ആറ്റപ്പൂവിൻ്റെ പരിമളം മായുകില്ല - മമ്മുട്ടി നിസാമി തരുവണ

ആറ്റപ്പൂവിൻ്റെ പരിമളം മായുകില്ല
...................................................................
കൊടപ്പനക്കലെ പാൽനിലാവ് മാഞ്ഞുപോയി.ആറ്റപ്പൂവിൻ്റെ സൗമ്യ സാന്നിദ്ധ്യം ഓർമ്മകളിൽ ബാക്കിയായി.

ഈർപ്പം നഷ്ടപ്പെട്ടു പോയ ഊഷര ഹൃത്തടങ്ങൾക്ക്  ചെറു നനവ് ചുരത്തിക്കൊടുത്തിടം മെല്ലെ മെല്ലെ മറഞ്ഞു പോയി.

 ഒരു കുഞ്ഞു സമാശ്വാസ വചസ്സിനാൽ വിക്ഷുബ്ദ മാനസങ്ങളിൽ കുളിർ കോരി നിറച്ചവർ സമൃതി പദത്തിലെ ശുക്ര നക്ഷത്രമായി പറന്നു പോയി.

ആറ്റപ്പൂ റബ്ബിൻ്റെ റഹ്മത്തിലേക്ക് ചിറകടിച്ചകന്നു പോയി.
അംഗീകരിച്ചേ കഴിയൂ. വിശ്വസിച്ചേ തീരൂ.

രണ്ടു ഇക്കാക്കമാർ നിർവ്വഹിച്ച മഹാ ദൗത്യം ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു ആറ്റപ്പൂ മോന് .ലീഗും ദീനും പൂർണ്ണമായും തൻ്റെ ചുമലിൽ വന്നു ഭവിച്ചപ്പോഴും തളർന്നു വീഴാതെ തീരത്തെത്തിക്കുക തന്നെ ചെയ്തു സയ്യിദുൽ ഉമ്മ.

ഉമ്മത്തിൻ്റെ എതിരാളികൾ രാഗി മിനുക്കിയ പുത്തൻ ആയുധങ്ങളോരൊന്നെടുത്ത് ആഞ്ഞു വെട്ടാൻ ഓങ്ങിയപ്പോഴെല്ലാം ഒരു ചെറു പോറൽ പോലുമേൽക്കാതെ പടച്ചട്ടയണിഞ്ഞ കാവൽക്കാരനായി പാദം പതറാതെ ഉറച്ചു നിന്നു മുത്തു തങ്ങൾ .

മഹത് സംഗമങ്ങളുടെ ഉദ്ഘാടകൻ ആറ്റപ്പൂ തന്നെയാകണമെന്ന് ഓരോ മനസ്സും ശാഠ്യം പിടിച്ചത് കരള് കീഴടക്കിയ പാൽ പുഞ്ചിരിയല്ലാതെ മറ്റെന്താണ്.

എത്ര വൈകിയാലും സയ്യിദിനെ കാണാതെ പോകുന്ന പ്രശ്നമില്ലെന്ന് ഉറച്ചു പറഞ്ഞു കുത്തിയിരുന്നവർ. രാവേറെ ചെന്നാലും ക്ഷമയോടെ കാത്തിരുന്ന ജനലക്ഷങ്ങൾ സ്നേഹ പ്രപഞ്ചത്തിലെ രാജകുമാരനു വേണ്ടിയല്ലേ സർവ്വം സമർപ്പിച്ചത്.

തങ്ങളേ....

എല്ലാവരും ഇന്നു തേങ്ങുകയാണ്.നനയുന്ന കണ്ണുകൾ മാത്രമാണെവിടെയും.

ഇത്രമേൽ ജനഹൃദയം കീഴടക്കാൻ എന്തു രസതന്ത്രമാണങ്ങ് പ്രയോഗിച്ചത് ?!.

അങ്ങയുടെ സൗമ്യ മന്ദഹാസം...
ആരെയാണ് വശീകരിക്കാത്തത്.

കേരളത്തിൻ്റെ മഹാഗുരു ശംസുൽ ഉലമ (ഖ) ജാമിഅയുടെ മസ്ജിദ് മുറ്റത്ത് വെച്ച് തങ്ങളെ തടഞ്ഞു നിർത്തി കൈയ്യിലെ പരിമള സോപ്പ് പെട്ടിയടക്കം ചോദിച്ചു വാങ്ങി പോൽ!.
മുത്തു സയ്യിദിൻ്റെ സൗഗന്ധിക ശരീരം സ്പർശിച്ച സോപ്പിൻ കഷ്ണം തൻ്റെ ഉടലിൽ ഉരസിയാലത് പുണ്യം പൂത്തുലയുമെന്ന് ഉറച്ചു വിശ്വസിച്ചു ആലിമുൽ ആലം.

തൃക്കരിപ്പൂരിലെ പ്രവാസി സഹോദരൻ മെത്ത വിരിച്ച് കാത്തു കാത്തിരിക്കുന്നു ആറ്റപ്പൂവിന് വേണ്ടി. ആ വഴിക്കു പോയാൽ സയ്യിദ് അവിടെ കയറലും പതിവു തന്നെ.

എന്തിനിത്രയടുപ്പം എന്നു ചോദിക്കുന്നവരോടെല്ലാം ആറ്റപ്പൂവിൻ്റെ അതൃപ്പം പറയാൻ ആ മനുഷ്യന് നൂറ് നാവാണ്.

പത്തിരുപത് വർഷങ്ങൾക്കു മുമ്പ് ഒരു അൽഭുതം നടന്നത്രെ.

സുമംഗലിയായ തൻ്റെ മകൾക്ക് വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും സന്താന സൗഭാഗ്യമുണ്ടായില്ല.
നിരവധിയായ ചികിത്സകൾ മാറി മാറി ചെയ്തിട്ടും ഒരു ഫലവും കണ്ടില്ല.
വിദഗ്ദ ചികിത്സ വേണ്ടി വരുമെന്ന വിശ്വാസത്താൽ ആ കുടുംബം മണിപ്പാലിലേക്ക് വണ്ടി കയറി.
സൂക്ഷ്മ പരിശോധനകൾക്കൊടുവിൽ ഡോക്ടർമാർ വിധി പ്രഖ്യാപിച്ചു.ഇവൾ ജീവിതത്തിൽ ഗർഭം ധരിക്കില്ല.
ഗർഭ പാത്രത്തിന് ആവശ്യത്തിന് വലിപ്പമില്ല.
നിങ്ങൾക്ക് പോകാം. ചികിത്സ ഫലിക്കില്ല. ഇവൾക്ക് സന്താന സൗഭാഗ്യമുണ്ടാവില്ല.

കണ്ണൂനീരടക്കാനാകാതെ അവർ തിരിച്ചു പോന്നു. മരണ വീടുപോലെ എല്ലാവരുടെ ഹൃദയത്തിലും ദുഃഖം തളം കെട്ടി. നിരാശ എല്ലാവരിലും അസ്വസ്ഥതകൾക്ക് മരുന്നിട്ടു.
ഇടിത്തീ പോലെ മറ്റൊരു വാർത്തയും അവരെ തേടിയെത്തി. മരുമകൻ വിവാഹത്തിനൊരുങ്ങുന്നു.പ്രസവിക്കാത്ത ഭാര്യയെക്കൊണ്ടെന്തു പ്രയോജനം. അവളെ ഉപേക്ഷിക്കുന്നില്ല. മറ്റൊരാളെ കൂടി ജീവിത സഖിയാക്കാൻ പോകുന്നു.

എതിർക്കാൻ ന്യായമില്ലല്ലോ. കുഴപ്പം അവനലല്ലോ. തകർന്ന ഹൃദയത്തോടെ അവസാനം ആ സഹോദരൻ പാണക്കാടേക്ക് തിരിച്ചു.

വലിയ തങ്ങളെ അത്രയ്ക്കങ്ങ് പരിചയമില്ല. ആറ്റപ്പൂവിനെ ചെറിയ പരിചയമുണ്ട്. കണ്ണുനീരിൽ ചാലിച്ച് തങ്ങൾക്കു മുമ്പിൽ ഭാണ്ഡക്കെട്ടഴിച്ചു.മനസ്സ:മാധാനം വേണം.പ്രത്യേകിച്ച് പൊന്നു മോൾക്ക്.തങ്ങൾ എല്ലാം ശാന്തമായി കേട്ടിരുന്നു.

മരുമകനെയും കൂട്ടി ഒന്നിവിടം വരെ വരുമോ.?

അദ്ധേഹം സമ്മതിച്ചു.
തിരുച്ചു വന്നു പുതിയാപ്പിളയോട് കാര്യം പറഞ്ഞു. പാണക്കാട് ഹൈദരലി തങ്ങൾ കാണണം എന്നു പറഞ്ഞിട്ടുണ്ട്.
അദ്ധേഹം സമ്മതിച്ചു.

രണ്ടു പേരും പാണക്കാട്ടെത്തി .
ആറ്റപ്പൂവിൻ്റെ ഒരേയൊരു ചോദ്യം. മരുമകൻ പതറി.നിലവിലുള്ള സഹധർമ്മിണി ഗർഭം ധരിക്കാത്തത് കൊണ്ടല്ലേ നിങ്ങൾ രണ്ടാമതൊരാളെ വിവാഹം ചെയ്യാൻ പോകുന്നത്.?

അതെ,

അവൾ ഗർഭം ധരിക്കുമെന്ന് താങ്കൾക്കുറപ്പുണ്ടോ? അവളും ഇതുപോലെ തന്നെയാണെങ്കിലോ?

അദ്ധേഹം നിസ്സാഹയനായി.

മറുപടിയില്ലാതെ തല കുനിച്ചിരുന്നു.

ഒരു മൂന്നു മാസവും കൂടി താങ്കൾ കാത്തിരിക്കുമോ?

അദ്ധേഹം സമ്മതിച്ചു.
തങ്ങൾ ചില കാര്യങ്ങൾ കുറിച്ചു കൊടുത്തു. ചിലത് ചൊല്ലാനും ചിലത് കുടിക്കാനും .

ആറ്റപ്പൂവിൻ്റെ ചികിത്സ ഫലം കണ്ടു. അവൾ ഗർഭിണിയായി.
വൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്ത് പ്രവാചക പൗത്രൻ വിജയിച്ചത് മാലോകർ നഗ്ന നയനങ്ങൾ കൊണ്ട് മറയില്ലാതെ കണ്ടു.

അവൾ ഇന്ന് മൂന്നു മക്കളുടെ മാതാവാണ്.

യാ സയ്യിദീ ...

ഓരോ വീട്ടിലും, മസ്ജിദുകളിലും, കലാലയങ്ങളിലും ദിനേനയെന്നോണം ഉയർന്നു കേൾക്കുകയാണ് "ദാഹമൗത്തത് കൂട്ടിടും......

കേരളക്കരയിലും പ്രവാസ ലോകത്തും ബദരീങ്ങളുടെ വിശുദ്ധനാമങ്ങൾ തേൻ മഴയായി പെയ്തിറങ്ങുകയാണ്.

ദീനങ്ങൾ പേമാരി കണക്കെ പെയ്തിറങ്ങുന്ന കറുത്ത കാലത്ത് അങ്ങ് കനിഞ്ഞേകിയ ആശ്വാസ പിടിവള്ളിയല്ലേ ജനഹൃദയങ്ങൾ കവർന്നെടുത്ത മജ്ലിസുന്നൂർ.

ജനലക്ഷങ്ങൾ ഖിയാമത്ത് വരെ സാവേശം മജ്ലിസുന്നൂറിലേക്ക് പാഞ്ഞടുത്തു കൊണ്ടേയിരിക്കും. അത്രയ്ക്കുണ്ട് അതിൻ്റെ അതിശയ ഫലങ്ങൾ.

തങ്ങളേ...

അങ്ങയെ ഓർക്കാതെ ഇനി ആർക്കിത് ചൊല്ലിത്തീർക്കാനാകും.
ഇത് മാത്രം മതി അങ്ങേക്ക് ശാന്തമായുറങ്ങാൻ.. 

തിരു സയ്യിദേ ...
ഇനിയങ്ങുറങ്ങുക, ബദ് രീങ്ങളുടെ മധുര മദ്ഹ് കേട്ടു കേട്ട്...

നാഥൻ ജന്നത്തിലൊരുമിപ്പിക്കട്ടെ...

✒️കെ.മമ്മൂട്ടി നിസാമി തരുവണ