ടി.എസ്.ഇബ്രാഹിം കുട്ടി മുസ്‌ലിയാർ പണ്ഡിത തറവാട്ടിലെ മറ്റൊരു കാരണവർ കൂടി യാത്ര യായി
സമസ്ത കേന്ദ്ര മുശാവറ അംഗവും വിവിധ മഹല്ലുകളുടെ ഖാസിയുമായ ടി.എസ്.ഇബ്രാഹീം കുട്ടി മുസ്‌ലിയാരുടെ വിയോഗം ഏറെ ഞെട്ടലോടെയാണ് മകൻ സാദിഖ് സാഹിബിൽ നിന്നും അറിഞ്ഞത്.വെള്ളിയാഴ്ച രാവിന്റെ പവിത്ര സമയത്ത് നാഥൻ അവന്റെ തിരു സന്നിധിയിലേക്ക് ഉസ്താദിനെ വിളിച്ചിരിക്കുന്നു..ഇന്നാ ലില്ലാഹി വ ഇന്നാഇലൈഹി റാജിഊൻ...
പ്രമുഖ പണ്ഡിതൻ മുഹമ്മദ് സഈദ് മുസ്‌ലിയാരുടെയും സൂഫി വര്യൻ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ പുത്രി കുഞ്ഞിപ്പാത്തുമ്മ എന്നവരുടെയും മകനായി 1938 ജൂൺ 10 നാണ് കണ്ണൂർ ജില്ലയിലെ ചൊക്ലി ഈസ്റ്റ് പള്ളൂരിൽ ഉസ്താദിന്റെ ജനനം.
പെരിങ്ങത്തൂർ,പയ്യോളി,ചെറുകുന്ന്,ചാലിയം,പാപ്പിനിശേരി,മൊഗ്രാൽ പുത്തൂർ എന്നിവിടങ്ങളിലായിരുന്നു ദർസ് പഠനം.പിതാവ്മുഹമ്മദ് സഈദ് മുസ്‌ലിയാർ,മാതാ മഹൻ ഖുതുബി മുഹമ്മദ് മുസ്‌ലിയാർ,കെ.പി.മുത്തുക്കോയ തങ്ങൾ,പനയത്തിൽ മുത്തുക്കോയ തങ്ങൾ,ഒ.കെ.സൈനുദ്ധീൻ കുട്ടി മുസ്‌ലിയാർ,എ.വി.ഇബ്രാഹിം മുസ്‌ലിയാർ തുടങ്ങി യ ഉസ്താദുമാരിൽ നിന്നുള്ള പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ :നൂരിയ്യ യിൽ ഉപരി പഠനത്തിന് ചേർന്നു..ശംസുൽ ഉലമ ഇ.കെ.അബൂബക്കർ മുസ്‌ലിയാർ,ഉത്തമ പാളയം അബൂബക്കർ ഹസ്രത്ത്,ശൈഖുനാ കോട്ടുമല അബൂബക്കർ മുസ്‌ലിയാർ,ഉസ്താദ് കെ.സി.ജമാഅലുദ്ധീൻ മുസ്‌ലിയാർ എന്നിവരായിരുന്നു ഗുരുനാഥന്മാർ.ജാമിഅ യിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം പാനൂർ,മട്ടന്നൂർ,അഴിയൂർ, അഞ്ചാംപീടിക ,മാങ്ങാട്,ഇരിക്കൂർ എന്നിവിടങ്ങളിൽ ദർസ് നടത്തി.നിരവധി ശിഷ്യ ഗണങ്ങളുള്ള ഉസ്താദ് 2014 മുതൽ മുസ്ലിം സമുദായത്തിന്റെ ആധികാരിക പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ മുശാവറ അംഗമാണ്.
ലാളിത്യം,വിനയം,സ്നേഹം എന്നിവയാൽ ഏവരുടെയും ഹൃദയ ത്തിൽ സ്ഥാനം നേടിയിരുന്ന ഉസ്താദിനെ ഒരു പിതാവിന് തുല്യമായിരുന്നു എല്ലാവരും കണ്ടിരുന്നത്. നാല് ദിവസം മുമ്പ് ഈ വിനീതനും ഉസ്താദ് കെ.ഉമർ ഫൈസി മുക്കവും ഡോ.അമീർ അലിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എകരൂൽ പൂക്കോയ തങ്ങൾ ഹോസ്പീസ് പാലിയേറ്റീവ് സെന്ററിൽ വെച്ച് ഉസ്താദിനെ സന്ദർശിച്ചപ്പോൾ നല്ല ക്ഷീണിതനാണെങ്കിലും സംസാരിക്കുകയും ദുആ കൊണ്ട് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തിരുന്നു.മകൻ സാദിഖ് ഉൾപ്പെടെ മറ്റു മക്കളും മരു മക്കളും പേര മക്കളും എല്ലാവരും പരിചരണത്തിനായി അവിടെ ഉണ്ടായിരുന്നു.വീട്ടുകാർക്കെന്ന പോലെ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട വനായിരുന്നു ടി.എസ്.ഉസ്താദ്..
പണ്ഡിത തറവാട്ടിലെ മറ്റൊരു കാരണവർ കൂടി ഇന്ന് നമ്മോട് യാത്രയായി..
മഹാനവർ കളുടെ ദറജഅല്ലാഹു ഏറ്റി ഏറ്റി കൊടുക്കട്ടെ,അവരോടൊപ്പം നമ്മെയും അല്ലാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ,ആമീൻ 🤲
കെ.മോയിൻകുട്ടി മാസ്റ്റർ
(ജനറൽ മാനേജർ,SKIMVB )
10-04-2026
Post a Comment