ഇന്നത്തെ നുബാത്തി ഖുതുബയുടെ അർത്ഥം (റജബ് അഞ്ചാമത്തെ വെള്ളിയാഴ്ച്ച)
റജബ് മാസത്തിലെ അഞ്ചാമത്തെ വെള്ളിയാഴ്ച്ച
സർവ്വ വസ്തുക്കളുടെയും സ്തുതിക്ക് വിധേയനാകുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ..,
ജനങ്ങളെ..,_
അല്ലാഹുﷻവിനെ സൂക്ഷിച്ച് ഭക്തിയോടെ ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
നന്മയെ അറിഞ്ഞവൻ തിന്മയെ വെറുക്കും. പരലോകത്തെ ഇഷ്ടപ്പെടുന്നവൻ ദുനിയാവിനെ വെറുക്കും. അനന്തര ഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നവൻ നാശങ്ങളിലേക്ക് മുന്നിടുകയില്ല. നഷ്ടപ്പെടുന്നതിനെ തേടൽ വിവരക്കേടും പ്രയാസകരവുമാണ്. പ്രവർത്തനമില്ലാത്ത വർത്തമാനം പൊടിപടലമാണ്. ഒരു മനുഷ്യൻ സ്വന്തം രഹസ്യത്തെ കുറിച്ച് അറിയുന്നവനാണ്. നിങ്ങളിൽ പെട്ട സർവ്വ പ്രവർത്തകരും അവരുടെ ഉൾക്കാഴ്ചയിലാണ്.
മതങ്ങളിലും പ്രവർത്തനങ്ങളിലും ഉള്ള നാശം ശരീരങ്ങളിലും സമ്പത്തുകളിലും സംഭവിക്കുന്ന നാശത്തേക്കാൾ ഭയങ്കരമാണ്. ഞാൻ നിങ്ങൾക്ക് മുന്നറിവ് നൽകുന്നവനാണ്. നിങ്ങളെ ഉപദേശിക്കുന്നത് കൊണ്ട് കൂടുതൽ ബന്ധപ്പെട്ടവനാണ്. എന്റെ ആത്മാവിന്റെ വിഷയത്തിൽ ഭയപ്പെടുന്നവനും പേടിക്കുന്നവനുമാണ്. അതിന്റെ വീഴ്ചയെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്. അതിനാൽ നിങ്ങൾ അല്ലാഹുﷻവിനെ ഭയപ്പെടുക. വർത്തമാനം കൊണ്ട് തൃപ്തിയടയുന്നതിനേക്കാൾ കണ്ണുകൾ കൊണ്ട് തൃപ്തിയടയുക. വേണ്ടവിധം അല്ലാഹുﷻവിനെ സൂക്ഷിക്കുക. അവനെ തൃപ്തിപ്പെടുത്താൻ പരിശ്രമിക്കുക.
നിശ്ചയം നിങ്ങൾ സ്വീകാര്യതയുള്ള മാസത്തിലാണ്. അടുത്ത്തന്നെ തീർന്ന് പോകുന്ന ദിവസങ്ങളിലാണ്. അവയെ നഷ്ടപ്പെടുത്തിയവന്റെ ഖേദം നീണ്ടു പോകും. അവയുടെ അവകാശത്തെയും സ്ഥാനത്തെയും അറിഞ്ഞവന്റെ സുരക്ഷ നിത്യമായിരിക്കും. റജബ് വിടവാങ്ങലിനെ കുറിച്ച് അറിയിച്ചിരിക്കുന്നു. അതിനു ശേഷം ശഅ്ബാൻ അടുത്തെത്താറായിട്ടുണ്ട്.
റജബിൽ നന്മകൾ കൊണ്ട് വിജയിക്കാത്തവന്റെ ഖേദമേ! അടുത്ത വർഷത്തേക്ക് തൗബ നീട്ടിവെച്ചവന്റെ പരാജയമേ! ജീവിതത്തിൽ നിന്നും തനിക്കുള്ളതല്ലാത്ത ഒന്ന് -ദുനിയാവ്- കൊണ്ട് അവൻ ഉറപ്പിച്ചിരിക്കുന്നു. നിർബന്ധമായ മരണത്തിൽ നിന്നും അവൻ നിർഭയനായിരിക്കുന്നു.
ഹൃദയത്തിൽ സീലടിക്കപ്പെട്ടവനായും, സുഹൃത്തുക്കളിൽ നിന്നും വളരെ പിന്തിയവനായും, ദോഷത്തിൽ ഉറച്ചിരിക്കുന്നവനായും, രക്ഷിതാവിന്റെ കോപം സമ്പാദിച്ചവനായും അവൻ അനുഗ്രഹത്തിൽ നിന്നും അവൻ ഒരു പാട് അകന്നിരിക്കുന്നു.
ആ വിധം പ്രസ്തുത മാസത്തെ തെറ്റുകൾ കൊണ്ട് തരം താഴ്ത്തിയതിൽ അവന്നെതിരെ സാക്ഷിയാകുന്നതായി അവന്റെ മാസത്തിന്റെ രാപകലുകൾ കഴിഞ്ഞു പോയി. ശേഷം ഒട്ടും താമസിച്ചില്ല. മരണം അതിന്റെ വലകളെ അവന്റെ മുമ്പിൽ നാട്ടിവെച്ചു. അവന്റെ നാശത്തെ അവന്നരികിലേക്ക് കൊണ്ട് വന്നു. അപ്പോൾ താൻ നിഷേധിച്ചതിനെ അവൻ അറിഞ്ഞു. അവൻ ചെറുതായി കണ്ടതിനെ വലുതായി ബോദ്ധ്യപ്പെട്ടു. അവൻ വീഴ്ച വരുത്തിയതിൽ അവൻ ഖേദിച്ചു. മരണത്തെ കണ്ടപ്പോൾ അവൻ കണ്ണുനീരൊഴുക്കി.
അവന്റെ വേദം അൽപവും അവന് ഗുണം ചെയ്തില്ല. അവന്റെ കണ്ണുനീർ അവന്റെ അസുഖത്തെ സുഖപ്പെടുത്തിയില്ല. അവയെല്ലാം എങ്ങിനെ സാദ്ധ്യമാകും? അവന്റെ ഗ്രന്ഥം ചുരുക്കപ്പെട്ടു. മടക്കം
ഇല്ലാതാക്കപ്പെട്ടു. അവന്റെ കണക്ക് തെറ്റു തീർക്കപ്പെട്ടു. അവന്റെ സമ്പാദ്യം കരസ്ഥമാക്കപ്പെട്ടു. അവന്റെ മേൽ ശിക്ഷയോ കൂലിയോ ബന്ധപ്പെട്ടതായി.
പ്രതീക്ഷയില്ലാത്ത ഖബറിൽ ബന്ധിക്കപ്പെട്ടവനെന്ന നിലയിൽ, അയൽപക്കബന്ധം പുലർത്താത്ത അയൽവാസികളുടെ അയൽക്കാരൻ എന്ന നിലയിൽ, കൂട്ടുകൂടാത്ത സുഹൃത്തുക്കളുടെ സുഹൃത്ത് എന്ന നിലയിൽ അവന്റെ അവസ്ഥ എന്തായിരിക്കും..?
അവർ ഉള്ളവരായ സ്ഥിതിയിൽ -ഉപകാരം ചെയ്യാൻ കഴിയാത്തവർ എന്ന നിലക്ക്- ഇല്ലാതാക്കപ്പെട്ടവരാണ്. ഒരു നീണ്ട യാത്രയിൽ നിലകൊള്ളുന്നവരാണ്. അഭിസംബോധന ചെയ്യപ്പെട്ടാൽ സംസാരിക്കാൻ അവർക്ക് കഴിയുകയില്ല. ചോദിക്കപ്പെട്ടാൽ മറുപടി പറയാനും കഴിയുകയില്ല.
അല്ലാഹുﷻവിന്റെ വിധി അവരിൽ ചാടി വീണു. അപ്പോൾ അവർ അടങ്ങി. നാശം അവരേയും കൊണ്ടു ആഴക്കടലിൽ പ്രവേശിച്ചു. അപ്പോൾ അവർ പരാജയപ്പെട്ടു. മരണത്തിന്റെ ഉറക്ക് അവരെ പൊതിഞ്ഞു. അപ്പോൾ അവർ ഉറങ്ങി.
അവരോട് പറയപ്പെട്ടതും, അവർ എത്തിച്ചതും ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ അവരുടെ സമ്പാദ്യം കൊണ്ട് അവർ ഭാഗ്യം കെട്ടവരായോ? അതോ വിജയികളായോ?
രക്ഷയുടെ വഴിയിൽ പ്രവേശിച്ചവന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ.., വാദത്തിന്നു തെളിവ് കരുതിയവന്നും. നിശ്ചയം അവൻ ചോദിക്കപ്പെടുന്നവനാണ്. ദുനിയാവിൽ നിന്നും പരലോകത്തേക്ക് നീക്കപ്പെടുന്നവനാണ്. ശരിയാം വിധം അല്ലാഹു ﷻ നമ്മെ സഹായിക്കട്ടെ..,
അടക്കി ഭരിക്കുന്നവനും, ഏകനും, രാജാവുമായ അല്ലാഹുﷻവിന്റെ വചനം:
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
الر ۚ كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ ﴿١﴾ أَلَّا تَعْبُدُوا إِلَّا اللَّـهَ ۚ إِنَّنِي لَكُم مِّنْهُ نَذِيرٌ وَبَشِيرٌ ﴿٢﴾ وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ ﴿٣﴾ إِلَى اللَّـهِ مَرْجِعُكُمْ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٤﴾
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുﷻവിന്റെ തിരുനാമത്തിൽ,
അലിഫ്-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുﷻവിന്‍റെ അടുക്കല്‍ നിന്നുള്ളതത്രെ അത്. എന്തെന്നാല്‍ അല്ലാഹുﷻവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. തീര്‍ച്ചയായും അവങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാര്‍ത്തക്കാരനുമത്രെ ഞാന്‍. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൌഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു. അല്ലാഹുﷻവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. അവന്‍ എല്ലാകാര്യത്തിനും കഴിവുള്ളവനത്രെ.
(ഹൂദ് : 1-2-3-4)
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.
📍രണ്ടാമത്തെ ഖുതുബ
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
ജനങ്ങളെ..,_
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment