സമസ്ത: ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ
സമസ്ത 1. പ്രതിസന്ധിഘട്ടത്തിലെ നേതാവ്
സമസ്ത അനിവാര്യതയുടെ പിറവിയാണ്. സുന്നത്ത് ജമാഅത്തിനെ സംരക്ഷിക്കാനുള്ള പിറവി. ദീനിന്റെ കാതലും കാമ്പും നഷ്ടപ്പെടാതെ പരിപാലിക്കാനുള്ള പിറവി. മുസ്ലിം ഉമ്മത്തിന് സർവ്വ മേഖലകളിലും ദിശാ ബോധം നൽകാനുള്ള പിറവി. 1921ൽ ബ്രിട്ടീഷുകാർ ഇന്ത്യാ രാജ്യത്തെ പ്രത്യേകിച്ചും മുസ്ലിം സമൂഹത്തെ ഉഴുതുമറിച്ചു കൊണ്ടിരുന്ന കലുഷിതമായ കാലത്ത് ഗ്യാപ്പിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ തുരത്തി പരിപൂർണ്ണമായും സുന്നത്ത് ജമാഅത്തിനെ സംരക്ഷിക്കുന്നതോടപ്പം മുസ്ലിം ഉമ്മത്തിന്റെ വഴിവിളക്കാവുകയായിരുന്നു സമസ്ത.
പ്രതിസന്ധി കാലത്ത് സമസ്തയെ നയിച്ചത് ആ കാലഘട്ടത്തിലെ അനുയോജ്യരിൽ ഏറ്റവും അർഹതപ്പെട്ടവരായിരുന്നുവെന്നത് ചരിത്രം. 1926ൽ സമസ്തയെ നയിച്ചത് വരക്കൽ തങ്ങൾ ആയിരുന്നു. സമസ്തയുടെ പ്രഥമ നേതാവ് സയ്യിദ് ആയിരുന്ന വരക്കൽ സയ്യിദ് അബ്ദുറഹ്മാൻ ബാ അലവി മുല്ലക്കോയ തങ്ങൾ. ബ്രിട്ടീഷുകാരുടെ താണ്ഡവവും ബിദ്അത്തിന്റെ ഈമാനിന് മേലിലുള്ള നുഴഞ്ഞു കയറ്റവും ശക്തമായ കാലത്ത് സമസ്തയെ നയിക്കാൻ ഏറ്റവും അർഹതപ്പെട്ട നേതാവായിരുന്നു വരക്കൽ തങ്ങൾ.
1989 ലെ അഭ്യന്തരമായി ഉടലെടുത്ത പ്രത്യേക സാഹചര്യത്തിൽ സമസ്തയെന്ന കപ്പലിന്റെ കപ്പിത്താൻ പകരം വെക്കാനില്ലാത്ത ശംസുൽ ഉലമയായിരുന്നു. ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ. പണ്ഡിത പ്രതിഭ, തികഞ്ഞ സൂഫി, പ്രഭാഷകൻ, എഴുത്തുകാരൻ, ആജ്ഞാശക്തി, അപാര ബുദ്ധി വൈഭവത്തിന്റെ ഉടമ, പ്രലോഭനങ്ങളിൽ വീഴാതെ വളച്ചുകെട്ടില്ലാതെ ദീൻ പറഞ്ഞ മഹാനായ നേതാവായിരുന്നു ശംസുൽ ഉലമ. അന്ന് സമസ്തക്ക് ലഭിച്ച ഉന്നതനായ അമരക്കാരൻ.
കാലങ്ങളുടെ സഞ്ചാരങ്ങൾക്കനുസരിച്ച് സമസ്തയും സഞ്ചരിച്ചു. വിശുദ്ധി കാത്തുകൊണ്ട് നൂറ്റാണ്ടിലേക്ക് കുതിക്കുമ്പോൾ സമസ്തയെന്ന മഹാ പ്രസ്ഥാനത്തെ നയിക്കുന്നത് സയ്യിദുൽ ഉലമയാണ്. രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലയിൽ നിന്ന് ഉരുണ്ടുകൂടിയ സങ്കീർണ ഘട്ടത്തിൽ സമസ്തയെ നയിക്കാൻ ഏറ്റവും ചേരുന്ന നായകനാണ് സയ്യിദുൽ ഉലമ. ആന്തരികവും ബാഹ്യവുമായ കൊത്തി വലികൾക്കിടയിലും പതറാതെ നയിക്കാൻ കെൽപ്പുള്ള കപ്പിത്താൻ. സർവ്വ ഇടങ്ങളിലും നിറഞ്ഞുനിൽക്കാൻ കഴിവുള്ള സയ്യിദുൽ ഉലമ ... പ്രസംഗ പീഠത്തിൽ, പത്രക്കാർക്ക് മുന്നിൽ, ദർസിൽ, ക്ലാസുകളിൽ, വ്യത്യസ്ത മേഖലയിലുള്ളവരെ ചേർത്തുപിടിക്കുന്നതിൽ, ചർച്ചകളിൽ, എടുത്ത നിലപാടുകളിൽ മാറ്റമില്ലാതെ ആരുടെ മുന്നിലും പറയേണ്ടത് പോലെ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള ത്രാണിയുള്ള നേതാവ്, ശംസുൽ ഉലമയുടെ നേർചിത്രം പ്രതിസന്ധിഘട്ടത്തിൽ സമസ്തക്ക് ലഭിച്ച അമൂല്യനിധി, നൂറിന്റെ നിറവിൽ സമസ്തക്ക് ലഭിച്ച വരദാനം സയ്യിദുൽ ഉലമ.
1926ൽ സയ്യിദിൽ തുടങ്ങി (തങ്ങൾ) 2026 ലൂടെ പ്രയാണം തുടരുമ്പോൾ നൂറാം വാർഷികത്തിൽ ഒരു സയ്യിദാണ് (തങ്ങൾ) സമസ്തയുടെ നായകൻ. സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ.
സമസ്ത 2. സൂഫികൾ നയിച്ച പ്രസ്ഥാനം
സമസ്ത എന്ന മഹാ പ്രസ്ഥാനത്തിൻ്റെ ഏറ്റവും വലിയ സവിശേഷത സൂഫികൾ സ്ഥാപിക്കുകയും, അവരാൽ നയിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഭൗതിക നേട്ടങ്ങൾക്കോ സ്ഥാനമാനങ്ങൾക്കോ അല്ലായെന്ന് ചരിത്രം പഠിച്ചാൽ മനസ്സിലാകും. സുന്നത്ത് ജമാഅത്ത് സംരക്ഷിക്കണം. ഉമ്മത്തിന് ദീൻ ശരിയായ ദിശയിൽ ലഭിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രം.
ഖിലാഫത്ത് പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ സമരത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും സജീവമായ പാങ്ങിൽ അഹ്മദ് കുട്ടി മുസലിയാർ ഉൾപ്പെടെയുള്ള മഹത്തുക്കളുടെ ചിന്തയിൽ നിന്നാണ് സമസ്തക്ക് തുടക്കം കുറിക്കുന്നത്. നിരവധി സ്ഥാനങ്ങൾ ഉള്ള പാങ്ങിൽ ഉസ്താദിന് ഒരിക്കലും സ്ഥാനമാനമല്ല ലക്ഷ്യമെന്ന് മനസ്സിലാക്കാം. ബ്രിട്ടീഷ്കാലത്ത് സർവ്വ സ്ഥാനങ്ങളുമുള്ള സമസ്തയുടെ പ്രഥമ പ്രസിഡണ്ട് വരയ്ക്കൽ തങ്ങളുടെ 86ാം വയസിലാണ് സമസ്ത രൂപീകൃതമാകുന്നത്. ഇലാഹിൽ അലിഞ്ഞ സർവ്വാദരവുകളും മേളിച്ച വരക്കൽ തങ്ങളുടെ ആയുസ്സിന്റെ പൂർത്തീകരണ ഘട്ടത്തിലെ അധികാരമോഹമണെന്ന് ഊഹിക്കാൻ പോലും വകയില്ല. ലക്ഷ്യം സുന്നത്ത് ജമാഅത്ത് മാത്രം.
ജനനത്തിൽ തന്നെ അത്ഭുതം കാണിച്ച വരായിരുന്നു വരക്കൽ തങ്ങൾ. ജന്മം കൊണ്ട നട്ടുച്ച സമയത്ത് ആകാശ പള്ളയിൽ ഒരു നക്ഷത്രം ഉദിച്ചിരുന്നു. നക്ഷത്ര കിരണങ്ങൾ ഈ കുഞ്ഞുമോന്റെ വൈജ്ഞാനിക പ്രഭയിലേക്ക് സൂചിപ്പിക്കുന്നതാണെന്ന് മനസ്സിലാക്കാം. ശംസുൽ ഉലമ അടക്കമുള്ള മഹത്തുക്കൾ ഉദ്ധരിക്കാറുണ്ട് ഈ സംഭവം.
ജീവിത വിശുദ്ധികൊണ്ടും ആത്മീയ ഔന്നിത്യം കൊണ്ടും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച വരക്കൽ തങ്ങൾ സർവ്വ പ്രശ്നങ്ങൾക്കും അഭയ കേന്ദ്രമായിരുന്നു. സമസ്തയുടെ ആവിർഭാവ കാലത്തെ ഒട്ടുമിക്ക പണ്ഡിതരും സൂക്ഷ്മ ജീവിതം നയിക്കുന്നതോടൊപ്പം ആഴം കണ്ട ഭാഷാ പണ്ഡിതരും ആയിരുന്നു. അറബി, ഉറുദു, പേർഷ്യ, ഇംഗ്ലീഷ് എല്ലാം അവർക്ക് അറിയാം. വരക്കലും, പാങ്ങിലും, വാളക്കുളം അബ്ദുൽ ബാരി ഉസ്താദും ചില ഉദാഹരണങ്ങൾ മാത്രം. അതി സൂക്ഷ്മ ജീവിതം നയിച്ച കണ്ണിയത്ത് ഉസ്താദ് ഉൾപ്പെടെയുള്ള മഹത്തുക്കളാണ് സമസ്തയുടെ നായകർ. പറവണ്ണയും, ശംസുൽ ഉലമയും, ആ ഗണത്തിലെ മഹത്തുക്കളാണ്. നൂറ്റാണ്ട് തികയുമ്പോൾ സമസ്തയെ നയിച്ച ഓരോ പണ്ഡിത മഹത്തുക്കളുടെ ജീവിതം ആഴമേറിയ സൂക്ഷ്മതയും വിജ്ഞാനവും നിറഞ്ഞതായിരുന്നു. സമസ്തയുടെ പ്രൗഢിക്ക് നിരക്കാത്തവർ ഇടക്കാലങ്ങളിൽ തെറിച്ചു പോകുന്നതും ചരിത്രം.
സമസ്ത 3. പ്രമേയങ്ങൾ
1926ൽ സ്ഥാപിതമായ സമസ്ത കാല നൈരന്തര്യങ്ങൾക്കിടയിൽ കാലോചിതമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ആദ്യകാലങ്ങളിലെ ശക്തമായ പ്രതിഷേധവും ആവശ്യപ്പെടലുകളും നിർദ്ദേശങ്ങളും പ്രമേയങ്ങളിലൂടെയായിരുന്നു.
വർത്തമാനകാല സോഷ്യൽ മീഡിയയിലൂടെ സമസ്തയെന്ന മഹാ പ്രസ്ഥാനത്തെ വ്യാജ കഥകൾ നിർമ്മിച്ചു തകർത്തെറിയാൻ ശ്രമിക്കുന്നതു പോലെ തന്നെ മുൻകാലങ്ങളിലും കെട്ടുകഥകൾ കൊണ്ട് സമസ്തയെ തരിപ്പണമാക്കാൻ ഒരു കൂട്ടർ ശ്രമിച്ചു കൊണ്ടിരുന്നു. സമസ്തക്കെതിരെ കള്ള നോട്ടീസ് ഇറക്കുന്നവർക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക, കുതന്ത്രത്തിൽ പലിശ ഹലാലാക്കുകയും, വ്യാജ ഐക്യം കൊണ്ട് അനൈക്യം സൃഷ്ടിക്കുകയും ചെയ്യുന്ന വഹാബികളെ തുറന്നു കാട്ടുക തുടങ്ങിയവയായിരുന്നു 1933 ലെ ഫറൂഖ് സമ്മേളനത്തിലെ പ്രധാന പ്രമേയങ്ങൾ.
സമസ്തയുടെ അഡ്രസ്സിൽ പടുത്തുയർത്തി സമസ്തയുടെ നിസ്സ്വർത്ഥരായ പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ട് മുന്നോട്ടുപോയ സ്ഥാപനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും ചിലരിന്ന് പിടിച്ചെടുത്തു. അവരുടെ കുടില പുത്തൻ ആശയങ്ങളെ സൂക്ഷിക്കണമെന്നും നൂറിനോട് അടുക്കുന്ന സമസ്ത പറഞ്ഞു. സ്ഥാപനങ്ങളെയും വിദ്യാർത്ഥികളെയും നവീന ചിന്താഗതിക്കാരിൽ നിന്ന് രക്ഷിക്കാനും സമസ്ത നിർദേശം നൽകി. ഈ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ശക്തി പകരുന്നതാണ് 1933ലെ സമസ്തയുടെ പ്രമേയം. 'മദ്രസകളിൽ പുത്തനാശയക്കാരായ മൗലവിമാർ കടന്നു കൂടുന്നതിനെതിരെ മദ്രസാ കമ്മിറ്റി ഭാരവാഹികളെ ബോധവൽക്കരിച്ചുകൊണ്ട് അഞ്ചാം പ്രമേയം അവതരിപ്പിച്ചു.
1945ൽ നടന്ന കാര്യവട്ടം സമ്മേളനത്തിൽ മൗലാന ഖുത്വുബി മുഹമ്മദ് മുസ്യാരെ കുറ്റം പറഞ്ഞ കെ എം മൗലവിക്കെതിരെ ശക്തമായ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. കെ. എം മൗലവി വഹാബി ആശയത്തിന്റെ പ്രചാരകനും വാഹകനു മായിരുന്നു. എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും വെളുക്കാത്ത വിധം കറുത്തു പോയിട്ടുണ്ട് വഹാബിയത്തിൽ കെ. എം മൗലവി.
സമസ്ത 4. *തീരുമാനങ്ങൾ*
സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് ഒട്ടനവധി തീരുമാനങ്ങൾ എടുക്കേണ്ടി വന്നിട്ടുണ്ട്. യഥാർത്ഥ അഹ് ലു സ്സുന്നത്ത് വൽ ജമാഅത്തിൻ്റെ വഴിയിൽനിന്ന് തെറ്റ് സഞ്ചരിക്കുന്നവരും ദീനിന്റെ മർമ്മങ്ങളെ ഇല്ലാതാക്കുന്നവരും കള്ള ആത്മീയത നടിക്കുന്നവരും വിദ്യാഭ്യാസ മറവിൽ ബിദ്അത്ത് തിരുകി കയറ്റുന്നവരും അക്കൂട്ടത്തിൽ ഉണ്ട്.
1-- *വഹാബിസം* :
1921 ലെ മലബാർ കലാപത്തിനു ശേഷം വിഷ വിത്തുമായി വന്ന പ്രസ്ഥാനമാണ് വഹാബിസം. അന്നുവരെ ആലോചിക്കാത്ത വികല വാദങ്ങൾ മുസ്ലിങ്ങൾക്കിടയിൽ വിതറാൻ തുടങ്ങി. ഈ പോക്ക് ശരിയല്ലെന്ന് കണ്ട് പണ്ഡിതന്മാർ സമസ്തയെന്ന പ്രസ്ഥാനത്തിലൂടെ വഹാബിസത്തിനെതിരെ തീരുമാനമെടുത്തു.എട്ടുനിലയിൽ പൊട്ടിയ വഹാബിസം അനുദിനം പറഞ്ഞും തിരുത്തിയും കൊണ്ടിരിക്കുകയാണ്.
2-- *ഖാദിയാനിസം* : അഹമ്മദിയ്യാക്കൾ എന്നും ഖാദിയാനികൾ എന്നും അറിയപ്പെടുന്ന ഒരു വിഭാഗമാണിത്. പഞ്ചാബിലെ ഗുരുദാസ് പൂർ ജില്ലയിലെ ഖാദിയാനിൽ ജനിച്ച മീർസാം ഗുലാം അഹമ്മദാണ് ഖാദിയാനിസത്തിന്റെ സ്ഥാപകൻ. 1835ൽ ജനിച്ച് 1908 ലാണ് ഇദ്ദേഹം മരിക്കുന്നത്. പാവപ്പെട്ട മുസ്ലിങ്ങളെ വശീകരിച്ച് തൻ്റെ വരുതിയിലാക്കിയതിനുശേഷമാണ് പിഴച്ച വാദങ്ങൾ പുറത്തെടുത്തത്. പുണ്യ നബിയുടെ ശേഷം ഒരു പ്രവാചകൻ ഉണ്ടായാലോ എന്ന് ചിന്തിക്കാൻ തന്നെ പാടില്ല. എന്നാൽ 1901 മുതൽ താൻ നബിയാണെന്ന് മീർസാ അഹ്മദ് വാദിക്കാൻ തുടങ്ങി. അന്നും അതിനു മുമ്പും പണ്ഡിതന്മാർ ശക്തമായി ഇവന് നേരിട്ടു. ഖാദിയാനികൾക്ക് പെണ്ണ് കൊടുക്കരുതെന്നും മുസ്ലിം പള്ളിയിൽ പ്രവേശിപ്പിക്കരുതെന്നും മുസ്ലിം ഖബർസ്ഥാനിൽ മറമാടരുതെന്നും ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി. അതിനുശേഷമാണ് ലോക പണ്ഡിത സഭകൾ ഖാദിയാനികൾ കാഫിറുകളാണെന്ന ഫത്‌വ നൽകുന്നത്.
3-- *മൗദൂദിസം* :
1941 ആഗസ്റ്റ് 26 ന് സ്ഥാപിതമായ പ്രസ്ഥാനമാണ് മൗദൂദിസം. വഹാബി ആശയങ്ങൾ തിങ്ങി നിറഞ്ഞ മൗദൂദിസത്തെ സമസ്ത ശക്തമായി നേരിട്ടു. 1950 ൽ നടന്ന സമസ്തയുടെ ഇരുപതാം വാർഷിക സമ്മേളനത്തിന്റെ പ്രധാന വിഷയം തന്നെ മൗദൂദിസം ആയിരുന്നു. മൗദൂദിയൻ വികല ചിന്തകളെ തുറന്നു കാട്ടി. "ജമാഅത്തെ ഇസ്ലാമി മതത്തിന്റെ ആവരണമണിഞ്ഞ രാഷ്ട്രീയപാർട്ടിയാണ്. ഇപ്പോൾ അത് മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നു". സമസ്ത അന്നേ പറഞ്ഞു.
4-- *ആത്മീയത* :
ആത്മീയ തട്ടിപ്പുകാർ, വ്യാജ ത്വരീഖത്തുകാർ, തുടങ്ങിയവർക്കെതിരെ ഓരോ കാലഘട്ടത്തിലും അനുസൃതമായ തീരുമാനവും നടപടികളും സമസ്ത സ്വീകരിച്ചു. കോരൂർ, ചേറ്റൂർ, ആലുവ, അവയിൽ ചിലത് മാത്രം.
5-- *തബ്ലീഗ് ജമാഅത്ത്* :
1965ൽ തബ്ലീഗ് ജമാഅത്തിനെതിരെ സമസ്ത തീരുമാനമെടുത്തു. കോലത്തിലും ഭാവത്തിലും കണ്ടാൽ ആരും ആകർഷിക്കുന്നവരാണെങ്കിലും വഹാബിസത്തിന്റെ വേറൊരു വേർഷനായിരുന്നു തബ്ലീഗ്. സമസ്ത തിരിച്ചറിഞ്ഞു. ഈ തീരുമാനത്തിനെതിരെ രൂപീകൃതമായ പണ്ഡിതസഭയായിരുന്നു അഖില കേരള. വൈകാതെ അത് പൊട്ടിപ്പാളീസായി.
6-- *CIC*
സമസ്ത പടുത്തുയർത്തിയ വിദ്യാഭ്യാസ പദ്ധതിയായിരുന്നു വാഫി- വഫിയ്യ. സുത്യർഹമായ രീതിയിൽ ചലിച്ച ഈ സംവിധാനത്തെ സി ഐ സി എന്ന കോർഡിനേഷൻ ഉപയോഗിച്ച് അബ്ദുൽ ഹകീം ഫൈസി ആദർശേരി ദുരുപയോഗം ചെയ്തു. സമസ്തയുടെ സൽസരണയിൽ നിന്നും വ്യതിചലിച്ച് സഞ്ചരിക്കാൻ തുടങ്ങി. കിണഞ്ഞു ശ്രമിച്ചിട്ടും സമസ്തയുടെ വഴിക്ക് വരാതായപ്പോൾ CIC യുമായി സമസ്തക്ക് ബന്ധമില്ലെന്ന് പ്രഖ്യാപിച്ചു.
*സമസ്ത: സെന്റിനറി ക്യാബ് മഹാ വിസ്മയം*
പതിനായിരങ്ങളുടെ മിഴികളിൽ ആദർശത്തിന്റെ സ്നേഹത്തിൻ്റെ ഒത്തുകൂടലിന്റെ ബാഷ്പ കണങ്ങൾ ഒഴുകാതെ ക്യാമ്പ് സൈറ്റിനോട് വിട പറഞ്ഞിട്ടില്ല. സമസ്ത നൂറാം വാർഷികത്തിന്റെ ക്യാമ്പ് മഹാവിസ്മയമാണ്.
33313 ആളുകൾ പങ്കെടുത്ത അതിവിശാലമായ മൂന്ന് പവലിയൻ. മനസ്സിൻ്റെ അരികുകളിൽ തുന്നി ചേർക്കാനുള്ള വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചത്. ഏതു കോണിൽ നിന്നും കാണാനും മനസ്സിലാക്കാനും സാധിക്കുന്ന LED വാൾ.
സ്കാൻ ചെയ്തുകൊണ്ടുള്ള ഹാളിലേക്കുള്ള പ്രവേശനം കാത്തുനിൽപ്പിന്റെ വിരക്തി ഇല്ലാതാക്കി. തിങ്ങി നിറഞ്ഞ ഹാളിൽ പ്രയാസപ്പെടുത്തുന്ന ചൂട് ഒട്ടും ഉണ്ടായില്ല.
സമസ്ത വിളിച്ചു. സമസ്തയെ ഹൃദയത്തോട് ചേർത്തു പിടിച്ചവർ ഒഴുകി. രണ്ടുതരം ക്യാമ്പ്. ദാഈ,ജനറൽ..
ദാഈ ക്യാമ്പ് രണ്ടുദിവസം അധികമുണ്ടെന്ന് മാത്രം. പൊതുവേയുള്ള സമ്മേളനം പോലെ തന്നെ ധാരാളം ഉസ്താദുമാരും മുത്തഅല്ലിമീങ്ങളും കുറച്ച് സാധാരണക്കാരും. ഏകദേശം 11,000 പേർ. ആശ്ചര്യം വേറെ തന്നെയാണ്. എന്നാൽ വെള്ളിയാഴ്ച വൈകുന്നേരം ആയപ്പോഴേക്കും ആശങ്ക വർധിച്ചു. പത്തിൽ നിന്ന് മുപ്പതിനായിരത്തിന്റെ മുകളിലേക്ക്. രാത്രിയും പകലും എങ്ങനെ കടന്നു പോകും.
ആളുകൾ ഒഴുകാൻ തുടങ്ങി. ബേഗും തൂക്കി, ഭാണ്ഡവും വലിച്ച്, വ്യത്യസ്ത ഭാവവും രൂപവും ശൈലിയും ഉള്ള കാഫിലക്കൂട്ടം ചേർന്നു തുടങ്ങി. ലോകത്തിൻ്റെ വിവിധ ദിക്കുകളിൽ നിന്നുള്ള മനുഷ്യന്മാരെ കണ്ടപ്പോൾ പിന്നെയും പിന്നെയും വിസ്മയം വർദ്ധിച്ചു.
മഹല്ലുകളുടെ അടിത്തട്ട് മുതൽ മേൽത്തട്ട് വരെയുള്ള ആബാലവൃദ്ധം. അഹങ്കാരം അല്പം പോലും തൊട്ട് തീണ്ടാത്ത മുഅ്മിനീങ്ങളുടെ കണ്ണിയിലേക്ക് ചേരുകയാണ്. താൻ ഒന്നുമല്ലാത്തവനാണെന്ന മഹാ പാഠം പഠിപ്പിക്കുന്ന പരിതസ്ഥിതിയിൽ നിന്ന് താൻ ഒന്നുമല്ലായെന്ന തിരിച്ചറിവ് ലഭിക്കുന്ന വ്യവസ്ഥിതിയിലേക്ക് ചേരുന്നു.
സമ്പന്നതയുടെ ഉച്ചിയിൽ ജീവിക്കുന്നവർ, പണക്കാർ, പാവപ്പെട്ടവൻ, പണ്ഡിതന്മാർ, ഉസ്താദുമാർ, സാധാരണക്കാർ, ആരോഗ്യമുള്ളവർ, ഇല്ലാത്തവർ, വീൽചെയർ സഹായം തേടിയവർ, നടക്കാൻ കഴിയാത്തവർ, എല്ലാവരും തുല്യർ. AC ൽ കിടക്കുന്നവർ, നല്ല പുതപ്പിലും, മുന്തിയ ബെഡ്ഡിലും, കിടക്കുന്നവർ എല്ലാം സമം. തുണി വിരിച്ച് ഹിമ ശകലങ്ങളുടെ കുളിരേറ്റ് എല്ലാവരും ഒരേ കിടത്തും. പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കലും അംഗസ്നാനം തഥൈവ.
ഹജ്ജിനോ ഉംറക്കോ പോയതല്ല. സമസ്തയുടെ സമ്മേളന ക്യാമ്പിന് വന്നവർ. സമസ്തയെ മാറോടു ചേർത്തുവച്ച പതിനായിരങ്ങൾ ഇഷ്ടപ്രകാരം വന്നതാണ്. പ്രലോഭനങ്ങൾക്കും പ്രചോദനങ്ങളിലും വഴങ്ങിയവരല്ല. കൂട്ടത്തിൽ അല്പസ്വല്പം അല്ലാത്തവരെയും കാണാം. നൂഹ് നബിയുടെ കപ്പലിന്റെ സുഗന്ധം ആസ്വദിക്കാൻ ശ്രമിച്ചവർക്കെല്ലാം പുണ്യം കിട്ടുമെന്നത് തീർച്ച. സമസ്തയുടെ എന്നല്ല ലോകത്ത് തന്നെ തുല്യതയില്ലാത്ത ക്യാമ്പാണ് കാസർകോട് കുണിയയിൽ സമാപിച്ചത്. അത്ഭുതവും മഹാത്ഭുതവും വിസ്മയവും മഹാവിസ്മയവുമാണ്. മനോഹരവും നയനാന്ധകരവുമാണ്.
അവസാനം വൈകുന്നേരം മൂന്ന് മണി നേരത്ത് ഏലംകുളം ബാപ്പു ഉസ്താദിന്റെ ഭക്തിനിർഭരമായ പ്രാർത്ഥനയിൽ ആത്മസായൂജ്യമടഞ്ഞ് സലാം പറഞ്ഞും കെട്ടിപ്പിടിച്ചും കണ്ണുനീർ ഒഴുകിയുമാണ് അഞ്ചുദിവസം മാത്രം പരിചയമുള്ളവർ പിരിഞ്ഞത്.
ഇഖ്ബാൽ റഹ്മാനി കാമിച്ചേരി
Post a Comment