ഇന്നത്തെ നുബാത്തി ഖുതുബയുടെ അർത്ഥം - ജുമാദൽ ആഖിർ ഒന്നാമത്തെ വെള്ളിയാഴ്ച്ച

ജുമാദൽ ആഖിർ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച

    സർവ്വ രഹസ്യങ്ങളും അറിയുന്ന അല്ലാഹുﷻവിന്നാണ് സർവ്വ സ്തുതിയും.

   എന്നെന്നും മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.

_ജനങ്ങളെ..,_
   അല്ലാഹുﷻവിനെ ഭയപ്പെട്ടു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

   മരണം തേടിക്കൊണ്ടിരിക്കുന്നവൻ എങ്ങിനെ സ്ഥിരവാസത്തെ രുചിക്കും. കാലത്തിന്റെ യുദ്ധത്തിനു വിധേയമാകുന്നവന്ന് എങ്ങിനെ വിജയിക്കാനാകും. ആഗ്രഹത്തെ വാഹനമാക്കിയവനെ അത് നശിപ്പിക്കും. യാത്ര ചെയ്യുന്നവൻ ദുനിയാവിനെ എങ്ങിനെയാണ് ഭവനമാക്കുക.

   എല്ലാറ്റിനും കാരണം വ്യാപകമായ അശ്രദ്ധയും നിരർത്ഥകമായ ആഗ്രഹവും, തെറ്റായ സ്വഭാവവും, ധൃതിപ്പെട്ടുവരുന്ന മരണവുമാണ്. അവയെല്ലാം രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. നിരവധി സമുദായങ്ങൾ ആ വിധം കഴിഞ്ഞു പോയി.

   വിപത്തുകളുടെ വേട്ടജന്തുക്കളെ, ഖബറുകളുടെ മണവാട്ടികളെ, നാശങ്ങളുടെ നാട്ടക്കുറികളെ, രോഗങ്ങളുടെ കവർച്ചാ മുതലുകളെ, മരണം നിങ്ങളുടെ വീടുകളിൽ കയ്യടിച്ചു വരികയും ശബ്ദമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. കാലത്തിന്റെ വിപത്ത് നിങ്ങളോട് സത്യം പറഞ്ഞിരിക്കുന്നു. മരിച്ചു പോയവരെകൊണ്ട് നിങ്ങളെ ഉപദേശിച്ചിരിക്കുന്നു. കാലത്തിന്റെ കറക്കത്തിൽ നിങ്ങളിലും അൽഭുതം സംഭവിക്കുന്നത് ഞാൻ കാണുന്നു.

   നിങ്ങളിലേക്ക് അതിന്റെ ആക്രമണത്തെ മടക്കി വിട്ടിരിക്കുന്നു. നിങ്ങളുടെ ശക്തിയെ അടച്ചിരിക്കുന്നു. അശ്രദ്ധയെ നിങ്ങളിൽ അത് ഉപയോഗപ്പെടുത്തിയിരിക്കുന്നു. തെറ്റിനെ നിങ്ങളോടത് കെട്ടിച്ചമച്ച് പറഞ്ഞിട്ടില്ല.

   അല്ലാഹുﷻവിന്റെ അടിമകളെ.., നിങ്ങൾ ധൃതിപ്പെടുക. വഴി ലക്ഷ്യത്തിലെത്താൻ സൗകര്യമുള്ളതാണ് സ്ഥലം ഇടുങ്ങുന്നതിന്റെയും, നാവ് ചുരുങ്ങുന്നതിന്റെയും, വിപത്തുകൾ ഇറങ്ങിയതിനാൽ നിറങ്ങൾ മഞ്ഞയാകുന്നതിന്റെയും, കഠിനവിപത്ത് -മരണം- ചാടിവീഴുന്നതിന്റെയും, ഖബർ നിർബന്ധമാകുന്നതിന്റെയും, പരലോകം മുന്നിലെത്തുന്നതിന്റെയും, മഹ്ശറയിൽ സമ്മേളിക്കുന്നതിന്റെയും മുമ്പായിരിക്കട്ടെ നിങ്ങളുടെ -നന്മയിലേക്കുള്ള- കുതിപ്പ്. 

   ആ ദിവസം എത്ര മുഖങ്ങളാണ് പൊടിപുരണ്ടതിനാൽ മണ്ണിന്റെ നിറമുള്ളതാവുക, എത്ര പിരടികളാണ് പ്രയാസത്താൽ നീട്ടപ്പെടുന്നത്, എത്ര മുഖങ്ങളാണ് കറുത്ത് പോകുന്നത്, എത്ര കണ്ണുകളാണ് മടക്കപ്പെടാതിരിക്കുന്നത് -കാണുന്നതിന്റെ ഭീകരതയാൽ- തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത്. മഹ്ശറയുടെ ചലനം അവരെ പ്രയാസപ്പെടുത്തിയിട്ടുണ്ട്. അതിലുള്ള പുക അവരെ മുടിയിരിക്കുന്നു. അവർക്ക് അതിന്റെ തീ -നരകം- വെളിവാക്കപ്പെട്ടിരിക്കുന്നു. അതിന്റെ വിധികർത്താവ് -അല്ലാഹുﷻ- വിധിക്കു വേണ്ടി വെളിപ്പെട്ടിരിക്കുന്നു.

   അല്ലാഹുﷻവിന്റെ അടിമകളെ.., സൽക്കർമ്മങ്ങൾ വിൽക്കപ്പെടുന്ന ചരക്കുകളാകുന്ന ദിവസത്തെക്കുറിച്ച് നിങ്ങൾ എന്ത് ധരിക്കുന്നു. ആ ദിവസത്തിൽ സാക്ഷി പറയുന്നവർ മനുഷ്യന്റെ അവയവങ്ങളാണ്. അതിന്റെ ജയിൽ നരകമാണ്. അതിന്റെ വിധി കർത്താവ് പരമാധികാരിയായ അല്ലാഹുﷻവാണ്. ഖേദിച്ചവൻ പരാമർശിക്കപ്പെടാത്ത ദിവസമാണന്ന്. അന്ന് അല്ലാഹുﷻവിന്റെ കൽപനയിൽ നിന്നും രക്ഷകിട്ടുന്നവൻ അവന്റെ അനുഗ്രഹത്തിന് അർഹത നേടിയവൻ മാത്രമാണ്.

   അല്ലാഹുﷻവിന്റെ അനുഗ്രഹം കൊണ്ട് സ്വർഗ്ഗം കിട്ടുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപെടുത്തട്ടെ..,

          *ഭംഗിയുള്ളവയായി സൃഷ്ടികളെ സൃഷ്ടിച്ച അല്ലാഹുﷻവിന്റെ വചനംഃ*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّـهِ الْوَاحِدِ الْقَهَّارِ ﴿٤٨﴾ وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الْأَصْفَادِ ﴿٤٩﴾ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ ﴿٥٠﴾لِيَجْزِيَ اللَّـهُ كُلَّ نَفْسٍ مَّا كَسَبَتْ ۚ إِنَّ اللَّـهَ سَرِيعُ الْحِسَابِ ﴿٥١﴾ هَـٰذَا بَلَاغٌ لِّلنَّاسِ وَلِيُنذَرُوا بِهِ وَلِيَعْلَمُوا أَنَّمَا هُوَ إِلَـٰهٌ وَاحِدٌ وَلِيَذَّكَّرَ أُولُو الْأَلْبَابِ ﴿٥٢﴾* 
 
*(ഈ ഭൂമിയും ആകാശങ്ങളും ഇതല്ലാത്ത മറ്റൊന്നായി പരിവര്‍ത്തിപ്പിക്കപ്പെടുകയും, സര്‍വരെയും അടക്കി ഭരിക്കുന്നവനും ഏകനുമായ അല്ലാഹുﷻവിങ്കല്‍ അവര്‍ ഹാജറാവുകയും ചെയ്യുന്ന ദിവസം! പാപികള്‍ അന്നു ചങ്ങലകളില്‍ ബന്ധിതരായി താങ്കള്‍ക്കു കാണാം. അവരുടെ കുപ്പായങ്ങള്‍ താറുകൊണ്ടുള്ളതായിരിക്കും; മുഖങ്ങളെ അഗ്നി ആവരണം ചെയ്യുന്നതുമാണ്. ഓരോ വ്യക്തിക്കും താന്‍ അനുവര്‍ത്തിച്ചതിന്ന് അല്ലാഹു ﷻ പ്രതിഫലം കൊടുക്കുവാനത്രേ ഇത്. നിശ്ചയം, അതിദ്രുതം കണക്കുനോക്കുന്നവനാണവന്‍ ഖുര്‍ആന്‍ മുഖേന മുന്നറിയിപ്പ് നല്‍കപ്പെടാനും, ഏകനായ ആരാധ്യനാണ് അവനെന്നു മനസ്സിലാക്കാനും, ബുദ്ധിമാന്‍മാര്‍ ആലോചിച്ചു ഗ്രഹിക്കാനുമായി മാനവകുലത്തിനുള്ള സ്പഷ്ടമായ ഉദ്‌ബോധനമാണിത്.)*
  *(ഇബ്റാഹീം : 48, 49, 50, 51, 52)*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*
   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.