റാബിത്വയുടെ ഫത്‌വ തിരുത്തിയ ശൈഖുനാ ആലിക്കുട്ടി ഉസ്താദ്

 


അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വിപുലമായ സർക്കാറേതര ഇസ്‌ലാമിക സംഘടനയാണ് മുസ്ലിം വേൾഡ് ലീഗ്

അഥവാ റാബിത്വ എന്ന പേരിലറിയപ്പെടുന്ന റാബിത്വൽ ആലമിൽ ഇസ്ലാമി.
1962 മെയ് 18 ന് മക്കയിൽ വെച്ചാണ് പ്രവർത്തനമാരംഭിച്ചത്.
ഒരിക്കൽ ഉംറക്ക് പോയ
ശൈഖുന ആലിക്കുട്ടി ഉസ്താദ് റാബിത്വയുടെ കാര്യാലയം സന്ദർശിച്ചു. കുറച്ചു പുസ്തകങ്ങളൊക്കെ അന്വേഷിക്കണം
എന്ന് മനസ്സോടെ കൂടെയാണ് അവിടെ എത്തിയത്.റാബിത്വയുടെ ഓഫീസും
ഹെഡ് കോർട്ടേഴ്സും എല്ലാം നടന്നു കാണുന്നതിനിടയിൽ ഒരു ഇൻഡോർ ചർച്ച ഉസ്താദിൻ്റെ ശ്രദ്ധയിൽപ്പെട്ടു.
ഉസ്താദ് ചർച്ച ശ്രദ്ധിച്ചു.
ഒരു കർമ്മശാസ്ത്ര തർക്കമാണെന്നു ബോധ്യപ്പെട്ടു.
റാബിത്വയുടെ ഫിഖ്ഹ് കൗൺസിലിലെ
പ്രമുഖർ ചർച്ചയിലുണ്ട്. ശൈഖുനാ കയറിയിരിക്കാൻ സമ്മതം ചോദിച്ചു.
തികച്ചും യാദൃശ്ചികമായി റാബിത്വ യുടെ ഔദ്യോഗിക ചർച്ചയിൽ എത്തിപ്പെട്ടു.
അവർ ചർച്ച ചെയ്തിരുന്ന കാര്യങ്ങൾ
മിനയിൽ കെട്ടിടം പണിയാമോ എന്നതിനെ സംബന്ധിച്ചായിരുന്നു. ഇതു സംബന്ധമായ
ഒരു തിരുവചനവുമുണ്ട്. നബി(സ്വ) തൻ്റെ ആദ്യത്തെയും അവസാനത്തെയും ഹജ്ജിൽ മിനയിൽ രാപാർക്കുന്നതിന്റെ തലേദിവസം സ്വഹാബക്കൾ വന്ന് നബിയോട് മിനയിൽ തങ്ങൾക്ക് താമസ സ്ഥലം ഒരുക്കട്ടെ എന്ന് ചോദിച്ചു. മിനയിൽ ആദ്യമെത്തുന്നതാരോ അവർക്കുള്ളതാണ് മിന എന്ന് മറുപടി പറഞ്ഞ നബി, താമസ സ്ഥലം ഒരുക്കുന്നതിനെതടഞ്ഞു. ഈ ഹദീസ് നിലനിൽക്കുമ്പോൾ മിനയിൽ ഇന്ന് കെട്ടിടം പണിയാൻ വല്ല വകുപ്പുകളുമുണ്ടോ എന്നതായിരുന്നു ചർച്ച.
അന്നേരം ഉസ്താദ് ഞാൻ ഇടപെട്ടോട്ടെയെന്ന് സമ്മതം ചോദിച്ചു. എല്ലാവർക്കും സമ്മതമായിരുന്നു. ഇതു സംബന്ധമായ എല്ലാ മസ്‌അലകളും ഉസ്താദ് മുമ്പ് എസ്.വൈ.എസ്. ഹജ്ജ് ഗ്രൂപ്പിന്റെ അമീറായപ്പോൾ നോക്കി മനസ്സിലാക്കിയിരുന്നു. സദസ്സിനു മുമ്പിൽ കാര്യങ്ങൾ ഓരോന്നായി ഉസ്താദ് വിശദീകരിച്ചു. നബി(സ്വ) താമസ സ്ഥലമൊരുക്കാൻ സമ്മതം ചോദിച്ചപ്പോഴാണ് വിലക്കിയത്. നേരെ മറിച്ച് ഹജ്ജാജിമാർക്ക് താമസ സ്ഥലം
ഒരുക്കാനാണ് നബിയോടാവശ്യപ്പെട്ടതെങ്കിൽ നബി(സ്വ) ഇങ്ങനെയാകുമായിരുന്നില്ല മറുപടിയെന്ന പ്രമാണങ്ങളുടെ പിൻബലത്തോടെയുള്ള ഉസ്താദിൻ്റെ മറുപടി അവർക്ക് നന്നായി ബോധിച്ചു. പിന്നീട് അവർ ഉസ്താദിനോട് പല സംശയങ്ങളും ചോദിച്ചു. എല്ലാ ചോദ്യത്തിനും കൃത്യമായ മറുപടി പറഞ്ഞു. യോഗം പിരിഞ്ഞ ശേഷം എല്ലാവരും വലിയ മതിപ്പോടെയാണ് ഉസ്താദിനോട് സംസാരിച്ചത്. യോഗ ശേഷം ഫിഖ്ഹ് കൗൺസിൽ സെക്രട്ടറി ഉസ്താദിനെ പരിചയപ്പെടാൻ മുന്നോട്ടുവന്നു.
ഞങ്ങൾ ഫിഖ്ഹ് കൗൺസിലിനു കീഴിൽ
ഇത്തരം ചർച്ചകൾ ഇടക്കിടെ നടത്താറു ണ്ടെന്നും ഇനിയുള്ള ചർച്ചകളിൽ നിങ്ങളും
പങ്കു ചേരണമെന്നും ഉസ്താദിനോട് അഭ്യർഥിച്ചു. അടുത്തു തന്നെ ഞങ്ങൾ ഒരു സെമിനാർ ഉദ്ദേശിക്കുന്നുണ്ടെന്നും നിങ്ങൾ ഒരു പേപ്പർ അവതരിപ്പിക്കണമെന്നും ഉസ്താദിനോട് ആവശ്യപ്പെട്ടു. അങ്ങനെ യാണ് ഉസ്താദ് ആദ്യമായി റാബിത്തയുടെ ഒരു പൊതുവേദിയിൽ പ്രബന്ധം അവതരിപ്പിക്കാനെത്തുന്നത്.
കോഴിക്കോട്ട് നിന്ന് ജിദ്ദ വഴിയാണ് മക്കയിലെത്തി. മെയിലിൽ ക്ഷണം വന്നതു മുതൽ യാത്രക്കുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങാനായി. ഭർത്താവ് നഷ്ടപ്പെട്ട
ഭാര്യ എത്ര കാലം വരെ കാത്തിരിക്കണമെന്നതായിരുന്നു ഉസ്താദിന്റെ പ്രബന്ധ വിഷയം. അഞ്ചു ദിവസത്തെ പരി പാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്..
ഒന്നാം ദിവസം ഔപചാരിക പരിപാടികൾ മാത്രമായിരുന്നു. വിശാലമായ റാബിത്ത കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന
പരിപാടി സഊദി രാജാവായിരുന്ന അബ്‌ദുല്ലാ രാജാവിന്റെ പ്രതിനിധിയായ മക്ക ഗവർണറാണ് ഉദ്ഘാ ടനം നിർവഹിച്ചത്. രാജാവിൻ്റെ സന്ദേശം അദ്ദേഹം അവിടെ വായിച്ചു. രണ്ടു വർഷം മുമ്പ് പാരീസിൽ നടന്ന അന്താരാഷ്ട്ര മത സമ്മേളനത്തിലെ പ്രധാന പ്രമേയങ്ങളെല്ലാം സന്ദേശത്തിൽ ഉൾപ്പെട്ടിരുന്നു.
രണ്ടാം ദിവസം തുടക്കത്തിൽ തന്നെയായിരുന്നു ഉസ്താദിൻ്റെ പ്രബന്ധാവതരണം. വിഷയ സംബന്ധിയായി പ്രാമാണികമായി ഉസ്താദ് കാര്യങ്ങൾ സമർത്ഥിച്ചു. പ്രസ്‌തുത പ്രബന്ധം ഉസ്താദിൻ്റെ പേരിൽ റാബിത്തയുടെ പ്രസിദ്ധീകരണ വിഭാഗം തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വളരെ നല്ല
പ്രതികരണമായിരുന്നു അന്നു കിട്ടിയത്.
മൂന്നാം ദിവസം അന്നു നടന്ന ഒരു പ്രബന്ധത്തിലെ ആശയവൈകല്യം
ഉസ്താദ് അവസരം കിട്ടിയ സമയത്ത് തുറന്നു പറഞ്ഞു. ആശയപരമായി നിരവധി അപാകതകളും വൈകല്യങ്ങളും നിറഞ്ഞ ആ പ്രബന്ധം ഉസ്താദിൻ്റെ സംസാര ശേഷം ചർച്ച ചെയ്യാതെ മാറ്റിവെച്ചു. ഭർത്താവിനോ ഭാര്യക്കോ അസുഖം ബാധിച്ചാൽ അതു മറച്ചുവെക്കണോ വേണ്ടയോ എന്നതായിരുന്നു ചർച്ച. മറച്ചുവെക്കണമെ ന്നാണ് പ്രബാന്ധാവതാരകൻ സമർഥിക്കാൻ ശ്രമിച്ചത്.
ഉസ്താദ് പ്രമാണങ്ങളുടെ പിൻബലത്തിൽ അതിനെ ക്രോസ് ചെയ്തു. ‘അല്ലാഹുവിൻ്റെ മഹത്തായ തൗഫീഖായിരുന്നു അപ്പോൾ പല ഹദീസുകളും മറ്റും മനസ്സിലേക്കു വന്നു’ എന്ന് ഇതിനെക്കുറിച്ച് ഉസ്താദ് ഓർക്കാറുണ്ട്.
ഉമർ(റ)ന്റെ ഭരണകാലത്ത് നടന്ന ഒരു സംഭവത്തിലേക്ക് താരതമ്യം ചെയ്‌താണ് ഉസ്താദ് വിഷയം സമർത്ഥിച്ചത്. ശാമിൽ കോളറ പിടിപ്പെട്ട സമയത്ത് ഉമർ(റ)വും വലി യൊരു സംഘവും അവിടേക്ക് പുറപ്പെട്ടു.
വഴിയിൽ വെച്ച് അൻസാരികൾക്കും മുഹാജിറുകൾക്കുമിടയിലും ഭിന്നാഭിപ്രായമു ണ്ടായി. മുഹാജിറുകളെ ഉമർ(റ) മുന്തിച്ചപ്പോൾ അവർക്കിടയിലും ഭിന്നാഭിപ്രായമുണ്ടായി. ശാമിലേക്ക് പോകാൻ പറ്റുമോ ഇല്ലയോ എന്നതായിരുന്നു വിഷയം. തീരുമാനം നാളെ പറയാമെന്ന് പറഞ്ഞ് ഉമർ (റ) പിരിഞ്ഞുപോയി. പിറ്റേ ദിവസം ശാമിലേക്ക് പോവാതെ മടങ്ങാനായിരുന്നു ഖലീഫയുടെ നിർദ്ദേശം. അന്നേരം ഭിന്നാഭിപ്രായക്കാർ അല്ലാഹുവിൻ്റെ വിധിയിൽ നിന്ന് ഓടിപ്പോവുകയാണോ എന്നു ചോദിച്ചു. ഉടൻ ഉമർ(റ) ഒരു ഖളാഇൽ നിന്ന് മറ്റൊരു ഖളാഇലേക്കുള്ള പോക്കാണിതെന്ന് പറഞ്ഞു.
പിന്നീട് ഉസ്താദ് ഒരു ഹദീസും പരാമർശിച്ചു: "രോഗമുള്ളതിനെ രോഗമില്ലാത്തതിൻ്റെ മേൽ കടത്തരുത്” എന്ന ഹദീസായിരുന്നു അത്.
ഈ പ്രമാണങ്ങളുടെ വെളിച്ചത്തിൽ ഭാര്യ-ഭർത്താക്കന്മാർക്കിടയിൽ രോഗം മറച്ചുവെക്കാൻ പാടില്ലെന്ന് ഉസ്താദ്
സമർഥിച്ചു. ഉടനെ യൂസുഫുൽ ഖർളാവി എഴുന്നേറ്റു നിന്നു. അലികുട്ടി മുസ്‌ലിയാർ പറഞ്ഞതാണ് ശരിയെന്നും ഞാൻ അതിനെ പിന്താങ്ങുന്നുവെന്നും പറഞ്ഞു. അതോടെ ആ പ്രബന്ധം ചർച്ച ചെയ്യുക പോലും ചെയ്യാതെ മാറ്റിവെച്ചതാണ് ചരിത്രം. ഇങ്ങനെ തിരുത്തിയും സുന്നത്ത് ജമാഅത്തിൻ്റെ ആദർശവും ആശയവും തുറന്ന് പറഞ്ഞാണ് ഉസ്താദ് സമസ്തയുടെ ആഗോള മുഖമായത്.
✍️അജ്മൽ ഫൈസി പാണ്ടിക്കാട്