മിശ്രവിവാഹവും ഇസ്ലാമും, ചിലരുടെ ദുർവ്യാഖ്യാനങ്ങളും
മിശ്രവിവാഹവും ഇസ്ലാമും, ചിലരുടെ ദുർവ്യാഖ്യാനങ്ങളും
മിശ്രവിവാഹം ഇസ്‌ലാമിൽ പറ്റുമെന്നും ഖുർആനിൽ അതിന് തെളിവുണ്ടെന്നും ഒരാൾ തട്ടിവിടുന്നത് കേട്ടു. വസ്തുത എന്താണെന്ന് പരിശോധിക്കാം.
ബഹുദൈവാരാധകർ സത്യവിശ്വാസികളാകുന്നതുവരെ അവരെ നിങ്ങൾ വിവാഹം കഴിക്കരുതെന്ന ഖുർആനിക കൽപനയുടെ (അൽ ബഖറ 221) അടിസ്ഥാനത്തിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർ പറയുന്നത് ഒരു മുസ്ലിമിന് മുശ്രികത്തിനെ വിവാഹം കഴിക്കാവതല്ല എന്നാണ്.
വിഗ്രഹങ്ങൾക്ക് ആരാധിക്കുന്ന വസനിയത്തും, തീയിന് ആരാധിക്കുന്ന മജൂസിയ്യത്തും ഇതിന്റെ പരിധിയിൽ പെടുന്നതാണ്. എന്നാൽ സൂറത്തുൽ മാഇദ ആറാം സൂക്തത്തിലെ “നിങ്ങൾക്ക് മുമ്പ് വേദം നൽകപ്പെട്ടവരിൽ
നിന്നുള്ള സജ്ജനവതികളായ സ്ത്രീകളും നിങ്ങൾക്ക് അനുവദനീയ മാക്കപ്പെട്ടിരിക്കുന്നു.” എന്ന കൽപനയുടെ അടിസ്ഥാനത്തിൽ കിതാ ബിയ്യത്തിനെയും (വേദം നൽകപ്പെട്ടവൾ) നിക്കാഹ് ചെയ്യൽ അനുവദനീയമാണെന്ന് പറയുന്നു.
(നിബന്ധനകളുണ്ട്, ശേഷം വിവരിക്കാം)
ഇത് കറാഹത്താണെന്ന് മാത്രം.
( തുഹ്ഫ 7-322 ഇആനത്ത് 3-294 )
ഇനി ആരാണ് കിതാബിത്ത് (വേദം നൽകപ്പെട്ടവൾ) എന്ന് നോക്കാം
കിതാബിയ്യത്ത് എന്ന വാക്ക് സൂചിപ്പിക്കും പോലെ തന്നെ വേദത്തിന്റെ ഉടമ എന്നാണ് അർത്ഥം. അല്ലാഹു മനുഷ്യന് നേർവഴി നൽകാൻ ഇറക്കിയ നാല് ഗ്രന്ഥങ്ങളാണ് മൂസാനബിക്ക് (അ) നൽകിയ തൗറാത്തും, ഈസാനബിക്ക്(അ) നൽകിയ ഇഞ്ചീലും, ദാവൂദ് നബിക്ക്(അ) നൽകിയ സബൂറും, മുഹമ്മദ് നബിക്ക്(സ) നൽകിയ ഖുർആൻ ശരീഫും. ഈ നാല് ഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്നവർക്കും ഭാഷാപരമായി അഹ്ലുകിതാബികൾ എന്നു പറയാമെങ്കിലും മുൻഗാമികളിൽ നിന്ന് വേദം നൽകപ്പെട്ടവർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തൗറാത്ത് ഇഞ്ചീലിന്റെ ആളുകളായ യഹൂദികളും നസ്വാറാക്കളുമാണ്. ദാവൂദ് നബിക്ക് നല്കിയ സബൂറ് കൊണ്ടോ ശീസ് നബി, ഇബ്റാഹിം നബി എന്നിവർക്ക് നൽകിയ ഏടുകൾ കൊണ്ടോ വിശ്വസിക്കുന്നവരെ പോലും അഹ്ലുകിതാബികൾ എന്ന് പറയാറില്ല.
കാരണം അവയൊക്കെ കേവലം ഉപദേശങ്ങളും നിർദേശങ്ങളും മാത്രമായിരുന്നു. മറ്റു ഗ്രന്ഥങ്ങളെ പോലെ വിധി വിലക്കുകളായിരുന്നില്ല. തഫ്സീർ ഗ്രന്ഥങ്ങളും ഈ നയം തന്നെയാണ് സ്വീകരിച്ചുകാണുന്നത്.(മുഗ്നി 3,187)
അപ്പോൾ ഖുർആൻ പറഞ്ഞ വേദം എന്താണെന്ന് കൃത്യമായി മനസ്സിലായി. ലോകത്ത് വേദം എന്ന് പേരിട്ട എല്ലാ പുസ്തകങ്ങളും ഇതിൽ പെടുമെന്ന് വാദിക്കുന്നത് എത്ര ബാലിശമാണ്.
ഹൈന്ദവ ദർശനങ്ങളിലെ
ഋഗ്വേദവും സാമവേദവും ഇതിൽ പെടുമെന്ന് പറയുന്നത് തിരൂരിൽ പോയി തിരൂരങ്ങാടി തിരഞ്ഞ പോലെയാണ്.
കിതാബയ്യത്തിനെ നിക്കാഹ് ചെയ്യാനുള്ള നിബന്ധനകൾ എന്തെല്ലാമാണെന്ന് കൂടി മനസ്സിലാക്കാം
അഹ്ലുകിതാബികളെ രണ്ടു ഭാഗമായി തിരിച്ചത് കാണാം.
1. ഇബ്റാഹിം നബി (അ) ന്റെ പേരമകൻ യഅ്ഖൂബി ( അ ) യുടെ സന്താന പരമ്പരകൾ, ഇവർക്ക് ബനൂഇസ്റാഈൽ എന്ന് പറയുന്നു.
2. മറ്റുള്ളവർ ( റൂം നിവാസികൾ) രണ്ട് വിഭാഗത്തിൽ പെട്ടവരെ നിക്കാഹ് ചെയ്യാനും പ്രത്യേകം നിബന്ധനകൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. നിബന്ധനകൾ ഇല്ലാത്ത കിതാബിയ്യത്തിനെ വിവാഹം കഴിക്കാവുന്നത് ബഹു ഇബ്നു ഹജർ(റ) പറയുന്നു: നികാഹ് ചെയ്യാൻ ഉദ്ദേശിക്കുന്ന കിതാബിയ്യത്ത് ഇസ്റാഈൽ സന്തതികളിൽ പെട്ടവളല്ലെങ്കിൽ അഥവാ യഅ്ഖൂബിയുടെ സന്തതികളിൽ പെട്ടതല്ലെങ്കിൽ അവളിലേക്ക് ചേർത്തി പറയുന്ന അവളുടെ
പിതാമഹൻമാരെ കുറിച്ച് പഠിക്കേണ്ടതാണ്. അഥവാ അവളുടെ പിതാക്കന്മാരിൽ ആദ്യത്തവൻ മൂസാനബിയുടെയോ ഈസാനബിയുടെയോ മതത്തിൽ പ്രസ്തുതമതത്തെ ദുർബലപ്പെടുത്തുന്നതിന് മുമ്പും മാറ്റി തിരുത്തലുകൾ നടത്തുന്നതിന് മുമ്പും പ്രവേശിച്ചവരാണെങ്കിൽ അവളെ നിക്കാഹ് ചെയ്യാവുന്നതാണ്. കാരണം പ്രസ്തുതമതം സത്യമായ സമയത്ത് അത് മുറുകെ പിടിച്ചവാളാണവൾ. ഇനി നിക്കാഹ് കഴിക്കാൻ ഉദ്ദേശിക്കുന്നവൾ യഅ്ഖൂബ് നബിയുടെ സന്താന പരമ്പരയിൽപെട്ട ഇസ്റാഈലിയ്യത്താണെങ്കിൽ കുടുംബമഹിമ പരിഗണിച്ചുകൊണ്ട് അവളെ നിക്കാഹ് ചെയ്യാവു ന്നതാണ്. പക്ഷേ അവളുടെ ആദ്യപിതാവ് പ്രസ്തുതമതത്തിൽ, ആ മതത്തെ ദുർബലപ്പെടുത്തുന്ന പ്രവാചക ആഗമനത്തിന് മുമ്പ് പ്രവേശിച്ചവരാണെന്ന് ബോധ്യപ്പെടുത്തേണ്ടതാണ്. അതിന് ശേഷമാണെങ്കിൽ നികാഹ് അനുവദനീയവുമല്ല. കാരണം ഒരു സത്യമതത്തിന്റെ വക്താക്കളായി എന്ന അടിസ്ഥാനത്തിൽ അവൾക്ക് സ്ഥാനമുണ്ടായിരുന്നെങ്കിലും പ്രസ്തുത മതത്തെ ദുർബലപ്പെടു ത്തപ്പെട്ടപ്പോൾ അവരുടെ പ്രസക്തിയും ഇല്ലാതായി.(തുഹ്ഫ 7.324)
• ദമ്പതികൾ ഇസ്‌ലാം സ്വീകരിച്ചാൽ.!!
ഭാര്യാഭർത്താക്കൻമാർ ഒരേ സമയം ഇസ്ലാമിലേക്ക് വന്നാൽ അവരെ ഭാര്യാഭർത്താക്കന്മാരായി സ്ഥിരപ്പെടുത്താമെന്നാണ് നിയമം. അപ്പോൾ അമുസ്ലിമായ സമയത്ത് നടന്ന വിവാഹത്തോട് അനുബന്ധിച്ച് ഇസ്ലാമിന്റെ വീക്ഷണത്തിൽ നിക്കാഹിനെ അസാധുവാക്കുന്ന കാര്യങ്ങൾ ഉണ്ടായാലും പ്രശ്നമില്ല. സ്വഹാബത്തിൽ നിന്ന് പലരും ഇസ്ലാമിലേക്ക് വന്നപ്പോൾ കുടുംബസമേതമായിരുന്നു വന്നിരുന്നത്. അവരോട് നബി(സ) പുനർവിവാഹം ആവശ്യപ്പെട്ടിട്ടില്ല.
സ്വന്തം ജ്യേഷ്ഠാനുജത്തിമാരെ ഒരുമിച്ച് നിക്കാഹ് ചെയ്ത് ഇസ്ലാമിലേക്ക് വന്നവരോട് രണ്ടിൽ ഒരാളെ ഒഴിവാക്കാനും നാലിൽ കൂടുതൽ ഭാര്യമാരുമായി വന്നവരോട് നാലിൽ കൂടുതലുള്ളതിനെ ഒഴിവാക്കാനും പ്രവാചകൻ കൽപിക്കുമായിരുന്നു ൺ. എന്നാൽ ഇസ്ലാമിൽ വിവാഹം നിഷിദ്ധമായ മകൾ, സഹോദരി പോലെയുള്ളവരെ ഭാര്യയായി സ്വീകരിച്ചതു കൊണ്ടാണ് ഇസ്ലാമിലേക്ക് വന്നതെങ്കിൽ അവരെ ഭാര്യഭർത്താക്കന്മാരായി സ്ഥിരപ്പെടുത്താവുന്നതല്ല. കാരണം ഇത് ഇസ്ലാമോട് കൂടി പരിഹരിക്കപെടുന്നില്ല.( തുഹ്ഫ 7.331)
• ഭർത്താവ് മാത്രം ഇസ്ലാം സ്വീകരിച്ചാൽ !!
ഭാര്യാഭർത്താക്കന്മാർ ശാരീരികബന്ധം നടത്തുന്നതിന് മുമ്പ് ഭർത്താവ് ഇസ്ലാം സ്വീകരിക്കുകയും ഭാര്യ സ്വീകരിക്കാതിരിക്കുകയും ചെയ്താൽ തമ്മിലുള്ള ബന്ധം ഉടൻ പിരിയുന്നതാണ്. ശാരീരികബന്ധം നടന്നശേഷം ഭർത്താവ് മുസ്ലിമാവുകയും ഇദ്ദ തീരുന്നതിന് മുമ്പ് ഭാര്യയും മുസ്ലീമായാൽ തമ്മിലുള്ള ബന്ധം നിത്യമാകുന്നതാണ്. ഇദ്ദ തീരും വരെ ഭാര്യ മുസ്ലിമായില്ലെങ്കിൽ ഭർത്താവ് മുസ്ലിമായത് മുതൽ തന്നെ ബന്ധം പിരിഞ്ഞതായി കണക്കാക്കേണ്ടതാണ്. (തുഹ്ഫ 7.329 )
• ഭാര്യ മാത്രം
ഇസ്ലാം സ്വീകരിച്ചാൽ.!!
ശാരീരിക ബന്ധത്തിന് മുമ്പ് ഭാര്യ മാത്രം ഇസ്ലാം സ്വീകരിച്ചാൽ ഉടൻ ബന്ധം പിരിയുന്നതാണ്. ശാരീരികബന്ധത്തിന് ശേഷം ഭാര്യ ഇസ്ലാം സ്വീകരിക്കുകയും ഇദ്ദ തീരും മുമ്പ് ഭർത്താവും ഇസ്ലാം സ്വീകരിച്ചാൽ വിവാഹബന്ധം നിലനിൽക്കുന്നതുമാണ്. ഇദ്ദ തീരും മുമ്പ് ഭർത്താവ് ഇസ്ലാം സ്വീകരിക്കാതിരുന്നാൽ ഭാര്യയുടെ ഇസ്ലാം മുതൽ ബന്ധം പിരിഞ്ഞതായി കണക്കാക്കേണ്ടതാണ്. ഉടൻ അവൾക്ക് മറ്റൊരാളെ വിവാഹം കഴിക്കാവുന്നതുമാണ്. ( തുഹ്ഫ 7.329 )
ഇസ്ലാമിന്റെ നിയമങ്ങൾ പണ്ഡിതന്മാർ പറയേണ്ടതാണ്.
അല്ലെങ്കിൽ പഠിച്ചു പറയണം.
ഇതാണ് ഒരു യഥാർത്ഥ വിശ്വാസി അനുവർത്തിക്കേണ്ടത്.
സ്വീകരിക്കാത്തവർക്ക് അവരുടെ വഴിക്ക് പോകാം.
“മതത്തിൽ ബലാൽക്കാരമില്ല”
പക്ഷേ,
തോന്നിയത് വിളിച്ചു പറഞ്ഞു സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കരുത്. വീണത് വിദ്യയാക്കാൻ വേണ്ടിയോ ആരെയെങ്കിലും സംരക്ഷിക്കാൻ വേണ്ടിയോ വിശുദ്ധ ഖുർആൻ പച്ചക്ക് ദുർവ്യാഖ്യാനം നടത്തരുത്. അത് അനുവദിക്കാനാവില്ല.
തയ്യാറാക്കിയത്:
✒️അബൂ ത്വാഹിര്‍ ഫൈസി മാനന്തവാടി.
📄📄📄📄📄എല്ലാ പത്രങ്ങളുടെയും ഇ പേപ്പറുകൾ (epaper) ഒറ്റ ക്ലിക്കിൽ >>
ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment