ഓവറാകുന്ന സമുദായവും ഓരം ചേർക്കുന്ന ശത്രുക്കളും
നമ്മുടെ മതേതരത്വ ബിൽഡപ്പുകൾ എത്രമേൽ ദുർബലമാണ് എന്ന് വ്യക്തമാക്കുന്ന പല മുഹൂർത്തങ്ങൾ നമുക്കിടയിൽ ഉണ്ടാകാറുണ്ട്.
യഥാർത്ഥത്തിൽ
എന്താണ് ഈ മതേതരത്വം..!?
അതൊരു വാർപ്പ് രീതിയായിട്ടാണ് പലപ്പോഴും കൊണ്ടാടപ്പെടുന്നത്.
അത് മത നിരാസമല്ല,
മത സ്വാതന്ത്ര്യം ആണ്.
'മതം'എന്നത് തന്നെ ഭൗതികാർത്ഥത്തിൽ'അഭിപ്രായം'ആണ്.
ഭരണഘടനയിൽ
ഈ അഭിപ്രയസ്വാതന്ത്ര്യം എഴുതിവെച്ച രാജ്യമാണ് ഇന്ത്യ.
സ്വന്തം മതത്തെ,
ആചാര അനുഷ്ടാനങ്ങളെ ആചരിക്കാനും,
പ്രബോധനം ചെയ്യാനും
ഉള്ള സ്വാതന്ത്ര്യം.
അത് മറ്റൊരാൾക്ക് അപകടം അല്ലാതിരിക്കുവോളം അതിനു ഭരണഘടനാ പരിരക്ഷയുണ്ട്.
എന്നാൽ പലപ്പോഴും ഈ സ്വാതത്ര്യം
ഉപയോഗിക്കുന്നതു മുസ്ലിം പക്ഷത്തു നിന്നാകുമ്പോൾ മാത്രം വിവാദമാകുകയൂം,
അതിനു വർഗ്ഗീയ ചുവ നല്കുയും ചെയുന്നത് ഒരു ഫാഷൻ ആയി മാറിയിട്ടുണ്ട് എന്ന് വേണം കരുതാൻ.
ഒരു ബഹുസ്വര സമൂഹത്തിൽ/ഏകസ്വര സമൂഹത്തിലും
മുസ്ലിം എങ്ങിനെയാകണം എന്നതിന് ഖുർആനും പ്രവാചക വചനങ്ങളും മാതൃക നൽകുന്നുണ്ട്.
സർവ്വതല സ്പർശിയായ ഒരു മതം എന്ന നിലക്ക് ഏതു കാലത്തേകും,
ഏതു ഭൂമിശാസ്ത്രപരമായ വ്യതിരക്തതകളിലും അതിന്റെ സ്വത്വ ബോധം നില നിർത്തിക്കൊണ്ടു തന്നെയാണ് അത് നൂറ്റാണ്ടുകളെ അതിജയിച്ചെത്തിയത്.
ഒരു യഥാർത്ഥ മുസ്ലിം
മത വിശ്വാസിക്ക് ചില പരിധികൾ പാലിക്കേണ്ടി വരുന്നുണ്ട്.
അത്തരം ശരീഅ:നിയമങ്ങളെ പാലിക്കാൻ കഴിയാത്തവന്
ഈ വിശ്വാസത്തിൽ നിന്ന് പുറത്തു പോകുന്നതിനു യാതൊരു തടസവും ഇല്ലതാനും.
എത്രയോ മുസ്ലിം നാമധാരികളായ മത നിഷേധികൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ.
ഭക്ഷണത്തിൽ മാത്രമല്ല,
വസ്ത്രത്തിൽ,
വിവാഹത്തിൽ,
ആരാധനകളിൽ,
ജീവിതത്തിൽ,
മരണത്തിൽ,
എല്ലാം കൃത്യമായ നിബന്ധനകൾ പാലിക്കപ്പെടാൻ മുസ്ലിം ബാധ്യസ്ഥനാണ്.
ഒരാൾ മതേതര വാദിയാകാൻ
എല്ലാവരും പൊതു ബോധത്തോടൊപ്പം നിൽക്കണം എന്ന നരേഷൻ രൂപപെട്ടാൽ,
ഒരു പക്ഷെ എല്ലാ മത വിശ്വാസികളും തയ്യാറായാൽ പോലും മുസ്‌ലിംകൾ അതിനു തയ്യാറാകില്ല.
കാരണം മുസ്ലിമിന് ശരീഅത് വിട്ട് അഡ്ജസ്റ്റ് ചെയ്യാനാകില്ല.
അപ്പോൾ നിങ്ങൾക്ക് ഗ്വ ഗ്വ വിളിക്കാം
'മുസ്ലിംകൾ മതേതര വാദികളല്ല'
എന്ന്.
കൂടെ നിൽക്കാനും
കൂക്കി വിളിക്കാനും,
ഇസ്ലാമിന്റെ ഒരു റാത്തൽ ഇറച്ചിക്ക് വേണ്ടി വിമർശന കടാരയുമായി ഷെയിലേക്കുമാർ ദ്രംഷ്ടകൾ കാട്ടി കൂടെയുണ്ടാകും..!!
മുസ്‌ലിം യുവാക്കൾ കഞ്ചാവ് അടിക്കുന്നതും കടത്തുന്നതും അന്യന്റെ പെണ്ണ് പിടിക്കുന്നതും കിത്താബിലെ സുന്നത്താണെന്ന് കരുതുന്നവരാണ് കേരളത്തിലെ മുസ്‌ലിം മതാചാര്യന്മാർ എന്ന് ബിഗ്ടിവിയിലെ അവതാരക വിളിച്ചു കൂവി ഇൻട്രോയിൽ പറഞ്ഞു വെച്ചത് കടുത്ത ഇസ്ലാമിക ആക്ഷേപമാണ്.
ഖുർആനെ പോലും പരിഹസിച്ചു.
അവർക്കൊക്കെ
ഇമ്മാതിരി ഊളത്തം പറയാൻ സ്വാതന്ത്ര്യം ഉണ്ട്.
ഈ നാട്ടിലെ എല്ലാവരും ഒരു പെഗ്ഗ് അടിക്കണം എന്നാലേ മതേതര വാദിയാകൂ എന്ന ഒരു പൊതു ബോധം രൂപപെട്ടാൽ
എല്ലാ മത വിശ്വാസികളും അതിനു തയ്യാറായാൽ പോലും മുസ്ലിമിന് മതേതരത്വം തെളിയിക്കാൻ അഡ്ജസ്റ്റ് ചെയ്യാനാകില്ല.
ഇനി വസ്ത്രത്തിന്റെ കാര്യത്തിൽ എല്ലാവരും
ഒരു പൊതു വസ്ത്രം അണിയണം അതാണ് മതേതര ചിഹ്നം എന്ന് വന്നാൽ 'ഔറത്ത്'മറക്കുക എന്ന മത ശാസനയെ വിട്ട് മതേതരത്വം തെളിയിക്കാൻ മുസ്ലിമിന് കഴിയില്ല.
ഇനി വിവാഹത്തിന്റെ കാര്യത്തിൽ മതേതര വാദിയാകാൻ വിവാഹം ഇനി മുതൽ രജിസ്റ്റർ ചെയ്താൽ മതി മതാചാരങ്ങൾ വേണ്ട
എന്ന് പൊതു ബോധം രൂപപെട്ടാൽ എല്ലാ മതവിശ്വാസികളും തയ്യാറായാൽ പോലും മുസ്ലിമിന് അത് സാധ്യമല്ല.
ഇതാണ് തൗഹീദു വിശ്വസിക്കുന്നവനും അല്ലാത്തവരും തമ്മിലും പ്രകട വ്യത്യസങ്ങൾ..
മുസ്ലിമിനു ചില നിയമപരമായ പരിധിയും,പരിമിതിയും ഉണ്ട് എന്നർത്ഥം.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ കാന്തപുരം ഉസ്താദിന്റെ ഒരു പ്രസ്താവനയുടെ പേരിൽ എല്ലാവരും വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളുകയാണ്.
പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്,
പക്ഷെ,
തൊണ്ണൂറു പിന്നിട്ട,
സ്ത്രീ വിദ്യാഭ്യാസം ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്ന,
ആദരണീയനായ പണ്ഡിതൻ തന്റെ അനുയായികളോട് ഒരു ഉപദേശം നൽകിയതിന്റെ പേരിൽ ഒരവസരം കിട്ടാൻ കാത്തിരുന്ന പോലെ പലരും ചാടി വീണിരിക്കുന്നു.
അദ്ദേഹത്തിന്റെ സാമൂഹ്യ നന്മകളെ മുഴുവൻ റദ്ദു ചെയ്യാൻ
ആ ഒരൊറ്റ പ്രസ്താവനയെ ആയുധമാക്കി പലരും.
ഞാൻ അദ്ദേഹം നേതൃത്വം നൽകുന്ന സംവിധാനങ്ങളോട് 'സംഘടന' ബന്ധം ഉള്ള ഒരാളല്ല.
പക്ഷെ,
അദ്ദേഹത്തെ പ്രതി
ഒരു മഹാശയത്തെ ആറാം നൂറ്റാണ്ടിലേക്ക് വണ്ടി കയറ്റിയെ തീരൂ എന്ന് ഒച്ചവെക്കുന്നവരോട് ചിലതു പറഞ്ഞേ പറ്റൂ.
നിങ്ങളുടെ പൊതുബോധ നിർമ്മിതികൊപ്പം നിന്നാൽ മാത്രമേ മതേതര വാദിയാകൂ എന്നാണ്
കല്പന എങ്കിൽ അത് നാലും കൂട്ടി ചുരുട്ടി എറിയുകയാണ്.
എല്ലാ മതത്തിലും,
മത വിരുദ്ധരിലുമൊക്കെ പലതരത്തിലുള്ള ഇത്തരം പരിധികളും,
പരിമിതികളും ഉണ്ട്.
ഒരു ഹൈന്ദവ ക്ഷേത്ര ശ്രീ കോവിലിൽ ഉള്ളിലേക്ക് ശാന്തിക്കാരനല്ലാതെ മറ്റൊരു മതക്കാരനു,എന്തിനു ഒരു ഹിന്ദുവിന് പോലും പ്രവേശനം ഇല്ലല്ലോ..?
(മുസ്ലിം പള്ളിയിൽ ശുദ്ധിയുണ്ടങ്കിൽ കയറാം കേട്ടോ)
അതിന്റെ പേരിൽ അവിടെ മതേതരത്വം പുലരാൻ ആരും സാമൂഹ്യ മാധ്യമങ്ങളിൽ ആക്ഷേപം ചൊരിഞ്ഞിട്ടില്ല.
കാരണം അതവരുടെ മതപരമായ ഒരു പരിധിയാണ്.
അതൊന്നും നോക്കിയല്ല മതേതരത്വം അളക്കേണ്ടത്.
അതെ,സമയം തന്റെ മത ശാസനകൾ മറ്റൊരാൾ പാലിക്കുന്നില്ല എന്നതിന്റെ പേരിൽ മറ്റൊരാളെ ശത്രുവായി കാണാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല.
മാനവികമായ എല്ലാ പരിഗണനയോടെയും സഹവർത്തിക്കാനും,
ഇടപെടാനും,സഹായിക്കാനും മത ശാസനകൾ മുസ്ലിമിനോട് ഖുർആൻ നൽകുന്നുണ്ട്.
ആ അർത്ഥത്തിൽ ഒരാളോട് അനീതി ചെയ്യരുത്.
നിങ്ങൾ നീതി ചെയ്യണം,അതാണ് ദൈവ ഭയത്തോട് അടുത്തു നിൽക്കുന്നത് എന്ന് ഖുർആൻ ബോധനം നൽകുന്നുണ്ട്.
ഇതാണ് ഇസ്ലാമിന്റെ നിലപാട്.
ആദർശരമായി ഏക ദൈവ നിയമത്തിൽ അടിയുറച്ചു നിൽക്കുകയും,
അതിനു കോട്ടം വരുന്ന എല്ലാത്തിനെയും
ഉപേക്ഷിക്കുകയും ചെയുന്ന നിലപാട്.
ആരെയെങ്കിലും ഭയന്ന്
മത വിധികൾ മാറ്റി മറിക്കാൻ
ഒരു പണ്ഡിതനും അനുവാദം ഇല്ല.
അതുകൊണ്ട് തന്നെ കാന്തപുരം ഉസ്താദിനൊപ്പം തന്നെ..!!
നന്നായി എല്ലാവരെയും മനസ്സിലാക്കാൻ ഇത്തരം വിവാദങ്ങൾ
കാരണമാകുന്നുണ്ട്.
അത്രയും നല്ലതു.
നിങ്ങൾ എല്ലാവരും കൂടി പുരപ്പുറത്തു കയറി ഓളിയിട്ടത് കൊണ്ടൊന്നും ഒലിച്ചു പോകുന്ന മഴപ്പാറ്റയല്ല ഇസ്ലാം..
നിങ്ങളുടെ മതേതര ടെലസ്‌കോപിക് കണ്ണിൽ ബോധ്യപ്പെടുത്തേണ്ട നിസ്സഹായതായൊന്നും
ഈ മഹാ സന്ദേശത്തിനില്ല.
പറയാനുള്ളത് പറഞ്ഞും,
ആചാരിക്കാനുള്ളത് ആചാരിച്ചും അനുഷ്ടിച്ചും തന്നെയാണ് കാലത്തെ അതിജയിച്ച
ഈ പ്രത്യയശാസ്ത്രം മുന്നോട്ട് പോയത്..
ഈ പ്രകാശത്തെ നിങ്ങൾ എല്ലാവരും കൂടി ഓതിക്കെടുത്തൻ ശ്രമിച്ചാലും,
ഇത് അതിജയിക്കുക തന്നെ ചെയ്യും
എന്നാൽ സമുദായത്തോടും
ചിലതു പറയേണ്ട അവസരം ഇതാണ് എന്ന് തോന്നുന്നു:
ഒരു ബഹുസ്വര സമൂഹത്തിൽ പാലിക്കേണ്ട അവധാനതയും,
ഹിക്മത്തും,
സോഷ്യൽ മീഡിയ വ്യാപന കാലത്തു പാലിക്കേണ്ട ഒരു പ്രോപഗേഷൻ മൊറാലിറ്റിയായി പുതുതലമുറയിലെ
ചില സോഷ്യൽ മിഡിയ ഇസ്ലാമിസ്റ്റുകൾ ഉള്കൊള്ളുന്നില്ല എന്നത് വസ്തുതയാണ്.
കിട്ടുന്നതെല്ലാം വാരി വലിച്ചു യൂട്യൂബിലാകുന്ന
ആവേശക്കമ്മറ്റിക്കാർ വരുത്തി വെക്കുന്ന വിനകൾ ചെറുതല്ല.
അവരെ ട്രോളുന്ന ഇസ്ലാമിക വിരുദ്ധ സോഷ്യൽ മീഡിയക്കാരോടും ഇതൊരു ആഘോഷമാക്കുന്നവരോടും സഹതാപമേയുള്ളു.
സൂക്ഷ്മ നിരീക്ഷണത്തിൽ ആരാണ് അതിന്റെ പിന്നിൽ എന്ന് ബോധ്യമാകുന്നുണ്ട്.
ഒരു ഭാഗത്ത് ഫാഷിസ്റ്റുകൾ,
അവരെ പിന്തുണച്ചു മതേതര കൊട്ടേഷൻ ഏറ്റെടുത്ത
മത നിഷേധികൾ,
അവർക്ക് ഓശാന പാടാൻ കുറച്ചു അൾട്രാ സെക്യലറിസ്റ്റുകളും.
മുൻവിധികളില്ലാതെ
വായിക്കുന്നവർ മാത്രം പ്രതികരിച്ചാൽ മതി.
ഒട്ടും പിന്തുണ കിട്ടാത്ത പോസ്റ്റ് ആയിരിക്കും എന്നറിയാം.
കാരണം സോഷ്യൽ മീഡിയ പൊതുവെ വിഷയത്തിന്റെ മെറിറ്റ് നോക്കിയല്ല വിലയിരുത്താറുള്ളത്.
ഇയാള് നമ്മുടെ ആളാണോ
എന്നു നോക്കിയാണ്.
അത്തരം ടെലസ്കോപ്പുകളോട്
ആദ്യമേ എസ്കേപ് പറയുന്നു:
ആധുനിക കേരള മുസ്ലിം സമൂഹം നേരിടുന്ന ഇപ്പോഴത്തെ വലിയ വെല്ലുവിളികൾ ശത്രുവിൽ നിന്നുമല്ല.
സമുദായത്തിന്റെ ഉള്ളിൽ നിന്നുമാണ്.
മറ്റുള്ളവർ എറിഞ്ഞു തരുന്ന
എല്ലും കഷ്ണങ്ങളിൽ പരസ്പരം കടിപിടികൂടുന്ന ശ്വാന വ്യഗ്രതയാണ് സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നത്.
സ്വന്തം അജൻഡ നിർമ്മിതി എന്നാണ് സമുദായം കണ്ടെത്തുക.
ഒരു ധൈഷണിക സമൂഹം
എന്ന നിലക്ക് ഒട്ടേറെ ജീവിതക്രമങ്ങളെ ഇസ്ലാമിക സമൂഹം വച്ചുപുലർത്തുന്നുണ്ട്.
അത്തരം ചർച്ചകൾ സാധ്യമാകുന്ന സംവേദനക്ഷമതയുള്ള മത പരിസരം കൂടിയാണ് മുസ്ലിംകളുടേത്.
പക്ഷെ
സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ ആ അതിരുകളെല്ലാം നാം ഭേദിച്ചു തുടങ്ങി.
സമീപ കാലങ്ങളിൽ കേരളീയ പൊതു സമൂഹത്തിൽ ഉണ്ടായ വിവാദങ്ങൾ ഒന്നു മാറി നിന്നു ആത്മ വിമർശനത്തോടെ ആലോചിച്ചു നോക്കൂ.
എപ്പോൾ
എന്ത്
എങ്ങിനെ.?
എവിടെ ?
എന്ന ബോധം നഷ്ടമായിട്ടുണ്ട് പുതിയ കാലത്തെ എഴുത്തുകാർ,
പ്രഭാഷകർ,
റീൽസുകാർ
പ്രതികരണക്കാർ
കമന്റ്കാർ
എന്നിവർക്കൊക്കെ .
നൈതിക ബോധം സംഭവിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്.!?
സ്വാതന്ത്ര്യ സമര ചരിത്രത്തെ പോലും വികലമാക്കി,
ഇൻഡ്യയിലെ ന്യൂനപക്ഷങ്ങളെ അരികു വത്കരിച്ചു ചരിത്രത്തിന്റെ അപനിർമ്മിതി നടക്കുന്ന
ഈ സത്യാനന്തര
കാലത്തു ഒരു പുൽകൊടിയിൽ പോലും ആവേശവും,
ആശ്വാസവും കണ്ടത്തേണ്ട
ചരിത്ര സന്ധിയിൽ അവയെ പോലും ഊതിക്കെടുത്തരുത് നാം..!
തീർച്ചയായും സമുദായത്തിനകത്തു അനിവാര്യമായ തിരുത്തുകൾ സംഭവിക്കണം.
കാരണം ചരിത്രം ഗുണപാഠവും,
ആത്മ വിമർശനപരവുമാണ്.
ഇപ്പോൾ ഉണ്ടാകുന്ന വിവാദങ്ങളിലധികവും
ശത്രുവിന് വളം വെച്ചു കൊടുക്കുന്നതാണ്.
സമുദായം പരസ്പരം പോരാടിക്കുന്നു.
നാട്ടിലല്ല.
സാമൂഹ്യ മാധ്യമങ്ങളിൽ.
അതു കണ്ടു യുക്തിവാദിയും,
മത നിഷേധിയും,
ഫാസിസ്റ്റുകളും കൈകൊട്ടി ചിരിക്കുന്നു..!!
എന്നെങ്കിലും ഒരിക്കൽ
നാം ശത്രുവിന് ഒരു അജണ്ട
ഇട്ടു കൊടുത്തിട്ടുണ്ടോ..!?
എന്നിട്ട് അവർ പര്സപരം അതിൽ കടിപിടി കൂടിയിട്ടുണ്ടോ..!?
സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ല.
യൂട്യൂബിലും
ഇൻസ്റ്റ റീൽസിലും
സമുദായത്തെ സമുദ്ധരിക്കാൻ ശ്രമിക്കുന്ന ചിലർ പറയുന്ന കാര്യങ്ങളുടെ ഭാരം മുഴുവൻ ഇസ്ലാം പേറേണ്ടിയും വരുന്നുണ്ട്.
ഇസ്ലാമിന്റെ ഒരു റാത്തൽ ഇറച്ചിക്ക് വേണ്ടി കാത്തു നിൽക്കുന്ന ഫാസിസ്റ്റ് ഷൈലേക്കുമാർക്ക് എറിഞ്ഞു കൊടുക്കുന്ന പണിയാണ് പലപ്പോഴും കാണുന്നത് ..!!
സോഷ്യൽ മീഡിയയുടെ
നാൽ കവലകളിൽ ഇപ്പോൾ തലകീഴായി കെട്ടി തൂക്കിയിരിക്കുയാണ് ഇസ്ലാം..!!
ഓരോരുത്തരും ഇറച്ചി ചീന്തിയെടുത്തു തെരുവിൽ
കാകളി നൃത്തമാടുന്നു..!
നമ്മുടെ പ്രസംഗങ്ങൾ പോലും വിവാദം ആകാൻ ചില കാരണങ്ങളുണ്ട്.
വിശ്വാസികളോട് പറയേണ്ടത് അവിശ്വാസി കേൾക്കണം എന്ന നിർബന്ധ ബുദ്ധിയാണ്.
ഏറ്റവും ആത്മീയമായ സാഹചര്യത്തിൽ ചെയ്യുന്ന
കൂടിചേരലുകൾ പോലും ലൈവാക്കിയാലെ നമുക്ക് സമാധാനം കിട്ടുന്നുള്ളു.
ഉള്ഹിയ്യത് അറുക്കുന്ന വീഡിയോ,
ആടുന്ന ദിക്ർ മജിലിസ്,
പുണ്യ നബിയുടെ ശരീരത്തോടും,
അവിടുത്തെ ശരീര ശിഷ്ടങ്ങളോടും സ്വാഹബത് കാണിച്ച സ്നേഹം..
തുടങ്ങി ഒരുപാടുണ്ട്.
ഇതൊക്കെ ഒരു വിശ്വസിക് മാത്രമേ ഉൾക്കൊള്ളാനാവൂ.
അതു അവർ മഹബത്തിന്റെ ലഹരിയിൽ ഉൾകൊള്ളട്ടെ.
ആ പറച്ചിലുകളെല്ലാം മറ്റൊരാൾക്കു ഉൾകൊള്ളാൻ കഴിയില്ല.
എന്നിട് ശത്രു അതു അവനിഷ്ടമുള്ളത് കട്ട് ചെയ്തു പുണ്യ നബിയെ അസഹനീയമം വിധത്തിൽ പരിഹസിക്കുന്നത് കാണുമ്പോൾ സങ്കടം കൊണ്ടു പലവട്ടം കരഞ്ഞ ഒരാളാണ് ഞാൻ..!!
'ഒന്നും മറച്ചു വെക്കാനില്ല,
ആദർശം ആരുടെ മുന്നിലും പറയണം'
എന്ന് പറയുന്ന ഒരുത്തനെയും പുണ്യ നബിയേയും
ആത്മീയ മജ്‌ലിസുകളെയും പരിഹസിക്കുമ്പോൾ മറുപടി പറയാൻ ആ വഴി കാണാറില്ല.
പാവം സാധാരണക്കാർ അവർക്ക് ആവും വിധം പിടിച്ച നിൽക്കാൻ നോക്കുന്നത് കാണാം..!
ഹബീബിനെ മനസിലാക്കാൻ കഴിയാത്ത ഒരാളുടെ മുന്നിൽ ഹബീബിന്റെ വിയർപ്പൊ,
രക്തമോ,
ഉമിനീരൊ ഒരിക്കലും വിശുദ്ധമല്ല.
ആ സാമാന്യ ബോധം ലൈവ് പ്രസംഗികരെങ്കിലും മനസിലാക്കണം..!
എല്ലാതും എല്ലാവരോടും പറയാനുള്ളതല്ല.
എല്ലാ പരിപാടിയും,
ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ഇടാനുളതുമല്ല..!!
നമ്മുടെ വിശ്വാസത്തിനു എതിരായ ഒരു പ്രവർത്തി മറ്റൊരാൾ ചെയ്യുമ്പോൾ
അതിനെതിരെ വാളെടുക്കേണ്ടവരല്ല നമ്മൾ.
'മുസ്ലിം'സിനിമ നടിമാരുടെ,
റീൽസുകാരികളുടെ,
ചിത്രങ്ങൾക് താഴെ പോയി 'നരകത്തിലെ വിറകാണ് നീ'
എന്ന ക്ളീഷേ ഉപദേശം നൽകുന്ന സോഷ്യൽ മീഡിയ മുഫ്തിമാർ,
എക്സ് മുസ്ലിം ആക്ഷേപകരുടെ
പോസ്റ്റുകളിൽ പോയി ശാപ പ്രാർത്ഥനകൾ വാരി വിതറുന്നവർ,
അവരെ ഫോൺ വിളിച്ചു ഫ്രസ്ട്രേഷൻ തീർക്കാൻ പോയി തേഞ്ഞൊട്ടുന്നവർ..
എന്നാണ് ഈ സമുദായത്തിന്
ഒരു ബോധം വരിക..!!
ബഷീർ ഫൈസി ദേശമംഗലം
Post a Comment