ആര് ഒളിപ്പിച്ചാലും മറ നീക്കി പുറത്തു വരും; സത്യത്തിന്റെ മുഖം

 



ഹമീദ് ഫൈസി അമ്പലക്കടവ് 


"ഒരു നുണ പലതവണ ആവർത്തിച്ചാൽ അത് സത്യമായി മാറും ". അഡോൾഫ് ഹിറ്റ്ലറുടെ പ്രൊപ്പഗണ്ട മന്ത്രി ഗീബൽസ് വികസിപ്പിച്ചെടുത്ത സിദ്ധാന്തമാണിത്. ഇത് ഏറെക്കുറെ ശരിയാണ് എന്നതിന്റെ പ്രകടമായ തെളിവാണ് സമസ്തയിലെ കറ കളഞ്ഞ പ്രവർത്തകർക്കെതിരെ ഒരു പറ്റം അഴിച്ചു വിട്ട  ആരോപണങ്ങൾ.


വിമർശിക്കപ്പെടുന്നവരുടെ  മുൻനിരയിലുള്ള ഒരാൾ എന്ന നിലക്ക്‌  ചില യാഥാർത്ഥ്യങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്നു പറയാതിരിക്കാൻ നിർവാഹമില്ല. ഇല്ലെങ്കിൽ ഈ ആരോപണങ്ങൾ സത്യമായിരുന്നുവെന്ന് ചരിത്രം വിധിയെഴുതിയേക്കും.

ഇത്തരം  ആരോപണത്തിലേക്ക് വഴിവച്ച കാര്യങ്ങൾ രണ്ടു വിധമാണ്.


ഒന്ന്;  മുസ്‌ലിം ലീഗിലെയും  അതിന്റെ പോഷക ഘടകങ്ങളിലെയും ചിലരിൽ നിന്നുണ്ടായ വീഴ്ചകളും ശരീഅത്ത് വിരുദ്ധ നിലപാടുകളും തിരുത്താൻ നടത്തിയ ശ്രമങ്ങളാണ്.


രണ്ട് ; പത്തുവർഷക്കാലം തുടർച്ചയായി കേരളം ഭരിച്ച ഇടതുപക്ഷ സർക്കാരുമായി ന്യായമായ കാര്യങ്ങളിൽ സഹകരിച്ച് പോന്നതാണ്.

ഈ രണ്ട് വിഷയങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ചില അടിസ്ഥാന സത്യങ്ങൾ ഇവിടെ നമ്പറിട്ട് പറയാൻ ആഗ്രഹിക്കുകയാണ്:


1)  മഞ്ചേരി യൂണിറ്റ് വിമൺ'സ് എയ്ഡഡ് കോളജ് പ്രധാനമായും പൗര പ്രമുഖരായ ചില മുസ്‌ലിം  ലീഗ് നേതാക്കളുടെ മാനേജ്മെന്റിൽ നടന്നു വരുന്നതാണ്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ കോളജ് ക്യാമ്പസിൽ വെള്ളിയാഴ്ച ജുമുഅ: നിസ്കാരവും ഉത്ബോധനവും ആരംഭിച്ചു.  ക്രമേണ സുന്നി പെൺകുട്ടികളെ സലഫിവൽക്കരിക്കാനുള്ള നിഗൂഢ നീക്കം. മാനേജ്മെന്റുമായി ബന്ധപ്പെട്ട് ഈ നിലപാട് തിരുത്താൻ ശ്രമിച്ചു; വിജയിച്ചില്ല. സുന്നി യുവാക്കൾ പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭ സമിതി ചെയർമാൻ ഈ വിനീതനും കൺവീനർ സലീം എടക്കരയും ആയിരുന്നു. 2004- ൽ കോളജ് ക്യാമ്പസിലേക്ക് ബഹുജന റാലി നടന്നു. ബഹുമാന്യനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും പി. വി അബ്ദുൽ വഹാബ് എം പിയും മുൻകൈയെടുത്ത് ആ ജുമുഅ: അവസാനിപ്പിച്ചു.

സ്ത്രീകൾ മാത്രം ജുമുഅ: പ്രാർത്ഥന നടത്തിയാൽ അത് മതപരമായി സാധുവാവുകയില്ലെന്ന കാര്യം ശ്രദ്ധേയമാണ്. 


2 )  വിവാഹപ്രായ വിവാദം ഓർമ്മയുണ്ടല്ലോ.18 വയസ്സിനു മുമ്പ് വിവാഹം പറ്റില്ലെന്ന നിയമം വന്നപ്പോൾ അതിനെതിരെ മുസ്‌ലിം സംഘടനകൾ ഒന്നിച്ചു. 2013- ൽ കോട്ടുമല ബാപ്പു മുസ്‌ലിയാർ ചെയർമാനും എം. സി മായിൻ ഹാജി കൺവീനറും മുസ്തഫ മുണ്ടുപാറ കോ- ഓഡിനേറ്ററുമായി പ്രക്ഷോഭ സമിതി നിലവിൽ വന്നു. നിയമത്തിന്നെതിരെ  സുപ്രീം കോടതിയിൽ പോകാനും ജില്ലാ തലങ്ങളിൽ പ്രക്ഷോഭ പരിപാടികൾ നടത്താനും തീരുമാനിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ മുസ്‌ലിം സംഘടനകളുടെ  സംയുക്ത നീക്കത്തിനെതിരെ എം എസ് എഫ് നേതാക്കളായ ടി. പി അഷ്റഫലി, പി. കെ ഫിറോസ് എന്നിവർ ചന്ദ്രികയിലും  മാതൃഭൂമിയിലും ലേഖനം എഴുതി;  വലിയ വിവാദങ്ങളായി. 


മുസ്‌ലിം സംഘടനകളുടെ സംയുക്ത നീക്കം വിഫലമായി. സ്വാഭാവികമായും അഷ്റഫലിക്കും പി. കെ ഫിറോസിനും എതിരെ മുസ്‌ലിം  ചെറുപ്പക്കാർക്കിടയിൽ നീരസമുണ്ടായി. ആദർശ ബോധമുള്ള സുന്നി വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകർ അവർക്കെതിരെ പ്രതികരിച്ചു. പല നേതാക്കളും ഇടപെട്ടെങ്കിലും ശരീഅത്തിന്നെതിരായ ആ ലേഖനങ്ങളിൽ നിന്ന് പിന്തിരിയാനോ തെറ്റ് തിരുത്താനോ എം എസ്‌ എഫ് നേതാക്കൾ തയാറായില്ല.

ഈ പശ്ചാത്തലത്തിൽ 2015 നവംബറിൽ ജില്ലാ- പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഡിവിഷനിൽ നിന്ന് ടി. പി അഷ്റഫലി മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചു. ഇസ്‌ലാമിനെ സ്നേഹിക്കുന്ന മുസ്‌ലിം  യുവാക്കളും സുന്നി സംഘടന പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ അഷ്റഫലിക്കെതിരെ  പ്രചാരണം  ആരംഭിച്ചു. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ശരീഅത്തിന്നെതിരെ എഴുതിയ ലേഖനത്തിൽ ഒരു തിരുത്ത് ഏതെങ്കിലും നിലയിൽ വരുത്താൻ പ്രാദേശിക നേതാക്കൾ അശ്റഫലിയുമായി ബന്ധപ്പെട്ട് പല ശ്രമങ്ങളും നടത്തി. ശ്രമങ്ങൾ വിജയിച്ചില്ല.  തെരഞ്ഞെടുപ്പിന്റെ ഏതാനും ദിനങ്ങൾക്കു, മുമ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇടപെട്ടു. വാക്കോട് ഉസ്താദിനെയും ഈ വിനീതനെയും ഫോണിൽ വിളിച്ച്  പ്രശ്നം പരിഹരിക്കാൻ വേണ്ടത് ചെയ്യണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു. മണ്ഡലം, പഞ്ചായത്ത് തല മുസ്‌ലിം ലീഗ് നേതാക്കളും സുന്നി സംഘടന നേതാക്കളും അഷ്റഫലിയുടെ സഹോദരൻ സലീം എടക്കരയും കരുവാരകുണ്ട് നജാത്തിൽ ഒരുമിച്ചിരുന്ന് പ്രശ്നപരിഹാരം ഉണ്ടാക്കി. ഇക്കാര്യം സാദിഖലി തങ്ങൾ അംഗീകരിക്കുകയും അശ്‌റഫലി  സ്വീകരിക്കുകയും ചെയ്തു. 

തുടർന്ന് മധ്യസ്ഥ തീരുമാന പ്രകാരം നിശ്ചയിച്ച കത്ത്, പിറ്റേന്ന് കാലത്തു തന്നെ അഷ്‌റഫലി സമസ്ത സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദിന് കൈമാറി. പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും   ഇതിന്റെ  പേരിൽ അഷ്റഫലിക്ക് ആരും വോട്ട് നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടു കൊണ്ട് വാക്കോട് ഉസ്താദ്  സോഷ്യൽ മീഡിയയിലൂടെ വോയ്സ് നൽകി. കാര്യങ്ങളെല്ലാം അവിടെ ശുഭകരമായി പര്യവസാനിക്കേണ്ടതായിരുന്നു.

പക്ഷേ, കത്ത് പൊട്ടിച്ച് വായിച്ചപ്പോൾ മധ്യസ്ഥ തീരുമാന പ്രകാരമുള്ള വാചകങ്ങളല്ല മറ്റു ചില വാക്കുകൾ മാത്രമാണ് അതിൽ എഴുതിയതെന്ന് ചെറുശ്ശേരി ഉസ്താദിന് ബോധ്യപ്പെട്ടു. ഇതോടെ വീണ്ടും പ്രശ്നമായി. 12000 ൽ പരം വോട്ട് ഭൂരിപക്ഷമുള്ള ഡിവിഷനിൽ 2000 ൽ പരംവോട്ടുകൾക്കാണ് അഷ്റഫലി ജയിച്ചത്. പിന്നീട്  അഞ്ച് വർഷത്തിനു ശേഷം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുൻകൈയെടുത്ത്  പ്രശ്നം പരിഹരിച്ചു. 


3 ) കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ 2011 ഫെബ്രുവരി 18 ,19 (വെള്ളി, ശനി) തീയതികളിൽ എം എസ് എഫ് ക്യാമ്പ് നടന്നു. ടി. പി അഷ്റഫലിയും പി. കെ ഫിറോസും ആയിരുന്നു പ്രധാന നേതാക്കൾ. വെള്ളിയാഴ്ച അവിടെ ജുമുഅ: നടത്താൻ തീരുമാനിച്ചു. സലഫികൾ അങ്ങനെ ചെയ്യാറുണ്ട്. പക്ഷേ, ഇസ്‌ലാമിക നിയമപ്രകാരം സ്ഥിര വാസികളായ ആളുകൾ ഇല്ലാത്ത ജുമുഅ: സാധു ആവുകയില്ല. ഈ നിലപാടിനെതിരെ എസ് കെ എസ് എസ് എഫ് രംഗത്തുവന്നു. തുടർന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇടപെട്ടു. ഇരു വിഭാഗത്തെയും വിളിച്ച് ചർച്ച നടത്തി. ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ പറയുന്നതു പോലെ ചെയ്യാൻ തങ്ങൾ നിർദേശിച്ചു. ഈ രീതിയിലുള്ള ജുമുഅ നിസ്കാരം സാധുവാവുകയില്ലെന്ന് ചെറുശ്ശേരി ഉസ്താദ് ഫത് വ നൽകി. ചെറുശ്ശേരി ഉസ്താദിന്റെ ഫത് വ ലംഘിച്ച്, ( മറ്റൊരർത്ഥത്തിൽ , ഹൈദരലി ശിഹാബ് തങ്ങളെയും ലംഘിച്ച് ) അവർ  ജുമുഅ: നടത്തി. ( പാണക്കാട് പൂക്കോയ തങ്ങളുടെ നിർദേശം അനുസരിക്കാതെ  കോഴിക്കോട് സമ്മേളനം നടത്തിയതിന് മുസ്‌ലിം യൂത്ത് ലീഗിൻ്റെ പ്രമുഖരായ നേതാക്കളെ സസ്പെൻ്റ് ചെയ്യുകയും യൂത്ത് ലീഗ് കമ്മിറ്റി തന്നെ പിരിച്ചു വിടുകയും ചെയ്ത അനുഭവം നമ്മുടെയൊക്കെ അറിവിൽ ഉണ്ട് ) . സുന്നി വിദ്യാർത്ഥികളെ വഹാബിവൽക്കരിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ എസ് കെ എസ് എസ് എഫ്  പ്രതികരിച്ചത് വസ്തുതയാണ്.


4 ) സുപ്രീം കോടതി 2017 ൽ മുത്ത്വലാഖ് നിരോധിച്ചു. മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലിയാൽ അത് സാധുവാകുമെന്നാണ് ഇസ്‌ലാമിക നിയമം. നാലു മദ്ഹബുകൾക്കിടയിൽ ഏകാഭിപ്രായമുള്ള വിഷയമാണിത്. പിന്നീട് 2019 ൽ മുത്ത്വലാഖ്  ക്രിമിനൽ കുറ്റമാക്കി പാർലമെൻറ് നിയമ നിർമ്മാണം നടത്തി.

എന്നാൽ ഇതിനൊക്കെ മുമ്പ് 2016 ൽ മുത്ത്വലാഖിന്നെതിരെ മുസ്‌ലിം  ലീഗ് നേതാവ് അഡ്വ: ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കിൽ ലേഖനം എഴുതി. ഇതിനെതിരെ ആദർശ ബോധമുള്ള വിദ്യാർത്ഥി യുവജന സംഘടനകൾ പ്രതികരിച്ചു.


5 ) പി. കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായപ്പോൾ നിലവിളക്ക് കൊളുത്താൻ തയാറാകാതെ  മാറി നിൽക്കുകയും അത് വിവാദമാവുകയും ചെയ്തു. തുടർന്ന് നിലവിളക്ക് കൊളുത്തൽ ഇസ്‌ലാമിക ദൃഷ്ട്യാ അനുവദനീയമാണെന്നും അല്ലെന്നും എന്ന നിലയിൽ മുസ്‌ലിം ലീഗ് നേതാക്കൾ രണ്ട് തട്ടിലായി പരസ്യ പ്രതികരണവുമായി രംഗത്ത് വന്നു. സമസ്തയുടെ പ്രസിഡൻറ് ആനക്കര കോയക്കുട്ടി മുസ്‌ലിയാരും  ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരും നിലവിളക്ക് കൊളുത്തൽ ഒരു മതത്തിന്റെ  പ്രത്യേക ആചാരം ആയതുകൊണ്ട് അത് മുസ്‌ലിംകൾക്ക് ചേർന്നതല്ലെന്ന്  മത വിധി നൽകി. തുടർന്ന് സുപ്രഭാതം ദിനപത്രത്തിൽ ലേഖനവും വന്നു.

(പിന്നീട് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് നിലവിളക്ക് വിഷയത്തിൽ പഴയ നിലപാട് തുടരാൻ തീരുമാനിച്ചു).


6 ) മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി കെ. എൻ. എ ഖാദർ 2021 ൽ, ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് നിയമ സഭയിലേക്ക് മൽസരിച്ചു.

സ്ഥാനാർത്ഥിയായ ഖാദർ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇസ്‌ലാമിക  വിശ്വാസത്തിനെതിരായി  ചില പ്രസംഗങ്ങൾ നടത്തി. തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിലെത്തി ചെരുപ്പ് അഴിച്ചു വെച്ച് കാണിക്ക അർപ്പിക്കുകയും ക്ഷേത്രത്തിൽ കൈകൂപ്പി തൊഴുതുകയും ചെയ്തു.

ഇതിനെതിരെ ഇസ്‌ലാമിക വിശ്വാസം വിശദീകരിച്ച് ഈ കുറിപ്പുകാരൻ ഫേസ് ബുക്കിൽ ഒരു കുറിപ്പെഴുതി.


7,)  2019, 2020 കാലഘട്ടത്തിൽ പൗരത്വ ഭേദഗതി നിയമത്തിന്നെതിരെ രാജ്യത്തെ മുഴുവൻ മുസ്‌ലിംകളം മതേതര സംഘടനകളും ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയപ്പോൾ ഇടതു പക്ഷവും വലതു പക്ഷവും നടത്തിയ പ്രക്ഷോഭ പരിപാടികളിൽ സമസ്ത പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും പങ്കെടുത്തു. സമസ്ത മുശാവറ തീരുമാന പ്രകാരം ആയിരുന്നു ഇത്.


8 ) വാഫി വഫിയ്യ വിഷയത്തിൽ സമസ്തയുടെ പണ്ഡിത സഭ തീരുമാനമെടുത്തപ്പോൾ ആ തീരുമാനത്തോടൊപ്പം ഉറച്ചു നിൽക്കുകയു൦ സമസ്തക്ക് വേണ്ടി പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. 


9 ) ആദ്യകാലങ്ങളിൽ ചന്ദ്രിക ദിനപത്രം, മുജാഹിദ് വാർത്തകൾക്ക് സ്ഥിരമായി വലിയ പ്രാധാന്യം നൽകി വന്നിരുന്നു. സുന്നി വാർത്തകളും ലേഖനങ്ങളും പലപ്പോഴും അവഗണിക്കപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളനം നടക്കുമ്പോൾ അവരുടെ എബ്ലം

വെച്ച് സ്ഥിരമായി അര പേജ്  സമ്മേളന വാർത്തകൾ കൊടുത്തൂ കൊണ്ടിരുന്നു. ഇതിനു വേണ്ടി മാത്രം  സമ്മേളനത്തിന്റെ മാസങ്ങൾക്ക് മുമ്പു തന്നെ സ്പെയ്സ്  നീക്കി വച്ചിരുന്നു എന്നാണ് അറിവ്. എന്നാൽ സുന്നി സമ്മേളനങ്ങൾക്ക് ചന്ദ്രികയുടെ സമീപനം ഇങ്ങനെയായിരുന്നില്ല. മാത്രമല്ല, ഒരിക്കൽ കോഴിക്കോട്ടു നടന്ന സുന്നി മഹാ സമ്മേളന വാർത്ത നൽകാൻ ചന്ദ്രിക പത്രം മനസ്സ് കാണിച്ചില്ല.


അക്കാലത്തെ എസ് കെ എസ് എസ് എഫ് നേതൃത്വം ഇത്തരം കാര്യങ്ങളിൽ നിരന്തരം ഇടപെട്ടിരുന്നു; കാര്യങ്ങൾ അതാതു 

സമയങ്ങളിൽ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. മുജാഹിദുകളുടെ ആശയപരമായ ലേഖനങ്ങൾക്ക് നിർബന്ധമായും മറുപടി പ്രസിദ്ധീകരിക്കണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചിരുന്നു. പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിനു വേണ്ടി  ഞങ്ങൾ നിർദേശിച്ച ആളെ എഡിറ്റോറിയലിൽ നിയമിക്കുകയു ചെയ്തു. ഇത്തരം നിരന്തരമായ സമ്മർദ്ദങ്ങളെ തുടർന്നാണ് ചന്ദ്രികയിൽ കുറെ മാറ്റങ്ങൾ വന്നത്. 


10.) സുന്നികൾക്ക് ഒരു ദിനപത്രം.കാലങ്ങളായി സമസ്ത പ്രവർത്തകരുടെ ഒരു സ്വപ്നമായിരുന്നു അത്.2014 ലാണ്അത് യാഥാർത്ഥ്യമായത്.സമസ്തയുടെ ഏതൊരു സംരംഭവും എന്നപോലെ അല്ലാഹുവിൻറെ അനുഗ്രഹത്താൽ സുപ്രഭാതം ഭംഗിയായി നടന്നുവരുന്നു. വ്യത്യസ്ത മുസ്ലിം സംഘടനകൾ (സമസ്ത യുടെപ്രതിയോഗികൾ ഉൾപ്പെടെ) ഇതുപോലെ സ്വന്തമായി പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. സുപ്രഭാതം പത്രത്തിൻ്റെ ആദ്യ ഫണ്ട് പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങൾ അവർകളാണ് നൽകിയത് .

പത്രത്തിൻ്റെ പോളിസി തയ്യാറാക്കിയത് സമസ്തയുടെ സമുന്നതമായ നേതൃത്വമാണ്. കേവലം സംഘടനാ പത്രമാക്കാതെ ഒരു പൊതു പത്രമായി പ്രസിദ്ധീകരിക്കാനാണ് അവർ തീരുമാനിച്ചത്. എല്ലാ വിഭാഗത്തിൻ്റെയും വാർത്തയും പരസ്യവുമെല്ലാം പത്രത്തിൽ വരും. യു ഡി എഫി ൻ്റെയും എൽ ഡി എഫി ൻ്റെയും പരസ്യങ്ങൾ നൽകാമെന്ന് ഡയറക്ടർ ബോഡ് തന്നെ തീരുമാനിച്ചിട്ടുണ്ട്.

പക്ഷെ സമസ്തയുടെ പത്രം ഉൾക്കൊളളാൻ

നമ്മുടെ ചിലർക്ക് കഴിയുന്നില്ല. പത്രം കത്തിക്കലും വരിക്കാരെ തടയുകയും ബഹിഷ്‌കരണവും എല്ലാം നടന്നുവരുന്നു. അതിൻ്റെ അലയൊലികൾ ഇപ്പോഴും നിലനിൽക്കുന്നു.


11 ) മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ സലാം, സുന്നി പ്രവർത്തകരെ വളരെയേറെ വേദനിപ്പിക്കുന്ന വിധം സമസ്തയുടെ നേതൃനിരയിലെ പ്രമുഖ വ്യക്തികളെ അവമതിക്കുന്ന പ്രസ്താവനകളും കളിയാക്കലുകളും ശരീര ഭാഷയുമായി നിരന്തരം  മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മുസ്‌ലിം ലീഗിന്റെ മറ്റൊരു സംസ്ഥാന സെക്രട്ടറിയും സമസ്ത പണ്ഡിതന്മാരെയും നേതാക്കളെയും പരിഹസിച്ചു കൊണ്ട് പ്രസംഗിക്കുകയും വാർത്താ സമ്മേളനം നടത്തുകയും ചെയ്തു.

മാത്രമല്ല, മഹാത്മാക്കളെ മുൻ നിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതും മഹാത്മാക്കളുടെ മഖാമിൽ പോയി ആദര സൂചകമായി വസ്ത്രം വിരിക്കുന്നതും അനിസ് ലാമികമായി ചിത്രീകരിച്ചു കൊണ്ട്, പല സന്ദർഭങ്ങളിലും ചില നേതാക്കൾ പ്രസംഗിച്ചു. ആദർശ ബോധമുള്ള സുന്നി പ്രവർത്തകരെ ഇതെല്ലാം വളരെയേറെ വേദനിപ്പിക്കുകയുണ്ടായി. ചിലപ്പോഴെല്ലാം ഉത്തരവാദിത്തപ്പെട്ടവർ തിരിച്ചു പ്രതികരിച്ചിട്ടുമുണ്ട്.


I2)  ഞാൻ താമസിക്കുന്ന പ്രദേശം കേരളത്തിന്റെ ഏതാണ്ട് കിഴക്കേ അതിർത്തിയിലാണ്. ക്രിസ്ത്യൻ കുടിയേറ്റ മേഖലയാണ്. ഡിസംബർ മാസം വന്നാൽ ക്രിസ്ത്യൻ വീടുകളിൽ സ്റ്റാർ തൂക്കും. ഭംഗിക്ക് വേണ്ടി ഇത് അനുകരിച്ച്‌ മുസ്‌ലിം  വീടുകളിലും സ്റ്റാർ തൂക്കാൻ തുടങ്ങി.  ഖതീബുമാർ പള്ളികളിൽ  ഇതു സംബന്ധിച്ച് നിരന്തരം ഉൽബോധനം നടത്തിക്കൊണ്ടിരുന്നു.

മതസൗഹാർദ്ദവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്നതോടൊപ്പം ഇതര മതസ്ഥരുടെ ആചാരങ്ങൾ ഇസ്‌ലാമിക സത്യ വിശ്വാസികൾ അനുകരിക്കരുതെന്ന് ബോധ്യപ്പെടുത്തി ക്കൊണ്ടിരുന്നു.

അതിനിടെ കരുവാരകുണ്ട് നജാത്ത് സയൻസ് ആൻഡ് ടെക്നോളജി കോളജ് വിദ്യാർത്ഥികൾ ചെറിയ രീതിയിൽ നടത്തിയിരുന്ന ക്രിസ്മസ് ആഘോഷ പരിപാടികൾ വിപുലമാക്കാൻ ശ്രമം നടത്തി. ഇത് നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ കുട്ടികൾ സാന്താക്ലോസ് വേഷം ധരിച്ചും പുൽക്കൂട് ഉണ്ടാക്കിയും രംഗത്ത് വരുമെന്ന് അറിയിച്ചു. കുട്ടികളുടെ പ്രതിനിധികൾ മാനേജിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ടു. പ്രിൻസിപ്പലും മാനേജ്മെൻറും വിഷയത്തിൽ ഇടപെട്ടു. ഓരോ മത വിഭാഗങ്ങളുടെയും ആഘോഷങ്ങൾ ക്യാമ്പസിൽ വേണ്ടെന്ന് ഉറച്ച നിലപാട് സ്വീകരിച്ചു. കോളജ് മാനേജിംഗ് കമ്മിറ്റി ട്രഷറർ ഈ എഴുതുന്ന ആൾ തന്നെയാണ്.  ഒരു ക്രിസ്ത്യൻ കുട്ടി പോലും അന്ന്  നജാത് കോളജിൽ പഠിക്കുന്നുണ്ടായിരുന്നില്ല എന്നാണ് ഓർമ്മ.

ഈ പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് ഓതിക്കൊണ്ടിരിക്കെ, അതിന്റെ തുടക്കത്തിലെ നാല്, അഞ്ച് സൂക്തങ്ങൾ  മനസ്സിൽ തറച്ചു. യേശുക്രിസ്തു ദൈവ പുത്രൻ ആണെന്ന് പറയുന്നതിന്റെ ഗൗരവമാണ് ആ സൂക്തങ്ങൾ ചർച്ച ചെയ്യുന്നത്.

ഈ പ്രത്യേക സാഹചര്യത്തിൽ ഇതര മതസ്ഥരുടെ ആചാരങ്ങൾ നാം സ്വീകരിക്കുന്നതിന്റെ ഗൗരവം ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാനൊരു ഫേസ്ബുക് പോസ്റ്റ് ഇട്ടു. ആ പോസ്റ്റ് ഇന്നും എഫ്ബിയിൽ ഉണ്ട്. ക്രിസ്തുമസിനോട് അനുബന്ധിച്ച് നടക്കുന്ന എല്ലാ ആചാരങ്ങളും പറയുന്ന കൂട്ടത്തിൽ കേക്ക് മുറിക്കുന്നതിനെ കുറിച്ചും പരാമർശിച്ചിരുന്നു. പ്രത്യേകിച്ച് ആരെയും സൂചിപ്പിക്കുക പോലും ചെയ്തിരുന്നില്ല. പക്ഷേ, എന്നും വിവാദങ്ങൾക്ക് വാ തുറന്നിരിക്കുന്ന മീഡിയ, ഈ പോസ്റ്റ് എടുത്തിട്ട് , സയ്യിദ് സാദിഖലി തങ്ങൾക്കെതിരായ പൊരുൾ ആണ് അതിലുള്ളതെന്ന്  പ്രചരിപ്പിച്ചു. ഇതാണ് അതിൻ്റെ നിജ സ്ഥിതി. അഥവാ, ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത സംഭവങ്ങൾ, 'സത്യത്തിൻ്റെ മുഖമൂടിയിട്ട് നാട് ചുറ്റി കൊണ്ടിരുന്നു.

ിസ്തുമസിനോട് അനുബന്ധിച്ച് കേക്ക് മുറിക്കുന്നതുൾപ്പെടെ ഉഉഉ ആചാരങ്ങൾ നടത്തുന്നത് വിശ്വാസ പ്രകാരമല്ലെങ്കിൽ കുഴപ്പമില്ലെന്നും, വലിയ കേക്കാണെങ്കിൽ അത് മുറിക്കേണ്ടി വരുമെന്നും പറഞ്ഞു ചില സഹോദരൻമാർ രംഗത്തു വന്നപ്പോൾ അതിൻ്റെ നിജസ്ഥിതി വ്യക്തമാക്കി ഞാൻ എഴുതുകയും പ്രസംഗിക്കുകയുമൊക്കെ  ചെയ്തിട്ടുണ്ട്. 


13) വനിതാ ലീഗ് രൂപീകരിക്കുമ്പോൾ അവർക്ക് ഒരു പെരുമാറ്റ ചട്ടം ഉണ്ടാക്കിയിരുന്നു. അത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയോട് കൂടിയാലോചിച്ചായിരുന്നു. ക്രമാനുഗതമായി ആ പെരുമാറ്റ ചട്ടത്തിൽ നിന്ന് പലപ്പോഴും അവർ വ്യതിചലിച്ചു. സമ്മേളനങ്ങളിലേക്ക് പ്രകടനം നടത്തുകയും മുസ്ലീംലീഗ് സമ്മേളനങ്ങളിൽ പരസ്യമായി പ്രസംഗിക്കുകയും ചെയ്യുന്നതുവരെ അത് എത്തി. വഴിതെറ്റുന്ന ആദ്യ ഘട്ടത്തിൽ ഒരു ചോദ്യത്തിന് ഉത്തരമായി നാട്ടിക വി മൂസ മുസ്ലിയാർ (ന:മ) ‘വനിതാ ലീഗിനെ ഞങ്ങൾ നക്കിക്കൊല്ലും ഇല്ലെങ്കിൽ ഞെക്കി കൊല്ലും’ എന്ന് മുഖാമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു. മതപരമായ ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ പലപ്പോഴും നേതൃത്വത്തിലെ ചിലർ അസ്വസ്ഥത കാണിക്കുമായിരുന്നു. അക്കാലത്തായിരുന്നു എൻറെ സുഹൃത്ത് ഒരു വേദിയിൽ നിന്ന് സ്ത്രീകൾ മാറിനിൽക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതും അഡ്വക്കറ്റ് നൂർബീന റഷീദ് ആ വിഷയം ഈയ്യിടെ വിശദമാക്കിയതും.

മുസ്ലിം ലീഗ് സമ്മേളനങ്ങളുടെ മുന്നോടിയായി സ്ത്രീ പുരുഷന്മാർ നടത്തുന്ന ഗാനമേളകളും പുതുതായി  ഉണ്ടായതാണ്. മതബോധമുള്ള മുസ്ലിം സംഘടന പ്രവർത്തകർക്ക് ഇതിനോടൊന്നും രാജിയാകാനാവില്ലല്ലോ. ഇതാണ് വിവാദ  വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സത്യാവസ്ഥ . 

 ഇത്തരം ധാരാളം കാര്യങ്ങൾ സമസ്തയുടെ കീഴ് ഘടകങ്ങൾ  ഔദ്യോഗികമായും നേതാക്കൾ വ്യക്തിപരമായും ചൂണ്ടിക്കാണിക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം പലതരം മാധ്യമങ്ങളിൽ രേഖപ്പെട്ടു കിടക്കുന്ന ചരിത്ര വസ്തുതകളാണ്. ഇത്തരം തെറ്റുകൾക്കും അനീതികൾക്കും എതിരെ പ്രതികരിക്കുക എന്നത് ഒരു ഇസ്‌ലാമിക പ്രവർത്തകന്റെ ദൗത്യമാണ്. അങ്ങനെ, സുന്നത്ത് ജമാഅത്തിന്റെ പ്ലാറ്റ്ഫോമിൽ നിന്ന് ഡ്യൂട്ടി നിർവഹിക്കുന്നവരെ ശജറകൾ എന്നും ലീഗ് വിരുദ്ധരെന്നും പാണക്കാട് വിരോധികൾ എന്നും  മുദ്ര കുത്തി ഒറ്റപ്പെടുത്താനും അവർക്കെതിരെ വേട്ടയാടാനുമാണ് തല്പര കക്ഷികൾ ശ്രമിച്ചു വന്നത്. ഇരക്ക് വേട്ടക്കാരന്റെ പരിവേഷം നൽകി തല്ലിക്കൊല്ലാനുള്ള പ്രാകൃത വഴികൾ തുറക്കുന്നതാണ് പിന്നീട് കാണുന്നത്.

ഇത്തരം കാര്യങ്ങളിൽ സമസ്തയുടെ വിദ്യാർത്ഥി, യുവജന സംഘടനകൾ പ്രതികരിക്കേണ്ടതില്ലേ? തെറ്റിദ്ധരിപ്പിക്കപ്പെട്ടവർക്ക്‌  തിരുത്താനും നിഷ്പക്ഷമതികൾക്ക്‌  ചിന്തിക്കാനും സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്തുന്നവർക്ക് വിവേചന ബുദ്ധി ഉപയോഗിക്കാനും വേണ്ടി മാത്രമാണ്  ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വന്നത്. ഇവിടെ എഴുതിയത് ചില കാര്യങ്ങൾ മാത്രമാണ്. പരിമിതി നിമിത്തം മറ്റു പലതും മാറ്റി വെക്കുന്നു. പരസ്യമായി എഴുതാനും, പറയാനും പറ്റാത്ത ഗൗരവതരമായ വിഷയങ്ങൾ വേറെയും ഉണ്ട്.

ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും വസ്തുതകൾ തുറന്നു പറയുക ഒരു സത്യ വിശ്വാസിയുടെ ധർമ്മമാണ്. അത് നിർവഹിക്കേണ്ടി വരുമ്പോൾ മുഖം നോക്കുക കാപട്യമാണ്. കാപട്യം വലിയ പാപമാണ്. അധർമ്മങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും കാപട്യങ്ങളിൽ നിന്നും  സർവ ശക്തൻ എക്കാലവും നമ്മെ കാത്തു രക്ഷിക്കട്ടെ. സത്യം മുഖത്തു നോക്കി പറയാനുള്ള മനക്കരുത്ത് അല്ലാഹു നമുക്ക് നൽകട്ടെ - ആമീൻ.