വഹാബിസത്തിൽ നിന്ന് കൈ കഴുകിക്കയറാൻ സൗദി അറേബ്യയുടെ ശ്രമം. ഇനി നാലു മദ്ഹബുകളേയും രാജ്യം ഉൾക്കൊള്ളും. മുഹമ്മദ് ബിൻ അബ്ദിൽ വഹാബിനെ തള്ളി സൗദി കിരീടാവകാശി
ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽവഹാബ് അല്ല സഊദി അറേബ്യയെന്നും സഊദിയിൽ സുന്നി, ശിയാ ചിന്താധാരകളുണ്ടെന്നും കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. അമേരിക്കൻ മാസികയായ അറ്റ്ലാന്റിക്കിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി. സുന്നി ചിന്താധാരയിൽ നാലു മദ്ഹബുകളുണ്ട്. ശിയാ ചിന്താധാരയിലും ഇതേപോലെ പല അവാന്തര വിഭാഗങ്ങളുമുണ്ട്. സഊദിയിൽ മതപരമായ കാഴ്ചപ്പാടിനുള്ള ഏക മാർഗം എന്നോണം ഏതെങ്കിലും ഒരു ചിന്താധാര മാത്രം പ്രചരിപ്പിക്കാൻ ആർക്കും കഴിയില്ല. എൺപതുകളിലും തൊണ്ണൂറുകളിലും ഇരുത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അങ്ങിനെ സംഭവിച്ചിരിക്കാം. എന്നാൽ ഇന്ന് ഇക്കാര്യങ്ങളെല്ലാം ശരിയായ ട്രാക്കിലാണെന്നും കിരീടാവകാശി വ്യക്തമാക്കി.
സഊദി അറേബ്യയുടെ ആത്മാവ് ഇസ്ലാമിക തലത്തിൽ അധിഷ്ഠിതമാണെന്ന് ഉറപ്പാക്കാൻ, കലർപ്പില്ലാത്ത ഇസ്ലാമാണ് അവലംബിക്കുന്നതെന്ന്. പ്രവാചകനും ഖലീഫമാരും ജീവിച്ചു കാണിച്ചു തന്ന യഥാർഥ ഇസ്ലാമിന്റെ മൂല്യങ്ങളിലേക്ക് മടങ്ങാനാണ് സഊദി അറേബ്യ ശ്രമിക്കുന്നത്. പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്തെ സമൂഹങ്ങൾ സമാധാന പ്രിയരും തുറന്ന മനസ്സുള്ളവരുമായിരുന്നു. അവർക്കിടയിൽ ക്രിസ്ത്യാനികളും ജൂതന്മാരും ജീവിച്ചിരുന്നു. മുഴുവൻ സംസ്കാരങ്ങളെയും മതങ്ങളെയും മാനിക്കാൻ ഇസ്ലാമികാധ്യാപനങ്ങൾ ആവശ്യപ്പെടുന്നു. തീവ്രവാദികൾ ഇസ്ലാമിനെ ഹൈജാക്ക് ചെയ്യുകയും
തങ്ങളുടെ താൽപര്യങ്ങൾക്കനുസൃതമായി മതമൂല്യങ്ങളെ വളച്ചൊടിക്കുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പ്രബോധകനാണ്. ആദ്യ സഊദി ഭരണകൂടത്തിൽ പ്രവർത്തിച്ച നിരവധി രാഷ്ട്രീയ, സൈനിക പ്രവർത്തകരിൽ പെട്ട പ്രബോധകൻ മാത്രമായിരുന്നു അദ്ദേഹം. അക്കാലത്ത് അറേബ്യൻ ഉപദ്വീപിൽ ആളുകൾക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. ഇവർ മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ വിദ്യാർഥികളായിരുന്നു. അവരുടെ കാഴ്ചപ്പാടിലാണ് ചരിത്ര രചന നടത്തിയത്. ഇത് നിരവധി തീവ്രവാദികൾ ദുരുപയോഗിച്ചിട്ടുണ്ട്.
ലോകത്ത് ഇത്രയും തീവ്രവാദം സൃഷ്ടിക്കുന്നതിൽ മുസ്ലിം ബ്രദർഹുഡ് വലിയ പങ്ക് വഹിക്കുന്നുണ്ട്. ആളുകളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്ന പാലം പോലെയാണ് ചില ബ്രദർഹുഡുകാർ പ്രവർത്തിക്കുന്നത്. അവരുമായി സംസാരിക്കുമ്പോൾ അവർ തീവ്രവാദികളാണെന്ന് തോന്നില്ല. എന്നാൽ അവർ ആളുകളെ തീവ്രവാദത്തിലേക്ക് നയിക്കും. ഉസാമ ബിൻ ലാദിനും അയ്മൻ അൽസവാഹിരിയും ബ്രദർഹുഡ് ഉൽപന്നനങ്ങളായിരുന്നു. ഐ.എസ് നേതാവ് ബ്രദർഹുഡുകാരനായിരുന്നു. മുൻ ദശകങ്ങളിൽ തീവ്രവാദ നിർമിതിയിൽ മുസ്ലിം ബ്രദർഹുഡ് ശക്തമായ പങ്ക് പങ്കുവഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Post a Comment