ജിഫ്‌രി തങ്ങളെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. തങ്ങള്‍ മൗനം പാലിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത് - സമസ്ത നേതാക്കൾ

ജിഫ്‌രി തങ്ങള്‍ക്കു നേരെയുള്ള ഭീഷണി ഗൗരവതരം: എസ്.വൈ.എസ്
കോഴിക്കോട്
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ ചിലര്‍ വ്യക്തമായും മറ്റുചിലര്‍ പരോക്ഷമായും നിരന്തരം നടത്തുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഭീഷണിയും ഏറെ ഗൗരവതരവും അങ്ങേയറ്റം അപലപനീയവുമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മതപരവും വിശ്വാസപരവുമായ കാര്യങ്ങളില്‍ വിശ്വാസികളെ നേര്‍മാര്‍ഗത്തില്‍ നയിക്കുക എന്നതാണ് പണ്ഡിതധര്‍മം. ആ ദൗത്യനിര്‍വഹണം മാത്രമാണ് ജിഫ്‌രി തങ്ങള്‍ നടത്തുന്നത്. ഇതു സഹിഷ്ണുതയോടെ കാണുന്നതിനു പകരം തങ്ങളെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. തങ്ങള്‍ മൗനം പാലിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇക്കാലമത്രയും പ്രതികരിക്കാതിരുന്നത്. അതൊരു ദൗര്‍ബല്യമായി ആരും കാണേണ്ടതില്ല. അത്തരക്കാരെ ഉത്തരവാദപ്പെട്ടവര്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.