സമസ്തയുടെ തീരുമാനവുംഒരു സമസ്ത മുഹിബ്ബിന്റെ നിലപാടും
———————————————
മതപരമായ കാര്യങ്ങളിൽ സമസ്ത ഒരു തീരുമാനം പറഞ്ഞാൽ, സമസ്തയെ ഉൾക്കൊള്ളുന്ന വിശ്വാസികൾ ആ തീരുമാനത്തോടൊപ്പം നിൽക്കുക എന്നതാണ് ഒരു സമസ്ത അനുയായി എന്നതിന്റെ അർഥം.
കേവലം വിവാദങ്ങളുടെയോ താൽക്കാലിക ചർച്ചകളുടെയോ അടിസ്ഥാനത്തിൽ ആധികാരികമായ ഒരു തീരുമാനം സമസ്ത ഒരിക്കലും കൈക്കൊള്ളുകയില്ല.
ഒരു നൂറ്റാണ്ടിന്റെ സമസ്ത ചരിത്രം അതിന് സാക്ഷിയാണ്.
നീണ്ട വർഷങ്ങളുടെ പഠനങ്ങൾക്കും കൃത്യമായ നിരീക്ഷണങ്ങൾക്കും ഗൗരവമേറിയ ചർച്ചകൾക്കും ശേഷമാണ് സമസ്ത മതപരമായ വിഷയങ്ങളിൽ ഒരു നിലപാട് പ്രഖ്യാപിക്കുന്നത്. മതകാര്യങ്ങളെ ഇത്രയേറെ സൂക്ഷ്മതയോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യുന്ന ഒരു പണ്ഡിതസഭ അപൂർവമാണ് എന്നതാണ് യാഥാർഥ്യം.
സമസ്ത
എടുത്ത തീരുമാനങ്ങൾ ശരിയാണെന്ന് കാലം തെളിയിക്കാൻ ചിലപ്പോൾ വർഷങ്ങൾ വേണ്ടിവന്നേക്കാം. പക്ഷേ, ആ തീരുമാനത്തിന് പിന്നിൽ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിലെ പ്രഗത്ഭരായ പണ്ഡിത മഹത്തുക്കളുടെ കൂട്ടായ പഠനവും ആലോചനയും അന്വേഷണവും ദീർഘവീക്ഷണവും
ഉണ്ടെന്ന ബോധ്യം ഒരു സമസ്ത വിശ്വാസിക്കുണ്ടാവണം.
നിരവധി തവണ യോഗങ്ങൾ ചേർന്ന്, വിഷയങ്ങൾ വിശദമായി ചർച്ച ചെയ്ത്, ആവശ്യമായിടത്ത് പ്രത്യേക സമിതികൾ രൂപീകരിച്ച് പഠനങ്ങളും അന്വേഷണങ്ങളും നടത്തി, ഏറെ ആലോചനകൾക്കൊടുവിലാണ് സമസ്ത ഒരു തീരുമാനത്തിലെത്തുന്നത്.
അത്തരം മഹത്തുക്കൾ ഒരുമിച്ചെടുത്ത തീരുമാനത്തിൽ അല്ലാഹുവിന്റെ സഹായവും ബറകത്തും ഉണ്ടാകുമെന്നും, പൂർവസൂരികളായ മഹാന്മാരുടെ ആത്മീയ പാരമ്പര്യവും മാർഗദർശനവും അതിന് വഴികാട്ടിയാകുമെന്നും
ഒരു സമസ്ത മുഹിബ്ബിന് വിശ്വാസമുണ്ടാകണം.
നമ്മുടെ
പരിമിതമായ അറിവിലും ചിന്തയിലും ഒരു കാര്യം ശരിയല്ലെന്ന് തോന്നിയേക്കാം. മനസ്സ് പലവട്ടം അതിനെ ചോദ്യം ചെയ്തേക്കാം. എന്നാൽ, ദീർഘവീക്ഷണവും ആഴത്തിലുള്ള പാണ്ഡിത്യവും ആത്മീയ ഔന്നത്യവും കൈമുതലാക്കിയ ഒരു കൂട്ടം പണ്ഡിത മഹത്തുക്കൾ പഠിച്ചും ആലോചിച്ചും എടുത്ത തീരുമാനത്തിൽ ഖൈർ ഉണ്ടാകുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഒരു സമസ്ത മുഹിബ്ബിന്റെ ഹൃദയത്തിൽ ഉണ്ടാവേണ്ടത്.
ആ
വിശ്വാസമാണ് സമസ്തയുടെ തീരുമാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കാനുള്ള കരുത്ത് നമുക്ക് നൽകേണ്ടത്.
സമസ്തയുടെ തീരുമാനങ്ങൾ മറ്റാരോ രൂപപ്പെടുത്തുന്നതാണെന്ന് കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരോട് ഒരു ചോദ്യം:
വരക്കൽ തങ്ങളും കണ്ണിയത് ഉസ്താദും ശംസുൽ ഉലമയും ചാപ്പനങ്ങാടി ഉസ്താദും ചെറുശ്ശേരി ഉസ്താദും കാളമ്പാടി ഉസ്താദും ഉൾപ്പെടെയുള്ള മഹത്തുക്കൾ തങ്ങളുടെ ജീവിതംകൊണ്ട് നട്ടുനനച്ച് വളർത്തിയെടുത്ത ഈ പ്രസ്ഥാനത്തിന്, അതിന്റെ പണ്ഡിത പാരമ്പര്യത്തിനും ആത്മീയ നേതൃത്വത്തിനും പുറത്തുനിന്നുള്ള ഏതെങ്കിലും ശക്തികൾക്ക് കീഴടങ്ങാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ
ഈ തീരുമാനങ്ങളൊന്നും നിങ്ങളെ ബാധിക്കണമെന്നില്ല.
പക്ഷേ,
ഈ പ്രസ്ഥാനം ഇലാഹിയായ ലക്ഷ്യബോധത്തോടെ മുന്നേറുന്ന ഒരു പണ്ഡിതപ്രസ്ഥാനമാണെന്ന് വിശ്വസിക്കുന്ന യഥാർത്ഥ സമസ്ത മുഹിബ്ബുകൾക്കും അണികൾക്കുമുള്ളതാണ് സമസ്തയുടെ നിർദേശങ്ങളും തീരുമാനങ്ങളും.
സമസ്തയുടെ തീരുമാനങ്ങളെ ഉൾക്കൊള്ളുമ്പോൾ അത് കേവലം ഒരു സംഘടനയുടെ തീരുമാനം എന്ന നിലയിൽ മാത്രമല്ല,
ഒരു നൂറ്റാണ്ടിന്റെ പണ്ഡിത പാരമ്പര്യവും പഠനവും അനുഭവവും ആത്മീയ നേതൃത്വവും ചേർന്നുണ്ടാക്കിയ ഒരു നിലപാട് എന്ന ബോധ്യത്തോടെയായിരിക്കണം.
സമസ്തയുടെ നിർദേശങ്ങളും തീരുമാനങ്ങളും.
വേണമെങ്കിൽ നിങ്ങൾക്ക് ഉൾക്കൊള്ളാം,
വേണ്ടെങ്കിൽ തള്ളാം.
നിങ്ങൾ വിശ്വസിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന കലാമത്രയും
നിങ്ങളുടെ ഈമാനിന് സമസ്ത കാവൽ നിൽക്കും…
അത്രമാത്രം….
••••••••••••••••••••••••••••
റിയാസ് പാപ്ലശ്ശേരി
SKSSF വയനാട് ജില്ലാ ജനറൽ സെക്രട്ടറി
Post a Comment