കണ്ണ് നനയിക്കുന്ന ഓർമ്മകൾ - അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
കണ്ണ് നനയിക്കുന്ന ഓർമ്മകൾ
===============================
✒️അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
സ്നേഹനിധിയും ആദരണീയനും ആയിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ യാത്രയായി . ഒരുനാൾ ഈ യാത്ര നടന്നേ തീരൂ പക്ഷെ ചിലരുടെ വേർപ്പാടുകൾ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും .തങ്ങളുടെ വേർപ്പാട് എന്റെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചിരിക്കുന്നു.
ആലിം, ആബിദ് ,സൂഫി തുടങ്ങിയ എല്ലാ വിശേഷണങ്ങളും ഒത്തുചേർന്ന തങ്ങൾ അതുല്യമായ വ്യക്തി പ്രഭാവത്തിന്റെ ഉടമയായിരുന്നു.
കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷങ്ങളായി തങ്ങളുമായി വൈകാരികമായ ആത്മബന്ധം ഉണ്ടായിരുന്നു. സംഘടനാ രംഗത്തെ എളിയ പ്രവർത്തകനെന്ന നിലയിൽ പലപ്പോഴും വിവിധ കാര്യങ്ങളുമായി തങ്ങളെ സമീപിച്ചിരുന്നു. ചിലപ്പോഴൊക്കെ തങ്ങൾ ഇങ്ങോട്ട് ഫോണിൽ വിളിച്ചു ബന്ധപ്പെടാറുമുണ്ടായിരുന്നു. അങ്ങോട്ട് വിളിച്ചിട്ട് തങ്ങൾ ഫോൺ എടുത്തില്ലെങ്കിൽ അല്പം കഴിഞ്ഞാൽ തിരിച്ചു വിളിക്കും . തിരക്ക് പിടിച്ച ആ നേതാവ് അങ്ങിനെയായിരുന്നു.
ഒരു കൊച്ചു കുട്ടിയുടെ നിർമ്മലമായ മനസ്സായിരുന്നു തങ്ങളുടേത്. നമ്മളെ കുറിച്ച് എന്തെങ്കിലും ധാരണാ പിശക് തങ്ങൾക്കുണ്ടെങ്കിൽ അത് മുഖത്ത് പ്രതിഫലിക്കും.ആ വെളുത്ത മുഖം ചുവന്നിട്ടുണ്ടാകും. പ്രശ്നം മനസ്സിലാക്കി വിശദീകരിച്ച് കൊടുത്താൽ മുഖം പ്രസന്നമാവും. ചിരിയും , കളിയും, തമാശയും,സന്തോഷവും ആകും.
തങ്ങൾ സുന്നിയായിരുന്നു ഒറിജിനൽ സുന്നി. കലർപ്പില്ലാത്ത സമസ്തക്കാരൻ. മത പരിഷ്കരണ വാദികളുടെ പരിപാടികളിൽ ഒരിക്കൽപോലും തങ്ങൾ പങ്കെടുത്തിരുന്നില്ല .മുസ്ലിം ലീഗെന്ന പൊതു പ്ലാറ്റ്‌ഫോമിൽ എല്ലാവരും ഉണ്ടെങ്കിലും തന്റെ ആദർശം തങ്ങൾ എപ്പോഴും ഉയർത്തിപ്പിടിച്ചു.
തന്റെ പകരക്കാരനെ തങ്ങൾ നേരത്തെ നിശ്ചയിച്ചു. സ്വന്തം അനുജ സഹോദരൻ പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങളെ തന്റെ സാന്നിധ്യത്തിൽ വച്ച് തന്നെ ചില ഉത്തരവാദിത്ത്വങ്ങൾ ഏല്പിച്ചു സമുദായത്തിന് കൃത്യമായ സന്ദേശം നൽകി. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ അവസാനം നടന്ന മജ്‌ലിസുന്നൂർ വാർഷിക സംഗമത്തിൽ പ്രാർത്ഥനക്ക് നേത്രത്വം നൽകാൻ സ്വാദിഖലി തങ്ങളെ ഏല്പിച്ചത് ഒരു ഉദാഹരണം .
യാ വദൂദ് !! എന്റെ തങ്ങളോട് നീ വാത്സല്യം കാണിക്കണേ. സ്വർഗീയ ലോകത്ത് പ്രിയപ്പെട്ടവരോടൊപ്പം ഒത്ത് ചേരാൻ നീ അനുഗ്രഹിക്കണമേ.. പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങൾക്കും സഹോദരങ്ങൾക്കും നേതൃ ശേഷിയും തൗഫീഖും നീ നൽകണമേ.. വിശുദ്ധ സുന്നത്ത് ജമാഅത്തിന് കരുത്ത് പകരാൻ അവരെയും ഞങ്ങളെയും നീ സഹായിക്കണേ .. ആമീൻ
അമ്പലക്കടവ്
06.03.2022
Post a Comment