നമ്മുടെ നബിദിന റാലികൾ ചില ഔചിത്യങ്ങൾ പാലിക്കേണ്ടേ..?



       ✍🏼മുത്തു നബിﷺയുടെ തിരുപ്പിറവിയുമായി ആഘോഷങ്ങളുടെ ഒരുക്കത്തിലാണല്ലോ നാം...

 നബിദിനാഘോഷങ്ങളുടെ ഏറ്റവും ഹൃദയഹാരിയായ രംഗമാണ് നബിദിന റാലി.
സ്നേഹം മറ്റുള്ളവരിലേക്ക് പകരാനായി ഇവയെ നാം ഉപയോഗപെടുത്തണം.
ഇതൊരിക്കലും പ്രധിഷേധ പ്രകടനമോ ശക്തിപ്രകടനമോ അല്ല.
അതിനു വേണ്ടി നാം മറ്റു സന്ദർഭങ്ങളിൽ റാലികൾ നടത്താറുണ്ട്...

 ഓരോന്നിനും സന്ദർഭങ്ങളുടെ വിത്യസ്തതയും ഔചിത്യവുമുണ്ട്. മുഷ്ടി ചുരുട്ടി 'ബദറിൽ കേട്ടൊരു മുദ്രാവാക്യം' എന്ന് പ്രകമ്പനം കൊള്ളിക്കേണ്ടത് നബിദിന റാലിയിലാണോ എന്ന് നാം ആലോചിക്കണം.
ഓട്ടേറെ പൊതു ജനങ്ങൾ നമ്മുടെ റാലി വീക്ഷിക്കാറുണ്ട്.
പ്രവാചക പ്രകീർത്തനങ്ങളും 
നശീദകളും നമ്മുടെ സ്വന പേടകങ്ങളെ നിറക്കട്ടെ..! 

 മുതിർന്ന യുവാക്കളുടെ സ്‌കൗട്ട് പോലോത്ത രൂപങ്ങൾ ഒഴിവാക്കുന്നതല്ലേ നല്ലത്...
ചിലപ്പോഴെങ്കിലും അവ മറ്റുള്ളവർക്ക് തെറ്റായ ചിന്തകൾക്ക് കാരണമാകുന്നുണ്ട്.
ഒരു കൊള്ളിത്തറികൊണ്ടു പോലും ഇരുട്ടത്തു കവാത്ത് പഠിക്കാത്ത നാം എന്തിനാണ് ഈ പട്ടാള ചിട്ടയിൽ പേടിപ്പെടുത്തുന്നത്... 

 അനൗൺസ്‌മെൻറ്റുകൾ പ്രകോപനത്തിന്റേതാകരുത്.
ചിലപ്പോഴെങ്കിലും അത് അരോചകമായ വാചകാഭ്യസമായി മാറുന്നു.
കേട്ട് നിൽക്കുന്നവർക്ക് മുത്തു നബിﷺയോട് മതിപ്പു തോന്നിപ്പിക്കണം അനൗൺസ്മെന്റുകൾ.
വാഹനങ്ങളിൽ നിന്നും സിനിമപാട്ടിന്റെ ഈണത്തിലും ശബ്ദഘോഷത്തിലും പ്രവാചക ഗീതങ്ങൾ ഉയരുമ്പോൾ നബിദിനത്തിന്റെ മൗലികതയാണ് ചോർന്നു പോകുന്നത്...

 കൃത്യമായ മുന്നൊരുക്കങ്ങൾ ഇപ്പോഴേ തുടങ്ങുക.
വഴി വക്കിൽ നിന്നും കുട്ടികൾക്ക് പാനീയങ്ങൾ കൊടുക്കുന്ന ഏർപ്പാടിനു ബദൽ സംവിധാനം കാണണം.
തിരു ചര്യക്കെതിരായി നിന്നു കുടിക്കാൻ കാരണമാകുന്നു.
മുസ്തഫായ നബിﷺയോടുള്ള മുഹബ്ബത്ത് കാട്ടുന്ന വേളയിൽ അവിടുത്തെ (ﷺ) ചര്യക്ക് എതിര് ചെയുന്നത് ക്ഷന്തവ്യമല്ല.
'കറാഹത്തല്ലേയുള്ളു'എന്ന കർമ്മശാസ്ത്ര എസ്ക്യൂസിൽ അതിനെ ചെറുതായി കാണരുത്.
സാധ്യമായ മറ്റു മാർഗ്ഗങ്ങളുള്ളപ്പോൾ ഇത് ഒഴിവാക്കാൻ നമുക്കാകണം... വഴി വക്കിൽ നിന്നു സമ്മാനം കൊടുക്കുന്നവരോടെല്ലാം അവ മദ്രസ്സയിലെത്തിക്കാൻ പറയണം.
അതല്ലെങ്കിൽ ഇരുന്നു കുടിക്കാൻ സൗകര്യമേർപ്പെടുത്താൻ ബന്ധപ്പെട്ടവരോട് മുൻകൂട്ടി പറയണം.
അല്ലെങ്കിൽ റാലിയുടെ ദൈർഘ്യം കുറക്കണം. അല്ലെങ്കിലും ഇടയിലുള്ള കുടിയും മിഠായി വിതരണവുമെല്ലാം റാലിയുടെ ഭംഗി കുറക്കുന്നുണ്ട്...

 കുടിച്ചു കഴിഞ്ഞു വലിച്ചെറിയുന്ന കടലാസ്സ് ഗ്ലാസ്സുകൾ റാലിയിലെ വളണ്ടിയർമാർ അപ്പോൾ തന്നെ ശേഖരിക്കണം.
നമ്മുടെ നിരത്തുകൾ ഒരു നബിദിന റാലി കൊണ്ടു മോശമാകാതിരിക്കട്ടെ.
അതിന്റെ പേരിൽ ഒരു വഴി യാത്രക്കാരൻ പോലും നബിദിനത്തെ പഴിക്കാതിരിക്കട്ടെ.(നബിദിനം ആഘോഷിക്കുന്നവർക്കേ ഇത് പറയാൻ അവകാശമുള്ളു. നബിദിനം തന്നെ ശിർക്കാകുന്നവർക്കു ഗ്ലാസിലെ മാലിന്യത്തിൽ ബേജാറ് വേണ്ട)

 നിരത്തിൽ ഒരു വശം ചേർന്ന് മാത്രം കടന്നു പോകാൻ റാലി ക്രമീകരിക്കുക.
യാത്രക്കാർക്ക് സുഗമമായി പോകാൻ ഇത് സൗകര്യമാകും.
വീണ്ടും വീഥി നിറഞ്ഞു ഒഴുകാൻ ഇത് പ്രധിഷേധ റാലിയല്ല.
ഇനി അത് കൂടിയേ തീരുവെങ്കിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നിന്നും സഹായം തേടി വാഹന ഗതാഗതം വഴി തിരിച്ചു വിടാൻ ശ്രമിക്കുക.
നാം കാരണം ആരും
പ്രയാസപ്പെടാതിരിക്കട്ടെ...

 അപ്പോൾ രാഷ്ട്രീയക്കാർ റോഡ് നിറച്ച റാലി നടത്തുന്നില്ലേ..? മറ്റു മത വിഭാഗങ്ങൾ നടുത്തുന്നില്ലെ..?എന്ന ചോദ്യത്തിനു 'ഇത് നബിദിനറാലി'യാണ് എന്നെ ഉത്തരമുള്ളു...

 ഘോഷയാത്ര കടന്നു പോകുമ്പോൾ കൊച്ചു കുട്ടികളടങ്ങുന്ന സഹോദര സമുദായങ്ങൾ വീക്ഷിക്കുന്നുണ്ടാവും.
അവർക്കു മിഠായി വിതരണം ചെയ്യുക. അവരിലെ കൊച്ചു കുട്ടികൾക്ക് പൂക്കളോ, വർണ്ണ ബലൂണുകളോ കൊടുക്കുക.
കൂട്ടത്തിൽ മുത്തു നബിﷺയെ കുറിച്ചുള്ള ഒരു ചെറു വിവരണമടങ്ങിയ ലഘു ലേഖയും.
ഒന്ന് ശ്രമിച്ചു നോക്കൂ... അവരുടെ മുഖത്തു പുഞ്ചിരി വിടരുന്നത് കാണാം...

 ഏറെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ നമുക്ക് ഈ നബിദിന ആഘോഷത്തെ വ്യത്യസ്തത കൊണ്ടു വർണ്ണാഭമാക്കാം.
സ്നേഹത്തിന്റെ പരസ്പര്യം തീർക്കാം..
പ്രകോപനപരമായ മുദ്രാവാക്യങ്ങളോ, അന്യമത അവഹേളനമോ, സംഘടനാ തർക്കങ്ങളോ ഉയർത്തേണ്ടതല്ല നബിദിന റാലി...

 അവകാശ നിഷേധങ്ങൾക്കെതിരെയോ ആശയ വ്യത്യാസങ്ങൾക്കെതിരെയോ വസ്തുക്കളുടെ വെളിച്ചത്തിൽ സംസാരിക്കാൻ വൈകീട്ട് നടക്കുന്ന പ്രഭാഷണങ്ങൾ ഉണ്ടല്ലോ.
അത് കൊണ്ടു റാലി പ്രവാചക സ്നേഹത്തിന്റെ അടയാളമാകട്ടെ
എല്ലാ അർത്ഥത്തിലും..!!

 ഈ പോസ്റ്റിനെ മുൻവിധിയോടെ കാണേണ്ട.
നബിദിനം ആഘോഷിക്കുന്നവരോട് മാത്രമേ ഈ പോസ്റ്റ് അഭിസംബോധന ചെയ്യുന്നുള്ളു.
ഒരു യാത്രയിൽ മനസ്സിൽ തോന്നിയത് പകർത്തി എന്ന് മാത്രം.
നബിദിനം വരാറായി ഇപ്പോൾ തന്നെ ഒരുങ്ങിത്തുടങ്ങൂ..
ക്രിയാത്മക നിർദേശകർക്കു സ്വാഗതം.
എന്തിലും, ഏതിലും വിരോധം തീർക്കുന്നവർ ഈ വഴി ഇന്ന് വരേണ്ടതില്ല...

✍🏼ബശീർ ഫൈസി ദേശമംഗലം