നേതൃത്വത്തെ_അനുസരിക്കൽ_ഇങ്ങനെയാണ്



സി.ഇ 636 ആഗസ്ത് 20. റോമാ സാമ്രാജ്യത്തിനെതിരെ മുസ് ലിംകൾ ജോർദാൻ- സിറിയിയൻ അതിർത്തിയിലെ യർമൂഖ് നദീതടത്തിൽ പട നയിക്കുകയാണ്. നായകൻ ഖാലിദ് ബിൻ വലീദ്(റ). സഹനായകൻ അബൂഉബൈദ ബിൻ ജർറാഹ്(റ). 

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ് യർമൂഖ് പോരാട്ടം. അതു കൊണ്ടുതന്നെ അബൂസുഫ്യാൻ(റ) മുതൽ അംറ് ബിൻ ആസ്(റ)വരെയുള്ള പ്രമുഖ സ്വഹാബികളെല്ലാം യുദ്ധഭൂമിയിലുണ്ട്. റോമൻ ശത്രുവിനെ നേരിടാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. അപ്പോഴുണ്ട്, ഇസ്ലാമിൻ്റെ ആസ്ഥാന നഗരിയായ മദീനയിൽ നിന്ന് ഖലീഫ ഉമറുൽ ഫാറൂഖ്(റ)ൻ്റെ ഭൃത്യൻ യർഫ ഒരു കത്തുമായി ഓടി വരുന്നു. ആ കത്ത് അദ്ദേഹം അബൂഉബൈദ(റ)ക്ക് നൽകി. കത്തു വായിച്ച അബൂ ഉബൈദ ഞെട്ടിത്തരിച്ചു പോയി. കത്തിലുള്ളത് ഖലീഫ ഉമറിൻ്റെ ഉത്തരവാണ്! യുദ്ധത്തിൻ്റെ ചീഫ് കമാഡർ സ്ഥാനത്തു നിന്നും ഖാലിദിനെ നീക്കം ചെയ്തിരിക്കുന്നുവെന്നും ആ സ്ഥാനം താങ്കളെ ഏൽപ്പിച്ചിരിക്കുന്നുവെന്നും മടിയേതുമില്ലാതെ ഏറ്റെടുക്കണമെന്നുമുള്ള ഉത്തരവ്!

എന്തു ചെയ്യണമെന്നറിയാതെ അബൂഉബൈദ ഒരു നിമിഷം ഇരുന്നു പോയി. നിർണായക പോരാട്ടത്തിൻ്റെ മുന്നിലാണ് മുസ്‌ലിം സൈന്യം. നായകൻ ഖാലിദാകട്ടെ എല്ലാവിധ നയതന്ത്രങ്ങളും ഉപയോഗിച്ചു സേനയെ നയിക്കുന്നുമുണ്ട്. ഈ സമയത്ത് അദ്ദേഹത്തെ മാറ്റുന്നത് അദ്ദേഹം എങ്ങനെ സഹിക്കും? കൂടെ നിന്ന് ആവേശത്തോടെ നീങ്ങുന്ന മുസ്‌ലിം സൈന്യം എങ്ങനെ ഇത് ഉൾക്കൊള്ളും? പങ്കെടുത്ത ഒരു യുദ്ധത്തിലും പരാജയമെന്തെന്നറിയാതെ ജയിച്ചു വന്ന വിജുഗീഷുവാണ് ഖാലിദ്. ഭൂമിയിലെ 'അല്ലാഹുവിൻ്റെ വാൾ' എന്ന് മുഹമ്മദ് നബി(സ) വിശേഷിപ്പിച്ച സ്വഹാബി. നമ്മുടെ പെണ്ണുങ്ങൾ ഖാലിദിനെ പോലുള്ള ആൺകുട്ടികളെയാണ് പ്രസവിക്കേണ്ടത് എന്ന് വാഴ്ത്തിപ്പറഞ്ഞത് പ്രഥമ ഖലീഫ അബൂബകർ(റ) ആണ്. ആ ഖാലിദിനെയാണ് പുതിയ ഖലീഫയായ ഉമർ സ്ഥാനഭ്രഷ്ടനാക്കിയിരിക്കുന്നത്!

യുദ്ധമുഖത്തു വച്ചു ഈ വാർത്ത ഖാലിദിനോടു പറയാൻ അബൂഉബൈദ(റ)യുടെ മനസ്സ് സമ്മതിച്ചില്ല. കുറച്ചു നാൾ കഴിയുകയോ, മറ്റേതെങ്കിലും വഴിയിലൂടെ ഖാലിദ്(റ) ഈ വാർത്ത അറിയുകയോ ചെയ്യട്ടെ എന്ന് അബൂ ഉബൈദ തീരുമാനിച്ചു. ദിവസങ്ങൾ കഴിഞ്ഞു. മറ്റൊരു വഴിയിലൂടെ ഒരു ദൂതൻ വഴി ഖാലിദ് ആ വാർത്ത അറിഞ്ഞു. 

ഉടനെ ഓടിയെത്തി അബൂഉബൈദയുടെ മുന്നിലേക്ക്. എന്നിട്ട് പറഞ്ഞു; "അബൂഉബൈദ, നിങ്ങൾ ചെയ്തത് ശരിയായില്ല. നമ്മുടെ ഖലീഫ ഉമർ എന്നെ സ്ഥാനഭ്രഷ്ടനാക്കി, നിങ്ങളെ നായകനാക്കിയ വിവരം നിങ്ങൾ എന്നിൽ നിന്ന് മറച്ചു വച്ചത് ശരിയായില്ല. നിങ്ങൾ നായകനായിട്ടും നായകനായ എൻ്റെ പിന്നിലാണ് നിന്നു പോരാടിയത്. നിസ്ക്കാരത്തിന് നേതൃത്വം നൽകാൻ നായകൻ എന്ന നിലക്ക് നിങ്ങൾ അർഹനായിട്ടും എൻ്റെ പിന്നിൽ നിന്ന് നിസ്ക്കരിച്ചു. ഇത് ശരിയായില്ല, അബൂ ഉബൈദാ... അല്ലാഹു നിങ്ങൾക്ക് പൊറുത്തു തരട്ടെ!"

‌ഖാലിദിൻ്റെ വാക്കുകൾ കേട്ട് അബൂഉബൈദ തല താഴ്ത്തി നിന്നു. യുദ്ധമുഖത്തു വച്ചു സൈന്യത്തിൻ്റെ ആത്മവീര്യം ചോരരുത് എന്നു കരുതി മൗനം അവലംബിച്ചതാണെന്ന് അബൂഉബൈദ(റ) പറയാൻ ശ്രമിച്ചു. ഖാലിദ്(റ) മൗനിയായി അതു കേട്ടു. പിന്നെ വെറുമൊരു സാധാരണ പടയാളിയെ പോലെ  ഖാലിദ് ക്യാമ്പിലേക്ക് മടങ്ങി. ഒരു യുദ്ധമുഖത്തു വെച്ച് ഖലീഫ എന്തിനാണ് എന്നെ സ്ഥാനഭ്രഷ്ടനാക്കിയത് എന്ന് ഖാലിദ് ഒരിക്കലും ചോദിച്ചില്ല. ആരെയും ചോദ്യം ചെയ്തില്ല. അബൂഉബൈദയെക്കാൾ നയതന്ത്രവും യുദ്ധപാടവവും തനിക്കാണെന്ന് പറഞ്ഞു അഹങ്കരിച്ചില്ല. തന്നിൽ ആവേശം കണ്ടെത്തിയ അനുയായികളെ ഇളക്കിവിട്ടു വിശ്വാസികൾക്കിടയിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചില്ല.  നേതാവായ ഉമറിൻ്റെ ഉത്തരവ് ഖാലിദ്(റ) അറിഞ്ഞു. അംഗീകരിച്ചു. അനുസരിച്ചു. എന്നിട്ട് പിന്നെയും ഇസ് ലാമിനു വേണ്ടി എല്ലാം മറന്നു പോരാടി. അങ്ങനെയാണ് സ്വഹാബികൾ റോമാ സാമ്രാജ്യത്തെ കിടുകിടാ വിറപ്പിച്ചതും കീഴടക്കിയതും.

Anwar Sadiq faizy Tanur
ചരിത്രത്തിലെ സുവർണ ചിത്രങ്ങൾ - 109
(അബൂ റബീഇൽ ഉന്ദുലിസി: അൽ ഇക്തിഫാ 3/70,  ത്വബരി: രിയാദ്വുന്നള്വറ 1/333, ഇബ്നു അസാകിർ: താരീഖു ദിമിശ്ഖ് 1/73,  സ്വല്ലാബി: സീറത്തു ഉമർ. പേജ് 449-450)