‘അത്തഹിയ്യാത്തിൽ തിരുനബിയെ ഓർക്കൽ’ തബ്ലീഗ് ജമാഅത്തിന്റെ അപകടകരമായ ഫത്‌വ

തിരുനബി(സ്വ)യോടുള്ള തബ്‌ലീഗുകാരുടെ അമർഷം അതിശക്തമായിത്തന്നെ വരച്ചുകാണിക്കുകയാണ് ഇസ്മാഈൽ ദഹ്‌ലവി. അദ്ദേഹം പറയുന്നത് നോക്കൂ:
 ‘ശൈഖിനെയോ മഹത്തുക്കളെയോ നിസ്‌കാരത്തിൽ ഓർക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ്-നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കിൽ പോലും-കഴുതയെയോ കാളയെയോ ഓർക്കുന്നത് ഇതിനേക്കാൾ ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓർക്കൽ ശിർക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും (സ്വിറാതുൽ മുസ്തഖീം പേ.97). ഇവരാണത്രെ നിസ്‌കരിപ്പിക്കുന്നവരും പ്രബോധകരും! ബിദ്അത്തിന്റെ യഥാർത്ഥ സ്വരൂപമാണ് ഈ മതം.


സ്വലാത്തുകൾ ഇല്ലാതെയാക്കാനും ജനങ്ങളെ അതിൽ നിന്നു പിന്തിരിപ്പിക്കാനും ഈ വിഭാഗം ആവത് ശ്രമിച്ചു. വളരെ പുണ്യമേറിയ താജുസ്വലാത്തിനെ മാരകവിഷവും ശിർക്കുമായി പരിചയപ്പെടുത്തുന്ന തബ്‌ലീഗ് ഫത്‌വ കാണുക:

‘ചോദ്യം: മതപണ്ഡിതരേ, സ്വലാതുത്താജിന്റെ ശ്രേഷ്ഠത, പ്രതിഫലം എന്നിവയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? അതിലെ ചില പദങ്ങൾ, ഉദാഹരണമായി (ദാഫിഇൽ ബലാഇ വൽവബാഇ വൽഖഹ്തി വൽമറളി വൽഅലം) ബുദ്ധിമുട്ട്, മാറാവ്യാധി, ക്ഷാമം, രോഗം, വേദന എന്നിവ തടയുന്നവരെന്ന് റസൂൽ(സ്വ)യെ വിശേഷിപ്പിച്ച് പറയുന്നുണ്ട്. അതു ചൊല്ലുന്നതും അതിനു ശ്രേഷ്ഠതയും പ്രതിഫലവുമുണ്ടെന്ന് വിശ്വസിക്കുന്നതും പ്രമാണങ്ങൾ കൊണ്ടു സ്ഥിരപ്പെട്ടതും അനുവദനീയവുമാണോ? അതോ ശിർക്കും ബിദ്അത്തുമാണോ?

ഉത്തരം: ഈ സ്വലാത്തിന്റെ ശ്രേഷ്ഠതകൾ തീർത്തും തെറ്റാണ്. അതിന്റെ സ്ഥാനം നബി തിരുമേനി(സ്വ)യുടെ വിവരണത്തിൽ നിന്നല്ലാതെ മനസ്സിലാക്കാൻ സാധ്യമല്ല. നൂറിലേറെ വർഷങ്ങൾ കഴിഞ്ഞാണ് ഈ സ്വലാത്ത് രചിക്കപ്പെട്ടിട്ടുള്ളത്. എന്നിരിക്കെ ഹദീസിൽ വന്ന വചനങ്ങൾ മാറ്റിവെച്ച് ഇതിനു പുണ്യമുണ്ടെന്ന് വിശ്വസിക്കുന്നതെങ്ങനെ? ഇതിൽ ധാരാളം പ്രതിഫലമുണ്ടെന്നു ധരിച്ച് പതിവാക്കൽ പിഴച്ചബിദ്അത്താണ്. ശിർക്കിന്റെ വാചകങ്ങളുള്ളതിനാൽ സാധാരണക്കാരുടെ വിശ്വാസം തന്നെ പിഴക്കാൻ സാധ്യതയുണ്ട്. അത്‌കൊണ്ട് അതു ചൊല്ലൽ നിഷിദ്ധമാണ്. കൂടാതെ സ്വലാതുത്താജ് പഠിപ്പിച്ചു കൊടുക്കൽ സാധാരണക്കാർക്കു മാരക വിഷം നൽകുന്നതുപോലെയാണ്. കാരണം അതുമൂലം നൂറു കണക്കിനാളുകൾ ശിർക്കിൽ അകപ്പെടുകയും അവരുടെ നാശത്തിന്റെ കാരണമായി അതു മാറുകയും ചെയ്യുന്നു (ഫതാവാ റശീദിയ്യ പേ 164).

പുണ്യനബി(സ്വ)യോട് പ്രിയമുള്ളവർ തിരുദർശനം ലക്ഷ്യം വെച്ചാണ് ഇത് പതിവാക്കാറുള്ളത്. പക്ഷേ, അതിനെയും വെട്ടിമാറ്റുകയാണ് തബ്‌ലീഗ് മൗലാനകൾ. ഇനിയും തബ്‌ലീഗിന്റെ കുഴപ്പം അന്വേഷിക്കേണ്ടതുണ്ടോ?