കമ്മ്യൂണിസം, വഹാബിസം; ഭിന്നിപ്പ് എന്തിന്?


✒️അബ്ദുൽ ഹമീദ് ഫൈസി 
അമ്പലക്കടവ്

കമ്മ്യൂണിസം മത നിഷേധത്തിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ്. മതവിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത മുസ്ലിംകളാണ് അവരുടെ മുഖ്യശത്രു.
ഉയിഗൂരിലെ മുസ്‌ലിംകൾ കമ്മ്യൂണിസ്റ്റ് ചെയ്തിയിൽ നിന്നനുഭവിക്കുന്ന ദുരിതങ്ങൾ വർണ്ണനാതീതമാണ്.
കമ്മ്യൂണിസ്റ്റുകൾക്ക് സ്വാധീനമുള്ള കേരളത്തിലെ പാർട്ടി ഗ്രാമങ്ങളിൽ മറ്റുള്ളവർ, പ്രത്യേകിച്ച് മുസ്ലിംകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഒട്ടും നിസ്സാരമല്ല. അതുകൊണ്ടുതന്നെ ഒരുകാലത്തും കമ്മ്യൂണിസവുമായി രാജിയാവാൻ ഒരു മുസ്ലിമിന് കഴിയില്ല. 
     89 കളിൽ ചിലർ സുന്നിക്ക് കമ്മ്യൂണിസ്റ്റാകാമെന്ന്  ഫത്‌വ കൊടുത്തപ്പോൾ കമ്മ്യൂണിസ്റ്റ് വിരുദ്ധ വാരാചരണം നടത്തിയവരാണ് സമസ്തയുടെ മക്കൾ.
കമ്മ്യൂണിസത്തിന് എതിരെ ഗ്രന്ഥ രചനയും ആനുകാലികങ്ങളിൽ ലേഖനങ്ങളും പഠന ക്ലാസ്സുകളും നടത്തുന്നവരാണ് മുസ്‌ലിം സംഘടനകൾ. അത് നാം തുടർന്നുകൊണ്ടേയിരിക്കുന്നു. ഇനിയും തുടരും. തുടരണം. വഹാബിസം നമ്മുടെ ഉള്ളിൽ നിന്ന് കാർന്നുതിന്നുന്ന വെഞ്ചെതലാണ്. ഖുർആനും ഹദീസും പറഞ്ഞ് ഉള്ളിലൂടെ അരിച്ചുവരുന്ന മത പരിഷ്കരണ വാദികൾ അത്യന്തം അപകടകാരികൾ തന്നെ.

 കമ്മ്യൂണിസം മതനിഷേധമാണെങ്കിൽ ആ മതനിഷേധത്തിലേക്കുള്ള പാലമാണ് വഹാബിസം. ചേകന്നൂർ മൗലവി മത നിഷേധിയായത്  വഹാബിസത്തിലൂടെയാണ്. സി.എൻ മൗലവി വഴി തെറ്റിയത് വഹാബിസത്തിലൂടെയാണ്. ജാമിത ടീച്ചർ നിഷേധിയായത് വഹാബിസത്തിലൂടെ തന്നെ. വഹാബി പ്രസ്ഥാനത്തിൽ വലിയൊരു വിഭാഗം ഇന്ന് അർദ്ധ നിഷേധികളാണെന്ന സത്യം അവർ തന്നെ തുറന്നെഴുതി പരിതപിക്കുന്നുണ്ട്.
രണ്ടും അപകടകാരികളാണെന്നർത്ഥം. വ്യത്യാസം ഇതുമാത്രം. കമ്മ്യൂണിസത്തെ എതിർക്കാൻ എല്ലാ മുസ്‌ലിം സംഘടനകളുമുണ്ടെങ്കിൽ വഹാബിസത്തെ എതിർക്കാൻ സമസ്ത മാത്രമാണുള്ളത്. മറ്റൊരു വ്യത്യാസം, ഒന്ന് പുറത്തെ ശത്രുവാണെങ്കിൽ മറ്റൊന്ന് അകത്തെ ശത്രുവാണ്. സമസ്ത രൂപീകൃതമായ ലക്ഷ്യവും പ്രധാന ഉദ്ദേശ്യവും ബിദ്അത്തിനെതിരെയുള്ള പോരാട്ടമാണ്. അത് ഇന്നും സമസ്ത തുടരുന്നു. പല അറബ് രാജ്യങ്ങളും വഹാബി വത്ക്കരിക്കപ്പെട്ടപ്പോൾ കേരളം പിടിച്ചു നിന്നത് സമസ്തയുടെ നിതാന്ത ജാഗ്രതയിലൂടെയാണ്.

കഴിഞ്ഞ കുറച്ചു കാലമായി നാം നേരിടുന്ന പ്രശ്നമാണ് ലിബറലിസവും വഹാബി ലളിത വൽക്കരണവും. ഇസ്ലാമിൽ പുരുഷമേധാവിത്വമുണ്ടെന്നും സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകപ്പെടാതെ പോയെന്നും  ചിലർ വിലപിക്കുന്നു. ശരീഅത്ത് ആവിഷ്കരിക്കുന്ന കാലത്ത് പുരുഷന്മാരായ സ്വഹാബികൾ നേതൃത്വം നൽകിയതാണത്രെ കാരണം. സ്ത്രീയുടെ സ്വത്തവകാശത്തിലും വിവേചനമുണ്ടെന്നിവർ പറയുന്നു. ശരീഅത്ത് ഭേദഗതി ചെയ്യൽ തെറ്റെല്ലെന്നും വാദിക്കുന്ന ഇക്കൂട്ടർ ചില സമന്വയ സ്ഥാപനങ്ങളിലെ ബിരുദധാരികളാണെന്നതാണ് ഖേദകരം.
ബിദ്അത്തുകാരുമായി അകലം പാലിക്കൽ സമസ്തയുടെ പ്രഖ്യാപിത നിലപാടാണെങ്കിൽ, ആ അകലം കുറച്ചു എന്ന് മാത്രമല്ല സലഫി സംസ്ഥാനസമ്മേളനത്തിൽ വിഷയാവതരണം വരെ നടത്തുന്നു ചിലർ. അപകടകരമായ ഇത്തരം പ്രവണതകൾ കമ്മ്യൂണിസ്റ്റ് ആരോപണത്തിന്റെ മറവിൽ വിസ്മരിക്കാവതല്ല.
സമസ്ത നേതാക്കൾ ഇടതുപക്ഷ ഗവൺമെന്റിന് നിവേദനം നൽകുകയും സമസ്ത പ്രസിഡണ്ട് ചിലപ്പോൾ മുഖ്യമന്ത്രിയെ നേരിട്ട് വിളിക്കുകയും മുഖ്യമന്ത്രി തിരിച്ചു വിളിക്കുകയും ചെയ്യുന്നതാണ് കമ്മ്യൂണിസ്റ്റ് ആരോപണത്തിനു പിന്നിൽ. സമസ്തയിൽ നിന്ന് ആരെങ്കിലും കമ്മ്യൂണിസ്റ്റായെന്നോ കമ്മ്യൂണിസത്തിന് വോട്ട് ചെയ്യണമെന്നോ പറഞ്ഞതായി ആരും ആരോപിക്കുന്നില്ലല്ലോ. കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനക്ക് സർക്കാറുമായി ബന്ധപ്പെടാൻ പാടില്ലേ.?
ഫാസിസ്റ്റുകൾ പിടിമുറുക്കി കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ കെട്ടുറപ്പുള്ള സംഘടനാ സംവിധാനത്തിൽ വിള്ളലുണ്ടാക്കാൻ കാരണമാകുന്നവർ പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊള്ളണം.
നബി(സ) അവിടുത്തെ ജീവിതാവസാനത്തിൽ മൂന്ന് വസിയ്യത്തുകളാണ് നമുക്ക് നൽകിയത്. അതിൽ ഒന്ന് ഇപ്രകാരം: “നേതൃത്വത്തെ നിങ്ങൾ അനുസരിക്കുക തന്നെ വേണം. എത്യോപിക്കാരനായ കറുകറുത്ത നീഗ്രോ അടിമയാണ് നിങ്ങളുടെ നേതാവായി നിശ്ചയിക്കപ്പെട്ടതെങ്കിലും ശരി”. (അബൂദാവൂദ്, തിർമുദി)
നിങ്ങൾ ഭിന്നിക്കരുത്. ഭിന്നിച്ചാൽ ഭീരുക്കളാകും. നിങ്ങളുടെ കാറ്റ് തന്നെ ചോർന്ന് പോവുകയും ചെയും (വി.ഖു. സൂറത്തുൽ അൻഫാൽ - 46)

21.12.2021
അമ്പലക്കടവ്