ഇന്നത്തെ നുബാത്തി ഖുതുബയുടെ അർത്ഥം (ജുമാദൽ ഊലാ മൂന്നാമത്തെ വെള്ളിയാഴ്ച്ച)
ജുമാദൽ ഊലാ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച
മറഭംഗിയുള്ളവനും സ്ഥാനം ഉന്നതമായവനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
മുഹമ്മദ് നബിﷺയിലും അദ്ദേഹത്തെ സഹായിച്ചവരിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ...
*_ജനങ്ങളെ..,_*
അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. ദുനിയാവിനെ നാശം തേടിക്കൊണ്ടിരിക്കുന്നു. പരലോകം അതിന്റെ പിന്നിൽ വന്നു കൊണ്ടിരിക്കുന്നു. നാശം അതിനെ പിന്തുടരുന്നു. അതിന്റെ വിപത്തുകൾ നിങ്ങളെ ലക്ഷ്യം വെക്കുന്ന അമ്പുകളാണ്. ദുനിയാവിന്റെ പരിധികൾ മരണമാണ്. മരണത്തിന്റെ ജലസംഭരണികൾ നിങ്ങൾക്ക് കുടിപ്പിക്കാൻ വേണ്ടി നിറക്കപ്പെട്ടവയാണ്. അതിന്റെ വാഗ്ദത്തങ്ങൾ ഇടിമിന്നലുകൾ ആണ്. അവക്ക് നിലനിൽപില്ല. അവയുടെ പുഞ്ചിരി ക്ഷീണം ചെയ്യുന്നതാണ്. അതിന്റെ ആക്രമണങ്ങൾ ഒഴുകുന്നവയാണ്. പ്രവേശന സ്ഥലങ്ങളെ നശിപ്പിക്കുന്നവയാണ്.
ദിവസങ്ങൾ അൽപാൽപമായി മുറിച്ചു കളയുന്നവന്ന് എന്തു ശേഷിപ്പാണുള്ളത്? രോഗങ്ങൾ അവനെ അൽപാൽപമായി പൊടിച്ചു കളയുന്നു. വിപത്തുകൾ അൽപാൽപമായി തുടച്ചു കളയുന്നു. സമയങ്ങൾ അവനെ -മരണത്തിലേക്ക്- തള്ളുകയും ചെയ്യുന്നു.
അങ്ങനെ ശേഷിച്ചിരിക്കുന്നവൻ കഴിഞ്ഞു പോയവനോട് ചേരുന്നു. പഴയത് പുതിയതിനോട് ചേരുന്നു. വിവരമില്ലാത്തവൻ വിവരമുള്ളവനോട് ചേരുന്നു. ജീവിച്ചിരിക്കുന്നവൻ മരിച്ചവനോട് ചേരുന്നു. ഭൂമിയുടെ ഉടമസ്ഥൻ -അല്ലാഹു ﷻ - ഭൂമിയെ അനന്തരമാക്കുന്നത് വരേയും, സൃഷ്ടിയെ ഉയിർത്തെഴുന്നേൽപിക്കുന്നവൻ എഴുന്നേൽപിക്കുന്നത് വരേയും ഈ പ്രക്രിയ തുടരും.
ദ്രവിച്ചവയെ ജീവിപ്പിക്കുക ഒരു അട്ടഹാസത്തി (ഇസ്റാഫീൽ (അ) ഊത്ത്)ലൂടെ ചിതറിയ കഷ്ണങ്ങൾ ഒരുമിച്ചു കൂട്ടപ്പെടും. ആകാശ ഭൂമികളിൽ ഉള്ളവർ മുഴുവനും ആ ശബ്ദം കേൾക്കും. അന്ന് ആവശ്യങ്ങൾ ശക്തമാകും, വഴികൾ അടഞ്ഞു പോകും. ശ്വാസങ്ങൾ ഞെരുങ്ങും. പഞ്ചേന്ദ്രിയങ്ങൾ സംസാരിക്കും. ഭൂമി അതിനു മീതെയുള്ള വസ്തുക്കളോട് കൂടെ വിറക്കും. അതിലേക്ക് മലക്കുകൾ ഇറങ്ങും. പ്രതികളെ വിചാരണക്ക് വേണ്ടി ഒരുമിച്ചു കൂട്ടാൻ വിളിച്ചു പറയുന്നവൻ വിളിച്ചു പറയും.
ആക്രമിച്ചവനിൽ നിന്നും, ആക്രമിക്കപ്പെട്ടവന് വേണ്ടി പ്രതിക്രിയയെടുക്കപ്പെടും, അറിയപ്പെട്ട ദിവസത്തിനു വേണ്ടി നരകം വെളിവാക്കപ്പെടും. ശാശ്വതമായി നിലനിൽക്കുന്നവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമായ അല്ലാഹുﷻവിന്ന് സർവ്വമുഖങ്ങളും താഴ്മ കാണിക്കും.
എത്ര പ്രയാസകരമായ ദിവസം, എത്ര ക്ലേശപൂർണ്ണമായ ദിവസം, എത്ര ദുഷ്കരമായ മാർഗ്ഗം, എത്രമാത്രം നേരിയ പാലം, സർവ്വ കാര്യങ്ങളും കുറിക്കപ്പെട്ട എന്തൊരു ഗ്രന്ഥം, എത്രമാത്രം വഷളായ ശിക്ഷ, എന്തുമാത്രം ദീർഘിച്ച നിൽപ്പ്, എത്രമാത്രം ഭാരമേറിയ ദിവസം. വിധി കർത്താവ് എന്തു മാത്രം നീതിമാനാണ്, അക്രമി എപ്രകാരമാണ് അവഗണിക്കപ്പെട്ടത്, ജയിൽ -നരകം- എത്രമാത്രം ഇടുങ്ങിയതാണ്, നരകത്തിന്റെ കാവൽക്കാരൻ എന്തുമാത്രം പരുഷ സ്വഭാവക്കാരനാണ്.
കരയുന്നവനോട് അദ്ദേഹം -മലക്- കരുണ കാണിക്കുകയില്ല. ആവലാതി കേൾക്കുകയില്ല. അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും അല്ലാഹു ﷻ കരുണ എടുത്തു കളഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വിഭാഗത്തിൽ നരകത്തിൽ പെട്ടവന്നാണ് മുഴുവൻ നാശവും.
അല്ലാഹുﷻവിന്റെ അടിമകളെ.., നഷ്ടപ്പെട്ടു പോകുന്നതിനു മുമ്പ് നിങ്ങളുടെ പണയ വസ്തുക്കളെ -ആത്മാക്കളെ- മോചിപ്പിക്കുന്നതിലേക്ക് നിങ്ങൾ ധൃതിപ്പെടുക. നാശമടയുന്നതിന്നു മുമ്പ് നിങ്ങളുടെ ആത്മാക്കളെ വീണ്ടെടുക്കുവാൻ നിങ്ങൾ വേഗത്തിൽ ചെല്ലുക. മരണം സംഭവിക്കുന്നതിന്നു മുമ്പ് സൽക്കർമ്മത്തിലേക്ക് നിങ്ങൾ വേഗത്തിൽ ചെല്ലുക. നിങ്ങളിൽ ഒരാളുടെ ഇടയിലും ഈ വസ്തുത നേരിൽ കണ്ട് ബോദ്ധ്യം വരുന്നതിന്റെ ഇടയിലും മരണമല്ലാതെ മറ്റൊന്നും മറയായിട്ടില്ല.
രക്ഷയുടെ മാർഗ്ഗത്തിൽ നമ്മെ അല്ലാഹു ﷻ പ്രവേശിപ്പിക്കട്ടെ..,
*വിശേഷണങ്ങൾ കൊണ്ട് എത്തിപ്പിടിക്കാൻ കഴിയാത്ത ഒരുവന്റെ -അല്ലാഹുﷻവിന്റെ- വചനം:*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَا أَجَبْتُمُ الْمُرْسَلِينَ ﴿٦٥﴾ فَعَمِيَتْ عَلَيْهِمُ الْأَنبَاءُ يَوْمَئِذٍ فَهُمْ لَا يَتَسَاءَلُونَ ﴿٦٦﴾ فَأَمَّا مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَعَسَىٰ أَن يَكُونَ مِنَ الْمُفْلِحِينَ ﴿٦٧﴾*
*(അവരെ വിളിച്ച്, എന്താണ് നിങ്ങൾ മുർസലുകൾക്ക് ഉത്തരം നൽകിയത് എന്ന് അവൻ -അല്ലാഹുﷻ- പറയുന്ന ദിവസം. ആ ദിവസം വർത്തമാനങ്ങൾ അവർക്ക് അന്ധമായിരിക്കുന്നതാണ്. അതിനാൽ അവർ അന്യോന്യം ചോദിച്ചറിയുകയില്ല. എന്നാൽ ആർ തൗബ ചെയ്യുകയും, വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നുവോ അവൻ വിജയികളിൽ പെട്ടവൻ ആയേക്കാവുന്നതാണ്.*
*(ഖസ്വസ് 65, 66, 67)*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment