താഴ്ന്നുകൊടുത്താൽ_ചെറുതാകുകയില്ല
സി.ഇ 629 സപ്തംബർ. ഖുള്വാഅ ഗോത്രക്കാർ മദീനയെ അക്രമിക്കാൻ കോപ്പുകൂട്ടി വരുന്നു. അവരെ പ്രതിരോധിക്കാൻ അംറ് ബിൻ ആസ്വി(റ)ൻ്റെ നേതൃത്വത്തിലുൽ മുസ്‌ലിം സേനയെ ദാത്തുസലാസിൽ പ്രദേശത്തേക്ക് നബി(സ) പറഞ്ഞയക്കുന്നു. അവർ പുറപ്പെട്ടു കുറേ കഴിഞ്ഞപ്പോൾ, ഖുള്വാഅയെ നേരിടാ അംറിൻ്റെ സൈന്യം മതിയാകാതെ വരുമെന്ന ബോധ്യത്തിൽ അബൂഉബൈദ ബിൻ ജർറാഹ്(റ)ൻ്റെ നേതൃത്വത്തിൽ മറ്റൊരു ബെറ്റാലിയനെകൂടി അവിടേക്ക് പ്രവാചകൻ പറഞ്ഞയക്കുന്നു.
അങ്ങനെ ഇരു സംഘങ്ങളും ദാത്തുസലാസിൽ എത്തി. അവിടെ എത്തിയപ്പോൾ ആരാണ് യുദ്ധത്തിൻ്റെ ചീഫ് കമാൻഡർ ആകേണ്ടത് എന്നതിൽ ഭിന്നതയുണ്ടായി. ഇസ്ലാമിലെ പാരമ്പര്യവും ജ്ഞാനവും സൂക്ഷ്മതയും പരിഗണിച്ചാൽ നായകനാവേണ്ടത് അബൂഉബൈദ(റ)യാണ്. സ്വർഗംകൊണ്ട് സുവിശേഷമറിയിക്കപ്പെട്ട പത്ത് സ്വഹാബികളിൽ ഒരാളാണ്. 'ഈ സമുദായത്തിൻ്റെ വിശ്വസ്തനായ കാര്യസ്ഥൻ' എന്ന് മുഹമ്മദ്(സ) വാഴ്ത്തിപ്പറഞ്ഞ സ്വഹാബിയാണ്. ഇസ് ലാമിൻ്റെ പ്രാരംഭദശയിൽ തന്നെ മുസ്‌ലിമാകുകയും എത്യോപ്യയിലേക്ക് പലായനം ചെയ്യുകയും ചെയ്ത പ്രമുഖനാണ്. ബദർ ഉൾപ്പടെ സർവ സമരങ്ങളിലും പ്രവാചകരോടൊപ്പം നിലകൊണ്ട ധീരനാണ്.
പക്ഷേ, ഈ യുദ്ധത്തിന് നേതൃത്വം നൽകാൻ പ്രവാചകൻ നേരത്തെ അയച്ച സംഘത്തിൻ്റെ നായകൻ അംറാണ്. ഇസ്‌ലാം സ്വീകരിച്ചിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ലെങ്കിലും യുദ്ധ തന്ത്രം നന്നായി അറിയുന്ന ആളാണ്. പോരാട്ടമുറകളറിൽ കഴിവു തെളിയിച്ച താൻ യുദ്ധം നയിച്ചാലേ വിജയിക്കൂ എന്ന ബോധ്യത്തിലാണ് അദ്ദേഹം. യുദ്ധമുന്നണിയിൽ നിസ്ക്കാരത്തിന് നേതൃത്വം നൽകാൻ അബൂ ഉബൈദ മുന്നോട്ടു വന്നപ്പോൾ, നായകൻ എന്ന നിലക്ക് ഞാനാണ് അർഹൻ എന്നു പറഞ്ഞു അംറ് അതു സമ്മതിച്ചില്ല.
ശാന്തനായ അബൂ ഉബൈദ(റ) തൻ്റെ യോഗ്യത പറഞ്ഞു അവിടെ കൂടുതൽ തർക്കിക്കാൻ നിന്നില്ല. തർക്കിച്ചാൽ സംഘത്തിൽ ചേരിതിരിവ് രൂപപ്പെടുമെന്നും അത് യുദ്ധ വിജയത്തെ ബാധിക്കുമെന്നും അബൂഉബൈദക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് അദ്ദേഹം കൂടുതലൊന്നും പറയാതെ പിന്മാറി. അംറ് നിസ്ക്കാരത്തിനും യുദ്ധത്തിനും നേതൃത്വം നൽകി. സ്വഹാബികൾ വിജയശ്രീലാളിതരായി മടങ്ങി.
പിന്നീട് അബൂഉബൈദ(റ)യുടെ മഹത്വവും സ്ഥാനവും അംറു ബിൻ ആസ്(റ) തന്നെ തിരിച്ചറിഞ്ഞു. ചരിത്രപ്രസിദ്ധമായ യർമൂഖ് യുദ്ധം വന്നപ്പോൾ, അബൂ ഉബൈദയുടെ കീഴിലെ വെറുമൊരു പടയാളിയായിരുന്നു അംറ്.
Anwar Sadiq faizy Tanur
ചരിത്രത്തിലെ സുവർണ ചിത്രങ്ങൾ- 111
(ഇബ്നു ഹിശാം: സീറത്തു ന്നബവിയ്യ 6/35, ഇബ്നു കസീർ: സീറത്തു ന്നബവിയ്യ 3/517, ഇബ്നുൽ അസീർ: അൽ കാമിൽ 1/324)
Post a Comment