കഅബാലയത്തിനും_വ്യാജൻ


സി.ഇ 930 ലെ ഹജ്ജ് കാലം. പരസഹസ്രം വിശ്വാസികൾ മക്കയിൽ കഅബാലയത്തിൻ്റെ ചാരത്ത് സംഘമിച്ചിരിക്കുന്നു. ഹജ്ജിൻ്റെ ഭാഗമായുള്ള ത്വവാഫും സഅയുമെല്ലാം നടന്നുകൊണ്ടിരിക്കുന്നു. ജനത്തിരക്കിൽ വീർപ്പുമുട്ടുകയാണ് മസ്ജിദുൽ ഹറം.

പെട്ടന്നതാ ഒരു ഭീകരാക്രമണം. ഇസ്മാഈലീ ശിയാ വിഭാഗത്തിൽ നിന്നും വിഘടിച്ച കറാമിത്വുകൾ എന്ന ഭീകര സംഘം ആസൂത്രിതമായി ഹറം അക്രമിച്ചിരിക്കുന്നു. വെറും അക്രമമല്ല. ഇസ്‌ലാമിൻ്റെ മുഴുവൻ മൂല്യങ്ങളെയും ചവിട്ടുമെതിച്ചു ആനന്ദ നിർത്തമാടിയ ഭീകരാക്രമണം.  പള്ളിയിലും മത്വാഫിലും ഉണ്ടായിരുന്ന മുപ്പതിനായിരത്തോളം ഹാജിമാരെ കൂട്ടക്കൊല ചെയ്തു. ആരാധനയിൽ മുഴുകിയിരുന്ന ആയിരകണക്കിനു സ്ത്രീകളെ വിശുദ്ധ ഹറമിൻ്റെ അകത്തുവച്ചു മാനഭംഗപ്പെടുത്തി. ഹാജിമാരുടെ കബന്ധങ്ങൾ കൊണ്ട് സംസം കിണർ നിറച്ചു. അതിലെ വിശുദ്ധ ജലം മൃതശരീരങ്ങളാൽ മലീമസമാക്കി. 

കലി തീരാത്ത കാട്ടാള വർഗം കഅബാലയത്തിൻ്റെ മുകളിൽ മഴുവും പിക്കാസുമായി ഓടിക്കയറി ആനന്ദനൃത്തമാടി. കഅബയുടെ പാത്തി വെട്ടിമാറ്റി. വാതിൽ അടർത്തിയെടുത്തു. കഅബയെ പൊതിഞ്ഞു നിൽക്കുന്ന ഖില്ല കീറിയെറിഞ്ഞു, വിശുദ്ധഗേഹത്തെ വിവസ്ത്രയാക്കി. കഅബയുടെ കിഴക്കേ മൂലയിൽ വെള്ളിക്കവചനത്തിനകത്ത് വളരെ പവിത്രമായി പരിപാലിക്കപ്പെട്ടിരുന്ന ഹജറുൽ അസ്‌വദ് എന്ന സ്വർഗശില അവിടെ നിന്നു അടർത്തിമാറ്റി കടത്തിക്കൊണ്ടുപോയി. കഅബയിൽ കയറി ഈ പൈശാചികതകളെല്ലാം ചെയ്തു കൊണ്ടിരിക്കുമ്പോൾ, അവർ ഇസ്‌ലാമിനെയും അല്ലാഹുവിനെയും പരിഹസിക്കുന്നുണ്ടായിരുന്നു. "കഅബയെ തൊട്ടാൽ അബാബീൽ പക്ഷികൾ വരുമെന്നു പറയുന്നവരേ, എവിടെ നിങ്ങളുടെ അബാബീൽ പക്ഷികൾ? എവിടെ തല മുകളിൽ വർഷിക്കുന്ന ചുട്ടുപഴുത്ത കല്ലുകൾ?...." എന്നു പറഞ്ഞു അവർ അലറുന്നുണ്ടായിരുന്നു. 

ഇസ്ലാമിൻ്റെ പേരിൽ ഉടലെടുത്ത ഒരു വിഭാഗമാണ് ഈ പൈശാചിക താണ്ഡവങ്ങൾക്കു പിന്നിലെല്ലാം ഉണ്ടായിരുന്നത് എന്നതാണ് ഏറെ അത്ഭുതം. അതിനു ചുക്കാൻ പിടിച്ചതാകട്ടെ, അബൂത്വാഹിറിൽ ജനാബി(906-944) എന്ന തീവ്ര ശിയാ നേതാവും. ദുർബലമായ അബ്ബാസി ഭരണകൂടത്തിന് ഈ അക്രമം നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. എതിർത്ത മക്ക ഗവർണറെ ശിയാ ഭീകരർ ആദ്യമേ കൊന്നുകളഞ്ഞതോടെ അബ്ബാസികൾ ഏതാണ്ട് പൂർണമായും മാളത്തിലൊളിച്ചു.

ഹജറുൽ അസ് വദ് മക്കയിൽ നിന്ന് ഖത്വീഫിലേക്ക് കടത്തിക്കൊണ്ടുപോയ ഖറാമിത്വുകൾ അവിടെ ഒരു തടാക തീരത്ത് പുതിയ കഅബ പണിതു. അവിടെ സ്വഫാ- മർവക്ക് പകരം പുണ്യപർവതങ്ങൾ നിശ്ചയിച്ചു. വിശുദ്ധ സ്ഥലങ്ങൾ പ്രഖ്യാപിച്ചു. ജനങ്ങളെ അവിടെ ചെന്നു ഹജ്ജ് നിർവഹിക്കാൻ നിർബന്ധിച്ചു. വിസമ്മതിച്ചവരെ കൊന്നുകളഞ്ഞു. മക്കയിലേക്കുള്ള വഴി തടഞ്ഞു. അങ്ങനെ ഏഴു വർഷം കൊണ്ട് എഴുപതിനായിരം വിശ്വാസികളെങ്കിലും ഈ ഭീകരരാൽ വധിക്കപ്പെട്ടിട്ടുണ്ടത്രെ! ഭീകരത താണ്ഡവമാടിയ ഇക്കാലത്ത് മക്കയിലേക്ക് ഹജ്ജിനു പോകൽ നിർബന്ധമില്ലെന്ന് സുന്നി പണ്ഡിതന്മാർ ഫത് വ ഇറക്കി. അത്രയും സങ്കീർണമായിരുന്നു ആ സന്ദർഭം.

മക്കയിൽ ഹജ്ജിന് എത്തിയവർ തന്നെ ഏറെ സാഹസപ്പെട്ടായിരുന്നു എത്തിയിരുന്നത്. 22 വർഷക്കാലം ഹജറുൽ അസ് വദ് ആ ഭീകരർ കൈവശം വച്ചു. അബ്ബാസികൾ സ്വർണക്കിഴികൾ ഓഫർ ചെയ്തിട്ടും അവരത് തിരിച്ചു നൽകിയില്ല. ഏറെ സമ്മർദ്ദങ്ങൾക്കു ശേഷം, സി.ഇ 952 ൽ കറാമിത്വുകൾ ഹജ്ജറുൽ അസ് വദ് ഒരു ചാക്കിൽ കെട്ടി കൂഫാ പള്ളിയിൽ വലിച്ചെറിഞ്ഞു. ഏഴു കഷ്ണമായി പൊട്ടിയ ആ വിശുദ്ധ ശില അബ്ദുല്ലാഹിബിൻ അക്കീമിൻ്റെ നേതൃത്വത്തിലുള്ള അക്കാലത്തെ ഉലമാക്കൾ പരിശോധിച്ചു. തീയിൽ ചൂടാകാത്തതും വെള്ളത്തിൽ താഴ്ന്നുപോകാത്തതുമെന്ന് ഇസ്‌ലാമിക പ്രമാണങ്ങളിൽ വന്ന അടയാളങ്ങൾ പരീക്ഷിച്ചു ഉറപ്പിച്ചു. അങ്ങനെ നീണ്ട 22 വർഷങ്ങൾക്കു ശേഷം ഹജറുൽ അസ്‌വദ് പൊട്ടിയതെല്ലാം ഒട്ടിച്ചു കഅബയിൽ  ഒരു വെള്ളിക്കവചത്തിൽ സ്ഥാപിച്ചു.

ഖത്വീഫിൽ സ്ഥാപിച്ച വ്യാജ കഅബ, കറാമിത്വുകൾ ഉരുക്കു മുഷ്ടി ഉപയോഗിച്ചിട്ടും പ്രലോഭനങ്ങൾ ചൊരിഞ്ഞിട്ടും വേരുപിടിച്ചിട്ടില്ല. ജീവൻ പോയിട്ടും  ജനം അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല. അവസാനം കറാമിത്വുകൾ തന്നെ തമ്മിൽ തല്ലി നശിക്കാൻ തുടങ്ങി. നേതാവ് അബൂത്വാഹിറിന് മാരക വൃണം വന്നു പുഴുക്കൾ സ്വന്തം  ശരീരം തിന്നുന്നതു കണ്ടു മരിക്കേണ്ടി വന്നു. ഖത്വീഫിലെ ആ വ്യാജ കഅബയുടെ അടയാളങ്ങൾ ഇന്നും കാണാം. സഊദിയിലെ തന്നെ ഖത്വീഫിയുള്ള ആ സ്ഥലം പിന്നീട് അറിയപ്പെട്ടതു തന്നെ 'ഐൻ കഅബ' എന്ന പേരിലാണ്. വ്യാജ കഅബയുടെ നിലവിലെ ചിത്രമാണ് താഴെ.

Anwar Sadiq faizy Tanur
ചരിത്രത്തിലെ സുവർണ ചിത്രങ്ങൾ: 107

(സർക്കലി: അൽ അഅലാം 3/123, ഇബ്നു കസീർ: അൽ ബിദായ 11/182, ഇബ്നുൽ അസീർ: അകാമിൽ 8/207, Peters, Francis E. Mecca: a literary history of the Muslim Holy Land. pp. 125–26)