ഞങ്ങളുടെ_ഉസ്താദിനാണ്_മഹത്വം
!
ബഗ്ദാദിലെ മഹാ പണ്ഡിതനാണ് ശൈഖുൽ ഇസ്‌ലാം ഇബ്റാഹീമുൽ ഹർബി(813-898). ഹദീസ് വിജ്ഞാനീയങ്ങളുടെ ഇമാം. കനപ്പെട്ട ഗ്രന്ഥങ്ങളുടെ കർത്താവ്. നിരവധി മഹാ പണ്ഡിതന്മാരുടെ ഗുരുവര്യൻ.
ശിഷ്യന്മാർക്കെല്ലാം ഇമാമിനെ വലിയ ആദരവും ബഹുമാനവുമാണ്. അദ്ദേഹത്തിൻ്റെ വിനയവും പെരുമാറ്റവും ആദ്ധ്യാത്മിക ഭാവവുമെല്ലാം അവരെ നന്നായി ആകർഷിച്ചതാണ്. അതു കൊണ്ടു തന്നെ തങ്ങളുടെ ഗുരുവിൻ്റെ മഹത്വം പറയാൻ ശിഷ്യന്മാർക്ക് ആയിരം നാവാണ്. അങ്ങനെയിരിക്കെ, ഒരുപറ്റം ശിഷ്യന്മാർ ഒരു വിദ്വൽ സദസ്സിൽ വച്ചു ഇമാം ഇബ്റാഹീമുൽ ഹർബിയെ വല്ലാതെ വാഴ്ത്തിപ്പറഞ്ഞു. പുകഴ്ത്തി പുകഴ്ത്തി ഇമാം അഹ്മദ് ബിൻ ഹമ്പലി(780-885)നെക്കാൾ മഹാനാണെന്നും ജ്ഞാനിയാണെന്നും പറഞ്ഞു വച്ചു. ഇമാം അഹ്മദും ഇബ്റാഹീമുൽ ഹർബിയും സമകാലികരായ മഹാ പണ്ഡിതന്മാരാണ്. ഇരുവരും ഇറാഖികൾ. പരസ്പരം വൈജ്ഞാനിക ചർച്ചകളിൽ ഏർപ്പെടുന്നവർ. പരസ്പരം ഉദാഹരിക്കാൻ പറ്റിയവർ എന്ന് പിൽക്കാല ചരിത്രം മുഴുവൻ വാഴ്ത്തിപ്പറഞ്ഞ മഹാന്മാർ.
ശിഷ്യന്മാരുടെ ഈ പൊക്കിപ്പറച്ചിൽ ഇബ്റാഹീമുൽ ഹർബി പിന്നീടാണ് അറിഞ്ഞത്. അദ്ദേഹം അവരെ വിളിപ്പിച്ചു. കാര്യമന്വേഷിച്ചു. ശിഷ്യന്മാർ ഉണ്ടായ സംഭവം അംഗീകരിച്ചു. ആ സമയത്താണ് ഇബ്റാഹീമുൽ ഹർബിയുടെ പ്രഖ്യാപനം! അതിങ്ങനെ; "എനിക്ക് എത്തിപ്പെടാൻ സാധിക്കാത്ത പദവിയിൽ ഇരിക്കുന്ന ഒരു മഹാ ജ്ഞാനിയെക്കാൾ എന്നെ നിങ്ങൾ മഹത്വപ്പെടുത്തിയതിലൂടെ നിങ്ങൾ എന്നെ തന്നെയാണ് അക്രമിച്ചിരിക്കുന്നത്. ഈ അക്രമം പൊറുക്കാവതല്ല. ആ മഹാനോട് ഒരു നിലക്കും ഞാൻ കിടയൊക്കുകയില്ല. ആകയാൽ അല്ലാഹുവിനെ സാക്ഷിനിർത്തി ഞാൻ സത്യം ചെയ്തു പറയുന്നു: ഇനി നിങ്ങൾ എന്നിൽ നിന്ന് യാതൊരും അറിവും കേൾക്കാനും അറിയാനും പാടില്ല. അതെനിക്ക് ഇഷ്ടമല്ല. ഇന്ന് മുതൽ എൻ്റെ സദസ്സിൽ നിങ്ങൾ പങ്കെടുക്കാൻ പാടില്ല...."
Anwar Sadiq faizy Tanur
ചരിത്രത്തിലെ സുവർണ ചിത്രങ്ങൾ- 110
(ദഹബി: സിയറു അഅലാമി ന്നുബലാ 13/364, അലി ഖർനി: ദുറൂസ് 29/10, ഇബ്നു കസീർ: അൽബിദായ 11/90).
Post a Comment