സ്വനപേടകം നടുങ്ങി...!!(വഫാത്തുന്നബി:ഭാഗം :9)


സ്വനപേടകം നടുങ്ങി...!!
(വഫാത്തുന്നബി:ഭാഗം :9)
---------
ഹബീബിന്റെ കബറടക്കം കഴിഞ്ഞ രാത്രി..!ഖബറുശ്ശരീഫിൽ ചെന്ന് ഫാത്തിമ ബീവി കരഞ്ഞു. 
കബറിൽ നിന്നും ഒരു പിടി മണ്ണ് വാരിയെടുത്ത് തന്റെ മുഖത്തും വലതുഭാഗത്തും ഇട്ട് ഇങ്ങനെ പാടി..
കബറേ, 
എന്റെ വിലാപവും പറച്ചിലും 
നീ കേൾക്കുന്നുവെങ്കിൽ, 
ഭൂമിയുടെ പാളികൾക്കിടയിൽ മറക്കപ്പെട്ടവരോട് (നബിയോട്) നീ പറയുക.
അങ്ങയുടെ വഫാത്തോടെ 
വലിയ മുസ്വീബത്തുകളാണ് 
എന്നിൽ വന്നുവീണത്. 
പകലുകളിലാണ് അവ വീണിരുന്നതെങ്കിൽ, പ്രസ്തുത പകലുകൾ പോലും 
രാത്രികളായി ഇരുണ്ടുപോകുമായിരുന്നു.
സ്തുതിക്കപ്പെടുന്ന നബിയുടെ തണൽ സംരക്ഷണത്തിലായിരുന്നു ഞാൻ. 
ഒരു വാളിനെയും എനിക്ക് ഭയക്കേണ്ടതില്ലായിരുന്നു. 
അവിടുന്ന് തന്നെയായിരുന്നു എന്റെ സൗന്ദര്യവും അഭയവും.
തിരുനബിയുടെ വഫാത്തിന്റെ ദുഃഖം പേറി, മരക്കൊമ്പിലിരുന്ന് മണിപ്രാവ് പോലും കരയുന്നുണ്ടെങ്കിൽ, 
ഞാനും പ്രഭാതം വരെ കരഞ്ഞുകൊണ്ടിരിക്കുകയാണ്.
നബിയേ, 
അങ്ങേയ്ക്ക് ശേഷം ദുഃഖമാണ് 
എന്റെ നേരമ്പോക്ക്..! 
അങ്ങയെ ഓർത്തുള്ള കണ്ണുനീരാണ് 
എന്റെ ആഭരണം.
മുത്തുനബിയുടെ മണ്ണ് ആസ്വദിച്ചവന് 
എന്ത് ഭാഗ്യമാണ്! 
ഇതിനേക്കാൾ വലിയൊരു സുഗന്ധവും അവൻ ആസ്വദിച്ചിട്ടുണ്ടാവില്ല..!“

ആ പാതിരാവിൽ ഫാത്തിമയുടെ വിലാപകാവ്യം കേട്ട് ഉഹുദ് മല പോലും സങ്കടത്താൽ വിങ്ങിയിട്ടുണ്ടാകും..!
നബിയുടെ വഫാത്തിന് ശേഷം 
ഫാത്വിമ ബീവി(റ) ഉരുകി ജീവിക്കുകയായിരുന്നു. 
നബിയുടെ വഫാത്തിന് ശേഷം ഫാത്വിമ ബീവി(റ) ചിരിക്കുന്നത് ആരും കണ്ടിട്ടില്ല..!

നബിയെ മറവുചെയ്ത ശേഷം ഫാത്വിമ ബീവി(റ) അനസ്(റ)യോട് ചോദിച്ചു:
“യാ അനസ്, 
നബിയെ(സ) മണ്ണിൽ മറവുചെയ്ത് 
തിരിച്ചു പോരാൻ നിങ്ങൾക്ക് സാധിച്ചതെങ്ങനെ..?”
അനസ്(റ) ആ ചോദ്യം കേട്ട് പൊട്ടിക്കരഞ്ഞുപോയി. 
ഉത്തരം നൽകാനാകാതെ അദ്ദേഹം ഉഴറി..!

പിറ്റേന്ന് സുബഹി..!
ഹബീബ് ഇല്ലാത്ത പള്ളിയിൽ 
ബിലാൽ ബാങ്ക് വിളിക്കാൻ ഒരുങ്ങി..!
ബിലാലിന്റെ ശബ്ദം ഉയർന്നു.
പക്ഷേ, “അശ്ഹദു അന്ന മുഹമ്മദൻ…” 
എന്ന് പറഞ്ഞപ്പോഴേക്കും ഒരു ദീർഘനിശ്വാസത്തോടെ ബിലാലിന്റെ കണ്ഠമിടറി.
അതോടെ സ്വഹാബാക്കളുടെ ദുഃഖം അണപൊട്ടിയൊഴുകാൻ തുടങ്ങി.
അന്നേരം ബിലാൽ ഒരു കാര്യം ഉറപ്പിച്ചു. തിരുനബിക്ക് വേണ്ടി ബാങ്ക് കൊടുത്തിരുന്ന തനിക്ക്, 
ആ ഓർമകളുടെ ഭാരവുമായി 
ഇനി ബാങ്ക് കൊടുക്കാനാവില്ല.
ഈ സങ്കടക്കടലുമായി ഇനി മദീനയിൽ തുടരുക തന്നെ അസാധ്യമാണ്.

ദീനി പ്രബോധനവുമായി ശാമിലേക്ക് പോകാൻ മദീനയുടെ പുതിയ ഭരണാധികാരിയായ ഖലീഫ അബൂബക്റിനോട് ബിലാൽ(റ) സമ്മതം ചോദിച്ചു.
ഖലീഫ തിരിച്ചു ചോദിച്ചു:
“ബിലാൽ, 
താങ്കൾ എന്തിന് മദീന വിട്ടുപോകണം..? താങ്കൾ ഇവിടെ ഉണ്ടാകണം. 
ഞങ്ങൾക്കായി ബാങ്ക് വിളിക്കണം..!”

ബിലാലിന്റെ കണ്ണുകൾ തുളുമ്പി.
ആ മുഖം വലിഞ്ഞുമുറുകി. 
തൊണ്ട ഇടറി. 
ബിലാൽ തിരിച്ചു ചോദിച്ചു:
“താങ്കളോടൊപ്പം നിൽക്കാനാണ് അടിമയായിരുന്ന എന്നെ താങ്കൾ 
ഉമയ്യത്തിൽ നിന്നും വാങ്ങി മോചിപ്പിച്ചതെങ്കിൽ അങ്ങനെയാവട്ടെ. 
അതല്ല, 
അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചാണ് മോചിപ്പിച്ചതെങ്കിൽ 
എന്നെ എന്റെ വഴിക്ക് വിടണം..!”

ബിലാലിന്റെ വാക്കുകൾക്കുമുമ്പിൽ അബൂബക്റിന്റെ മറുപടിക്ക് താമസമുണ്ടായില്ല.
“തീർച്ചയായും അല്ലാഹുവിന്റെ തൃപ്തി മാത്രമായിരുന്നു എന്റെ ലക്ഷ്യം.”
“എങ്കിൽ തിരുദൂതർക്ക് ശേഷം ആർക്കുവേണ്ടിയും ഇനി ഞാൻ ബാങ്ക് കൊടുക്കാനില്ല,” 
ബിലാൽ ഉറപ്പിച്ചു.
“എങ്കിൽ നിങ്ങളുടെ ഇഷ്ടം പോലെയാവട്ടെ..”
സിദ്ധീഖിന്റെ സമ്മതം കിട്ടിയതും 
ബിലാൽ(റ) ഹബീബിന്റെ കബറിങ്കൽ ചെന്ന് സലാം ചൊല്ലി.
“യാ റസൂലല്ലാഹ്, 
എനിക്കാവില്ല അങ്ങില്ലാത്ത മദീനയിൽ നിൽക്കാൻ.. 
പോകുകയാണ്.. 
എനിക്ക് ജീവിതകാലം മുഴുവൻ ഓർക്കാൻ അങ്ങയുടെ ഓർമ്മകൾ ഉണ്ട് നബിയേ..
അസ്സലാമു അലൈക യാ റസൂലല്ലാഹ്..”
ബിലാൽ ഇറങ്ങി നടന്നു..
മദീനയോട് വിട..
ദൂരെ ശാമിലേക്ക്…

ഹമ്മാദ്(റ) പറയുന്നു:
“നബിയുടെ വഫാത്ത് വിവരിക്കുമ്പോൾ വാരിയെല്ലുകൾ പരസ്പരം കോർക്കപ്പെടുന്ന രൂപത്തിൽ സാബിത്ത്(റ) കരയാറുണ്ടായിരുന്നു.”

ഉമ്മുസലമ ബീവി(റ) പറയുന്നു:
“നബിയുടെ(സ) വഫാത്തിന് ശേഷം 
ഏത് മുസീബത്ത് വന്നാലും 
ആ വഫാത്ത് ഓർക്കുമ്പോൾ പ്രസ്തുത മുസീബത്ത് ഞങ്ങൾക്ക് നിസ്സാരമായി മാറാറുണ്ട്.”

നബി(സ) വഫാത്തായപ്പോൾ അവിടുത്തെ അമ്മായി സ്വഫിയ്യ ബീവി(റ) പാടി:
“അല്ലാഹുവിന്റെ ദൂതരേ, 
അങ്ങ് ഞങ്ങളുടെ പ്രതീക്ഷയും 
ഞങ്ങൾക്ക് ഗുണം ചെയ്തവരുമായിരുന്നു.
അങ്ങ് ഞങ്ങളോട് പിണങ്ങിയിരുന്നില്ല..! നബി(സ) ഞങ്ങളോട് നന്മയും കരുണയും കാണിച്ചവരാണ്. 
ഈ ദിവസം കരയുന്നവർ അങ്ങയുടെ കാര്യത്തിൽ കരയട്ടെ.”

ഉമർ(റ) ഒരു രാത്രി ജനങ്ങളുടെ കാവലിനായി പുറപ്പെട്ടു.
ഒരു വീട്ടിൽ വെളിച്ചം കണ്ട് ആ വീടിന്റെ സമീപമെത്തി. 
വൃദ്ധയായ ഒരു സ്ത്രീ തന്റെ കൈവശമുള്ള രോമങ്ങൾ കടഞ്ഞെടുക്കുന്നതിനിടയിൽ ഇപ്രകാരം പാടിക്കൊണ്ടിരിക്കുന്നു:
മുഹമ്മദ് നബി(സ)യിൽ 
സജ്ജനങ്ങളിൽ നിന്ന് സലാത്ത് വർഷിക്കട്ടെ.
തിരുദൂതരേ..! 
പരിശുദ്ധരും നല്ലവരുമായ എല്ലാ സത്യവിശ്വാസികളും അങ്ങയ്ക്ക് സലാത്ത് പറയുന്നുണ്ടല്ലോ.
തങ്ങൾ രാത്രി മുഴുവൻ ഇബാദത്തിൽ കഴിഞ്ഞിരുന്നവരും പാതിരാസമയങ്ങളിൽ കരഞ്ഞുകരഞ്ഞ് ദുആ ചെയ്തിരുന്നവരുമാണല്ലോ.
മരണത്തിന് പല അവസ്ഥകളുമുണ്ട്. 
എന്റെ അവസ്ഥ എനിക്കറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ..!
എന്റെ ഹബീബായ നബി(സ)യോടൊപ്പം എന്നെയും നീ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടുകയില്ലേ, നാഥാ..!“

ഈ വരികൾ കേട്ട ഉമർ(റ), 
നബി(സ)യെ ഓർത്ത് ആ മണ്ണിൽ ഇരുന്ന് കരയാൻ തുടങ്ങി.
താടിരോമങ്ങൾ കണ്ണീരിൽ കുതിർന്നു.
കരഞ്ഞുതളർന്നപ്പോൾ ആ വൃദ്ധയുടെ വാതിലിൽ മുട്ടിവിളിച്ചു.
അവർ ചോദിച്ചു:
“ആരാണ്?”
“ഉമർ.”
അവർ വീണ്ടും ചോദിച്ചു:
“എനിക്കും ഉമറിനും തമ്മിൽ എന്താണ് ബന്ധം? 
ഉമർ ഈ സമയത്ത് എന്തിന് വരണം..?”

ഉമർ(റ) പറഞ്ഞു:
“അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. വാതിൽ തുറക്കുക, 
ഒരു കുഴപ്പവും സംഭവിക്കുകയില്ല.”

അവർ വാതിൽ തുറന്നു.
ഉമർ(റ) ചോദിച്ചു:
“നിങ്ങൾ ഇപ്പോൾ പാടിക്കൊണ്ടിരുന്ന ഈരടികൾ ഒന്നുകൂടി ആവർത്തിക്കുമോ..?”

അവർ അത് ആവർത്തിച്ചു.
അതിന്റെ അവസാനമെത്തിയപ്പോൾ 
ഉമർ(റ) അരുളി:
“നിങ്ങൾ ഇരുവരോടുമൊപ്പം 
എന്നെയും കൂടി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണമെന്ന് നിങ്ങൾ 
ദുആ ചെയ്യണം.”
ഉടനെ “ഉമറിന് നീ പൊറുത്തുകൊടുക്കണം നാഥാ..” 
എന്ന് അവർ ദുആ ചെയ്തു.
ദുആ കേട്ട് സംതൃപ്തനായി ഉമർ(റ) 
അവിടെ നിന്ന് മടങ്ങി.

ഹബീബിന്റെ ഓർമകളുമായി ദൂരെ ശാമിൽ കഴിഞ്ഞിരുന്ന ബിലാൽ(റ), 
ഒരിക്കൽ ഉറക്കത്തിൽ നബി(സ്വ)യെ സ്വപ്നത്തിൽ കണ്ടു.
“ബിലാലേ, 
അങ്ങേക്കെന്നോട് പിണക്കമാണോ..? 
എന്നെ സന്ദർശിക്കാൻ 
ഇനിയും സമയമായില്ലേ..?”

ബിലാൽ(റ) ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.
നെറ്റിത്തടത്തിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു.
നെഞ്ചിൽ മദീനയിലെത്താനുള്ള 
മോഹം തുടികൊട്ടി.
പുലരാൻ കാത്തുനിന്നില്ല. 
ആ രാത്രിയിൽ 
ബിലാൽ ഒറ്റയ്ക്ക് മരുഭൂമിയുടെ 
നേർത്ത നിലാവിലൂടെ മദീനയിലേക്ക് 
യാത്ര പുറപ്പെട്ടു.

മദീനയിലെത്തിയ ബിലാൽ(റ) പ്രവാചകരുടെ(സ്വ) 
കബറിന്റെ ചാരത്ത് നിന്നു.
കാലുകൾ വിറയ്ക്കാൻ തുടങ്ങി.
ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു.

കാലങ്ങൾക്ക് ശേഷം വീണ്ടും മദീനയിൽ, പ്രവാചക സന്നിധിയിൽ..
കണ്ണുകളിൽ കാഴ്ച മങ്ങിത്തുടങ്ങി.
താടിയിലൂടെ കണ്ണീർക്കണങ്ങൾ ചാലിട്ടൊഴുകി.
നബി(സ്വ)യുടെ പേരക്കുട്ടികളായ ഹസ്സനും ഹുസൈനും(റ) 
അവിടേക്ക് കടന്നുവന്നു.

ബിലാലിനെ കണ്ടതും അവർ 
ഒരിക്കൽ കൂടി ബാങ്ക് വിളിക്കാൻ ആവശ്യപ്പെട്ടു.
പ്രവാചക പൗത്രന്മാരുടെ വാക്കുകൾ ബിലാലിന്(റ) എങ്ങനെ അനുസരിക്കാതിരിക്കാനാകും?
“എന്റെ ഹബീബിന്റെ പേരക്കുട്ടികളെ 
ഞാൻ എങ്ങനെ നിരാശരാക്കും..?”

ബിലാൽ മസ്ജിദുന്നബവിയിലെ 
തന്റെ പീഠത്തിൽ കയറി.
“അള്ളാഹു അക്ബർ, അള്ളാഹു..”
മദീന വീണ്ടും ഉറക്കമുണർന്നു.
ബിലാലിന്റെ(റ) ശബ്ദം 
വീണ്ടും മദീനയെ പുളകം കൊള്ളിച്ചു.

നബിയുടെ സ്വഹാബത്ത് മുഴുവൻ പള്ളിയിലേക്കോടി.
വീടുകളിൽ നിന്നും കുട്ടികളും സ്ത്രീകളും ഇറങ്ങി.
“പ്രവാചകൻ(സ്വ)ഉള്ള കാലം തിരിച്ചു വന്നിരിക്കുന്നു..!” 
അവർ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു.

ബിലാലിന്റെ ബാങ്കായിരുന്നു 
ഓരോ പ്രഭാതത്തിലും 
മദീനയിലെ വിശ്വാസികളെ വിളിച്ചുണർത്തിയിരുന്നത്.
ആഫ്രിക്കയുടെ വന്യമായ കരുത്ത് നിറഞ്ഞ ആ ശബ്ദം വീണ്ടും മദീനയിൽ മുഴങ്ങി..!

നബിയുടെ വീടിന് മുന്നിലൂടെയാണ് എന്നും ബിലാൽ പള്ളിയിലെത്തിയിരുന്നത്.
നബിയുടെ വീടിന് മുന്നിലെത്തുമ്പോൾ:
“നബിയേ, നിസ്കാരം.. നിസ്കാരം..” 
എന്ന് ബിലാൽ വിളിച്ചുപറയും.

ആ ഓർമ്മകൾ മനസ്സിൽ ഇരമ്പിയെത്തി..!
“അശ്ഹദു അന്ന മുഹമ്മദൻ…”
ബിലാലിന്(റ) അത് പൂർത്തിയാക്കാനായില്ല.
വാക്കുകൾ തൊണ്ടയിൽ കുരുങ്ങിനിന്നു.
കണ്ണുകളിൽ ഇരുട്ടുകയറി.
കണ്ണുകൾ നിറഞ്ഞുകവിഞ്ഞു.
ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ മദീന വിറങ്ങലിച്ചുനിന്നു…!
പ്രവാചകരുടെ മരണദിവസം കഴിഞ്ഞാൽ, മദീന ഇത്രമാത്രം കണ്ണീരൊഴുക്കിയ 
മറ്റൊരു ദിവസം ഉണ്ടായിട്ടില്ലായിരുന്നു..!!
(തുടരും )
അല്ലാഹുവേ 
മദീനയിൽ ഞങ്ങളെ എത്തിക്കേണമേ 
ആമീൻ 
✍🏻ബഷീർ ഫൈസി ദേശമംഗലം