ഉലമാക്കളെ_ആദരിക്കാൻ_പഠിക്കാം



സി.ഇ.1518. സുൽത്വാൻ സലീം ഒന്നാമൻ(1470-1520) ഈജിപ്തിൽ നിന്ന് തൻ്റെ തലസ്ഥാനമായ ഇസ്താംബൂളിലേക്ക്  തിരിച്ചു വരികയാണ്.  ഈജിപ്തും സിറിയയും ഫലസ്തീനും ഇറാഖും മക്ക-മദീന ഉൾപ്പെടുന്ന ഹിജാസുമെല്ലാം കീഴടക്കിയുള്ള വരവാണ്. ഉസ്മാനീ കുലത്തിൽ നിന്ന് മുസ്‌ലിം ലോകത്തിൻ്റെ പ്രഥമ ഖലീഫയായതിൻ്റെ ആരവത്തോടെയുള്ള വരവ്.

സുൽത്വാൻ്റെ കൂടെ സഹ സഞ്ചാരികളായി പല പ്രമുഖരുമുണ്ട്. അതിലൊരാളാണ് ശൈഖ് ശംസുദ്ദീൻ ഇബ്നു കമാൽ (1469–1534). കവിയും ചരിത്രകാരനും ഇസ്ലാമിക വിജ്ഞാനീയങ്ങളിലെല്ലാം കഴിവു തെളിയിച്ച പ്രതിഭയുമായ പണ്ഡിതൻ. യാത്രക്കിടെ ഒരു ചതുപ്പ് നിലമെത്തിയപ്പോൾ, ഇബ്നുൽ കമാലിൻ്റെ കുതിര പതിവിനു വിരുദ്ധമായി ഒന്നു വിരണ്ടു.  ആ ചെളിയിൽ അത് കാലിട്ടടിച്ചു. ആ ചെളിയെല്ലാം നേരെ ചെന്നു വീണത് തൊട്ടടുത്തുണ്ടായ സുൽത്വാൻ സലീമിൻ്റെ ശരീരത്തിൽ. ആദ്ദേഹത്തിൻ്റെ വസ്ത്രമാകെ വൃത്തികേടായി. ഇപ്പോൾ കാണുമ്പോൾ തന്നെ ഒരു കോമാളിക്കോലം! ഒരു നിമിഷം സുൽത്വാൻ കോപം കൊണ്ട് വിറച്ചു. മുഖം വിവർണമായി.

ഈ രംഗം കണ്ടു, സുൽത്വാൻ്റെ കൂടെയുണ്ടായിരുന്നവരെല്ലാം വല്ലാതെ ഭയന്നു. കാരണം സലീം ക്ഷിപ്രകോപിയായിരുന്നു. പെട്ടന്നു വരുന്ന ദേഷ്യത്തിന് ചിലപ്പോൾ എന്തു കൽപ്പനകളുമിറക്കും. സുൽത്വാൻ്റെ ശരീരവും വസ്ത്രവും മൊത്തത്തിൽ ചെളി തെറിച്ചതിന് വേണ്ടി വന്നാൽ, ശൈഖ് ഇബ്നുൽ കമാലിൻ്റെ തല വെട്ടാനും മടിക്കില്ല.

പക്ഷേ, അൽപ്പസമയത്തിനു ശേഷം സുൽത്വാൻ ശാന്തനായി. ആ വസ്ത്രം ഊരി. ചുറ്റുമുള്ളവരെല്ലാം ആശങ്കയോടെ നോക്കി നിൽക്കെ, സലീം പറഞ്ഞു; "ഇതാ എൻ്റെ വസ്ത്രത്തിൽ ഒരു മഹാ പണ്ഡിതൻ്റെ കുതിരയുടെ കുളമ്പിൽ നിന്നു ചെളി തെറിച്ചിരിക്കുന്നു. അതിനുള്ള ഭാഗ്യമെങ്കിലും എനിക്കുണ്ടായിരുക്കുന്നു. ഞാൻ ഉലമാക്കളുടെ സേവകനാണെതിനു നാളെ തെളിവായി ഈ വസ്ത്രമെങ്കിലും എനിക്ക് വേണം. അതുകൊണ്ട് ഞാനീ വസ്ത്രം അപ്പടി സൂക്ഷിക്കുകയാണ്. ഞാൻ മരണപ്പെട്ടാൽ ഈ വസ്ത്രത്തിൽ എന്നെ കഫൻ ചെയ്യണം..."

1520 സപ്തംബർ 22 ന് നാൽപ്പത്തി ഒൻപതാം വയസ്സിൽ സലീം അന്തരിച്ചു. വസിയ്യത്ത് പോലെ,  ശൈഖ് ശംസുദ്ദീൻ ഇബ്നുൽ കമാലിൻ്റെ ചെളിപുരണ്ട വസ്ത്രത്തോടൊപ്പം അദ്ദേഹത്തെ ഖബറടക്കി. പിതാവ് ബായസീദ് രണ്ടാമൻ (1447-1512) ആദരിച്ച പണ്ഡിതനായിരുന്നു ശൈഖ് ഇബ്നുൽ കമാൽ. പുത്രൻ സലീം ആ പതിവ് തെറ്റിക്കാതെ ശൈഖിനെ കൂടുതൽ ബഹുമാനിച്ചു. നാടിൻ്റെ ഖാള്വിയാക്കി നിശ്ചയിച്ചു. പിന്നീട് സലീമിൻ്റെ പുത്രൻ സുലൈമാൻ(1494-1566) അധികാരത്തിലെത്തിയപ്പോൾ ശംസുദ്ദീൻ ഇബ്നുൽ കമാലിനെ മുസ്‌ലിം ലോകത്തിൻ്റെ ശൈഖുൽ ഇസ്‌ലാം പദവി നൽകി ആദരിച്ചു. ഉലമാക്കളെ എങ്ങനെയാണ് ആദരിക്കേണ്ടത് എന്ന് ആ പിതാവും പുത്രനും പൗത്രനും മുസ്‌ലിം ലോകത്തെ പഠിപ്പിച്ചു.

Anwar Sadiq faizy Tanur
ചരിത്രത്തിലെ സുവർണ ചിത്രങ്ങൾ: 108
(ഓർഖാൻ മുഹമ്മദലി: റവാഇഉൻ മിനത്താരീഖിൽ ഉസ്മാനി. പേജ്: 61-62, മുഹമ്മദ് യൂസുഫ് ഇവള്വു: വമള്വാത്തുൻ ഉസ്മാനിയ്യ. പേജ്:53)