കന്നിമൂലയുടെ ഇസ്‍ലാമികമാനം: ഒരു വാട്സപ്പ് പണ്ഡിത ചർച്ചയുടെ സംക്ഷിപ്തം


     
  കന്നിമൂലയെ കുറിച്ച് ഡോക്ടർ മുസ്തഫ ദാരിമി കരിപ്പൂർ എഴുതിയ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


ഒരു കൂട്ടം പണ്ഡിതരുടെ    വാട്സാപ്പ് കൂട്ടായ്മയായ 
   "كن عالما أو متعلما"
എന്ന  ഗ്രൂപ്പിൽ കന്നിമൂല യുടെ  ഇസ്ലാമിക  വീക്ഷണത്തെ കുറിച്ച് നടന്ന ചർച്ചയുടെ സംക്ഷിപ്‌ത രൂപം
👇🏼👇🏼👇🏼👇🏼👇🏼👇🏼 
 ➖➖➖➖➖➖➖

     ഭാരതീയ വാസ്തു ശാസ്ത്രം, പാരമ്പര്യ വാസ്തു ശാസ്ത്രം, ചൈനീസ് വാസ്തു ശാസ്ത്രം  എന്നിങ്ങനെ നിലവിലുള്ള മൂന്ന്  വാസ്തുശാസ്ത്രങ്ങളും  പഠന വിധേയമാക്കുമ്പോൾ ഇവയിലൊന്നും തന്നെ ഇസ്ലാമുമായി  എന്തെങ്കിലും ഒരു ബന്ധം കണ്ടെത്താൻ കഴിയുന്നില്ല. പകരം ഹൈന്ദവ മതഗ്രന്ഥങ്ങളായ  യജുർവേദത്തിലും  ഋഗ്വേദത്തിന്റെ ഉപവേദമായ സ്താപത്യവേദത്തിലുമൊക്കെയാണ്   വാസ്തു നിയമങ്ങളെക്കുറിച്ച് ചർച്ചചെയ്യപ്പെട്ടു കാണുന്നത്. 'ഹൈന്ദവ മുനിമാരുടെ കഠിനമായ തപസ്സിലൂടെ അവർക്ക് ലഭ്യമായ വിവരങ്ങൾ' എന്നാണ് വാസ്തു നിയമങ്ങളെക്കുറിച്ച് ആധികാരിക വാസ്തുശാസ്ത്ര രചനകളിൽ കാണുന്നത്.  വാസ്തു മർമ്മങ്ങളെ  സൂക്ഷിക്കുക എന്നതാണ് വാസ്തുശാസ്ത്രത്തിന്റെ  അടിസ്ഥാനം. ജ്യോതിഷത്തിലെ പോലെ നക്ഷത്രവുമായി ബന്ധപ്പെട്ടതല്ല വാസ്തു നിയമങ്ങൾ.  

   വാസ്തുപുരുഷനെ പ്രീതിപ്പെടുത്തുന്നതിനായി വാസ്തു മർമ്മങ്ങളെ സൂക്ഷിക്കുക എന്നതാണ് വാസ്തുശാസ്ത്രത്തിന്റെ  അടിസ്ഥാനം. ജ്യോതിഷവും വാസ്തുവും തമ്മിൽ നല്ല ബന്ധമുണ്ട്.  അതുകൊണ്ടുതന്നെ  നക്ഷത്രവുമായി ബന്ധിച്ച് പലതും വാസ്തു നിയമങ്ങളിൽ കടന്നുകൂടിയിട്ടുമുണ്ട്.

  വാസ്തുശാസ്ത്രത്തെകുറിച്ച്  പറയുന്നിടത്തൊക്കെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചർച്ചയായി കാണുന്നതാണ് *"കന്നിമൂല"*.  തെക്കുപടിഞ്ഞാറ് മൂലയായ കന്നിമൂലയിൽ  വെള്ളവുമായി ബന്ധപ്പെട്ട, വൃത്തികേടുകൾക്ക് സാധ്യതയുള്ള കക്കൂസ് പോലോത്ത ഒന്നും തന്നെ പാടില്ല; അതൊക്കെ പലതരം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിളിച്ചു വരുത്തും എന്നൊക്കെയാണ് പൊതുവെ വിശ്വാസം.  എന്നാൽ വാസ്തു ഗ്രന്ഥങ്ങൾ പരിശോധിക്കുമ്പോൾ കന്നിമൂല എന്നത് ശ്രദ്ധേയമായ ഒരു വിഷയമേ അല്ല. 

     പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ  മാത്രമാണ് കന്നിമൂല ചർച്ച ചെയ്യപ്പെടുന്നത്.  ഭാരതീയ വാസ്തു ശാസ്ത്രത്തിലോ ചൈനീസ് വാസ്തു ശാസ്ത്രത്തിലോ കന്നിമൂലക്ക് യാതൊരു പ്രത്യേകതയുമില്ല... 
വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങളിൽ വളരെ ആധികാരിക ഗ്രന്ഥമായ മയമുനിയുടെ  *മയമതം*  അടക്കമുള്ള പല ഗ്രന്ഥങ്ങളിലും കന്നിമൂല എന്നത് സൂതികാഗൃഹത്തിന്റെ  സ്ഥാനമായാണ് പറയപ്പെടുന്നത്.  അഥവാ പ്രസവിക്കാനും പ്രസവിച്ച സ്ത്രീകൾക്ക് താമസിക്കാനുമുള്ള സ്ഥലം. അതായത് വൃത്തികേടുകളുമായും  വെള്ളവുമായും  ബന്ധപ്പെടാൻ  കൂടുതൽ സാധ്യതകൾ ഉള്ള സ്ഥലം എന്നർത്ഥം.  വാസ്തു  ഗ്രന്ഥങ്ങളിൽ തീരെ പരിഗണനീയമല്ലാത്ത  ഈ കന്നിമൂല എന്നത് എങ്ങനെയോ പൊതുജനങ്ങൾക്കിടയിൽ വാസ്തുശാസ്ത്രത്തിലെ പ്രധാന വിഷയമായി കടന്നു കൂടിയതാണ് എന്നതാണ് വസ്തുത.     വാസ്തു നിയമങ്ങളിൽ പലതും ഇങ്ങനെ കേട്ടുകേൾവിയിൽ നിന്ന് ഉടലെടുത്ത മിഥ്യാ നിയമങ്ങളാണ്. യഥാർത്ഥ വാസ്തു നിയമങ്ങൾ പഠിച്ചുപറയുന്ന നല്ല അറിവുള്ള പലരും ഇന്നും കേരളത്തിലുണ്ട്.  എന്നാൽ അവർ വളരെ കുറച്ചു മാത്രമേയുള്ളൂ. 

   വാസ്തുശാസ്ത്രത്തിലെ  ആധികാരിക ഗ്രന്ഥങ്ങളിൽപെട്ട  മയമുനിയുടെ  *"മയമതം"*  കാണിപ്പയ്യൂർ ശങ്കരൻ  നമ്പൂതിരിപ്പാടിന്റെ  *"മനുഷ്യാലയചന്ദ്രിക"* എന്നിവ മലയാളവ്യാഖ്യാനത്തോട് കൂടി  ഇന്ന് ലഭ്യമായ ഗ്രന്ഥങ്ങളിൽ ചിലതാണ്. 

   ഇസ്ലാമിക പണ്ഡിതരായ ഇമാമുമാരുടെ ഏതെങ്കിലും രചനകളിൽ വാസ്തു നിയമങ്ങൾ പ്രതിപാദ്യവിഷയമായ രചനകൾ ഒന്നും തന്നെ കണ്ടെത്താൻ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ അവർ ശറഇയ്യായ വിഷയങ്ങൾക്കുമപ്പുറം പല വിഷയങ്ങളും കൈകാര്യം ചെയ്തതായി നമുക്ക് കാണാമെങ്കിലും  ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് ഇത്തരം സ്ഥാനങ്ങളും അളവുകളുംl മർമ്മങ്ങളുമൊക്കെ പ്രതിപാദിക്കുന്ന രചനകളും ചർച്ചകളുമൊന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ല.  മാത്രമല്ല ലോകത്തിൽ തന്നെ ഹൈന്ദവമത സംസ്കാരത്തിന്റെ  ഒരു ഭാഗമായാണ് വാസ്തു നിയമങ്ങളെ ഉപയോഗിക്കപ്പെടുന്നത്.   മറ്റു രാജ്യങ്ങളിലോ  മത സംസ്കാരങ്ങളിലോ    വാസ്തു നിയമങ്ങൾ പരിഗണിക്കപ്പെടുന്നതായി കണ്ടെത്താൻ കഴിയുന്നില്ല. അത്യപൂർവ്വം ചിലയിടങ്ങളിൽ കാണുന്നുണ്ടെങ്കിലും അതിന് നമ്മുടെ നാടുമായി എന്തെങ്കിലും ബന്ധങ്ങളും കാണുന്നുണ്ട്.  അതുകൊണ്ടുതന്നെ വാസ്തു നിയമങ്ങൾക്ക് ഇസ്ലാമുമായി യാതൊരു ബന്ധവും ഇല്ല എന്ന് തന്നെ പറയാം. 

   വാസ്തു നിയമങ്ങൾ പരിഗണിക്കപ്പെടുന്ന ഇടങ്ങളിൽ  വസിക്കുന്നവരിൽ തന്നെ മൂന്നുതരം ആളുകളെ  നമുക്ക് കണ്ടെത്താൻ കഴിയുന്നുണ്ട്.   ഭവന നിർമ്മാണത്തിലോ  മറ്റോ വാസ്തു നിയമങ്ങളെ ഒട്ടും പരിഗണിക്കാതെ നിർമ്മാണ പ്രവർത്തികൾ നടത്തുന്നവരാണ് ഒരു വിഭാഗം.   എന്നാൽ അവർക്ക് അതിന്റെ  പേരിൽ  യാതൊരുവിധ പ്രയാസവും  ഉണ്ടാവുന്നുമില്ല.    
 വാസ്തു നിയമങ്ങൾ പരമാവധി പാലിച്ച് ഭവന നിർമ്മാണവും മറ്റും ശ്രദ്ധിച്ചിട്ടും പലതരം പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടുന്ന മറ്റൊരു വിഭാഗത്തെയും കാണാൻ കഴിയുന്നുണ്ട്.  അതോടൊപ്പം വാസ്തു നിയമങ്ങൾ ലംഘിച്ച് ജീവിക്കുമ്പോൾ ചില പ്രയാസങ്ങൾ അനുഭവപ്പെടുകയും പാലിക്കുമ്പോൾ പ്രശ്നങ്ങൾ നീങ്ങി പോവുകയും ചെയ്യുന്നതായി അനുഭവമുള്ള ചിലരെയെങ്കിലും നമുക്ക്  സമൂഹത്തിൽ കാണാം. 

   മൂന്നാമത് പറയപ്പെട്ട ഇത്തരം ആളുകളുടെ അനുഭവത്തെ പരിഗണിച്ചു കൊണ്ട്; ഇസ്ലാമിക വിശ്വാസത്തിനോ  കർമ ശാസ്ത്രത്തിനോ  ഇസ്ലാമിക സംസ്കാരത്തിനോ  എതിരാവാത്ത  വാസ്തുനിയമങ്ങൾ മാത്രം പരിഗണിച്ചുകൊണ്ട്  നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിൽ ഇസ്ലാമികമായി എതിർപ്പ് വല്ലതും ഉണ്ട് എന്നതിന് തെളിവുകൾ ലഭ്യമല്ല.   എന്നാൽ  ഇത്തരം അനുഭവങ്ങൾ മുന്നിലുള്ളത് കൊണ്ട് തന്നെ ഒരു മുൻകരുതൽ എന്ന നിലയിൽ ഈ  നിയമങ്ങൾ പരിഗണിക്കുന്നതിൽ ശറഇൽ  എന്തെങ്കിലും തടസ്സമുള്ളതായി കാണുന്നുമില്ല.  മാത്രമല്ല നമ്മുടെ മുൻഗാമികളായ പല പണ്ഡിതരും ഇത്തരം കണക്കുകളും മറ്റും ഭവന നിർമ്മാണ വേളകളിൽ പരിഗണിക്കുകയോ മൗനാനുവാദം നൽകുകയോ  ചെയ്തതും ശ്രദ്ധേയമാണ്.    
 

   ഇസ്ലാമിക വാസ്തു എന്ന പേരിൽ ചില ചർച്ചകളും പുസ്തകങ്ങളും ഒക്കെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  എന്നാൽ അവയ്ക്കൊന്നും തന്നെ  ഇസ്ലാമിനോട് എന്തെങ്കിലും ബന്ധമോ  അടിസ്ഥാനമോ  ഉള്ളതായി കാണുന്നില്ല.   അവയൊക്കെ തികച്ചും ചില ന്യായീകരണങ്ങൾ  മാത്രമാണ്. ഏതെങ്കിലും ഇമാമുമാരുടെയോ ഗ്രന്ഥങ്ങളുടെയോ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ളവയല്ല അവയൊന്നും എന്നാണ് മനസ്സിലാവുന്നത്.  


   ചുരുക്കത്തിൽ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ നിർബന്ധമായും  പരിഗണിക്കേണ്ടതോ  പാലിക്കേണ്ടതോ ആയ  ഒരു നിയമമല്ല വാസ്തു നിയമം.  അവ  ഹൈന്ദവ സംസ്കാരത്തോട് ബന്ധപ്പെട്ടുകിടക്കുന്ന ചില വിശ്വാസങ്ങളുമാണ്. എന്നാൽ ഒരു മുസ്‌ലിം ഇത്തരം നിയമങ്ങളെ   ഒഴിവാക്കി ഭവനനിർമ്മാണം നടത്തുന്നതിൽ എന്തെങ്കിലും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ കഴിയാത്തത് പോലെ തന്നെ  ഇസ്ലാമിക വിശ്വാസങ്ങളോടും നിയമങ്ങളോടും എതിരാവാത്ത രൂപത്തിൽ  വീട് പണികളിലും മറ്റും ഈ നിയമങ്ങളെ പരിഗണിക്കുന്നതിലും  ശറഇൽ എന്തെങ്കിലും  തടസ്സമുള്ളതായി  കാണുന്നില്ല.  എന്നാൽ ഇത്തരം വിശ്വാസങ്ങൾ ഒഴിവാക്കി അല്ലാഹുവിൽ തവക്കുൽ ചെയ്ത് ജീവിക്കുക എന്നുള്ളതാണ് ഒരു മുസ്ലിമിന് ഏറ്റവും കരണീയം....
 
 വാസ്തുനിയമങ്ങളും മറ്റു കണക്കുകളും അറിയുന്നവർ എന്ന ധാരണയിൽ കുറ്റിയടിക്കാനും മറ്റും നാം ആശ്രയിക്കാറുള്ള ചിലരെങ്കിലും   ഇസ്‌ലാമിൽ നിഷിദ്ധമായ പൂജയും മറ്റുകർമ്മങ്ങളും ചെയ്യുന്നത്  കാണാറുണ്ട്.  ഇത്തരം ശിർക്കൻ കർമ്മങ്ങൾക്ക്  സാഹചര്യം ഒരുക്കികൊടുക്കുന്നതും തീർത്തും തെറ്റാണ്. പകരം കുറ്റിയടിക്കലിലും മറ്റുമൊക്ക  പരിചയമുള്ള ധാരാളം  സയ്യിദുമാരും  ഉസ്താദുമാരും ഉണ്ടായിരിക്കേ അവരെകൊണ്ട്  ആരംഭം കുറിക്കുന്നതാവും   ഒരു മുസ്ലിമിന് ഏറ്റവും ഉചിതം.
➖➖➖➖➖➖➖
   "كن عالما أو متعلما"