വഹാബിസം, ലിബറലിസം, മതനിരാസം
വഹാബിസം
ലിബറലിസം
മതനിരാസം
ലോകത്തെ ചില പ്രത്യയശാസ്ത്രങ്ങള്‍ മാനവികതയ്ക്ക് ദോഷമായി നിലകൊള്ളുന്നവയാണ്. മാനുഷിക മൂല്യങ്ങളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതും വിശ്വാസപ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും ഉദാരതാവാദത്തിലൂടെ കമ്പോളവല്‍കൃത സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരുന്നതും ഒക്കെ ലോക ജനതയ്ക്ക് ഭീഷണി തന്നെയാണ്.
ഇസ്‌ലാമിനകത്തെ മതപരിഷ്‌കരണ വാദികളാണ് വഹാബികള്‍ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പാരമ്പര്യ ഇസ്‌ലാമിനെ തകര്‍ത്ത് ചില രാഷ്ട്രീയ താല്‍പര്യങ്ങളോടെ ഉടലെടുത്ത പ്രസ്ഥാനമാണിത്.
"ക്രിസ്താബ്ദം 1703ല്‍ റിയാദിനടുത്ത നജ്ദിലെ ഉയയ്‌നയിലാണ് വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് ജനിച്ചത്. മുഹമ്മദിൻ്റെ പിതാവ് അബ്ദുല്‍ വഹാബ് പണ്ഡിതനും ഖാസിയുമായിരുന്നു. പിതാവില്‍ നിന്ന് പഠനം തുടങ്ങിയ അദ്ദേഹം ഒടുവില്‍ ബസ്വറയില്‍ എത്തി. അവിടെ വച്ചാണ് തന്റെ പുതിയ ആശയം ആദ്യമായി പ്രഖ്യാപിച്ചത്.
പൂർവസൂരികളായ പണ്ഡിതന്മാരുടെ സമൃതികളുമായി ബന്ധപ്പെട്ടവ സിയാറത്ത് ചെയ്യലും അവകളെ ആദരിക്കലും ലോക മുസ്‌ലിംകളുടെ ചര്യയായിരുന്നു. എന്നാല്‍ ഇത് വ്യക്തിപൂജയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിലൂടെ മുസ്‌ലിംകള്‍ ഒന്നടങ്കം ഏകദൈവവിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചെന്നും ബഹുദൈവ ആരാധകരായി മാറിയെന്നുമുള്ള അത്യന്തം അപകടകരമായ വാദമാണ് ഇദ്ദേഹം ഉന്നയിച്ചത്.
തുടര്‍ന്ന് തൗഹീദിന്റെ പുനഃസ്ഥാപനത്തിനുവേണ്ടി ജിഹാദ് നടത്തണമെന്നും അതിനായി നിലവിലുള്ള മുസ്‌ലിം ഭരണകൂടങ്ങളോട് പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബസ്വറയില്‍ ക്ലച്ച് പിടിക്കാതെ ഹുറയ്മിലയില്‍ എത്തിയ അദ്ദേഹം അല്‍ ഇഖ്‌വാന്‍ എന്ന പേരില്‍ ഒരു പോരാളിസംഘം രൂപവത്കരിച്ചു. തുടര്‍ന്ന് ഉമര്‍(റ)വിന്റെ സഹോദരന്‍ സൈദുബ്‌നു ഖതാബിന്റെ (റ) ഖബര്‍ പൊളിച്ചു. ഒരു സ്ത്രീയെ വ്യഭിചാരം ആരോപിച്ച് എറിഞ്ഞു കൊല്ലുകയും ചെയ്തു. ഈ സംഭവത്തിലൂടെയാണ് ഈ പ്രസ്ഥാനം കുപ്രസിദ്ധി നേടിയത്.
ഇതോടെ ഹുറയ്മിലയിലെ ഗവര്‍ണറായിരുന്ന ഉസ്മാന്‍ ഇബ്‌നു മുഅമ്മര്‍ ഇദ്ദേഹത്തെ നാടുകടത്തി. ശേഷം തന്റെ ജന്മനാടായ ഉയയ്‌നയില്‍ ഇബ്നു അബ്ദുൽ വഹാബ് തിരിച്ചെത്തി."
(താരീഖ് മംലക: പേജ് -78)
പിന്നീട് തന്റെ ആശയം നടപ്പാക്കാന്‍ രാഷ്ട്രീയാധികാരം ആവശ്യമാണെന്ന് ഇബ്നു അബ്ദുൽ വഹാബ് തിരിച്ചറിഞ്ഞു. അതിനായി അദ്ദേഹം നജ്ദിലെ ഗവര്‍ണറായിരുന്ന മുഹമ്മദ് ഇബ്‌നു സുഊദുമായി അടുപ്പം സ്ഥാപിക്കുകയും അദ്ദേഹത്തെ ഉപയോഗിച്ച് പരസ്പര സഹകരണ കരാറിലൂടെ ഭരണം സ്ഥാപിക്കുകയുമായിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയാധികാരം മുഹമ്മദ് ഇബ്‌നു സുഊദിനും കുടുംബത്തിനും അവകാശപ്പെട്ടതും രാജ്യത്തെ മത വിഭാഗങ്ങളുടെ നിയന്ത്രണം മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിനും മക്കള്‍ക്കുമായിരിക്കുമെന്നതായിരുന്നു ആ കരാറിന്റെ ആകെത്തുക. ഇങ്ങനെ മതവും രാഷ്ട്രീയവും രണ്ട് കുടുംബങ്ങള്‍ക്കായി വീതംവച്ച് താന്‍ രൂപീകരിച്ച അല്‍ ഇഖ്‌വാന്‍ എന്ന വഹാബി വളണ്ടിയര്‍മാരെയും ഇബ്‌നു സുഊദിന്റെ പൊലിസുകാരെയും ഇറക്കി ജിഹാദ് ആരംഭിച്ചു. വഹാബിസം സ്വീകരിക്കാത്തവരെ നിഷ്‌കരുണം കൊന്നുതള്ളി. അവരുടെ സ്വത്തുക്കള്‍ യുദ്ധാര്‍ജിത സമ്പത്താക്കി പിടിച്ചെടുത്തു. പിന്നീട് മുസ്‌ലിം ലോകത്ത് വിശ്വാസികള്‍ക്ക് നേരെ കടുത്ത അതിക്രമം കാണിച്ചാണ് വഹാബിസം വളര്‍ന്നതെന്ന് കാണാം.
ഇബ്‌നു അബ്ദുല്‍ വഹാബിനെ സ്വന്തം പിതാവും സഹോദരനായ സുലൈമാന്‍ ഇബ്‌നു വഹാബും ശക്തമായി എതിര്‍ത്തു. മുസ്‌ലിംകളെ അവിശ്വാസികളായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ ഭീകരതക്കെതിരേ സഹോദരന്‍ സുലൈമാന്‍ അബ്ദുല്‍ വഹാബ് ‘അസ്സവാഇഖുല്‍ ഇലാഹിയ്യ ഫിര്‍റദ്ദി അലല്‍ വഹാബിയ്യ’ എന്ന പേരില്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചു. താങ്കള്‍ അലി(റ)വിന്റെ കാലത്ത് രംഗത്തുവന്ന ഖവാരിജുകളുടെ പിന്‍ഗാമിയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
വഹാബിസം നടത്തിയ ഭീകരതയുടെ ആഴം ഇ. മൊയ്തു മൗലവി തന്നെ എഴുതുന്നു: ‘ഹിജ്‌റ 1318, ക്രിസ്താബ്ദം 1803 ഏപ്രില്‍ മൂന്നിന് ഇബ്‌നു അബ്ദുല്‍ അസീസ് വിജയഭേരി മുഴക്കിക്കൊണ്ട് മക്കയിലേക്ക് പ്രവേശിച്ചു. പരിപാവനമായ കഅ്ബയില്‍ ഉണ്ടായിരുന്ന എല്ലാ സാധനങ്ങളും രത്‌നങ്ങളും നാണയങ്ങളും അടക്കം ചെയ്ത ഭണ്ഡാരങ്ങളും അധീനപ്പെടുത്തി. അവ പട്ടാളക്കാര്‍ക്ക് വീതിച്ചു കൊടുത്തു. ഖബറുകളുടെ മേല്‍ തുര്‍ക്കികളും മറ്റും നിര്‍മിച്ച ഗോപുരങ്ങളും മിനാരങ്ങളും പൊളിച്ചുനീക്കി. അടുത്ത വർഷം മദീന മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയില്‍ ചെയ്തതു പോലെയുള്ള പ്രവൃത്തികള്‍ ചെയ്തു. ഖബറുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിര്‍പ്പിനു കാരണമായി’- (ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും: പേജ് -68). ഇങ്ങനെ ഇസ്‌ലാമിക ചരിത്രത്തിലെ ആദരിക്കപ്പെടുന്ന ചിഹ്നങ്ങളെയും സ്മരണകള്‍ നിലനില്‍ക്കുന്ന ചരിത്രസ്തംഭങ്ങളെയും അവര്‍ തകര്‍ത്തു.
വഹാബികളുടെ മക്ക അധിനിവേശത്തിനുശേഷം പുതിയ തൗഹീദിന്റെ ഭാഗമായി നബിﷺയുടെ ജന്മഗൃഹവും ഖദീജ ബീവി(റ), അബൂബക്കര്‍(റ), അലി(റ) തുടങ്ങിയവരുടെ ജന്മവീടുകളുമെല്ലാം പൊളിച്ചുനീക്കി. ഇസ്‌ലാമിന്റെ ഈറ്റില്ലത്തില്‍വച്ചുതന്നെ അതിന്റെ എല്ലാ ചരിത്രശേഷിപ്പുകളും അവര്‍ തുടച്ചുനീക്കി.
പലഘട്ടങ്ങളിലായി നിരവധി പോരാട്ടങ്ങൾ രാഷ്ട്രീയമായി നടത്തുകയും അതിനുവേണ്ടി ഇസ്‌ലാമികവിരുദ്ധ ശക്തികളുടെ ചട്ടുകമായി നിലകൊള്ളുകയും ചെയ്ത ഇവര്‍ ലോക മുസ്‌ലിംകളെ മതനിഷേധികളാക്കി മുദ്രകുത്തിയാണ് തങ്ങളുടെ പണി എളുപ്പമാക്കിയത്.
തികച്ചും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി രംഗത്തുവരികയും മതവിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയും ചെയ്ത പ്രസ്ഥാനമാണ് വഹാബിസം. കേരളത്തിലും വഹാബിസത്തിന്റെ പിറവി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രക്ഷോഭത്തോടനുബന്ധിച്ചാണ് എന്നത് ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.
ലോക മഹായുദ്ധകാലത്തെ ലോകക്രമത്തെ മാറ്റിമറിക്കാന്‍ ബ്രിട്ടൻ ഏറ്റവും പണിയെടുത്തത് തുര്‍ക്കി ഖിലാഫത്തിനെ തകര്‍ക്കാനാണ്. അത് നടപ്പിലാക്കാന്‍ വഹാബി പ്രസ്ഥാനം ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചു. തുര്‍ക്കി ഖിലാഫത്തിന്റെ വൈകാരികതയുടെ പേരില്‍ ബ്രിട്ടിഷ് ഭരണകൂടത്തിനെതിരേയുള്ള പോരാട്ടത്തിന്റെ കാലത്ത് കേരളത്തില്‍ വഹാബിസം പിറവിയെടുത്തതും പ്രത്യക്ഷ സമരമുഖത്ത് ഇറങ്ങേണ്ട കാലത്ത് കൊടുങ്ങല്ലൂരിലേക്ക് ഒളിവില്‍ പോയതും മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുമായി നിറഞ്ഞാടിയതും ബാക്കിപ്പത്രം.
ഈയടുത്ത് വാഷിങ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ അമേരിക്കയ്ക്ക് വേണ്ടിയാണ് വഹാബിസം പ്രചരിപ്പിച്ചതെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുറന്നുപറഞ്ഞിരുന്നു. രണ്ടാംലോക മഹായുദ്ധാനന്തരം പിറവിയെടുത്ത അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ക്ക് വേണ്ടിയും വഹാബിസം പണിയെടുത്തു എന്ന് വ്യക്തമാണ്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂനിയനെ തകര്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം.
യുക്തിചിന്തയെ അടിസ്ഥാനപ്പെടുത്തി പാരമ്പര്യ ഇസ്‌ലാമിക വിശ്വാസങ്ങളെ തകര്‍ക്കുകയായിരുന്നു വഹാബിസം ചെയ്തത്. ഇതിനുവേണ്ടി പാരമ്പര്യ രീതികളവലംബിക്കുന്നതിന് പകരം സര്‍വര്‍ക്കും ഗവേഷണാനുമതി നല്‍കുന്ന മാനദണ്ഡം സ്വീകരിച്ചതും വഹാബിസം വിശ്വാസത്തെ തകര്‍ക്കാന്‍ സ്വീകരിച്ച വഴിയായിരുന്നു. ഇതിലുടെ മതപരിഷ്‌കരണവും നവീനവാദവും യഥേഷ്ടം ഉടലെടുത്തു. യുക്തിചിന്ത മതത്തിനകത്ത് ഉദയം ചെയ്തു.
ലിബറലിസമെന്നാല്‍ ആധുനിക കച്ചവട തന്ത്രത്തിന്റെ ഭാഗമായി ഉടലെടുത്ത ഉദാരതാവാദമാണ്. വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയാണ് രാഷ്ട്രീയത്തിന്റെ കേന്ദ്ര പ്രശ്‌നമെന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ സിദ്ധാന്തമാണ് ലിബറലിസം. തങ്ങളുടെ താല്‍പര്യത്തിനും സുഖത്തിനും വേണ്ടി എന്തും ഉദാരമാക്കാം എന്നവര്‍ വാദിക്കുന്നു.
ഏതൊരു രാജ്യത്തിനും നിയതമായ പരിധികളും പരിമിതികളുമുണ്ടാവണം. വ്യക്തികളുടെ ഇഷ്ടാനുസരണമുള്ള ചെയ്തികള്‍ ആ രാഷ്ട്രത്തെയും അവിടെയുള്ള സമൂഹത്തെയും തകര്‍ക്കും. ഇവിടെയാണ് കൃത്യമായ ഭരണഘടനയും നിയമനിര്‍മാണങ്ങളും ശിക്ഷാവിധികളും വിലക്കുകളും ആവശ്യമായിവരുന്നത്. സമാനമാണ് മനുഷ്യന്റെ വ്യക്തിജീവിതത്തിനായുള്ള മതത്തിന്റെ ആവശ്യം. മനുഷ്യന്റെ ഇച്ഛകളെ കടിഞ്ഞാണിടുകയാണ് മതം ചെയ്യുന്നത്. ഇതിനെ പൊട്ടിച്ചെറിഞ്ഞുള്ള ലിബറലിസ്റ്റ് സഞ്ചാരം സമൂഹത്തിന്റെയും ജനതയുടെയും നാശത്തിലേക്കും അരാചകത്വത്തിലേക്കുമാണ് നയിക്കുക.
മതത്തിന്റെയും സമൂഹത്തിന്റെയും പിടിയില്‍ നിന്ന് മോചിപ്പിക്കാനാണ് മുതലാളിത്ത ഉല്‍പന്നമായ ലിബറലിസം ശ്രമിക്കുന്നത്. കാപിറ്റലിസ്റ്റ് താല്‍പര്യക്കാരാണ് ഇതിന്റെ പ്രചാരകര്‍. വിശ്വാസികളുടെ മതമൂല്യങ്ങളെ സ്വതന്ത്രതാവാദത്തിന്റെ പേരില്‍ തകര്‍ക്കാനാണ് ഇക്കൂട്ടര്‍ പരിശ്രമിക്കുന്നത്. ഇത് ഇസ്‌ലാമിക ചിഹ്നങ്ങളെ വലിച്ചെറിയാനുള്ള ആഹ്വാനങ്ങളിലേക്കും സ്വതന്ത്ര ലൈംഗികതയിലേക്കും എത്തുന്ന അരാജകത്വവാദമായി പരിണമിക്കുന്നു. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ഇതിന്റെ പ്രചാരകരാകുന്നത് സൂക്ഷിക്കുക തന്നെ വേണം.
അപകടകരമായ വാദഗതികളുമായി ഉദയം ചെയ്യുന്ന മതനിരാസ പ്രസ്ഥാനങ്ങള്‍ നിരവധിയാണ്. കുത്തഴിഞ്ഞ ജീവിതത്തിന് ഉചിതമായ സിദ്ധാന്തങ്ങളെ പിന്തുടരാന്‍ ശ്രമിക്കുന്നവരാണ് മതനിരാസത്തിലെത്തുന്നത്. യുക്തിചിന്തയുടെ പേരിലുള്ള അയുക്തിവാദങ്ങളും മനുഷ്യന്റെ പരിമിത ബുദ്ധിയെ മനസിലാക്കാനുള്ള വൈമനസ്യവും ഇവിടെ തടസ്സമായി നിലനില്‍ക്കുന്നു. തൻ്റെ സ്രഷ്ടാവിന്റെ കല്‍പനകളെ അംഗീകരിക്കാന്‍ ബാധ്യസ്ഥനാണ് മനുഷ്യന്‍. ഡാര്‍വിനിന്റെ പരിണാമ സിദ്ധാന്തവും ഹെഗലിന്റെ തര്‍ക്കവാദവും കൂട്ടിക്കുഴച്ച് മാര്‍ക്‌സും എംഗല്‍സും കൂടി നിര്‍മിച്ച കമ്യൂണിസ്റ്റ് തത്വചിന്തകളും മതനിരാസത്തിലേക്ക് പാഥേയം ഒരുക്കുന്നവയാണ്. ലിബറലിസ്റ്റ് ചിന്താധാരകളും മിക്കപ്പോഴും മതനിരാസത്തിലേക്കാണ് എത്തിച്ചേരുന്നത്. ഇവകളെല്ലാം വിശ്വാസികള്‍ ജാഗ്രത പാലിക്കേണ്ടവ തന്നെയാണ്.
✍🏼സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി
(എസ്.വൈ.എസ് സംസ്ഥാന ജനറൽ
സെക്രട്ടറിയാണ് ലേഖകൻ)
Post a Comment