പള്ളികൾക്ക് മുന്നിലെ രാത്രികാവലുകൾ; മൗനം വെടിയണം മതേതര സമൂഹം



മധ്യപ്രദേശിലെ ഉജ്ജയിനിൽ 600 വർഷത്തിലധികം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം റോഡ് വികസനത്തിനായി പൊളിച്ചുമാറ്റാൻ അധികൃതർ തുനിഞ്ഞിറങ്ങിയപ്പോൾ, ആ ആരാധനാലയം സംരക്ഷിക്കാൻ രാത്രിയും പകലും കാവൽ നിൽക്കേണ്ടി വന്ന മനുഷ്യരുടെ ദൃശ്യങ്ങൾ മനസ്സാക്ഷിയുള്ള ഏവരെയും സങ്കടപ്പെടുത്തുന്നതാണ്.  
ഈ വിഷയം കേവലം ഒരു കെട്ടിടത്തിന്റെയോ സമുദായത്തിന്റെയോ മാത്രം പ്രശ്നമല്ല, മറിച്ച് രാജ്യത്തിന്റെ ഭരണഘടനാ അവകാശങ്ങളുടെയും നിയമവാഴ്ചയുടെയും നിലനിൽപ്പിന്റെ ചോദ്യമാണ്.  

2028-ലെ സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി മഹാകാളേശ്വർ ക്ഷേത്രത്തിന് സമീപമുള്ള ഗണേശ് ചൗക്ക് മുതൽ വജൂർ വാലി മസ്ജിദ് വരെയുള്ള 730 മീറ്റർ റോഡ് 15 മീറ്റർ വീതികൂട്ടാനാണ് അധികൃതരുടെ പദ്ധതി. ഇതിന്റെ ഭാഗമായി ഷാഹി മസ്ജിദിന്റെ 120 അടി ഉയരമുള്ള മിനാരവും, പ്രാർത്ഥനാ ഹാളിന്റെ ഒരു ഭാഗവും, മസ്ജിദിന്റെ മതിൽക്കെട്ടുകളും പൊളിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, നഗര പുനർനിർമ്മാണത്തിന്റെ പേരിൽ മറ്റ് 28 ചെറിയ പള്ളികൾ കൂടി പൊളിച്ചുനീക്കാൻ അധികൃതർ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.  
ഇക്കഴിഞ്ഞ മാസങ്ങളിൽ മാത്രം ഡൽഹി ഷാലിമാർ ബാഗിൽ റോഡ് വികസനത്തിന്റെ പേരിൽ മദീന മസ്ജിദും, ഈ മാസം 5-ന് സഹാറൻപൂരിൽ 115 വർഷം പഴക്കമുള്ള പള്ളിയും അനധികൃത നിർമ്മാണമെന്നാരോപിച്ച് പൊളിച്ചുനീക്കുകയുണ്ടായി.  
പോലീസിന്റെ ലാത്തിച്ചാർജ്ജിനും കല്ലേറിനും കണ്ണീർവാതക പ്രയോഗത്തിനും ശേഷമാണ്, റോഡ് വികസനത്തിനായി പള്ളിയുടെ കേവലം 3 അടി മാത്രം പൊളിക്കാമെന്നും, പൊളിച്ചുനീക്കുന്ന ഭാഗത്തിന് പകരം മിനാരം പുതിയ സ്ഥലത്ത് നിർമ്മിക്കാമെന്നുമുള്ള വ്യവസ്ഥയിൽ മുൻസിപ്പൽ കോർപ്പറേഷനും പള്ളി കമ്മിറ്റിയും തമ്മിൽ ധാരണയിലെത്തിയത്.  

ഭരണഘടന അനുശാസിക്കുന്ന തുല്യ നീതിയും ആരാധനാ സ്വാതന്ത്ര്യവും എല്ലാവർക്കും ഒരുപോലെ ഉറപ്പാക്കേണ്ട ബാധ്യത ഭരണകൂടങ്ങൾക്കുണ്ട്. വികസനം ആവശ്യമാണ്, എന്നാൽ അത് ജനങ്ങളുടെ വിശ്വാസത്തെയും സമാധാന അന്തരീക്ഷത്തെയും തകർത്തുകൊണ്ടാകരുത്. ഒരു ആരാധനാലയം സംരക്ഷിക്കാൻ ജനങ്ങൾക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് ജനാധിപത്യ സമൂഹത്തിന് ആരോഗ്യകരമായ ലക്ഷണവുമല്ല. വിയോജിപ്പുകൾ മാറ്റിവെച്ച്, ഭരണഘടനാ മൂല്യങ്ങളും പരസ്പര സൗഹാർദ്ദവും സംരക്ഷിക്കാൻ എല്ലാ സമാധാന കാംക്ഷികളും ഒന്നിച്ച് ശബ്ദമുയർത്തേണ്ട സമയമാണിത്.

ബാബരി മസ്ജിദിനേക്കാൾ പഴക്കമുള്ള പള്ളികൾക്കെതിരെ 'വികസനം' എന്ന ഓമനപ്പേരിട്ട് ഭീഷണി ഉയർത്തുമ്പോൾ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളുടെ മൗനം ആശങ്കാജനകമാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെ രാജ്യത്തെ മതേതര, ജനാധിപത്യ ചേരി ഈ അനീതിയെ ചെറുക്കാൻ ശക്തമായി രംഗത്ത് വരണം.