ഇന്നത്തെ നുബാത്തി ഖുതുബയുടെ അർത്ഥം - ജുമാദൽ ഊലാ നാലാമത്തെ വെള്ളിയാഴ്ച്ച

ജുമാദൽ ഊലാ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച

       ശിക്ഷിക്കൽ ശക്തിയായവനും, വാക്കുകൾ യഥാർത്ഥമായവനും, വളരെയധികം മഹത്വമുള്ളവനുമായ അല്ലാഹുﷻവിന്നാണ് സർവ്വ സ്തുതിയും.

   മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടേ..,

   ജനങ്ങളെ..
   അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

   ഹൃദയങ്ങളുടെ ചെവികൾ കൊണ്ട് വിപത്തുകളുടെ മുട്ടലിലേക്ക് നിങ്ങൾ ശ്രദ്ധിക്കുക. വയസ്സുകളെ കൊള്ളയടിക്കുന്നതിൽ അതിന്നുള്ള ഒരു മുഴക്കം നിങ്ങൾക്ക് കേൾക്കാം. വീടുകളെ വിജനമാക്കുന്നതിൽ ദീർഘകാലമായി ആ മുട്ടൽ മുഴുകിയിരിക്കുന്നതായും മരണത്തെ അത് പൂർത്തീകരിക്കുന്നതായും രാപകലുകൾ വ്യത്യാസമന്യേ -അത്- സജീവമായി നിലനിൽക്കുന്നതായും നിങ്ങൾക്ക് മനസ്സിലാക്കാം.

   മനുഷ്യചരിത്രങ്ങളിലും കാലവിപത്തുകളിലും ചിന്തിച്ചു മനസ്സിലാക്കുന്നവർക്ക് ദുനിയാവിന്റെ അപൂർണ്ണതക്കും തകർച്ചക്കും മരണത്തിന്റെ വ്യാപ്തിക്കും സൂചനയുണ്ട്.

   അറിയുക -അല്ലാഹുﷻവാണ് സത്യം- ചീത്ത പ്രവർത്തനങ്ങൾ ഹൃദയങ്ങളെ കറപിടിപ്പിച്ചിരിക്കുന്നു. ആത്മാക്കളിൽ അവയുടെ നാശം നിസാരമായിട്ടുണ്ട്. യാത്ര പോവേണ്ട ഭവനത്തിൽ ദുനിയാവിൽ സ്ഥിരവാസമുണ്ടെന്ന് അവ ഭാവിച്ചിരിക്കുന്നു. നാശങ്ങളുടെ ഭവനത്തിൽ അവ രക്ഷ കൊതിക്കുന്നു. ആഗ്രഹങ്ങളുടെ കടിഞ്ഞാണുകൾ കൊണ്ട് ബന്ധിക്കപ്പെട്ട ആത്മാക്കൾ ദുനിയാവിനോട് അടുപ്പിക്കപ്പെട്ടിരിക്കുന്നു. അവയുടെ കൊള്ളരുതാത്ത അഭിപ്രായങ്ങൾ കൊണ്ട് ആക്ഷേപിക്കപ്പെട്ടവയായും, വയസ്സുകളുടെ സുഗന്ധത്തിൽ പൊതിയപ്പെട്ടവയായും രഹസ്യവും, പരസ്യവുമായ പ്രവർത്തനങ്ങൾക്ക് പ്രതിഫലാർഹമായവയായുമാണ് അവ നില കൊള്ളുന്നത്‌

   അപ്പോഴതാ മരണം അതിന്റെ പല്ലിറുമ്മൽ ശബ്ദം അവയെ കേൾപ്പിച്ചിരിക്കുന്നു. അതിന്റെ കയ്പ്പു നീര് അവയെ കുടിപ്പിച്ചിരിക്കുന്നു. അങ്ങിനെ അവയുടെ മക്കളെ മരണം അനാഥകളാക്കി, ഭാര്യമാരെ വിധവകളാക്കി അവയുടെ വാസസ്ഥലങ്ങളെ അത് വിജനമാക്കി, ശരീരങ്ങളെ ഖബറുകളിലെത്തിച്ചു. മുൻപല്ലുകളെ പൊടിച്ചുകളഞ്ഞു. മുടികളെ കൊഴിച്ചു കളഞ്ഞു. മുഖപ്രസന്നതയെ ചീത്തയാക്കി. ശരീരഘടനയെ വ്യത്യാസപ്പെടുത്തലിന്നു വേഗത കൂട്ടി ഇല്ലായ്മയിലേക്ക് എത്തിച്ചു. കഴിഞ്ഞു പോയ സമുദായങ്ങളെ മരണം ചെയ്തപോലെ.

   മേൽ ഉപദേശത്തിൽ -അല്ലാഹുﷻവിന്റെ അടിമകളെ..- പരലോക യാത്രയെക്കുറിച്ചുള്ള മുന്നറിയിപ്പ് ഇല്ലയോ? പരലോകത്തേക്കുള്ള മാറ്റത്തിനെ അറിയിക്കുന്നതും ദുനിയാവിന്റെ ചതികളെ തൊട്ട് ജോലിയാക്കുന്നതും ഹൃദയങ്ങളെ വിറപ്പിക്കുന്നതുമായ മുന്നറിയിപ്പ്.

   എങ്കിൽ എങ്ങിനെയായിരിക്കും ആലോചിച്ചു നോക്കൂ. മരണമാണ് ദീർഘയാത്രയുടെ ഭവനങ്ങളോട് ഏറ്റവും അടുത്തത്, ഭാരമേറിയ ദിവസത്തിന്റെ ഉറവകളിൽ നിന്നും ഏറ്റവും തെളിഞ്ഞത്. അതിന്റെ സ്ഥിതിയോ? നാം വിവരിച്ചതും മരണത്തിന്റെ ശേഷമുള്ളത അതിഭയങ്കരവും, കഠിനവുമായിരിക്കും.

   കൂട്ടുകാരൻ കൂട്ടുകാരനിൽ നിന്നും ഓടുന്ന ദിവസമാണത്. കൂട്ടം കൂട്ടമായി മലക്കുകൾ ഇറങ്ങുന്നതുമായ (ദിവസം) വിപത്തുകളിൽ മുങ്ങിക്കഴിഞ്ഞാൽ എങ്ങിനെയാവും അവസ്ഥ? വഴി പ്രയാസകരവും രക്ഷ തേടുകയും ചെയ്യുമ്പോൾ നന്നേ ചെറിയവയെ കുറിച്ചു പോലും വാദം നടക്കുമ്പോൾ, തെളിവുകൾ നൽകൽ അനിവാര്യമാകുമ്പോൾ, പരാജിതർ കരച്ചിലിനാലും ഭീകരതയാലും വിലപിക്കുമ്പോൾ നിന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചു നോക്കൂ. 

   അവിടെ വെച്ച് കുറ്റവാളികൾ ഒരു തരം നാശം പിടിച്ച ഉറക്കത്തിലായിരിക്കും. ശിക്ഷ കാണുന്ന സമയത്ത് അക്രമികളെ നീ കാണുകയാണെങ്കിൽ, അവർ പറയും തിരിച്ചു പോവാൻ വല്ല മാർഗ്ഗവുമുണ്ടോ?

   അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ പ്രയത്നിച്ചു കൊണ്ട് കളിയെ ഉപേക്ഷിച്ചവരിൽ അല്ലാഹു ﷻ നമ്മെ ഉൾപെടുത്തട്ടെ..,

   തുല്ല്യനേയും, സമമായവനേയും ഏതൊരാൾക്ക് എത്തിക്കാൻ നമുക്ക് കഴിയുന്നില്ലയോ അവന്റെ -അല്ലാഹുﷻവിന്റെ- വചനംഃ

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*قُلِ اللَّـهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿٢٦﴾*

   (പ്രഖ്യാപിക്കുക: അല്ലാഹു ﷻ നിങ്ങളെ ജീവിപ്പിക്കുകയും പിന്നീട് മരണപ്പെടുത്തുകയും അനന്തരം അന്ത്യനാളിലേക്ക് നിസ്സംശയം സംഗമിപ്പിക്കുകയും ചെയ്യും. പക്ഷേ, മിക്ക ജനങ്ങളും സത്യമറിയുന്നില്ല.
  (ജാസിയ : 26)

രണ്ടാമത്തെ ഖുതുബ

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   ജനങ്ങളെ..,
   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.