എന്തുകൊണ്ട് മുഹ്‌യിദ്ദീൻ ശൈഖിനെ മാത്രം?
റബീഉൽ അവ്വലിൽ അവർ ചോദിച്ചു. "എന്തേ നിങ്ങൾ മുഹമ്മദ് നബിയുടെ ജനനത്തിൽ മാത്രം സന്തോഷിക്കുന്നു?, മറ്റു നബിമാരുടെ ജനനത്തിൽ സന്തോഷമില്ലേ" എന്ന്. അതിനോടുള്ള നമ്മുടെ മറുചോദ്യത്തിൽ അവർ വെട്ടിലായി.
ഇനി റബീഉൽ ആഖിറിൽ പുതിയ ക്യാപ്സൂളുമായി വരുമവർ. 'എന്തേ മുഹ്‌യിദ്ദീൻ ശൈഖിന്റെ മാത്രം ആണ്ടനുസ്മരിക്കുന്നു, സിദ്ദീഖും ഉമറും ഉസ്മാനും അലിയ്യുമൊന്നുമില്ലേ?' എന്ന്. കിടിലൻ ചോദ്യമെന്ന് കരുതി മരമണ്ടന്മാർ ആർമാദിക്കും.
ഓരോ സന്ദർഭത്തിലും അതിനാസ്പദമായ സംഭവം, വ്യക്തി എന്നിവ പ്രത്യേകം സ്മരിക്കപ്പെടുന്നത് മറ്റുള്ളതിനെ; മറ്റുള്ളവരെ അവഗണിക്കലാണോ? ഒരിക്കലുമല്ല. വെള്ളിയാഴ്ച അൽകഹ്‌ഫ് മാത്രം ഓതുന്നത് അൽബഖറയെ അവഗണിക്കാനാണെന്ന് കരുതുന്നവൻ അന്തമുള്ളവനല്ല.
ഖബ്റിസ്ഥാനിൽ അവനവന്റെ കുടുംബക്കാരനെ മാത്രം സിയാറത്തു ചെയ്താൽ അവിടെയുള്ള മറ്റു മഹൽവ്യക്തികളെ അവഗണിച്ചുവെന്നാണോ അനുമാനിക്കേണ്ടത്? ഒരിക്കലുമല്ല.
സവിശേഷ സന്ദർഭത്തിൽ പ്രത്യേക വ്യക്തിയെ ഓർമ്മിക്കുന്നതിനും അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നതിനും ഉപോൽപാലകമായി സ്വഹാബത്തിന്റെ ഒരു മാതൃക ഉദ്ധരിക്കാം:-
*[ عن عبد الرحمن بن كعب بن مالك:] كُنتُ قائدَ أبي حين ذَهَبَ بَصَرُه، إذا خَرَجتُ به إلى الجُمُعةِ فسَمِعَ الأذانَ صَلّى على أبي أُمامةَ أسعَدَ بنِ زُرارةَ، واستَغفَرَ له، فمَكَثتُ كثيرًا لا يَسمَعُ أذانَ الجُمُعةِ إلّا فَعَل ذلكَ، فقُلتُ: يا أبَهْ، أرَأيتَ استِغفارَكَ لأبي أُمامةَ كُلَّما سَمِعتَ الأذانَ للجُمُعةِ ما هو؟ قالَ: أيْ بُنَيَّ، كان أوَّلَ مَن جَمَّع بِنا بالمَدينةِ، في هَزْمٍ من حَرَّةِ بَني بَياضةَ يُقالُ لها: نَقيعُ الخَضَمات. قالَ: قُلتُ: كم كُنتُم يَومَئذٍ؟ قالَ: أربَعين رَجُلًا* .
*الحاكم (ت ٤٠٥)، المستدرك على الصحيحين ١٠٥٣ • صحيح على شرط مسلم*
ഖുർആനിൽ സൂചിപ്പിച്ച പ്രസിദ്ധ സ്വഹാബി കഅ്‌ബു ബ്നു മാലിക്(റ) വിന്റെ പുത്രൻ അബ്ദുർറഹ്‌മാൻ പറയുന്നു: എന്റെ പിതാവിന്റെ കാഴ്ച മങ്ങിയപ്പോൾ ഞാനായിരുന്നു പിതാവിന്റെ കൈ പിടിച്ചു കൊണ്ടുനടന്നിരുന്നത്. ഞാൻ പിതാവുമായി ജുമുഅയ്ക്ക് പുറപ്പെടുമായിരുന്നു. ജുമുഅയുടെ ബാങ്കുവിളി കേട്ടാൽ, വഫാത്തായ അബൂഉമാമ അസ്അദു ബ്നു സുറാറ(റ)യ്ക്കു വേണ്ടി പിതാവ് പ്രത്യേകം ദുആ ചെയ്യുകയും ഇസ്തിഗ്ഫാർ നടത്തുകയും ചെയ്യുമായിരുന്നു.
ഒരിക്കൽ ഞാൻ ചോദിച്ചു: പിതാവേ, എന്തുകൊണ്ടാണ് ജുമുഅയുടെ ബാങ്ക് കേൾക്കുമ്പോഴൊക്കെ താങ്കൾ അസ്അദ് (റ)വിനു വേണ്ടി പ്രത്യേകം ഇസ്തിഗ്ഫാറും ദുആയും നടത്തുന്നത്?
പിതാവ് പറഞ്ഞു: അസ്അദ് (റ) ആരാണെന്നറിയുമോ? "അസ്അദ്(റ)വാണ് ആദ്യമായി മദീനയിലെ 'നഖീഉൽ ഖള്വമാത്തി'ൽ വെച്ച് ഞങ്ങളെ കൊണ്ട് ജുമുഅ നിർവ്വഹിച്ചത്. "
ഞാൻ ചോദിച്ചു: എത്ര പേരാണ് അന്നുണ്ടായിരുന്നത്? കഅ്ബ്(റ)വിന്റെ മറുപടി: "നാല്പത് പുരുഷൻമാരാണ് ആ ജുമുഅയിലുണ്ടായിരുന്നത്." (ഹാകിം)
നോക്കൂ. ഇസ്‌ലാമിക ഭൂമികയിൽ ആ ജുമുഅയും അതിനു നേതൃത്വം വഹിച്ച അസ്അദ്(റ)വും പ്രസ്തുത നാല്പതംഗ സംഘവും നിസ്തുലമാണ്. മദീനയെ
യഥാർത്ഥത്തിൽ നബി(സ്വ)യുടെ ഹിജ്റയ്ക്ക് പാകമാക്കാൻ, ഇസ്‌ലാമിന്റെ വിജയത്തിന് നിലമൊരുക്കാൻ അസ്അദ്(റ)വിന്റെ നാൽപതംഗ ജുമുഅയുടെ പങ്ക് അവിസ്മരണീയമാണ്.
അതുകൊണ്ടാണ് ഓരോ ജുമുഅ ബാങ്ക് കേട്ടപ്പോഴും അസ്അദ് (റ)വിനു വേണ്ടി കഅ്ബ്(റ) പ്രത്യേകം ദുആ ചെയ്തത്, ഓർത്തെടുത്തത്. എന്തേ സിദ്ദീഖിനെ ഓർത്തില്ല, ഉമറിനെ ഓർത്തില്ല, ഉസ്മാനിനെ ഓർത്തില്ല, അലിയെ ഓർത്തില്ല, അവർക്കു വേണ്ടി ദുആ ചെയ്തില്ല (رضي الله عنهم) എന്ന് ചോദിക്കാൻ അന്ന് പക്ഷേ വഹാബികളുണ്ടായിരുന്നില്ല.
നാല്പത് സാദാ മുഅ്മിനുകൾ ഒരുമിച്ചാൽ തന്നെ അതിൽ ഒരു വലിയ്യുണ്ടാകുമെന്നാണല്ലോ. എങ്കിൽ നാൽപതു മഹാമനീഷികളുടെ-ജ്ഞാന നിര്‍ഝരികളുടെ സംഗമം എത്രമാത്രം മഹത്വമുള്ളതായിരിക്കും എന്ന കാര്യം ഓർക്കുന്നത് എല്ലാവർക്കും നന്ന്.
മേൽ ഹദീസ് അൽ ഹാഫിസ് ഇമാം ഹാകിം, മുസ്തദ്റക്കിൽ റിപ്പോർട്ട് ചെയ്തതാണ് ; സനദ് പ്രബലമാണ്.
അതിനാൽ 'സനദി'നെ അപഹാസ്യമാക്കി ഹദീസ് 'മാഫി'യാക്കാൻ നിൽക്കേണ്ട.
എംടി അബൂബക്ർ ദാരിമി
19/10/2022
Post a Comment