ഇസ്‌ലാമിലെ ജിഹാദ്
✒️ഇഖ്ബാൽ റഹ്മാനി. കാമിച്ചേരി
'ആടിന്റെ അകിടിൽ നിറയെ പശുവിൻ പാലാണ്' ശ്രോദ്ധാവിന് വിചിത്ര വാദമാണെന്ന് തോന്നും. ആടിനെ പശുവാക്കുകയും തൊടുന്നവരെ തട്ടുകയും ചെയ്യുന്ന പരിതസ്ഥിതിയിലെത്തിച്ചേരുന്നത് പോലെയാണ് ജിഹാദെന്ന പദത്തെ ഇന്ന് പലരും ഉപയോഗിക്കുന്നത്, ലോകത്തെ ഏറ്റവും മനോഹരവും പവിത്രവുമായ ഭാഷയിലെ ദീപ്ത പദമാണ് ജിഹാദ്. ധർമ്മ സമരം എന്ന് മലയാളീകരിക്കപ്പെടുന്നത് പോലെ മറ്റു ഭാഷകളിലേക്കും മൊഴി മാറ്റപ്പെടുന്നുണ്ട്. (അത്യദ്ധ്വാനം, ഊർജ്ജ സ്വലമായ ശ്രമം, യുദ്ധം, സമരം എന്നല്ലാം കാണാം). ദുർവ്യാഖ്യാനത്തിലൂടെ ജിഹാദ് എന്ന വാക്കും ആശയവും മലിനമാക്കാൻ ലോകാടിസ്ഥാനത്തിൽ നിരന്തരമായി നടക്കുന്നു. ലോക ഭാഷകളിൽ നമ്പർ വൺ ആയ അറബി ഭാഷയെയും ഇസ് ലാമിനെയും താറടിച്ചു കാണിക്കാൻ ഒരു പഴുതും കിട്ടാതിരുന്നപ്പോൾ ഏതോ വിരുതൻ തുടങ്ങി വെച്ചതാണ് ജിഹാദിനെ മലിനമാക്കൽ. അതിലൂടെ ഇസ് ലാമിനോടുള്ള അസൂയ പൂർത്തീകരിക്കുകയും ചെയ്യാം. ലോകാന്ത്യം വരെ ഈ പ്രക്രിയ തുടർന്നു കൊണ്ടിരിക്കും.
ഇസ് ലാമിനോടും മുസ് ലിം കളോടും ഇസ് ലാമിന്റെ അടയാളങ്ങളോടുമുള്ള അസൂയയിൽ നിന്നും ജന്മം കൊണ്ടതാണ് ലോകത്താകമാനം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഇസ് ലാമോഫോബിയ.
വെറുപ്പിന്റെ ഉപാസകരോട് അസന്ദിഗ്ദ്ധമായി രണ്ടു കാര്യം കുറിക്കാനാഗ്രഹിക്കുകയാണ്. ഒന്ന്, അഗാധ ഗർത്തതിലേക്ക് ഇസ് ലാമിനെ തള്ളിവിടാൻ ശ്രമിച്ചാലും ഭീമാകാരമായ മ്ലേച്ഛത വാരിയെറിഞ്ഞാലും ഇസ് ലാം എന്ന സുന്ദരമായ മതം ലോകാന്ത്യം വരെ നിലനിൽക്കുന്നതാണ്. ലോകത്ത് ഉടലെടുത്ത മുഴുവൻ പ്രസ്ഥാനങ്ങളും മനുഷ്യനിർമ്മിത ആശയ ധാരകളും തകർന്നടിയുകയോ സംവാദ ദാരിദ്രം അനുഭവിക്കുകയോ ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇസ് ലാം എന്നും ആശയ സമ്പുഷ്ടതയോടെ പ്രോജ്വലിച്ച് നിൽക്കുന്നു. സ്നേഹവും സാഹോദര്യവും സൗഹാർദ്ദവുമാണ് ഇസ് ലാം മുന്നോട്ട് വെക്കുന്നത്. അപര വിദ്വേഷവും വെറുപ്പും ഇസ് ലാമിന് അന്യമാണ്. ഇസ് ലാമിക പഠനം നടത്തിയവരെല്ലാം മനോഹരമായ ആ തീരത്തേക്ക് പ്രവേശിക്കുകയോ ആ സൗരഭ്യം ആസ്വദിക്കുകയോ ചെയ്തിട്ടുണ്ട്.
ഇസ് ലാം ഇലാഹിയായ മതമാണ്. അതിന്റെ സംരക്ഷകനും ഇലാഹ് തന്നെയാണ്. ഇലാഹായ അല്ലാഹു തന്നെ സംരക്ഷകനായത് കൊണ്ട് ബാഹ്യ ഇടപെടൽ കാരണം തകർന്നടിയുന്നതല്ല ഇസ് ലാം. " നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ മതം ഇസ് ലാമാകുന്നു"(ആലു ഇംറാൻ:19). ഇസ് ലാമിന്റെ ആശയങ്ങൾ ലോകാവസാനം വരെ നിലനിൽക്കുക തന്നെചെയ്യും, അതിൻറെ പ്രസക്തി ദിനേന വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് വിശുദ്ധ ഖുർആനിന്റെ വായന അതാണ് നമ്മെ ബോദ്യപ്പെടുത്തുന്നത് നിരവധി ആളുകളാണ് ഖുർആൻ വായിക്കുകയും പഠനം നടത്തുകയും അതിലൂടെ ഇസ് ലാമിന്റെ തീരത്തണയ്കയും ചെയ്യുന്നത് .
എന്നാൽ ഒരു വിഭാഗം ശത്രുക്കൾ ഖുർആനിനെ ദുർവ്യാഖ്യാനം നടത്തുന്നു അവർ അവർക്ക് ആവശ്യമുള്ള വാക്കുകളെ അടർത്തിയെടുത്ത് തന്നിഷ്ടം വ്യാഖ്യാനിക്കുന്നു.
ഖുർആനിനെ വ്യാഖ്യാനിക്കേണ്ടത് ഇസ് ലാമിലെ അഗാത ജ്ഞാനികളുമാണ്. "നിശ്ചായമായും നാം തന്നെയാണ് ഈ ഗ്രന്ഥത്തെ ഇറക്കിയത് നാം തന്നെ അതിനെ കാത്ത് സൂക്ഷിക്കുന്നതുമാണ്"(ഹിജ്ർ:9)
ആര് പച്ച നുണ പ്രചരിപ്പിച്ചാലും ഇസ് ലാമിന് യാതൊന്നും സംഭവിക്കുകയില്ലെന്ന് മാത്രമല്ല അർത്ഥ ഗർഭവും സ്നേഹ സമ്പന്നവുമായ ഇസ് ലാമിനെ വളച്ചു കെട്ടില്ലാതെ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ഒരു കൂട്ടർ ലോകാന്ത്യം വരെ ഭൂമിക്ക് മുകളിൽ ഉണ്ടായി കൊണ്ടിരിക്കുന്നതാണ്.
രണ്ടാമത്തെകാര്യം, ജിഹാദെന്ന വിശുദ്ധ പദത്തെ ദുർവ്യാഖ്യാനം ചെയ്ത് സമൂഹത്തിൽ ദുഷ് ചിന്ത കുത്തി നിറക്കുന്നവരുടെ മുഖ്യ ആരോപണം ഇസ് ലാമിൽ ആളെ കൂട്ടാൻ വ്യത്യസ്ത തലങ്ങളിൽ ശക്തമായ ജിഹാദ് നടത്തുന്നുവെന്നാണ്. ഇസ് ലാമിലേക്ക് ആളുകളെ റിക്യൂട്ട്മെന്റ് ചെയ്യണമെന്ന് പ്രവാചകർക്കോ പണ്ഢിത ശ്രേഷ്ഠർക്കോ മറ്റോ യാതൊരു നിർബന്ധവുമില്ല. ഇസ് ലാം എന്നത് വൈക്തിക നിയമമാണ്. ഒരാൾക്ക് ഭൗതികവും പാരത്രികവുമായ ജീവിതം സമ്പുഷ്ടമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇസ് ലാമിലേക്ക് കടന്നു വരാം. ചില നിയന്ത്രണങ്ങളും നിയമ വ്യവസ്തിഥികളുമുണ്ട് ഇസ് ലാമിലേക്ക് വരുന്നവർക്ക്. സാമുദായികവും സാമൂഹികവും രാഷ്ട്രീയ സാമ്പത്തിക കുടുംബ പരവുമായ ചിട്ടവട്ടങ്ങളുണ്ട്. അടുക്കള മുതൽ അന്താരാഷ്ട്രം വരെ നീതി യുക്തമായി വ്യവസ്ഥകൾ പാലിച്ചിരിക്കണം. ഒരോ വ്യക്തിയുടേയും തിരഞ്ഞെടുപ്പാണിത്. മുസ് ലിമായാൽ വ്യവസ്ഥകൾ പാലിക്കൽ നിർബന്ധമാണ്. അല്ലാത്ത പക്ഷം പരലോക ജീവിതത്തിൽ പിടിക്കപ്പെടും. എന്നാൽ സാര സമ്പൂർണ്ണമായ ഇസ് ലാമിന്റെ ആശയാദർശങ്ങൾ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും പ്രവാചകൻമാരും പണ്ഢിത മഹത്തുക്കളും മറ്റും നിയോഗിക്കപ്പെട്ടിരിക്കുന്നു. ഏത് കൂരമ്പുകൾക്കിടയിലും ഇസ് ലാമിക സന്ദേശ പ്രചരണം തുടർന്ന് കൊണ്ടേയിരിക്കും.
ഇസ് ലാമിലേക്ക് ആളെ കൂട്ടാൻ വിചാരിച്ചാൽ നടക്കുകയില്ല. വിശ്വാസവുമായി ബന്ധപ്പെട്ടതാണ് ഇസ് ലാം. മനസാ വാചാ കർമ്മണാ അംഗീകരിക്കുന്നവൻ മാത്രമേ മുസ് ലിമാവുകയുള്ളൂ. പിന്നെ എന്ത് നിർബന്ധിത പരിവർത്തനം. "നബിയേ, നിങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ നേർ മാർഗ്ഗത്തിലാക്കാൻ കഴിയുന്നതല്ല. എന്നാൽ അല്ലാഹു അവനുദ്ദേശിക്കുന്നവരെ നേർ മാർഗ്ഗത്തിലാക്കുന്നു." (ഖസസ്-56). അല്ലാഹു വിണ്ടും പറയുന്നു."മതത്തിൽ നിർബന്ധം ചെലുത്തലേ ഇല്ല. നേർമാർഗ്ഗം ദുർമാർഗ്ഗത്തിൽ നിന്നും വ്യക്തമായിരിക്കുന്നുണ്ട്. അത് കൊണ്ട് ആര് ത്വഗൂത്തിനെ നിഷേധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ അവൻ ബലവത്തായ പിടിക്കയർ പിടിച്ചിരിക്കുന്നു.(ബഖറഃ 256)
മുസ് ലിംകൾ എന്നും ജിഹാദ് നടത്തേണ്ടവരാണ്. സ്വദേഹത്തോടാണ് ആദ്യ ജിഹാദ്. മഞ്ഞ കണ്ണട വെച്ച് വക്രബുദ്ധിയോടെ സമീപിക്കന്നവർക്ക് മനസിലാവില്ല ജിഹാദിന്റെ പൊരുൾ. അധർമ്മവും അനീതിയിയും വെടിഞ്ഞ് സംശുദ്ധവും പരിപാവനവുമായ ജീവിതം നയിക്കാൻ കഠിനവും ശ്രമകരവുമായ പ്രയത്നം വേണം. നന്മചെയ്യാനും തിന്മ വെടിയാനുമുള്ള പരിശ്രമമാണ് പരമ പ്രധാനമായ ജിഹാദ്. ലഹരിക്കെതിരെയുള്ള ജിഹാദ്. അന്യപുരുഷസ്ത്രീ ലൗവിനെതിരെയുള്ള ജിഹാദ്. അസത്യം, അധർമ്മം, അനീതി, അവഗണന, സ്വാതന്ത്ര നിഷേധം തുടങ്ങിയവക്കെതിരെയുള്ള ജിഹാദ്. മുസ് ലിമിന്റെ ജിഹാദ് ഇതൊക്കെയാണ്.
ലഹരി കൊടുത്ത് പ്രേമം നടിച്ച് സംസ്ക്കാരങ്ങൾ നശിപ്പിച്ച് ആളെ കൂട്ടേണ്ട ദുർഗതി ഇസ് ലാമിനില്ല. ഇസ് ലാമിന്റെ തത്വസംഹിതകൾ വിശദീകരിക്കപ്പെടും ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം.
Post a Comment