നേതൃത്വത്തെ_അനുസരിക്കുക
ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ)ന്റെ ഖിലാഫത്തു കാലം. സ്വകാര്യസ്വത്ത് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഖലീഫയും പ്രമുഖ സ്വഹാബി അബൂദർറുൽ ഗിഫാരി(റ)യും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായി.
സ്വകാര്യവ്യക്തികളിൽ സ്വത്ത് കുന്നുകൂടുന്നതിനോട് കടുത്ത വിയോജിപ്പായിരുന്നു, അബൂദർറുൽ ഗിഫാരി(റ)യ്ക്ക്. അത് ഖുർആനിനു വിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. സ്വകാര്യ സ്വത്ത് ആകാമെന്നും അത് ഖുർആനിനു വിരുദ്ധമല്ലെന്നുമുള്ള നിലപാടിലായിരുന്നു ഉസ്മാന്‍(റ). പക്ഷേ, അബൂദർറിന്റെ നിലപാടുകൾ ചിലയിടങ്ങളിലെങ്കിലും പ്രശ്‌നം സൃഷ്ടിച്ചു. ഖലീഫയ്‌ക്കെതിരെ അതൊരു ആയുധമാക്കാന്‍ പലരും ശ്രമിച്ചു. അവസാനം അബൂദہറിനെ ഉസ്മാന്‍(റ) മദീനയിലേക്ക് വിളിപ്പിച്ചു. രണ്ടുപേരും തമ്മിൽ വലിയ വാഗ്വാദം നടന്നു. വിദൂര ദിക്കിലെ ജനവാസമില്ലാത്ത 'റബ്ദ'യിലേക്ക് അബൂദർറിനു നാടുവിടേണ്ടി വന്നു എന്നതായിരുന്നു ഈ വാഗ്വാദത്തിന്റെ അനന്തര ഫലം.
അബൂദർറിനെ ഖലീഫ നാടുകടത്തിയതാണെന്ന കിംവദി എല്ലായിടത്തും പരന്നു. ഉസ്മാന്‍(റ)നെതിരെ അഭ്യന്തര കലഹം ഇളക്കിവിടാന്‍ കാരണങ്ങൾ തേടികൊണ്ടിരുന്ന ശത്രുക്കൾ ഇത് നല്ലൊരു ആയുധമാക്കി. അവർ റബ്ദയിയിൽ ഏകാന്തവാസിയായി കഴിഞ്ഞിരുന്ന അബൂദർറിനെ സമീപ്പിച്ചു.
"അബൂദർറ് എന്നവരേ, നിങ്ങൾ പരിശുദ്ധ പ്രവാചകനു ഏറ്റവും പ്രിയപ്പെട്ട സ്വഹാബിയാണല്ലോ. മൂന്നുപേർ മാത്രമുണ്ടായിരുന്ന ഇസ്‌ലാമിൽ നാലാമനായി അംഗത്വമെടുത്ത നിങ്ങൾക്ക് ഉസ്മാനെക്കാൾ എന്തുകൊണ്ടും ഈ മതത്തിൽ സീനിയോറിറ്റിയുണ്ട്. ഇസ്‌ലാമിന്റെ അഭിസംബോധന രീതിയായ 'സലാം' പോലും ഞങ്ങൾ പഠിച്ചത് നിങ്ങളിൽ നിന്നാണ്. ആകയാൽ നിങ്ങളെ നാടുകടത്തിയ ഉസ്മാന്റെ നടപടി ഒരിക്കലും നീതികരിക്കാനാവില്ല. അതുകൊണ്ട് അദ്ദേഹം ഖലീഫയാകാന്‍ അർഹനല്ല. ഞങ്ങൾ ഉസ്മാനെതിരെ വിപ്ലവം നടത്താന്‍ പോവുകയാണ്. നിങ്ങളൊന്ന് മുന്നിൽ നിന്നു കൊടിപിടിച്ചാൽ മതി. ബാക്കിയെല്ലാം ഞങ്ങൾ നിർവഹിക്കാം...'
ഇറാഖിൽ നിന്നു വന്ന, ഉസ്മാന്റെ ശത്രുക്കളുടെ വാക്കുകളോരോന്നും അബൂദർറ് ക്ഷമയോടെ കേട്ടിരുന്നു. അവസാനം ഒരൊറ്റ പ്രഖ്യാപനമാണ്;
"ഞാനും ഉസ്മാനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നതു ശരി. പക്ഷേ, അദ്ദേഹം എന്റെ നേതാവും ഖലീഫയുമാണ്. അദ്ദേഹത്തിനെതിരെ പടനയിക്കാന്‍ എന്നെ കിട്ടില്ല. അല്ലാഹുവാണേ സത്യം, ഉസ്മാന്‍ എന്നെ കൊണ്ടുപോയി കുരിശിൽ തറക്കുകയാണെങ്കിൽ പോലും ഞാന്‍ ക്ഷമിക്കും. സഹിക്കും. അനുസരണയോടെ അംഗീകരിക്കും...!''
അബൂദർറുൽ ഗിഫാരി(റ)യുടെ ധീര മറുപടി കേട്ടതോടെ, തമ്മിലടിപ്പിച്ചു ചോരകുടിക്കാന്‍ വന്ന ശിഥിലീകരണ ശക്തികൾവിട്ടു.
Anwar Sadiq faizy Tanur
ചരിത്രത്തിലെ സുവർണ ചിത്രങ്ങൾ: 109
(ദഹബി, താരീഖുൽഇസ്‌ലാം 3/412)
Post a Comment