ഭർത്താവിനു മുന്നിൽ സുന്ദരിയാവുക: അവളുടെ സൗന്ദര്യ പ്രദർശനം എവിടെയെല്ലാം ?

 

       ഭർത്താവിനു മുന്നിലാണു ഭാര്യ സൗന്ദര്യം പ്രകടിപ്പിക്കേണ്ടത്. അവൻ വീട്ടിലുണ്ടാവുമ്പോൾ അണിഞ്ഞൊരുങ്ങിയും സൗന്ദര്യം വരുത്തിയും സുഗന്ധം പരത്തിയും അവൾ നടക്കണം. അവന്റെ അഭാവത്തിൽ വീട്ടിലായാലും അവ ഒഴിവാക്കണം...

 മിക്ക സ്ത്രീകളും വീട്ടിലാവുമ്പോൾ തീരെ വൃത്തിയും വെടിപ്പുമില്ലാതെ നടക്കും. കരിപുരണ്ട വസ്ത്രവും മറ്റും മാറ്റാതെ പോലും കിടന്നുറങ്ങും. പുറത്തിറങ്ങുമ്പോഴാവട്ടെ അണിഞ്ഞൊരുങ്ങി സുന്ദരിയാവും. സുഗന്ധം വേണ്ടുവോളും ഉപയോഗിക്കും. ഇത് നല്ല ഏർപ്പാടല്ല... 

 ഒരു സ്ത്രീ ഭർത്താവിന്റെ അഭീഷ്ടമനുസരിച്ച് പ്രവർത്തിക്കുകയും അവന്റെ തൃപ്തിക്കൊത്ത് നല്ല വസ്ത്രങ്ങൾ ധരിച്ച് ഭംഗിയാവുകയും സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ അവൾക്ക് 10 ഗുണങ്ങൾ എഴുതപ്പെടുന്നതും 10 ദോഷങ്ങൾ മായ്ക്കപ്പെടുന്നതും സ്വർഗത്തിൽ 10 പദവികൾ ഉയർത്തപ്പെടുന്നതുമാണ്.

 ഭർത്താക്കളുള്ള സ്ത്രീകൾ സുറുമയിടാതെയും മൈലാഞ്ചി മുതലായവ കൊണ്ട് കൈയിന് നിറം പിടിപ്പിക്കാതെയും കാണുന്നതിനെ നബി ﷺ ഇഷ്ടപ്പെട്ടിരുന്നില്ല. 

 പുരികം വെട്ടി സൗന്ദര്യം വരുത്തൽ അനുവദനീയമല്ല. തിരുനബിﷺയുടെ ശാപത്തിന് അത്തരക്കാർ പാത്രമാവും. 'പുരികം നീക്കുന്നവരെയും നീക്കിക്കൊടുക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന് നബി ﷺ പറഞ്ഞിരിക്കുന്നു' (മുസ്ലിം 2/205) എന്നാൽ, ഭർത്താവിനു മുന്നിൽ സൗന്ദര്യം വരുത്തുക എന്ന ഉദ്ദേശ്യത്തിലാണെങ്കിൽ അത് അനുവദനീയമായിത്തീരുന്നു. നോക്കൂ, ഭർത്താവിനെ തന്റെ സൗന്ദര്യം ആസ്വദിപ്പിക്കുക എന്നത് എത്രമാത്രം നല്ല കാര്യമാണ്. സ്ത്രീകൾക്ക് ഭർത്താവിന്റെ അനുമതിയോടെ സൗന്ദര്യവർധനയ്ക്കു വേണ്ടി പുരികങ്ങൾ വെട്ടി അലങ്കാരം നടത്താവുന്നതാണ്...
  (ശർവാനി 2/128) 

 മുഖവിശാലതയ്ക്കും സൗന്ദര്യത്തിനും വേണ്ടി കഴനെറ്റിയുടെ അടുത്തുള്ള മൃദുലമായ രോമങ്ങൾ നീക്കുന്ന പതിവ് ചില സ്ത്രീകൾക്കുണ്ട്. അറബ് നാടുകളിലാണത്രെ ഇത് കൂടുതലായി കാണപ്പെടുന്നത്. ഭർതൃമതിക്കു മാത്രമേ ഇതും അനുവദനീയമാവൂ.. അതുതന്നെ അവന്റെ സമ്മതത്തോടെ മാത്രം...
  (ശർവാനി 2/128)  

 മൈലാഞ്ചിയണിഞ്ഞ് ഭർത്താവിനു മുന്നിൽ സുന്ദരിയാവണം. സ്ത്രീ സൗന്ദര്യപ്രകടനങ്ങളെല്ലാം ഭർതൃമതിക്കാണ് അനുവദിക്കപ്പെടുന്നത്. മൈലാഞ്ചിയുടെ കാര്യവും അങ്ങനെത്തന്നെയാണ്. 

 പുരുഷൻ അലങ്കാരത്തിന് വേണ്ടി കൈകാലുകളിൽ അലങ്കാരമണിയൽ നിഷിദ്ധമാണ്. എന്നാൽ രോഗം പോലുള്ള അനിവാര്യ കാരണങ്ങൾക്കു വേണ്ടി അനുവദനീയമാവും. സ്ത്രീ ഭർതൃമതിയെങ്കിൽ കൈകാലുകളിൽ മൈലാഞ്ചിയണിയൽ സുന്നത്തും ഭർതൃമതിയല്ലെങ്കിൽ കറാഹത്തുമാണ്. ഭർതൃമതിയായ സ്ത്രീക്കു തന്നെ മൈലാഞ്ചി കൊണ്ടുളള ചിത്രപ്പണിയും വിരൽത്തലപ്പുകളിൽ മാത്രം. കറുപ്പ് വർണം ചേർത്ത അലങ്കാരപ്പണിയും നടത്തൽ ഭർത്താവിന്റെ സമ്മതമുണ്ടെങ്കിലും സുന്നത്തല്ല. മാത്രമല്ല; കറാഹത്തുമാണ്. ഭർത്താവിന്റെ സമ്മതമോ ഇഷ്ടമോ ഇല്ലാതെ ഭർതൃമതി ഇപ്രകാരം അലങ്കരിക്കൽ നിഷിദ്ധമാണ്.

 ഭർത്താവിന്റെ മരണംമൂലം ഇദ്ദ ആചരിക്കുന്നവൾ മൈലാഞ്ചിയണിയൽ ഹറാമാവുന്നു. പ്രായം തികയാത്ത ആൺകുട്ടികൾ മൈലാഞ്ചിയണിയുന്നതു തടയൽ രക്ഷിതാവിനു നിർബന്ധമില്ല...
  (തുഹ്ഫ, ശർവാനി) 

 തലമുടി കറുപ്പിക്കാൻ പാടുള്ളതല്ല. എന്നാൽ ഭർതൃമതിക്ക് അതും അനുവദനീയമാണ്. 'വുളൂഅ്‌, കുളി എന്നിവയ്ക്ക് കോട്ടം പറ്റാത്ത കറുത്ത ചായം നരച്ച മുടിക്ക് കൊടുക്കൽ ഭർതൃമതിക്ക് അനുവദനീയമാണ്. ഭാര്യയുടെ അനുമതിയുണ്ടെങ്കിലും ഇല്ലെങ്കിലും ഭർത്താവിന് അനുവദനീയമല്ല' 
  (ശർവാനി 1/128)