വഖ്ഫ്: ഇരുട്ട് കൊണ്ട് ഓട്ടയടക്കരുത് - അഡ്വക്കറ്റ് ത്വയ്യിബ് ഹുദവി
.
സമസ്ത മുശാവറ അംഗവും വഖ്ഫ് ബോർഡ് അംഗവുമായ മുക്കം ഉമർ ഫൈസി ഉസ്താദ് അസത്യം പറഞ്ഞു എന്ന രീതിയിലുള്ള ആരോപണം പിൻവലിക്കാൻ കെ.പി. നൗഷാദലി എം.എൽ.എ. തയ്യാറാകണം. ആരാണ് കളവ് പറഞ്ഞതെന്ന് താഴെ നൽകുന്ന തെളിവുകൾ വ്യക്തമാക്കും.
ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്ജ് സമർപ്പിച്ച ഹർജിയിലെ വാദങ്ങൾ ശരിവെച്ചുകൊണ്ട് കേരള സർക്കാർ ഹൈക്കോടതിയിൽ ഔദ്യോഗിക നിലപാട് സ്വീകരിച്ചത് ആർക്കുവേണ്ടിയായിരുന്നു?
14-07-2026-ൽ സർക്കാർ സമർപ്പിച്ച സ്റ്റേറ്റ്‌മെന്റിന്റെ മൂന്നാം പേജിലെ നാലാം പാരഗ്രാഫിൽ, ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ കേരള സർക്കാർ പൂർണ്ണമായും അംഗീകരിച്ചത് ആർക്കുവേണ്ടിയാണ്?
കേരള സർക്കാർ ഹൈക്കോടതിയിൽ എഴുതിനൽകിയ ഭാഗം താഴെ നൽകുന്നു:
"Taking note of all the above facts and infirmities, the government is prepared to reconstitute the board strictly in compliance with the mandate Section 14 of the Unified Wakf Management, Enforcement, Efficiency and Development Act, 1995"
തുടർന്ന് 15-07-2026-ൽ കേരള സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്, വകുപ്പ് 14 പ്രകാരം ബോർഡിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട 2 അമുസ്ലിംകളെ ഉൾപ്പെടുത്തിയിട്ടില്ല എന്ന തങ്ങളുടെ വീഴ്ച സമ്മതിക്കുന്നുവെന്നാണ്. അതും ആർക്കുവേണ്ടിയായിരുന്നു?
ആ ഭാഗം ഇപ്രകാരമായിരുന്നു:
"Main Contention is that two non-muslims are not nominated, which is mandated by S. 14., Infirmity is accepted by us. 11 member board; at present, 9 are there, the entire thing has to be reconstituted"
കേരള സർക്കാർ ഹൈക്കോടതിയിൽ ബി.ജെ.പി.ക്കാരനായ ഹർജിക്കാരനുവേണ്ടി നിലപാട് സ്വീകരിക്കുകയും, അതിനെ വിമർശിച്ച ഉത്തരവാദപ്പെട്ട വഖ്ഫ് ബോർഡ് അംഗമായ പണ്ഡിതനെ കളവ് പറയുന്നവനായി ചിത്രീകരിക്കുകയും ചെയ്യുന്നത് ചിലരെ തൃപ്തിപ്പെടുത്തിയേക്കാം. എന്നാൽ, വസ്തുതകളെ മൂടിവെക്കാൻ കഴിയില്ല.
ഭരണത്തലവനായ ശേഷം മറ്റു പല സമുദായങ്ങളുടെയും വിഷയങ്ങളിൽ നേരിട്ട് ഇടപെട്ട് പരിഹാരം കാണുകയും കാര്യങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യുമ്പോൾ, മുസ്ലിം സമുദായത്തിന്റെ കാര്യങ്ങളിൽ മാത്രം നേരിട്ട് ഇടപെടാതെ മറ്റുള്ളവരെയും പാർട്ടി എം.എൽ.എയെയും ചുമതലപ്പെടുത്തി മാറിനിൽക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
മുസ്ലിം സമുദായത്തിന്റെ വിഷയങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നില്ലെന്ന് ചിലരെ ബോധ്യപ്പെടുത്തുമ്പോൾ ലഭിക്കുന്ന താൽക്കാലിക ലാഭം വരുംദിവസങ്ങളിൽ വലിയ നഷ്ടമാകുമോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
.png)
Post a Comment