയിൽ ഇരിക്കുകയാണ്.”
അത് ഇശാഅ് നിസ്കാരത്തിന്റെ സമയമായിരുന്നു.
അപ്പോൾ നബി ﷺ അബൂബക്കർ സിദ്ദീഖ് رضي الله عنهവിനോട് ഇമാമായി നിസ്കരിക്കാൻ ദൂതനെ അയച്ചു.
ലോലഹൃദയനായിരുന്ന അബൂബക്കർ رضي الله عنه, ഉമർ رضي الله عنهവിനോട് പറഞ്ഞു:
“യാ ഉമർ,
നിങ്ങൾ ഇമാമായി നിസ്കരിക്കുക.”
ഉമർ رضي الله عنه പറഞ്ഞു:
“അതിന് നിങ്ങൾ തന്നെയാണ്
കൂടുതൽ അവകാശി.”
അങ്ങനെ ആ ദിവസം മുതൽ
അബൂബക്കർ സിദ്ദീഖ് رضي الله عنه
ഇമാമായി നിസ്കരിക്കാൻ തുടങ്ങി.
നബി ﷺയുടെ രോഗം കൂടുതൽ കഠിനമായപ്പോൾ സ്വഹാബികൾ മസ്ജിദുന്നബവിക്ക് ചുറ്റും ആശങ്കയോടെ കൂടി നിന്നു.
അബ്ബാസ് رضي الله عنه നബിയുടെ ﷺ അടുക്കൽ ചെന്നു ജനങ്ങൾ
പുറത്തുകൂടി നിൽക്കുന്ന വിവരം അറിയിച്ചു.
ശേഷം ഫള്ലുബ്നു അബ്ബാസ് رضي الله عنهവും അലി رضي الله عنهവും
നബിയുടെ ﷺ അടുക്കൽ എത്തി
അതേ ആശങ്ക പങ്കുവെച്ചു.
അപ്പോൾ നബി ﷺ തന്റെ കൈ നീട്ടി.
അവർ ആ തിരുകരം പിടിച്ചു…
ആ കൈ
സ്വഹാബികളുടെ ഹൃദയങ്ങൾക്ക് ആശ്വാസമായിരുന്ന കൈ.
അവരുടെ കണ്ണീരൊപ്പിയ കൈ.
അനാഥരുടെ തലയിൽ സ്നേഹത്തോടെ തഴുകിയ കൈ.
ഇന്ന് രോഗത്തിന്റെ ക്ഷീണത്തിൽ നീണ്ടുവരുന്ന ആ കൈ…
നബി ﷺ ചോദിച്ചു:
“നിങ്ങൾ എന്താണ് പറയുന്നത്?”
അവർ പറഞ്ഞു:
“അങ്ങ് വഫാത്താകുമോ എന്ന ഭയത്തിലാണ് ഞങ്ങൾ…”
ആ വാക്കുകൾ കേട്ടപ്പോൾ ഹൃദയം തകർന്നുപോകുന്നില്ലേ?
ഹബീബ് ﷺ അവരുടെ ഭയം മനസ്സിലാക്കി.
ഫള്ലുബ്നു അബ്ബാസ് رضي الله عنه പറയുന്നു:
നബി ﷺ എന്നോട് പറഞ്ഞു:
“എന്റെ നെറ്റിയിൽ ഒന്ന് കെട്ടിത്തരൂ.”
ശക്തമായ പനിയിൽ നിന്നും
തലവേദനയിൽ നിന്നും അൽപം
ആശ്വാസം ലഭിക്കാനായിരുന്നു അത്.
പക്ഷേ ഹബീബിന്റെ ﷺ മനസ്സിൽ
അപ്പോഴും ഒരു ചിന്ത മാത്രം
പള്ളി…
നിസ്കാരം…
ഉമ്മത്ത്…
അദ്ദേഹം ഒരു തുണിയെടുത്തു മുത്തുനബിയുടെ ﷺ തലയിൽ കെട്ടിക്കൊടുത്തു.
അവിടുന്ന് അലി رضي الله عنهവിന്റെയും അബ്ബാസ് رضي الله عنهവിന്റെയും
തോളുകളിൽ കൈവെച്ച്
പതുക്കെ മസ്ജിദുന്നബവിയിലേക്ക് നടന്നു.
ആ നടത്തം…
ഇന്നും ചരിത്രത്തിന്റെ ഹൃദയത്തിൽ പതിഞ്ഞുകിടക്കുന്ന ഒരു വേദനയാണ്.
ഉമ്മത്തിന്റെ ഇമാം…
ലോകത്തിന്റെ വഴികാട്ടി…
അല്ലാഹുവിന്റെ ഹബീബ് ﷺ…
രോഗത്തിന്റെ കഠിനവേദനയിലും
തന്റെ പള്ളിയിലേക്ക് നടക്കുന്നു.
അവിടെ മിമ്പറിന്റെ താഴത്തെ പടിയിൽ അവിടുന്ന് ഇരുന്നു.
പിന്നെ ജനങ്ങളോട് സംസാരിച്ചു.
അത് ഹബീബിന്റെ ﷺ ജീവിതത്തിലെ അവസാന പ്രസംഗങ്ങളിൽ ഒന്നായിരുന്നു.
“ജനങ്ങളേ…
ഞാൻ എന്റെ റബ്ബിനെ കണ്ടുമുട്ടാൻ പോവുകയാണ്.”
മസ്ജിദുന്നബവിയുടെ ചുവരുകൾ
ആ വാക്കുകൾ കേട്ടു.
സ്വഹാബികളുടെ ഹൃദയങ്ങൾ
ആ വാക്കുകളിൽ വിറച്ചു.
അവിടുന്ന് തുടർന്നു:
“നിങ്ങൾ എന്റെ പ്രബോധനത്തിന് ഉത്തരം നൽകിയ വിവരം ഞാൻ എന്റെ റബ്ബിനോട് പറയുന്നതാണ്.”
“ജനങ്ങളേ,
ഞാൻ ആരെയെങ്കിലും ശകാരിച്ചിട്ടുണ്ടെങ്കിൽ, ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ആരുടെയെങ്കിലും സമ്പത്ത് എടുത്തിട്ടുണ്ടെങ്കിൽ
പരലോകത്തിൽ കണക്കു തീർക്കുന്നതിന് മുമ്പ്,
ഇവിടെവെച്ച് തന്നെ അവൻ
അതിന് പകരം വാങ്ങിക്കൊള്ളട്ടെ.”
അത്രയും പറഞ്ഞപ്പോൾ…
മസ്ജിദുന്നബവി മൗനത്തിലേക്ക് വീണു.
ആ മൗനം സാധാരണ മൗനമായിരുന്നില്ല.
അത് ഹബീബിനെ ﷺ നഷ്ടപ്പെടുമെന്ന ഭയത്തിന്റെ മൗനമായിരുന്നു.
ഇടയ്ക്കിടെ തേങ്ങലുകൾ ഉയർന്നു.
കണ്ണുനീർ ഒഴുകി.
ആരും കരയാതിരുന്നില്ല.
കരയാതെ നിൽക്കാൻ ആർക്കായിരുന്നു കഴിയുക?
ഹബീബ് ﷺ അവരുടെ മുന്നിലുണ്ട്…
പക്ഷേ ഹബീബിന്റെ ﷺ വാക്കുകളിൽ വിടവാങ്ങലിന്റെ ഗന്ധം.
അനസ് رضي الله عنه പറയുന്നു:
നബി ﷺ ഇത് പറഞ്ഞപ്പോൾ ഞാൻ സ്വഹാബികളെ നോക്കി.
അവരിൽ ഓരോരുത്തരും
തല താഴ്ത്തി,
രണ്ട് കാലുകൾക്കിടയിൽ
മുഖം വെച്ച് കരയുകയായിരുന്നു.
അവരുടെ കണ്ണുകൾക്ക് മുന്നിൽ മദീനയില്ലായിരുന്നു…
അവരുടെ കണ്ണുകൾക്ക് മുന്നിൽ ലോകത്തിന്റെ ഭാവിയുമില്ലായിരുന്നു…
അവരുടെ കണ്ണുകൾക്ക് മുന്നിൽ ഉണ്ടായിരുന്നത് ഒരേയൊരു മുഖം മാത്രം
മുഹമ്മദ് ﷺ....!!
അവരുടെ ഹബീബ്…
അവരുടെ നേതാവ്…
അവരുടെ ഗുരു…
അവരുടെ ജീവന്റെ അർത്ഥം…!!!
പിന്നെ നബി ﷺ പ്രാർത്ഥിച്ചു:
“അല്ലാഹുവേ,
ഞാൻ ആരെയെങ്കിലും ശകാരിച്ചിട്ടുണ്ടെങ്കിൽ, ചീത്ത പറഞ്ഞിട്ടുണ്ടെങ്കിൽ,
ആരുടെയെങ്കിലും സമ്പത്ത് എടുത്തിട്ടുണ്ടെങ്കിൽ,
ആരെയെങ്കിലും അടിച്ചിട്ടുണ്ടെങ്കിൽ
അത് അവർക്ക് നിന്റെ റഹ്മത്തായി മാറ്റേണമേ…”
ആ വാക്കുകൾ കേട്ടപ്പോൾ സ്വഹാബികളുടെ ഹൃദയം വീണ്ടും പൊട്ടിക്കരഞ്ഞു.
അവർ പറഞ്ഞു:
“ഫിദാക അബീ വ ഉമ്മീ, യാ റസൂലല്ലാഹ് ﷺ…”
എന്റെ പിതാവും മാതാവും
അങ്ങേക്ക് വേണ്ടി സമർപ്പിക്കപ്പെടട്ടെ,
യാ റസൂലല്ലാഹ് ﷺ…
ഹബീബ് ﷺ പതുക്കെ വിരിപ്പിലേക്ക് മടങ്ങി.
മസ്ജിദുന്നബവി വീണ്ടും നിശ്ശബ്ദമായി…
പക്ഷേ ആ നിശ്ശബ്ദതയ്ക്കുള്ളിൽ ആയിരക്കണക്കിന് ഹൃദയങ്ങൾ കരയുകയായിരുന്നു.
ഹബീബ് ﷺ അടുത്തുതന്നെയുണ്ട്…
എന്നാൽ അവിടുത്തെ വാക്കുകൾ
ഓരോന്നും വിടപറയുന്നതുപോലെ…
മദീനയുടെ കാറ്റിനുപോലും
അന്ന് എന്തോ മനസ്സിലായിരുന്നിരിക്കണം…
തന്റെ പ്രിയപ്പെട്ട നബിയെ ﷺ
നഷ്ടപ്പെടാൻ പോകുന്ന വേദന…!!
(തുടരും )
യാ അള്ളാഹ്
ഹബീബിനേ കാണാൻ ഞങ്ങൾക്ക്
തൗഫീഖ് നൽകേണമേ. ആമീൻ
ബഷീർ ഫൈസി ദേശമംഗലം
-------------------
Post a Comment