അശ്ശൈഖ് മുഹമ്മദ് സ്വാലിഹ് മൗല പാടത്തകായിൽ വെളിയംകോട്

ശൈഖ് രിഫാഈ തങ്ങളുടെ ജീവിത ചരിത്രം 
പിഡിഎഫ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

റബീഉൽ അവ്വൽ 28 വഫാത്ത് ദിനം
 
شيخنا شيخ المشايخ مظهر ذات الحق شيئ لله الغوث السلطان الشيخ محمد صالح مولى الجمالي الجشتي الصابري القادري الرفاعي السهروردي الهمداني رضي الله عنه و نفعنا به في الدارين آمين. .
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
      നമ്മുടെ ശൈഖുൽ മശായിഖും ഒരു കാലഘട്ടത്തിൻറെ സുൽത്താനുമായിരുന്നു *പാടത്തായി മൗല* എന്ന് ആശിഖീങ്ങൾ വിളിക്കാറുള്ള അശ്ശൈഖ് മുഹമ്മദ് സ്വാലിഹ് മൗലാ തങ്ങൾ. 
     ഹിജ്റഃ 1305 ലാണ് ഉപ്പാപ്പ വെളിയംകോട് പാടത്തകായിൽ എന്ന സ്ഥലത്ത് ജനിക്കുന്നത് . പിതാവ് അഹ്മദ് എന്നവരാണ്. 
    ജലാലിയ്യത്തിൻറെ സിംഹാസനത്തിലെ രാജാവായിരുന്ന സയ്യിദ് ശൈഖ് സുൽത്താൻ മുഹമ്മദ് മൗല ജലാൽ മസ്താൻ തങ്ങൾ അവിടത്തെ ആത്മീയ ഗുരുവായ സയ്യിദുസ്സാദാത് അൽ ഗൗസ് യൂസുഫ് റബ്ബാനി തങ്ങളുടെ ഖിദ്മത്തിലായിരിക്കവെ സയ്യിദ് യൂസുഫ് റബ്ബാനി തങ്ങൾ മൗല ജലാൽ മസ്താൻ തങ്ങളോട് പറഞ്ഞു. " *ജലാൽ മസ്താൻ. ... നിങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങളും മഹത്വങ്ങളും ഈ ദ്വീപുകാർക്ക് അറിയില്ല. മറ്റൊരു നാട്ടുകാരും അത് വേണ്ട രൂപത്തിൽ മനസ്സിലാക്കില്ല . അറിയേണ്ട രൂപത്തിൽ താങ്കളെ ഉൾക്കൊള്ളുന്ന ഒരു കുട്ടി വടക്കേ മലബാറിൽ ജനിക്കാനിരിക്കുന്നു . ആ കുട്ടി സ്വാലിഹായിരിക്കും . ആ കുട്ടിയുടെ നാമം താങ്കളുടെ നാമമായ മുഹമ്മദ് എന്നുമായിരിക്കും* ."
  ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മൗല ജലാൽ മസ്താൻ തങ്ങൾ സ്വാലിഹ് മൗലയുടെ ഉമ്മയുടെ സമീപത്ത് ചെന്നു. അപ്പോൾ മഹതി ഗർഭിണിയായി ഏഴാം മാസമായിരുന്നു . വന്നത് ഒരു യാചകനാണെന്ന് ധരിച്ച് ഉമ്മാമ "എൻറെ കയ്യിൽ നിങ്ങൾക്ക് തരാൻ ഒന്നുമില്ല. എൻറെ ഭർത്താവ് ഇപ്പോൾ ഇവിടെയില്ല. " എന്ന് പറഞ്ഞു. അപ്പോൾ താൻ യാചകനല്ലെന്നും ഒരു കാര്യം നിങ്ങളോട് വസ്വിയ്യത് ചെയ്യാൻ വേണ്ടി വന്നതാണെന്നും മൗല ജലാൽ മസ്താൻ തങ്ങൾ അവരോട് അറിയിച്ചു. 
     " *നിങ്ങളുടെ വയറ്റിലുള്ളത് ആൺകുഞ്ഞാണ് .കുട്ടിക്ക് മുഹമ്മദ് എന്ന പേര് വെക്കുക. അവൻ സ്വാലിഹായിരിക്കും* " ഇതും പറഞ്ഞു മൗല ഇറങ്ങിനടന്നു . കുറച്ചു കഴിഞ്ഞപ്പോൾ സ്വാലിഹ് മൗലയുടെ ഉപ്പ വീട്ടിലേക്ക് കയറി വന്നു. അപ്പോൾ ഉമ്മ ഉണ്ടായതെല്ലാം മഹാനവർകളോട് വിശദീകരിച്ചുകൊടുത്തു .
 ആ നാട്ടിൽ മറ്റാരും ജലാൽ മസ്താൻ തങ്ങളെ കണ്ടിട്ടില്ല. " ഏതായാലും ഒന്നുകിൽ ഖിള്റ് നബി. അല്ലെങ്കിൽ ഏതെങ്കിലും വലിയ മശായിഖുമാരിൽ പെട്ടവരായിരിക്കും ആ വന്നത്. അവിടത്തെ വസ്വിയ്യത് ഞാൻ സ്വീകരിച്ചു " . സ്വാലിഹ് മൗല തങ്ങളുടെ പിതാവ് തീരുമാനിച്ചു. 
     അങ്ങിനെ പ്രസവിച്ചപ്പോൾ കുട്ടിയെ എടുത്തു മഹാനവർകൾ ബാങ്കും ഇഖാമതും കൊടുത്തു. *മുഹമ്മദ് സ്വാലിഹ്* എന്ന് പേര് വിളിക്കുകയും ചെയ്തു.  
  ബാല്യകാലത്ത് നല്ല ഗുരുനാഥരുടെ കീഴിൽ പാടത്തായി മൗല ഇൽമ് നുകർന്നു. ചെറുപ്പത്തിൽ തന്നെ മശായിഖുമാരേയും ഉലമാക്കളേയും ആദരിക്കുകയും അവരെ സന്ദർശിക്കാൻ പോവുകയും ചെയ്യുക അവിടത്തെ പതിവായിരുന്നു. 
  തനിക്ക് തൻറെ ആത്മസത്തയെ തെളിയിച്ചു തരുന്ന ഒരു ശൈഖിനെ മഹാനവർകൾ തേടുകയായിരുന്നു . പെരുമ്പടപ്പ് പുത്തൻ പള്ളി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന *ശൈഖ് കുഞ്ഞഹമ്മദ് വലിയ്യുല്ലാഹി*, പള്ളുരുത്തി ദേശത്ത് ജനിച്ചു പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽ അറിവ് പഠിച്ചു പിന്നീട് *താനൂർ ഫരീദ് ഔലിയ* എന്ന് പ്രസിദ്ധരാവുകയും ഫോർട്ട് കൊച്ചിയിലെ ജുമാ മസ്ജിദിനരികെ മറവ് ചെയ്യപ്പെടുകയും ചെയ്ത *അശ്ശൈഖ് ഫരീദുദ്ദീൻ ഖൽവതി* തുടങ്ങിയ മഹാത്മാക്കളെ സ്വാലിഹ് മൗല ഇടയ്ക്കിടെ സന്ദർശിക്കാറുണ്ട് . പക്ഷേ അവരാരും തന്നെ മൗലക്ക് ഥരീഖത്തിലേക്ക് പ്രവേശനം നൽകിയില്ല. 
  " *മോനേ.. ഞാനല്ല നിൻറെ ശൈഖ്. നിനക്ക് സുൽത്താനായ ഒരു ശൈഖുണ്ട് . ആ മഹാൻ ബാത്വിനിയായി താങ്കളുടെ കൂടെയുണ്ട്. പിന്നീട് അദ്ദേഹത്തെ താങ്കൾ നേരിൽ കണ്ടെത്തും*. " പുത്തൻ പള്ളി കുഞ്ഞഹമ്മദ് വലിയ്യുല്ലാഹി മൗലയോട് പറഞ്ഞു. 
      നാഗൂരിലേക്ക് പോകണമെന്ന് സ്വാലിഹ് മൗല സന്ദർശിച്ച മഹാത്മാക്കൾ നിർദ്ദേശിച്ചത് പ്രകാരം കൊച്ചിയിൽ നിന്ന് കന്യാകുമാരി വഴി മഹാനവർകൾ തൻറെ യാത്ര ആരംഭിച്ചു. 
      ഒരുപാട് വിസ്മയകരമായ സംഭവങ്ങൾക്ക് ആ യാത്ര സാക്ഷ്യം വഹിച്ചു. ഒരു വനപ്രദേശത്തിലൂടെ സ്വാലിഹ് മൗല സഞ്ചരിക്കുന്ന വേളയിൽ കുപ്രസിദ്ധ തസ്കരവീരൻ *കായംകുളം കൊച്ചുണ്ണി* തൻറെ കിങ്കരന്മാരുടെ കൂടെ മൗലയുടെ സമീപത്ത് എത്തി. കണ്ണിൽ പെടുന്നവരെ തൻറെ കണങ്കാലു കൊണ്ട് ചവിട്ടുക അയാളുടെ ഒരു രീതിയായിരുന്നു . പതിവനുസരിച്ച് തൻറെ മുന്നിലകപ്പെട്ട പാടത്തായി മൗലയെ അയാൾ അതിശക്തമായി ചവിട്ടി . അയാളുടെ ചവിട്ടേറ്റ് മൗലയുടെ കയ്യിലുണ്ടായിരുന്ന തസ്ബീഹ് മാല പൊട്ടി . പിന്നീട് അയാളുടെ കാൽ തൊട്ടടുത്തുള്ള മതിലിൽ ചെന്ന് ശക്തിയായി ഇടിച്ചു. മൗല അതൊന്നും ശ്രദ്ധിക്കാതെ നൂല് പൊട്ടി നിലത്ത് വീണു കിടക്കുന്ന മുത്തു മണികൾ പെറുക്കിക്കൂട്ടി തൻറെ വഴിയെ യാത്രയായി. 
   ആ സമയത്ത് കൊച്ചുണ്ണിയുടെ അനുയായികൾ നിലംപരിശായിക്കിടക്കുന്ന തങ്ങളുടെ നേതാവിൻറെ ചുറ്റുംകൂടി. അയാളാണെങ്കിൽ തകർന്ന കാലുമായി നിലത്ത് വീണു അട്ടഹസിച്ച് കരയുകയാണ് . തനിക്ക് ഈ ഗതിയുണ്ടായത് ആക്രമിക്കപ്പെട്ട ആ വ്യക്തി കാരണമാണെന്ന് നന്നായി അറിയാവുന്ന കൊച്ചുണ്ണി ഏത് വിധേനയും സ്വാലിഹ് മൗല തങ്ങളെ തൻറെ സമീപത്തെത്തിക്കാൻ കല്പ്പിച്ചു. അനുയായികൾ മൗലയെ തിരഞ്ഞു കണ്ടെത്തുകയും തങ്ങളുടെ നേതാവിന് പറ്റിയ പ്രയാസം അവിടത്തെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. ഉപ്പാപ്പ അവർക്കൊപ്പം കൊച്ചുണ്ണിയുടെ അടുത്തേക്ക് ചെന്നു. അയാൾ മാപ്പ് ചോദിക്കുകയും തനിക്ക് ഭവിച്ചിരിക്കുന്ന പ്രയാസങ്ങൾ അകറ്റണമെന്ന് യാചിക്കുകയും ചെയ്തു. ഉടൻ തന്നെ പാടത്തായി മൗല അയാളുടെ കാലിൽ തടവിക്കൊടുത്തു . അതോടെ അയാളുടെ എല്ലാ ബുദ്ധിമുട്ടുകളും അകന്നു . മൂന്നു ദിവസം സത്കരിച്ചതിന് ശേഷമാണ് അവർ ഉപ്പാപ്പയെ യാത്ര തുടരാൻ അനുവദിച്ചത്. 
    പിന്നീട് ദീർഘമായ അഞ്ച് വർഷം യാത്രയിൽ തന്നെയായിരുന്നു. പോകുന്ന വഴിയിൽ കാണുന്ന മഹാത്മാക്കളുടെ മഖാമുകൾ സിയാറത് ചെയ്തു കൊണ്ടും ഏതെങ്കിലും പള്ളികളിലോ മലകളിലോ താമസിച്ചു കൊണ്ടും ആ യാത്ര അനുസ്യൂതം മുന്നോട്ട് ഗമിച്ചു . അങ്ങനെ അഭിവന്ദ്യരായ ഉപ്പാപ്പ നാഗൂരിലെത്തിച്ചേർന്നു . അവിടെ ദിക്ർ , ഖുർആൻ പാരായണം തുടങ്ങിയ അമലുകളുമായിക്കഴിഞ്ഞു . ഒരാഴ്ചയോളം അന്നപാനാദികൾ മന്ദസ്മിതം തൂകുക പോലും ചെയ്യാത്ത ആ താമസത്തിനൊടുവിൽ മുത്തുപ്പേട്ടയിൽ ചെന്ന് ശൈഖ് ദാവൂദുൽ ഹക്കീം തങ്ങളെ സിയാറത് ചെയ്യണമെന്ന്  നാഗൂർ ഷാഹുൽ ഹമീദ് മീറാൻ അബ്ദുൽ ഖാദർ കഞ്ചുബഖ്ശ് വലിയ്യുല്ലാഹി പാടത്തായി മൗലക്ക് നിർദ്ദേശം നൽകി. അതനുസരിച്ച് മൗലമുത്തപ്പേട്ടയിലേക്ക് തിരിച്ചു. അങ്ങിനെയൊരിക്കൽ മൗല അവിടെവച്ച് ഒരു സ്വപ്നം കണ്ടു. കവരത്തി ദ്വീപിൽ നിന്ന് കടൽ മാർഗം സയ്യിദ് മുഹമ്മദ് മൗല ജലാൽ മസ്താൻ അൽ ബുഖാരി തങ്ങൾ കുറെ മസ്താന്മാരായ മഹാത്മാക്കളുടെ കൂടെ മംഗലാപുരത്തേക്ക് വരുന്നു. ദാവൂദ് വലിയ്യുല്ലാഹി മൗലയോട് ആ വരവ് കാണിച്ചുകൊടുത്തു കൊണ്ട് പറഞ്ഞു " അതാണ് നിങ്ങളുടെ മാർഗ്ഗദർശിയും മുറബ്ബിയുമായ ഗുരു. ആ മഹാത്മാവിനെ പിൻപറ്റുകയും ഖിദ്മത് ചെയ്യുകയും ചെയ്യുക. " .
    അങ്ങനെ മുത്തുപ്പേട്ട തൊട്ടു കാൽനടയായി കടലുണ്ടി മസ്ജിദുൽ ജലാലിൽ മഹാനവർകൾ എത്തിച്ചേർന്നു. അക്കാലത്ത് തുറമുഖം കടലുണ്ടിയിലായിരുന്നു .
    ഏതാനും ദിവസങ്ങൾ കഴിഞ്ഞ് മൗല ജലാൽ മസ്താൻ തങ്ങൾ സഞ്ചരിച്ചിരുന്ന കപ്പൽ കരയ്ക്കണഞ്ഞു . അതിൽ നിന്ന് ഗാംഭീര്യം സ്ഫുരിക്കുന്ന മൗല ജലാൽ മസ്താൻ തങ്ങൾ ഇറങ്ങിവന്നു . പാടത്തായി മൗല അങ്ങേയറ്റം അദബോടെ ആ മഹാത്മാവിൻറെ സമക്ഷം വന്നു നിന്നു . മൗല ജലാൽ മസ്താൻ തങ്ങൾ സ്വാലിഹ് മൗലയുടെ ശിരസ്സിൽ തൻറെ പുണ്യ കരം വച്ച് അനുഗ്രഹം ചൊരിഞ്ഞു. മംഗലാപുരത്തേക്ക് ചെന്നപ്പോൾ ഖാദിരിയ്യ ഥരീഖത്തിലെ നിർബന്ധമായ അമലുകൾ ജലാൽ മസ്താൻ തങ്ങൾ പാടത്തായി മൗലക്ക് നൽകി. ഏതാനും ദിവസങ്ങൾ മംഗലാപുരത്ത് ചിലവഴിച്ചതിന് ശേഷം ജലാൽ മസ്താൻ തങ്ങളുടെ കല്പന പ്രകാരം പാടത്തായി മൗല നാഗൂരിലേക്ക് പോയി. അവിടെ മൂന്നു വർഷത്തോളം ഖാദിരിയ്യ സിൽസിലയിലെ വളീഫഃ ചെയ്തു കഴിഞ്ഞുകൂടാനും മൂന്നു വർഷം കഴിഞ്ഞാൽ മംഗലാപുരത്തേക്ക് തിരികെ വരാനും ജലാൽ മസ്താൻ തങ്ങൾ പറഞ്ഞിരുന്നു. 
     അങ്ങിനെ മൗലയുടെ മുരീദായ ഒരു മൗലവിയുടെ കൂടെ പാടത്തായി മൗല നാഗൂരിലേക്ക് പോയി.        
      മൂന്നു വർഷം കഴിഞ്ഞ് ഉപ്പാപ്പ മംഗലാപുരത്തേക്ക് തിരിച്ചുപോയി. ജലാൽ മസ്താൻ തങ്ങളുടെ സേവകനായി കഴിഞ്ഞുകൂടി . കുറെ കാലങ്ങൾക്ക് ശേഷം ജലാൽ മൗലയുടെ കൂടെ സ്വാലിഹ് മൗല കവരത്തി ദ്വീപിലേക്ക് യാത്ര പോയി. തൻറെ ശൈഖിൻറെ ഖിദ്മത്തിലും തന്നോട് നിർദ്ദേശിക്കപ്പെട്ട അമലുകളിലും ചിലവഴിച്ചു. യഥാക്രമം രിഫാഇയ്യഃ, ചിശ്തിയ്യഃ, സുഹ്റവർദിയ്യഃ എന്നീ ഥരീഖുകളുടെ അമലുകളും ജലാൽ മസ്താൻ പാടത്തായി മൗലക്ക് നൽകി. അവിടത്തെ അത്യുന്നതരായ ശിഷ്യഗണങ്ങളിൽ പലർക്കും എത്തിച്ചേരാൻ സാധിക്കാത്ത മഹത്വങ്ങൾ സ്വാലിഹ് മൗലാ തങ്ങൾക്ക് കരഗതമായി . ജലാൽ മസ്താൻ തങ്ങളുടെ സവിധത്തിൽ വെച്ച് തന്നെ അവിടത്തെ ആജ്ഞയനുസരിച്ച് സ്വാലിഹ് മൗല അമൽ നൽകാറുണ്ടായിരുന്നു. 
     അങ്ങിനെയൊരിക്കൽ പാടത്തായി മൗല ഉൾപ്പെടെ ധാരാളം ശിഷ്യന്മാർ മംഗലാപുരത്ത് മൗലയുടെ വസതിയിൽ സുബഹി നിസ്കാരം കഴിഞ്ഞു അമൽ ചെയ്തുകൊണ്ടിരിക്കുമ്പോൾ തൻറെ മരണം ആസന്നമായിട്ടുണ്ടെന്ന വാർത്ത ജലാൽ മസ്താൻ തങ്ങൾ അവരെയെല്ലാം അറിയിച്ചു. ഈ വിവരമറിഞ്ഞു അവിടത്തെ മുരീദുമാരും മുഹിബ്ബീങ്ങളും ഓടിക്കൂടി . സ്വാലിഹ് മൗല അവിടത്തെ കാല്പാദത്തിനരികെ ഇരുന്നു കാൽ തടവിക്കൊണ്ടിരുന്നു . " ഞാൻ മരണപ്പെട്ടാൽ എൻറെ ഖാദിം മുഹമ്മദ് സ്വാലിഹ് അല്ലാതെ ആരും എന്നെ സ്പർശിക്കരുത് " എന്ന് മംഗലാപുരം മൗല വസ്വിയ്യത് ചെയ്തിരുന്നു. തതടിസ്ഥാനത്തിൽ എല്ലാ കർമ്മങ്ങൾക്കും നേതൃത്വം നൽകിയ സ്വാലിഹ് മൗല നാല്പത് കഴിഞ്ഞ ശേഷം തിരിച്ചു വെളിയംകോട്ടെ പാടത്തകായിലിലേക്ക് വന്നു. ദേശാടനവും മറ്റുമായി കുറച്ചു കാലം കഴിഞ്ഞു. നാല്പത് വയസ്സ് പൂർത്തിയായാൽ അജ്മീരിൽ പോകണമെന്ന് ജലാൽ മസ്താൻ തങ്ങൾ പാടത്തായി മൗലയോട് കല്പിച്ചിരുന്നു . ഞാൻ മരിച്ചാലും നാല്പത് വയസ്സ് പൂർത്തിയാകുമ്പോൾ നിങ്ങളെ അറിയിക്കുമെന്ന് ജലാൽ മസ്താൻ പറഞ്ഞിരുന്നു. അതനുസരിച്ച് ജലാൽ മസ്താൻ തങ്ങൾ വഫാതാകുമ്പോൾ പാടത്തായി മൗലക്ക് 37 വയസ്സുണ്ടായിരുന്നു .
     പോകേണ്ട സമയം ഏകദേശം അടുത്തെത്തിയപ്പോൾ സ്വാലിഹ് മൗലാക്ക് വല്ലാതെ ചൂടും പരിഭ്രാന്തിയുമൊക്കെ അനുഭവപ്പെട്ടു. അപ്പോൾ ജലാൽ മസ്താൻ തങ്ങൾ ആഗതരായി അജ്മീർ സന്ദർശനത്തിനു സമയമായെന്നറിയിച്ചു . അങ്ങിനെ നമ്മുടെ പാടത്തായി മൗല ഉപ്പാപ്പ അജ്മീരിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ *ശൈഖുൽ മശായിഖ് പീർ റോഷൻ ഹസ്രത്ത് സമീർ മുഹമ്മദ് ജഹാംഗീർ ശാഹ് ചിശ്തി സ്വാബിരി കമ്പൽപോശ് ഖലന്ദർ* തങ്ങളുടെ മകനും ഖലീഫയുമായ ഹസ്രത്ത് മുഹമ്മദ് ഇഖ്ബാൽ ശാഹ് ചിശ്തി സ്വാബിരി തങ്ങളുടെ സമക്ഷം അജ്മീർ ഖാജാ തങ്ങൾ വെളിപ്പെടുകയും മലബാറിലെ സുൽത്താന്റെ വലംകയ്യായ ഒരു ആഷിഖ് അദ്ദേഹത്തിന്റെ ശൈഖിൻറെ കല്പനപ്രകാരം എന്നെ സന്ദർശിക്കാൻ വരുന്നുണ്ടെന്നും അദ്ദേഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാമെന്നും താങ്കളുടെ ഖൽവതിൻറെ റൂമിൽ ഇരുത്തണമെന്നും
അറിയിക്കുകയും ചെയ്തു . 
 ( ശൈഖുനാ ശൈഖുൽ മശായിഖ് ഹസ്രത്ത് മുഹമ്മദ് ജഹാംഗീർ ശാഹ് ചിശ്തി സ്വാബിരി കമ്പൽപോശ് ഖലന്ദർ തങ്ങളുടെ മൂത്തമകനായി അജ്മീരിലാണ് ബഹുമാനപ്പെട്ട ഹസ്രത്ത് മുഹമ്മദ് ഇഖ്ബാൽ ശാഹ് ചിശ്തി തങ്ങളുടെ ജനനം. ഖുർആൻ, ഹദീസ് , തഫ്സീർ , ഫിഖ്ഹ് തുടങ്ങിയ വിജ്ഞാനങ്ങൾ ഹസ്രത്ത് കബീർ ആലം ശാഹ് എന്നവരിൽ നിന്ന് കരസ്ഥമാക്കി. അദ്ദേഹം ജഹാംഗീർ ശാഹ് തങ്ങളുടെ പ്രധാന മുരീദുമാരിൽ പെട്ടവരാണ്. മക്കളുടെ കൂട്ടത്തിൽ ഇഖ്ബാൽ ശാഹ് തങ്ങളോട് ജഹാംഗീർ ശാഹ് ഉപ്പാപ്പക്ക് പ്രത്യേക വാത്സല്യമുണ്ടായിരുന്നു .
ഇരുപത്തിയഞ്ചാം വയസ്സിൽ ഇഖ്ബാൽ ശാഹ് തങ്ങൾക്ക് പിതാവ് ശൈഖുനാ ജഹാംഗീർ ശാഹ് ഉപ്പാപ്പ ഖിലാഫത്ത് നൽകി. ക്രിസ്താബ്ദം 1924 ൽ പിതാവ് ജഹാംഗീർ ശാഹ് തങ്ങൾ വഫാത്തായതിന് ശേഷം മഹാനവർകൾ തന്നിലേൽപ്പിക്കപ്പെട്ട ഖിലാഫത്ത് പ്രകാരം മുരീദുമാരെ തർബിയത്ത് ചെയ്തുകൊണ്ടിരുന്നു . 1940 കളിൽ അജ്മീർ ഖാജാ തങ്ങളുടെ ആത്മീ നിർദേശപ്രകാരം മഹാത്മാവ് ഇപ്പോൾ പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഹൈദറാബാദിലേക്ക് പോയി അവിടെ താമസമാക്കി. 1954 ജൂൺ 25 ( റംസാൻ 17) ഇഖ്ബാൽ ശാഹ് ചിശ്തി സ്വാബിരി തങ്ങൾ വഫാത്തായി. 
       ഇഖ്ബാൽ ശാഹ് തങ്ങളുടെ ജീവിതകാലത്ത് തന്നെ 
ഖലീഫയായ ഹസ്രത്ത് ഇബ്രാഹീം മദാരി ചിശ്തി മുഖേന സൗത്താഫ്രിക്കയിൽ ചിശ്തി സ്വാബിരി സിൽസിലയുടെ വ്യാപനം ആരംഭിച്ചു .1944 ലാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ ചെന്നെത്തിയത് . അദ്ദേഹത്തിന്റെ കൂടെ ജഹാംഗീർ ശാഹ് ഉപ്പാപ്പയുടെ പ്രമുഖ മുരീദ് ഹസ്രത്ത് അമീർ മിയാ സ്വാബിരി എന്നവരും ഉണ്ടായിരുന്നു .
 ഹസ്രത്ത് ഇബ്രാഹിം മദാരി തങ്ങളുടെ നേതൃത്വത്തിൽ ബസ്മി ശാഹ് ഇഖ്ബാൽ ചിശ്തി സ്വാബിരി ജഹാംഗീരി എന്ന പേരിൽ അവിടെ ഒരു കൂട്ടായ്മ രൂപീകരിക്കപ്പെട്ടു . അതിന്റെ നേതൃത്വത്തിൽ ആദ്യം നടത്തിയ പ്രോഗ്രാം മഖ്ദൂം അലാഉദ്ദീൻ അലി അഹ്മദ് സ്വാബിർ തങ്ങളുടെ ഉറൂസ് മുബാറകായിരുന്നു . ഡർബനിലായിരുന്നു പ്രസ്തുത ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. 
       പിന്നീട് സയ്യിദ് മുഹമ്മദ് ഇഖ്ബാൽ ശാഹ് തങ്ങളുടെ മകനും ഖലീഫയുമായ ഹസ്രത്ത് മുഹമ്മദ് ഖാലിദ് ശാഹ് ബാബ 1966 ൽ ദക്ഷിണാഫ്രിക്കയിൽ പോവുകയും അവിടെ സ്ഥിരതാമസമാക്കുകയും തൻറെ പിതാക്കളിൽ നിന്ന് ലഭിച്ച മഹത്തായ സ്വാബിരി സിൽസിലയുടെ തേജസ് അവിടെയാകമാനം വ്യാപിപ്പിക്കുന്നതിന് വേണ്ടി അത്യധ്വാനം ചെയ്യുകയും ചെയ്തു. 
 1984 മെയ് 16 ( 1404 ശഅബാൻ 15 ) 

ദക്ഷിണാഫ്രിക്കയിലെ ബെനോനി എന്ന സ്ഥലത്ത് വെച്ച് മഹാനവർകൾ വഫാത്തായി. അവിടെയാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം .)
 ഖാജ പറഞ്ഞതനുസരിച്ച് ഇഖ്ബാൽ ശാഹ് തങ്ങൾ ശൈഖുനാ മുഹമ്മദ് സ്വാലിഹ് മൗലാ തങ്ങളുടെ ആഗമനവും പ്രതീക്ഷിച്ചിരുന്നു . തൻറെ മക്കളോട് ആത്മീയാനന്ദത്തിൽ അഭിരമിച്ചിരിക്കുന്ന ഒരു മഹാത്മാവ് ഇന്ന ദിവസം ട്രെയിൻ മാർഗ്ഗം വന്നെത്തുമെന്നും ഇപ്പോൾ അദ്ദേഹം ഇന്ന സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ആ പുണ്യപുരുഷനെ അത്യാദരപൂർവ്വം സ്വീകരിച്ച് വീട്ടിൽ കൊണ്ടു വരണമെന്നും ഹസ്രത്ത് ഇഖ്ബാൽ ശാഹ് തങ്ങൾ നിർദ്ദേശം നൽകിയിരുന്നു.
       അങ്ങിനെയൊരു ദിനം നമ്മുടെ ഉപ്പാപ്പ അജ്മീർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി .
 അവർ മൗലയെ സ്റ്റേഷനിൽ നിന്നും അവരുടെ വസതിയിലേക്ക് കൊണ്ടുപോയി. എല്ലാ ഖിദ്മത്തുകളും ചെയ്തുകൊടുത്തു . ഭക്ഷണം കഴിക്കാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും മൗല ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല. അങ്ങനെ ഹസ്രത്ത് ഇഖ്ബാൽ ശാഹ് മൗലയേയും കൂട്ടി അജ്മീർ ദർഗയിലേക്ക് ചെന്നു. മൂന്നു വർഷത്തോളം ഖാജാ തങ്ങളുടെ ദർബാറിൽ താമസിച്ചു. പകൽസമയം നോമ്പായിരിക്കും . വെറും അരഗ്ലാസ് വെള്ളവും ഒരു കാരക്കയുമാണ് നോമ്പുതുറ വിഭവങ്ങൾ. അങ്ങിനെ അജ്മീർ ഖാജാ അഹദിയ്യത്തിൻറെ അധികാര കിരീടം പാടത്തായി മൗലയുടെ ശിരസ്സിൽ അണിയിച്ചു. ഖാദിരി, രിഫാഈ, ചിശ്തി, സുഹ്റവർദി തുടങ്ങിയ സുപ്രധാനമായ നാല് സിൽസിലകളുടെ ഖിലാഫത്ത് മഹാനവർകളിൽ ഏല്പിക്കപ്പെട്ടു .
        പിന്നീട് പാടത്തായി മൗലപ്പാപ്പ ബോംബെ നഗരത്തിലേക്ക് എത്തിച്ചേർന്നു. നാല് മാസത്തോളം മുംബൈയിൽ താമസിച്ചു. ആ സന്ദർഭത്തിൽ പലരും പലവിധ രോഗങ്ങളും പ്രയാസങ്ങളുമായി അവിടത്തെ മുമ്പിൽ വരികയും വന്നവരെല്ലാം ആശ്വാസത്തോടെ തിരിച്ചു പോവുകയും ചെയ്യുക പതിവായിരുന്നു. മുംബൈയിലെ താമസക്കാലത്താണ് ഉപ്പാപ്പ പാടത്തകായിൽ ഔലിയ എന്ന പേരിൽ സുപ്രസിദ്ധനായിത്തീർന്നത് . പിന്നീട് ചില കാരണങ്ങളാൽ മഹാനവർകൾ മുംബൈയിൽ നിന്ന് തിരിക്കുകയും ട്രെയിൻ മാർഗ്ഗം കുറ്റിപ്പുറം സ്റ്റേഷനിൽ വന്നിറങ്ങുകയും ചെയ്തു . അവിടെ നിന്ന് നേരെ വെളിയംകോട് പാടത്തകായിലിലേക്ക് മൗല പോയി . പലരും ചില പണ്ഡിതൻമാർ പോലും ഉപ്പാപ്പയുടെ മഹത്വം ഗ്രഹിക്കാൻ തയ്യാറാവാതെ പരിഹസിക്കാൻ മുതിർന്നു. അതിൽ പലർക്കും പലവിധ ആപത്തുകളും വന്നു ചേർന്നു .
   ശരീഅത്തെന്ന വസ്ത്രം ധരിച്ച് ഥരീഖത്തെന്ന സാഗരത്തിൽ നിലയുറപ്പിച്ച ശൈഖുനാ ശൈഖുൽ മശായിഖ് സുൽത്താൻ അശ്ശൈഖ് മുഹമ്മദ് സ്വാലിഹ് മൗലാ തങ്ങൾ മുഹമ്മദിയ്യാ ഹഖീഖത്തു കൊണ്ട് അവിടത്തെ കപ്പൽ നിറച്ചു . ആയിരക്കണക്കിന് ആത്മജ്ഞാനികളും ആശിഖീങ്ങളും ആ പുണ്യതീർത്ഥത്തിൽ നിന്ന് മതിയാകുവോളം കുടിച്ചു. 
 അവർക്ക് പിന്നെ ദാഹമുണ്ടായിട്ടില്ല .
    ജമാലിയ്യത്ത് ആഭരണമാക്കിയ പാടത്തായി മൗല പ്രശസ്തിയുടെ മേൽമുണ്ടണിഞ്ഞില്ല . 
 എങ്കിലും വിവാഹം നടന്നു വർഷങ്ങൾ കഴിഞ്ഞിട്ടും സന്താന സൗഭാഗ്യമില്ലാതിരുന്ന പാലക്കാട് മുഹിയുദ്ദീൻ പള്ളിയിലെ ഖാസിക്ക് മൗലയുടെ ഒരൊറ്റ വാക്ക് കൊണ്ട് മാത്രം മക്കളുണ്ടായതും കടലാക്രമണം നാശം വിതച്ച പാലപ്പെട്ടി ഭാഗത്ത് മൗല കൈകൊണ്ട് ഇശാറത് നൽകി കടലിനെ പിന്നോട്ട് നീക്കിയതും തന്റെ മുരീദുമാരിൽപെട്ട ഒരു വ്യക്തി കടലിൽ തോണി മറിഞ്ഞു ജീവന് വേണ്ടി കരഞ്ഞുവിളിച്ചപ്പോൾ ദ്രുതഗതിയിൽ അയാളുടെ രക്ഷക്കെത്തിയതുമെല്ലാം ആ ജീവിതത്തിൽ ഓർക്കാവുന്ന ചില വിസ്മയങ്ങൾ മാത്രം.  
    ഹിജ്റഃ 1393 റബീഉൽ അവ്വൽ 28 ന് ബുധനാഴ്ച രാവിലെ തൻറെ 85മത്തെ വയസ്സിൽ നമ്മുടെ ഉപ്പാപ്പ അശ്ശൈഖ് മുഹമ്മദ് സ്വാലിഹ് മൗല ഇഹലോകവാസം വെടിഞ്ഞു. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് കുളിപ്പിക്കലും നിസ്കാരവുമെല്ലാം കഴിഞ്ഞു ആ പുണ്യ ശരീരം മണ്ണിലേക്ക് വെച്ചു. 
 കുളിപ്പിച്ചു കിടത്തിയ നേരത്തും അവിടത്തെ നെറ്റിത്തടത്തിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞിരുന്നു . 
       മരണത്തിനു മുമ്പ് തന്നെ നിത്യമായ ഹയാത്ത് നേടിയെടുത്തിരുന്നല്ലോ നമ്മുടെ മഅശൂഖായ ഉപ്പാപ്പ. 
      ശൈഖുനാ ശൈഖുൽ മശായിഖ് അൽ ഗൗസ് സുൽത്താൻ അശ്ശൈഖ് അബ്ദുല്ല മൗല കണ്യാല, കരുനാഗപ്പള്ളി അബ്ദുറഹ്മാൻ മുസ്ലിയാർ (അദ്ദേഹം മറപെട്ട് കിടക്കുന്നത് കരുനാഗപ്പള്ളിയിലെ പ്രസിദ്ധമായ ശൈഖ് ഇമാദുദ്ദീൻ ഹസൻ ബിൻ അലി എന്ന പുറത്തീൽ ശൈഖ് അബ്ദുൽ ഖാദർ സാനി ഹമദാനി തങ്ങളുടെ ഖലീഫയായ മഹാത്മാവിൻറെ മഖാമിൻറെ കിഴക്കു വശത്താണ്. അഥവാ റോഡിൽ നിന്ന് ഗൈറ്റ് കടന്നു നടന്നു തുടങ്ങുമ്പോൾ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാവായ ഇസ്സുദ്ദീൻ മൗലവിയുടെ ഖബർ കാണാം. അതിന്റെ തൊട്ടു പടിഞ്ഞാറുളളതാണ് ജലാലിയ്യത്ത് മികച്ചു നിന്ന 
കരുനാഗപ്പള്ളി അശ്ശൈഖ് അബ്ദുറഹ്മാൻ മുസ്ലിയാരുടെ ഖബർ . അവിടെയെല്ലാം ഇൻറർ ലോക്ക് ചെയ്തത് കാരണം മഹാനവർകളുടെ ഖബർ ഇപ്പോൾ കാണാൻ സാധിക്കില്ല. നാട്ടുകാർക്ക് മഹാനവർകളുടെ ഔന്നിത്യം മനസ്സിലായിട്ടുണ്ടാവില്ലെന്ന് തോന്നുന്നു.) , ആലുവായി ശൈഖ് അബൂബക്കർ മുസ്ലിയാർ , തിരൂരുള്ള ഒരു ഫഖീർ, അശ്ശൈഖ് കുഞ്ഞി മുഹമ്മദ് മൗല പാലക്കാട് 
തുടങ്ങിയ ഏതാനും ഖലീഫഃമാർ പാടത്തായി മൗലക്കുണ്ട്. സയ്യിദുസ്സാദാത്ത് പാണക്കാട് പൂക്കോയ തങ്ങൾ, ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്ലിയാർ തുടങ്ങിയ ധാരാളം സയ്യിദുമാരും ആലിമീങ്ങളും സാധാരണക്കാരും ആ സവിധത്തിലേക്ക് വന്നു ആനന്ദവും ആശ്വാസവും കണ്ടെത്തി. 
<><><><><><><><><><><><><><>
 അല്ലാഹു പാപികളായ നമുക്ക് രണ്ടു ലോകത്തും അവിടത്തെ കൃപ ചൊരിഞ്ഞു തന്നു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ