വാഴക്കാട് ദാറുൽ ഉലൂമിൽ വഹാബികൾ നടത്തിയത് വഖ്ഫ് സ്വത്തുക്കളുടെ മേലുള്ള വൻ കടന്നുകയറ്റം, ഞെട്ടിക്കുന്ന വിവരങ്ങൾ
വാഖിഫിന്റെ നിർദേശങ്ങൾ കാറ്റിൽപ്പറത്തി മലപ്പുറം ജില്ലയിലെ വാഴക്കാട് ദാറുൽ ഉലൂമിൽ വഹാബികൾ നടത്തിയത് വഖ്ഫ് സ്വത്തുക്കളുടെ മേലുള്ള വൻ കടന്നുകയറ്റം
1871 ൽ കൊയപ്പത്തൊടി മമ്മദ് കൂട്ടി രജിസ്റ്റർ ചെയ്ത വഖ്ഫ് ആധാരപ്രകാരം വിദ്യാർഥികൾക്ക് ഉയർന്ന നിലയിൽ താമസിക്കാനും മതവിദ്യാഭ്യാസം നൽകാനും ഭക്ഷണം നൽകാനും 24 മണിക്കൂർ ഖുർആൻ ഓത്തിനും സംവിധാനമൊരുക്കണമെന്ന് നിർദേശിക്കുന്നു. എന്നാൽ ഇത് പാലിക്കുന്നില്ലെന്ന് മാത്രമല്ല സ്വത്തുക്കളിൽ നിന്ന് ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയെ കുറിച്ച് ഒരറിവുമില്ല. അവകാശികൾ വാഖിഫിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ നാട്ടുകാരുൾപ്പെടെ സർക്കാറിനെ അറിയിക്കണമെന്നും സർക്കാർ അതിന് പറ്റിയവരെ ഏൽപ്പിക്കണമെന്നും ആധാരത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ വഖ്ഫ് ബോർഡോ സർക്കാറുകളോ കൈയേറ്റം സംബന്ധിച്ച് ഇതുവരെ കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല. ദാറുൽ ഉലും കുടുംബത്തിൽ നിന്ന് ആയിരക്കണക്കിന് ഏക്കർ ഭൂമി പല ഘട്ടങ്ങളിലായി വഖ്ഫായി രജിസ്റ്റർ ചെയ്തു. എന്നാൽ ഇതിൽ പലതും ഇന്ന് കൈയേറിയിരിക്കുകയാണ്. കൊയപ്പതൊടി കുടുംബ പരമ്പരയിലെ ശിരസ്തദാർ മുഹമ്മദ് കുട്ടിയുടെ നാലാമത്തെ പുത്രൻ അഹമ്മദ് അധികാരിയുടെ മകൻ ഖാൻ സാഹിബെന്ന ഖാൻ ബഹദൂർ മമ്മത് കുട്ടി മുതവല്ലിയായ സമയത്താണ് തൻമിയതുൽ ഉലൂം എന്ന ആദ്യത്തെ പേര് ദാറുൽ ഉലൂം എന്നാക്കിയത്.
എന്നാൽ, പിന്നീട് വന്ന അവകാശികളിൽ പലരും വഹാബി ആശയക്കാരായതോടെ ഘട്ടം ഘട്ടമായി സ്ഥാപനം വഹാബികൾ കൈയടക്കി, അവർക്കനുസൃതമായി മാറ്റിയും വാഖിഫിന്റെ നിർദേശങ്ങൾ എടുത്തു കളഞ്ഞും വഖ്ഫ് സ്വത്തു ദുരുപയോഗം ചെയ്തു.
മുൻകഴിഞ്ഞവരും നിലവിലുള്ളവരുമായ നിരവധി സുന്നി പണ്ഡിതർ പഠിച്ചിറങ്ങിയ സ്ഥാപനമായിരുന്നു ഒരു കാലത്ത് വാഴക്കാട് ദാറുൽ ഉലൂം. എന്നാൽ ഇന്ന് ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാല അംഗീകാരമുണ്ടാക്കി പൂർണമായും വഹാബി വത്കരിച്ചു. ഇതോടെ മികച്ച രീതിയിൽ നടന്നു വന്നിരുന്ന ദർസ് നിർത്തലാക്കി .
അഫ്സലുൽ ഉലമ കോളജ് സ്വാശ്രയ ബി എഡ് കോളജ് ... തുടങ്ങിയവയാണ് പ്രവർത്തിക്കുന്നത് . ഈ സ്ഥാപനങ്ങളെല്ലാം സ്ഥാപിതമാ യിരിക്കുന്നത് വഖ്ഫ് ചട്ടങ്ങൾ പാലിച്ചു കൊണ്ടല്ലെന്നാണ് വിവരം.
പഠിക്കുന്ന മുതഅല്ലിം കൾക്ക് വേണ്ടിയായിരുന്നു അന്ന് അഫ്സലുൽ ഉലമ കോഴ്സിന് സംവിധാനമൊരുക്കിയിരുന്നത് എന്നാൽ പിന്നീട് പൂർണമായും മാറുകയും വഹാബിവത്കരിക്ക് പ്പെടുകയും ചെയ്തു . അതിനിടെ , വഖ്ഫ് അന്യാധീനപ്പെടുത്തുന്നതും വാഖിഫിത്തിലെ തലമുതിർന്ന കണ്ണികളിലൊരാളായ മോയിൻ ബാപ്പുവിന്റെ നേതൃത്വത്തിൽ സമരം നടത്തിയതിനെ തുടർന്ന് ഇവിടെ രാവിലെ ആറ് മുതൽ പത്ത് വരെ ഖുർആൻ ഓതുന്നതിനുള്ള സംവിധാനമേർപ്പെടുത്തി. സുന്നി വഖഫിന്റെ മേൽ സലഫികളുടെ കൈയേറ്റം പകൽ പോലെ വ്യക്തമാകുന്നതാണ് വാഴക്കാട് ദാറുൽ ഉലൂം. എന്നാൽ ഇത്രയും കാലം വഖഫ് സ്വത്തുക്കളിൽ വാഖിഫിന്റെ നിർദേശങ്ങൾ നടപ്പാക്കാനോ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനോ നടപടിയുണ്ടായിട്ടില്ല . രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയും വഖ്ഫ് ബോർഡിലെ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ പിന്തുണയും സുന്നികളുടെ വഖ്ഫ് വഹാബികൾ കൈയേറാൻ കാരണമായി .
Post a Comment