ശൈഖുൽ ജാമിഅഃ ആലിക്കുട്ടി മുസ്‌ലിയാർ: വിജ്ഞാനത്തിന്റെ ഒരു യുഗം അവസാനിച്ചിരിക്കുന്നു..
ഒരു യുഗം അവസാനിച്ചിരിക്കുന്നു.
ഒരു നിമിത്തമായി നമുക്ക് മുമ്പിലൂടെ ആ
വലിയ മനുഷ്യൻ നടന്നു നീങ്ങിയിരിക്കുന്നു.
എല്ലാവരോടും പിശുക്കില്ലാതെ ചിരിച്ചിരുന്ന സമസ്തയുടെ സെക്രട്ടറി ജനറൽ.
ഒരു കുഞ്ഞിൻ്റെ നിഷ്കളങ്കതയും സ്നേഹത്തിന്റെ നൈർമല്യതയും കൈമുതലാക്കിയ സമസ്തയുടെ
ആഗോള മുഖം.ഞങ്ങളുടെ അഭിവന്ദ്യ ഗുരു.
ലാളിത്യത്തിന്റെ വിശ്വരൂപം,
സൗമ്യതയുടെ പ്രതീകം,
വിശുദ്ധിയുടെ ആൾരൂപം..
നേട്ടങ്ങളുടെ പട്ടിക, സ്ഥാനമാനങ്ങളുടെ
നീണ്ട നിര ഇവ രണ്ടും ഉണ്ടായിട്ടും ഭൂമിയോളം താഴ്ന്നു താഴ്ന്നു ആ മനുഷ്യൻ സഞ്ചരിച്ചു.
പട്ടിക്കാട് ജാമിഅ നൂരിയക്ക് ചിറകു നൽകി. സമസ്തക്ക് ആഗോള മുഖം സംഭാവന ചെയ്തു.
സഞ്ചരിക്കുന്ന വാഹനങ്ങളുടേയും, താമസിക്കുന്ന വീടിന്റേയും,
കിടന്നുറങ്ങുന്ന മെത്തയുടേയും പോരിശ കൊണ്ട് പരിജയപ്പെടുത്തേണ്ടവരല്ല പണ്ഡിതന്മാർ! ഉയർന്ന അറിവും,
തഖ്വയും കൊണ്ട് ജീവിതം സാക്ഷ്യപ്പെടുത്തി, സ്വയം വിനയാന്വിതനായി, കർമ്മ പഥത്തെ എളിമയും ലാളിത്യവും കൊണ്ട് അടയാളപ്പെടുത്തേണ്ടവരാണവർ.....!
റാബിത്വക്ക് ഫത്‌വ നൽകിയും
സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ പഠിപ്പിച്ചും യു എ ഇ ഔഖാഫിനെ
തിരുത്തിയും പതിനെട്ടാമത്തെ വയസ്സിൽ
സ്വന്തം നാട്ടിൽ ഖത്തീബായും ഇരുപതാമത്തെ വയസ്സിൽ ഖാളിയായും ശൈഖുനാ
നമ്മെ വിസ്മയിപ്പിച്ചു.
ഉപരിപഠനത്തിന് ജാമിഅ തെരഞ്ഞെടുക്കാനുള്ള കാരണങ്ങളിൽ
ഒന്ന് ശൈഖുന തന്നെയായിരുന്നു.
ജാമിഅഃ നൂരിയ്യ അറബിയ്യയിലെ വിദ്യാർത്ഥി ജീവിതം സമ്മാനിച്ച വലിയ അനുഗ്രഹമായിരുന്നു ശൈഖുൽ ജാമിഅയുടെ സ്വഹീഹുൽ ബുഖാരി സബ്ഖുകൾ. ശൈഖുനയുടെ കൃത്യാന്തര ബാഹുല്യങ്ങൾക്കിടയിലും തന്റെ മക്കൾക്ക് കിതാബ് ഓതിക്കൊടുക്കാനും ജാമിഅയിലെത്താനും ഉസ്താദ് കാണിക്കുന്ന ആവേശം കണ്ട് അമ്പരന്നിട്ടുണ്ട്. ദീർഘ ദൂര യാത്ര കഴിഞ്ഞ് രാത്രി വൈകി വീട്ടിലെത്തിയാലും അതി രാവിലെ തന്നെ ജാമിഅയിലെത്തും.
റഹ്മാനിയ്യ മസ്ജിദിൽ വട്ടത്തിലിരുന്ന്
ആസ്വദിച്ച ശൈഖുനയുടെ
സബ്ഖുകൾ വിസ്‌മൃതി പുൽകാത്ത ഓർമകളാണ്.
നീട്ടി പറഞ്ഞ സലാം കൊണ്ട് സബ്ഖ് തുടങ്ങി, താളാത്മകമായി ഉസ്താദ് ഹദീസുകൾ വായിക്കും.നീട്ടിയുള്ള ആ സലാം പറച്ചിൽ കേൾക്കുമ്പോൾ തന്നെ ഉള്ളിൽ കുളിര് കോരും.ഒരു കവിതയുടെ ഇമ്പത്തോടെ
അത് കേട്ടിരിക്കാൻ തന്നെ പ്രത്യേക അനുഭൂതിയാണ്.
കുഞ്ഞൂച്ചിക്കുട്ടികളും കുൽമാൻഡ്രീസും കുത്തിക്കെണീസുമൊക്കെ
വാക്കുകളായി വിരുന്നുവന്ന നാളുകൾ.
കവിതയുടെ താളാത്മകതയിൽ ശൈഖുന വായിച്ച 'അഖ്ബറനാ'യും 'ഹദ്ദസനാ'യും
നമ്മെ കോർത്തുവെച്ചത് ശംസുൽ
ഉലമയിലൂടെ തിരുനബിയിലേക്കായിരുന്നു.
നാട്ടുഭാഷയുടെ ചൂടും രസവും നിറഞ്ഞ വാക്കുകളിലൂടെ ഹദീസിന്റെ ആഴം കുട്ടികളുടെ മനസ്സിലേക്ക് ഇറങ്ങിവരുന്ന അപൂർവ അനുഭവം. ഹദീസുകളിൽ വരുന്ന മലകളും നദികളും സ്ഥലങ്ങളും വിശദീകരിക്കുമ്പോൾ, അറബിയുടെ ഭൂപടം മാത്രം കാണിച്ചുതരാതെ, മണ്ണാർമലയും നെന്മിനി മലയും നാടുകാണി ചുരവും ഭാരതപ്പുഴയും കുന്തിപ്പുഴയും അട്ടപ്പാടിയും വയനാടും ചേർത്ത് ശൈഖുനാ ചരിത്രത്തെ നമ്മുടെ മണ്ണിലേക്ക് കൊണ്ടുവന്നു. അപ്പോൾ ഹദീസ് ഒരു ദൂരകാലത്തിന്റെ കഥയല്ലാതെ, നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു. ഇടയ്ക്കിടെ അറബി കവിതകൾ. നബി സ്നേഹവും സൂഫിസവും വിനയവും ആത്മബോധവും നിറഞ്ഞ ആ ബൈത്തുകൾ, അറബിഭാഷയുടെ സൗന്ദര്യവും ആത്മാവും ഒരേസമയം ഞങ്ങൾക്ക് സമ്മാനിച്ചു. ശൈഖുനാ ശംസുൽ ഉലമയുടെ ഓർമകൾ അവിടുത്തെ വാക്കുകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാദർശങ്ങളെ ഹദീസുമായി ബന്ധിപ്പിക്കുകയും, മദ്ഹബുകളുടെ സ്ഥാപിതമായ മാർഗങ്ങളെ സമകാലിക വിഷയങ്ങളോട് ചേർത്ത് വായിക്കുകയും ചെയ്യുന്ന അവിടുത്തെ കഴിവ് അപൂർവമായിരുന്നു. ആധുനികതയുടെ പേരിൽ മദ്ഹബുകളെ ഉപേക്ഷിക്കണമെന്ന വാദങ്ങളോടും, പൈതൃകത്തിന്റെ പേരിൽ ചിന്തയെ മരവിപ്പിക്കുന്ന സമീപനങ്ങളോടും ഒരുപോലെ അകലം പാലിക്കുന്ന ഒരു സമതുലിത ദർശനം അവിടുത്തെ ക്ലാസുകൾ ഞങ്ങളെ പാകപ്പെടുത്തി.സമസ്തയുടെ ഒപ്പം അടിയുറച്ചു നിൽക്കണമെന്ന് ഉസ്താദ് വഗ്യമായും വ്യക്തമായും സൂചിപ്പിച്ചു.
ഓരോ ക്ലാസും കഴിയുമ്പോഴും ഒരു
പേമാരി ചോർന്നതുപോലെയായിരുന്നു അനുഭവം.അറിവിന്റെ പേമാരി.
ചിന്തയുടെ പേമാരി.
ഉത്തരവാദിത്വത്തിന്റെ പേമാരി.
അത്ഭുതപ്പെടുത്തുന്ന ക്ലാസുകളായിരുന്നു
അവ. കാരണം അവ അത്ഭുതം സൃഷ്ടിച്ചത് ശബ്ദത്താലോ വാചാലതയാലോ അല്ല; അടിത്തറയുള്ള അറിവ് മനസ്സിൽ ഉണ്ടാക്കുന്ന പ്രകമ്പനത്താലാണ്.
ജാമിഅ ജീവിതത്തിനു ശേഷവും അതുമായി അടുത്ത ബന്ധം പുലർത്താൻ സാധിച്ചു. പലപ്പോഴും ഉസ്താദിനെ സന്ദർശിച്ചു.
ഏറ്റവും ഒടുവിൽ നൂറാം വാർഷികത്തോടനുബന്ധിച്ച് ജിഫ്രി തങ്ങളുടെയും ഉസ്താദിൻ്റെയും ഒരു ജീവിത ചരിത്ര ഗ്രന്ഥം പുറത്തിറക്കാനുള്ള ആശീർവാദം വാങ്ങി.ഉസ്താദിൻ്റെ പ്രാർത്ഥനയോടെ തുടങ്ങിയ ആ ഗ്രന്ഥം പൂർത്തിയാക്കാനുള്ള സൗഭാഗ്യം നാഥൻ തന്നു. ഈ ഉള്ളവൻ എഴുതിയ പല പുസ്തകങ്ങൾക്കും അവതാരികയും സന്ദേശവും എഴുതിയത് ഉസ്താദ് ആയിരുന്നു. ജാമിഅയിൽ പഠിക്കുന്ന കാലത്ത് പലപ്പോഴും ഉസ്താദിന്റെ ലേഖനങ്ങൾ തയ്യാറാക്കാൻ സൗഭാഗ്യം ലഭിച്ചു. പലപ്പോഴും ആ പ്രാർത്ഥനയുടെ സൗഗന്ധികം നേരിട്ടിട്ടുണ്ട്.അവരുടെ ശിഷ്യൻ ആവാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും വലിയ സൗഭാഗ്യം.പലപ്പോഴും ചിന്തിച്ചിട്ടുണ്ട്,ഒരു വലിയ മനുഷ്യന് എങ്ങനെയാണ് ഇത്രത്തോളം വിനയം കാണിക്കാൻ കഴിയുന്നത്.ഒന്നാവശ്യപ്പെട്ടാൽ നൂറുകണക്കിനാളുകൾ വേണ്ട സൗകര്യം ചെയ്തു കൊടുക്കാൻ തയ്യാറുള്ള ഒരു പണ്ഡിതന് എങ്ങനെയാണ് റെയിൽവേ സ്റ്റേഷനിൽ മുണ്ടുവിരിച്ച് നിലത്തു കിടന്നുറങ്ങാൻ കഴിയുന്നത് ?വിനയത്തിനെന്തൊരു വിനയം..
സലാം പറഞ്ഞ് കൈ പിടിച്ചാൽ ആ കയ്യിൻ്റെ മാർദ്ദവം അനുഭവിക്കാം.
അടുത്ത് നിന്നാൽ സ്വഭാവത്തിൻ്റെ മൃദുലത ആസ്വദിക്കാം.സൽ സ്വഭാവത്തിൻ്റെ പരിച്ഛേദം.കനപ്പിച്ച് പറയുന്ന സംസാരത്തിലും മാധുര്യം വിതറിയ പ്രിയ ഗുരു വിടവാങ്ങുമ്പോൾ അടയുന്നത് ഒരധ്യായമാണ്,ഒരോർമ്മപ്പെടുത്തലാണ്.
മാസങ്ങളോളം അനാരോഗ്യം കാരണം വിശ്രമത്തിലായിരുന്നിട്ടും എന്തായിരിക്കും അല്ലാഹു വ്യാഴാഴ്ച ഉച്ചക്കുതന്നെ ഉസ്താദിനെ തിരിച്ചു വിളിച്ചത് ? വെള്ളിയാഴ്ച ജുമുഅയുടെ തൊട്ട് മുമ്പായി ആ ശരീരം മണ്ണോട് ചേർത്തത് ?
മരണത്തിന്റെ തൊട്ടുമുമ്പ് തൻ്റെ പ്രിയപ്പെട്ട ഖാദിം ഉസ്മാൻ ഫൈസിയെ വിളിച്ച് പഴവും വെള്ളവും ആവശ്യപ്പെട്ട് അത് കഴിച്ച് ഖാദിം ഉസ്മാൻ ഫൈസി കലിമ ചൊല്ലി കൊടുത്തപ്പോൾ അക്ഷരസ്ഫുടതയോടെ നാലു പ്രാവശ്യത്തിലധികം ലാഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലി കണ്ണുകളടച്ചത് ? എന്തുകൊണ്ടാണ് മരിച്ചു കിടക്കുമ്പോഴും ആ മുഖത്തേക്ക് നോക്കുന്നവർക്ക് പ്രകാശവും പുഞ്ചിരിയും അനുഭവപ്പെട്ടത് ?
ഇതൊരു ഓർമ്മപ്പെടുത്തലാണ്..
ചിന്തിക്കുന്നവർക്ക് വലിയൊരു പാഠമാണ്. എൻ്റെ മക്കൾ, ശംസുൽ ഉലമയുടെ മക്കൾ ശരിയായ വഴിയിലാണ് എന്ന മഹത്തായ പാഠം.
ഉസ്മാനെ.. എന്ന നീട്ടി വിളി കേട്ടാൽ അറിയാം ശൈഖുനക്ക് എന്തോ ആവശ്യമുണ്ട് എന്ന്.
രാവും പകലും വ്യത്യാസമില്ലാതെ ഊണിലും ഉറക്കിലും യാത്രയിലും വിശ്രമത്തിലുമെല്ലാം ഉസ്താദിൻ്റെ സന്തതസഹചാരി ആയിരുന്നു 2018 മുതൽ ഉസ്മാൻ ഫൈസി.അവസാനം അന്ത്യ യാത്രയിലും ഉസ്താദിനോട് ചേർന്ന് നിന്ന് ജനാസക്കരികിൽ നിശബ്ദനായി ഫൈസി നിൽക്കുമ്പോൾ കണ്ണുകൾ അറിയാതെ സജലങ്ങളായി.പുഞ്ചിരിക്കുന്ന ആ പൂമുഖം തിരൂർക്കാട്ടെ പള്ളിമുറ്റത്തേക്ക് ഇറക്കിവെച്ചപ്പോൾ ഹൃദയത്തിൽ കനം തൂങ്ങി.ഒരു കാലഘട്ടത്തിൻ്റെ ഇതിഹാസം മുമ്പിലൂടെ ആറടി മണ്ണിലേക്ക് ചേർന്നിരിക്കുന്നു സൗമ്യതയുടെ സാരഥ്യം ഇനി ഓർമ്മകളിൽ തിളങ്ങിനിൽക്കും.
അജ്മൽ ഫൈസി പാണ്ടിക്കാട്
Post a Comment