നബിദിനതിന് തെളിവ് ഉണ്ടോ?എന്ന സാദാരണകാരൻ്റെ ചോദ്യത്തിന് നാട്ടിക ഉസ്താദിൻ്റെ ലളിതമായ മറുപടി


ചോദ്യം:നബി(സ)
ഇരുപത്തിമൂന്ന് വർഷം ഇസ്‌ലാമിക പ്രബോധനം നടത്തി. ഒരിക്കൽ പോലും നബിദിനം കൊണ്ടാടിയിട്ടില്ല.നബിദിനം ആഘോഷിക്കാൻ കൽപിച്ചിട്ടുമില്ല. സ്വഹാബാക്കളാരും നബിദിനം കൊണ്ടാടിയിട്ടുമില്ല. പൂർവ്വിക പ്രവാചകൻമാരുടെ ജന്മദിനം കൊണ്ടാടുവാൻ നബി(സ)കൽപിച്ചിട്ടില്ല. നബി(സ)ചെയ്യുകയോ പറയുകയോ ചെയ്യാത്ത കാര്യം നാം എന്തിന് തുടർന്നു കൊണ്ട് പോകണം?

ഉത്തരം:പ്രവാചകൻ (സ)ഇരുപത്തി മൂന്ന് വർഷത്തിനിടയിൽ ചെയ്തിട്ടില്ല, സ്വഹാബികൾ ചെയ്‌തിട്ടില്ല, പൂർവ്വികരൊന്നും ചെയ്തിട്ടില്ല എന്ന് പറയണമെങ്കിൽ വലിയ വിവരം വേണം.
അവരാരും ചെയ്ത‌തായി എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.അല്ലെങ്കിൽ നമ്മുടെ അറിവിൽ പെട്ടിട്ടില്ല എന്ന് പറയാൻ ഉള്ള വിവരം മതി.രണ്ടും രണ്ട് വിവരമാണ്.

23 കൊല്ലക്കാലത്തെ പ്രവാചക ജീവിത്തിനിടയിൽ, പിന്നെ സ്വഹാബത്ത് എന്ന് പറഞ്ഞാൽ ഒരു ലക്ഷത്തിലധികം സ്വഹാബിക്കളുണ്ട്.അവരിൽ ഓരോരുത്തരുടേയും ജീവിതത്തിനിടയിൽ അങ്ങനെയൊന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് പറയണമെങ്കിൽ ഈ ബൃഹത്തായ ചരിത്രവും ദശ ലക്ഷക്കണക്കായ ഹദീസും ആയിരക്കണക്കായ ചരിത്ര ഗ്രന്ഥങ്ങളും വായിച്ച് ഒരടിക്ക് കമ്പ്യൂട്ടറിൽ ഹാജറാക്കുന്നത് പോലെ മനസ്സില് ഹാജറാക്കാനുള്ള ഓർമ്മയും അറിവും വിവരവുമൊക്കെ വേണം. അത്ര വലിയ വിവരമുള്ള ഒരാൾ ഇന്നോട് ചോദിക്കാൻ മാത്രം ചെറുതാവുമെന്ന് ഞാൻ വിചാരിക്കുന്നില്ല.നമ്മൾക്ക് അത്ര വലിയ വിവരമൊന്നുമില്ല.അതുകൊണ്ട് ഇല്ല എന്ന് പറയുന്നത് ഒരു മര്യാദക്കേടാണ്.എന്റെ അറിവിലും ശ്രദ്ധയിലും പെട്ടിട്ടില്ല എന്നു പറയുന്നതാണ് മര്യാദ. ഇനി നമ്മൾക്ക് വിഷയത്തിലേക്ക് കടക്കാം.
ഇനി മേലിൽ ഒരു മുഖാമുഖ മുണ്ടാവുമ്പോൾ അങ്ങനെ ചോദിക്കലാണ് നല്ലത്. സൗകര്യം പോലെ ചെയ്തോളൊട്ടോ.എൻ്റെ അഭിപ്രായം പറഞ്ഞന്നേയുള്ളൂ.

നബി(സ)തങ്ങൾ ഒരിക്കലല്ല,തങ്ങൾ എല്ലാ ആഴ്‌ചയും നബിദിനം കൊണ്ടാടിയിട്ടുണ്ട്.നമ്മൾ ഇപ്പോൾ കൊല്ലത്തിലല്ലേ ഉള്ളൂ. മറ്റേത് ആഴ്‌ചയിൽ ആഴ്‌ചയിലാണ്.നമുക്കും അത് സുന്നത്താണ്.ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരുടെയും ജന്മദിന ങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്.ആദം നബി (സ) മുതൽ മുഹമ്മദ് മുസ്തഫ (സ) തങ്ങൾ വരെയുള്ള എല്ലാ നബിമാരുടെയും.ആദം നബി(സ)ൻ്റെ ജന്മദിനത്തിൻ്റെ കാര്യം നോക്കൂ.

സൂര്യൻ ഉദിച്ച ദിവസങ്ങളിൽ വെച്ച് ഏറ്റവും ഉത്കൃഷ്‌ടമായ ദിവസം വെള്ളി യാഴ്ചയാണ്.തങ്ങൾ അതിന് പറഞ്ഞ ഒരു കാരണം فيه خلق آدم 
അന്നാണ് ആദം നബിയെ സൃഷ്‌ടിക്കപ്പെട്ടത്.ഒരു കാരണം അതാണ്.ആദം നബിയുടെ ജന്മദിനമാണ് വെള്ളിയാഴ്‌ചയ്ക്ക് മഹത്വമുണ്ടായത് ജന്മദിനമായത് കൊണ്ടാണ്.അതാണ് മഹത്വത്തിന് കാരണം.അല്ലാതെ മഹത്വമുള്ള വെള്ളിയാഴ്‌ച ആദം നബിക്ക് ജന്മം നൽകി എന്നല്ല.

അതു പോലെ തിങ്കളാഴ്‌ച നോമ്പനുഷ്ഠിക്കാൻ ഉപദേശിച്ച നബി(സ)തങ്ങൾ പറഞ്ഞു:അന്നന്റെ ജന്മദിനമാണ്.ആ ജന്മദിനത്തെ അനുസ്മരിക്കാനാണ്.മാത്രമല്ല തങ്ങളുടെ ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിച്ചതു കാരണം നരകാവകാശിയായ അബൂലഹബിന് പോലും തിങ്കളാഴ്‌ച ദിവസം നരക ശിക്ഷയിൽ ലഘൂകരണം അനുഭവപ്പെടുന്നു.ഇത് ജന്മദിനത്തിൽ സന്തോഷിച്ചതു കൊണ്ടാണ്.

സ്വഹാബത്തിന്റെയും താബിഉകളുടെയും കാലത്തില്ല എന്ന് പറഞ്ഞത് ശരിയല്ല.അവർ ജന്മദിനം ആഘോഷിച്ചെന്ന് മാത്രമല്ല മൗലൂദിൻ്റെ സദസ്സുകൾ സംഘടിപ്പിച്ചിരുന്നു. താബിഉകളിൽ പ്രമുഖനായ ഹസൻ ബസരി തങ്ങൾ,അദ്ദേഹത്തിൻ്റെ ചരിത്രത്തിൽ പറയുന്നത് 300 ലധികം സ്വഹാബിമാരോട് സഹവസിച്ചിട്ടുണ്ട്. 

അവരിൽ തന്നെ 60 പേർ ബദ്റിൽ പങ്കെടുത്തവരായിരുന്നു.അവരോടൊപ്പം ജീവിച്ച അദ്ദേഹം സ്വഹാബത്തി നോടൊപ്പം നിന്ന് പറഞ്ഞത്. സ്വഹാബത്തിൻ്റെ കാലശേഷം പറഞ്ഞതല്ല.കാരണം അദ്ദേഹത്തിന്റെ പ്രസ്താവനയുടെ കാലവും ചരിത്രവും പരിശോധിച്ചാൽ ബോധ്യമാവും. അദ്ദേഹം പറഞ്ഞത് എനിക്ക് ഉഹ്ദ് മലയോളം സ്വർണ്ണം ലഭിച്ചാലും പ്രവാചകരുടെ മൗലൂദിന് വേണ്ടി ചെലവഴിക്കാൻ ഞാൻ ഇഷ്‌ടപ്പെടുന്നു എന്നാണ്.അപ്പോൾ ആ കാലം മുതലേ ഈ ഏർപ്പാടുണ്ടെന്നല്ലേ.

എന്നാൽ ചിലയാളുകൾക്ക് ഒരു തെറ്റിദ്ധാരണ ഉണ്ട്. അത് മുളഫർ രാജാവിന്റെ കാലത്തുണ്ടായ താണെന്ന്.അത് ശരിയല്ല മുളഫർ രാജാവ് ആയിരക്കണക്കിന് ആടിനെ, പതിനായിരക്കണക്കിന് കോഴിയെ അറുത്ത് മൗലൂദിൻ്റെ പേരിൽ രാജകീയ സദ്യ സംഘടിപ്പിക്കാൻ തുടങ്ങിയത് അദ്ദേഹമാണ്.അദ്ദേഹം മൗലൂദിൻ്റെ തുടക്കകാരനല്ല.കേവലം സദ്യ നടത്തുകാരനല്ല.രാജകീയ സദ്യയുടെ തുടക്കകാരൻ മാത്രമാണ്.ഹസൻ ബസരിയാവട്ടെ ഉഹ്ദ് മലയോളം സ്വർണ്ണം കിട്ടിയാലും മൗലൂദിനു വേണ്ടി ചെലവഴിക്കാൻ ഇഷ്‌പ്പെടുന്നു എന്നാണ്. മുളഫർ രാജാവിനേക്കാൾ വലിയ സദ്യ ഉണ്ടാക്കാനാണ് ഹസൻ ബസരിക്ക് മോഹം. ലഭിച്ചാൽ ചെലവഴിക്കു മായിരുന്നു.ലഭിച്ചില്ല. ചെലവഴിച്ചില്ല. അതുകൊണ്ട് നേരത്തെ ഇങ്ങനെ ഒരു സമ്പ്രദായം ഇല്ല എന്നത് ചരിത്രപരമായ വിവര ദോഷമാണ്.

പിന്നെ വൈവിധ്യങ്ങൾ വന്നിട്ടുണ്ടായിരിക്കാം.അന്നിങ്ങനെ മൂന്നു നിറമുള്ള ഒരു ഖുബ ആലേഘനം ചെയ്ത‌ കൊടി കെട്ടിയിനോ എന്ന് ചോദിച്ചാൽ,ഉണ്ടായിട്ടുണ്ടാവില്ല.അന്ന് മൈക്ക് ഉപയോഗിച്ചിനോന്ന് ചോദിച്ചാൽ,ഉണ്ടാവില്ല.അന്ന് വിശദീകരിക്കാൻ വേണ്ടി ചേർന്ന സദസ്സിൽ ഫാൻ കറങ്ങിയിരുന്നോ എന്ന് ചോദിച്ചാൽ,ഉണ്ടാവില്ല.അങ്ങനെ കുറേ വൈവിധ്യങ്ങളൊക്കെ പ്രയോഗത്തിൽ വന്നിട്ടുണ്ട്.തത്വവും പ്രയോഗവും നമ്മൾ ആലോചിക്കണമല്ലോ.തത്വം ഇത് നേരത്തേ ഉള്ളതാണ്,പ്രോത്സാഹനം ഉള്ളതാണ്.പ്രയോഗത്തിൽ അതാത് കാലങ്ങളിൽ ചില വൈവിധ്യങ്ങളൊക്കെ വന്നു എന്നുള്ളത് ശരി തന്നെയാണ്.ആ വൈവിധ്യങ്ങളിൽപ്പെട്ടതാണ് ഈ മുഖാമുഖവും,ഈ സ്റ്റേജും,മൈക്കും, ഒരാൾ ചോദിക്കലും മറ്റയാൾ പറയലുമൊക്കെ.തത്വം നേരത്തേ ഉള്ളതാണ്.പ്രയോഗ വത്ക്കരണങ്ങളിലെ വൈവിധ്യങ്ങ ളിൽപ്പെട്ടതാണ്.അതുകൊണ്ട് ആ ആശയം ഇല്ല എന്നു പറയുന്നത് ശരിയല്ല.

*ഉപചോദ്യം കൂടി*:
മുജാഹിദുകൾ നേരത്തെ തന്നെ മൗലുദിനെ അനുകൂലിച്ചിട്ടുണ്ടെന്ന് സുന്നികൾ പറയുന്നുണ്ടല്ലോ അതിന് വല്ല രേഖയുമുണ്ടോ?

മറ്റു വിഷയങ്ങളെപ്പോലെ ഇക്കാര്യത്തിലും മുജാഹിദ് നേതൃത്വത്തിന് സ്ഥിരമായ കാഴ്‌ചപ്പാട് ഉണ്ടായിട്ടില്ല. 1960 സപ്റ്റംബർ 15 ന് ന്യൂ മാഹിയിൽ നിന്ന് പ്രസിദ്ധീകരിച്ച ഒരു നോട്ടീസ് പ്രകാരം മുജാഹിദ് നേതാക്കളിൽ പ്രമുഖനായ ഇ.കെ. മൗലവി 13-9-1960 ലെ നബിദിന യോഗം ഉദ്ഘാടനം ചെയ്‌തതായി കാണുന്നു.പ്രസ്തുത പരിപാടിയിൽ മൗലൂദ് പാരായണവും അന്നദാനവും ഉണ്ടായിട്ടുണ്ട്.

*ഒരു ചോദ്യം കൂടി*:മുഹമ്മദ് നബി(സ)യോട് താൻ ചെയ്‌ത പാപത്തെക്കുറിച്ച് പരാതി പറയുന്ന ഒരു പദ്യം മൗലൂദിൽ ഉണ്ടല്ലോ.അത് ശിർക്കാകുകയില്ലേ?

 ارتكبت على الخطا غير حصر وعدد
 لك اشكو فيه يا سيدي خير النبي
എണ്ണവും കണക്കും ഇല്ലാത്ത പാപം ചെയ്‌തിരിക്കുന്നു. പ്രവാചക ശ്രേഷ്‌ഠരെ, അത് സംബന്ധിച്ച് അങ്ങയോട് ഞാൻ ആവലാതി പറയുന്നു എന്ന് അർത്ഥം വരുന്ന പദ്യമാകാം ചോദ്യ കർത്താവിന്റെ ഉദ്ദേശ്യം. പാപം ചെയ്തവർ സ്വയം പാപ മോചനത്തിന് അർത്ഥിക്കുന്നതിന് പുറമെ പ്രവാചകരോട് ആവലാതിപ്പെടുന്നത് കൂടി കൂടുതൽ ഉത്തമമാണെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. (അന്നിസാഅ് 64) മഴയ്ക്ക് ക്ഷാമം നേരിട്ടപ്പോൾ സഹാബത്ത് പ്രവാചകരോട് ആവലാതി പറഞ്ഞതായും കാണാവുന്നതാണ്. (അബൂദാവൂദ്)

കടപ്പാട്:ശൈഖുന നാട്ടിക ഉസ്താദ്
(ആഷിക് മട്ടനൂർ)