മയക്കുമരുന്ന് ആസക്തി
⚠ ശാരീരിക, സാമൂഹിക മാനസിക ഘടകങ്ങൾ സ്വാധീനിക്കുന്ന സങ്കീർണമായ പ്രശ്നമാണ് മയക്കു മരുന്ന്. താഴെ പറയുന്ന ഈ കഥ വായിച്ചു നോക്കൂ...
കോളജിൽ പഠിക്കാനായി ഹോസ്റ്റലിൽ ചേർന്ന കാലത്താണ് രാഹുൽ മയക്കു മരുന്ന് തുടങ്ങിയത്. ഒരു സംഘം മയക്ക് മരുന്ന് കൗമാരക്കാരുടെ സംഘവുമായിട്ടായിരുന്നു അവന്റെ സൗഹൃദം ആരംഭിച്ചത്. ആ സംഘത്തിനൊപ്പം ആകുവാനായിരുന്നു മയക്ക് മരുന്ന് ആരംഭിച്ചത്...
തുടക്കം കുറച്ചുമാത്രം. എന്നാൽ ആറു മാസം കഴിയുമ്പോഴേക്കും രാഹുൽ പ്രതിദിനം ഉപയോഗിക്കുന്നയാളായി. അവന് ക്ലാസിൽ താത്പര്യം കുറഞ്ഞു. അവധിക്കാലത്ത് സ്വന്തം വീട്ടിലേക്ക് പോയപ്പോൾ ഇഷ്ടമുള്ള വിധം മയക്കു മരുന്ന് ഉപയോഗിക്കാൻ സാഹചര്യം ലഭിച്ചില്ല. അതോടെ എന്തിനോടും ദേഷ്യം തോന്നാൻ തുടങ്ങി. പല കാര്യങ്ങളിലും താത്പര്യം കുറഞ്ഞു. അസ്വസ്ഥനുമായി. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധിക്കാൻ കഴിയാതെ ചുറ്റുപാടും കറങ്ങി നടക്കാൻ തുടങ്ങി. ഇത്തരം പ്രശ്നങ്ങളിൽ നിന്നും മനോ നിലയിൽ നിന്നും രക്ഷപ്പെടുന്നതിനു മയക്ക് മരുന്ന് ഉപയോഗം കൂട്ടി. അവൻ വീട്ടിൽ നിന്നും പലപ്പോഴും ഒളിച്ചു കടന്നു...
അവധിക്കാലത്തിന്റെ ആഹ്ലാദം അവനിൽ നിറഞ്ഞില്ല. കുടുംബത്തിനൊപ്പമുള്ള സമയവും അവന് വിരസതയായി. വീട്ടിൽ നിന്ന് പുറത്തു പോയി മയക്ക് മരുന്ന് എപ്രകാരം ലഭിക്കുമെന്നതു മാത്രമായി അവന്റെ ചിന്ത. രാഹുലിന്റെ മാതാപിതാക്കൾക്ക് മകന്റെ മയക്കു മരുന്നിനോടുള്ള അഭിനിവേശം മനസിലായിരുന്നില്ല. ഹാജർ കുറവായതിനാൽ പരീക്ഷ എഴുതാൻ കഴിയില്ലെന്നും അടുത്ത ക്ലാസിലേക്ക് പഠനം തുടരാൻ കഴിയില്ലെന്നും രാഹുലിനെ അറിയിച്ചപ്പോൾ രാഹുൽ കോളേജിന്റെ അഞ്ചാമത്തെ നിലയിൽ നിന്ന് എടുത്തു ചാടി ജീവിതം അവസാനിപ്പിച്ചു..!!
മാതാപിതാക്കൾ മകന്റെ കാര്യങ്ങൾ അറിഞ്ഞപ്പോഴേക്ക് ഏറെ വൈകി പോയിരുന്നു...
*❓ആർക്കാണ് മയക്കു മരുന്നു ആസക്തി ഉണ്ടെന്ന് പറയാൻ കഴിയുന്നത്..?*
മയക്കു മരുന്നിനോടുള്ള ആസക്തി അഥവാ മയക്കു മരുന്നുകളുടെ ദുരുപയോഗം എന്ന വിശേഷണം ഉപയോഗിക്കുന്നത് ഒരു വ്യക്തിക്ക് അനാരോഗ്യകരമായ നിലയിൽ ചില മരുന്നുകൾ പതിവായി കഴിക്കണമെന്ന താത്പര്യം ജനിക്കുകയും അത് ലഭിച്ചാൽ മാത്രം സാധാരണ നിലയിൽ പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം വരുകയും ചെയ്യുമ്പോഴാണ്. മയക്കു മരുന്ന് ആസക്തിയുള്ളവർ അതിനു വേണ്ടി കൊതിക്കുകയും അതു കൂടാതെ ജീവിക്കാൻ കഴിയില്ലെന്ന് കരുതുകയും ചെയ്യുന്നു.
*❓എന്ത് കൊണ്ടാണ് മയക്കു മരുന്ന് അപകടകാരി എന്ന് പറയുന്നത്..?*
മയക്കു മരുന്നിനോടുള്ള ആസക്തി ഗുരുതരമായ മാനസിക, ശാരീരിക, വ്യക്തിത്വ പ്രശ്നങ്ങൾക്ക് കാരണമാകും. ആസക്തനായ വ്യക്തി, അയാൾ എത്ര മാത്രം ആഗ്രഹിച്ചാലും അനായാസകരമായി അതിൽ നിന്നും പിന്മാറാൻ കഴിയില്ല. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തന രീതിയെ സ്വാധീനിക്കാൻ കഴിയുന്ന ഏതൊരു രാസ പദാർത്ഥവും മയക്കു മരുന്നിന്റെ ഗണത്തിൽ ഉൾപ്പെടുത്താം. തലച്ചോറിൽ എത്തുന്ന മയക്കു മരുന്ന് അതിന്റെ സ്വാഭാവികമായ പ്രവർത്തനം താത്കാലികമായി അനിശ്ചിതത്തിൽ ആക്കുകയോ അല്ലെങ്കിൽ മന്ദീഭവിപ്പിക്കുകയോ ചെയ്യും.
*❓മയക്കു മരുന്നിനോടുള്ള ആസക്തി എങ്ങനെയാണ് ഉണ്ടാകുന്നത്..?*
മദ്യം ഉപയോഗിക്കുന്നത് പോലെ തന്നെയാണ് പലരും മയക്കു മരുന്ന് ഉപയോഗം തുടങ്ങുന്നത്. ആകാംക്ഷയോ, സുഹൃത്തുക്കളുടെ സമ്മർദ്ദമോ, പഠനത്തിലോ കളിയിലോ മികവ് കാട്ടാനുള്ള ആഗ്രഹമോ അതുമല്ലെങ്കിൽ തങ്ങൾക്കു മേലുള്ള സമ്മർദ്ദമോ പ്രശ്നങ്ങളോ ഒക്കെ മറക്കുന്നതിനോ ആകാം ആദ്യം ഇവ ഉപയോഗിക്കുന്നത്. ക്രമേണ മയക്കു മരുന്ന് തലച്ചോറിലുണ്ടാക്കുന്ന മാറ്റങ്ങൾ വ്യക്തിയെ കൂടുതൽ മയക്കു മരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കും. മാത്രമല്ല ഉപയോഗിക്കുന്ന മരുന്നിന്റെ അളവ് സംബന്ധിച്ച് അവർക്ക് നിയന്ത്രണമില്ലാതെ വരികയും ചെയ്യും. ഇതോടെ മയക്കു മരുന്ന് ഉപയോഗം നിർത്തണമെന്ന് തീരുമാനിക്കാനുള്ള അവരുടെ മനോബലവും കഴിവും നഷ്ടമാകും. അവരെത്ര ആഗ്രഹിച്ചാലും ഇതിനു കഴിയാതെ വരും.
*❓എന്ത് കൊണ്ടാണ് മയക്ക് മരുന്ന് ഒരിക്കൽ തുടങ്ങിയാൽ നിർത്താൻ കഴിയാത്തത്..?*
ഒരു വ്യക്തിയുടെ ആനന്ദത്തിനു വേണ്ടി തലച്ചോറ് പുറപ്പെടുവിക്കുന്ന 'ഡോപാമൈൻ' (Dopamine) എന്ന രാസ പദാർത്ഥത്തിന്റെ ഉത്പാദനം മയക്കു മരുന്ന് പ്രവർത്തനം മൂലം ഉണ്ടായി കൊണ്ടിരിക്കും. ക്രമേണ തലച്ചോറ് ഇനിയും ഈ നില വീണ്ടും ആവർത്തിക്കുവാൻ ആഗ്രഹിക്കുകയും വ്യക്തി മയക്കു മരുന്നിനായി ആഗ്രഹിക്കുകയും ചെയ്യും. തലച്ചോറിന്റെ പ്രവർത്തനം സ്വാഭാവികമായി നടക്കാൻ കൂടുതൽ മയക്കു മരുന്ന് ഉപയോഗിക്കേണ്ടി വരും. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ കൂടുതൽ മരുന്ന് ആവശ്യമല്ലേയെന്ന് തലച്ചോറിനെ തന്നെ സംശയിപ്പിക്കുകയാണ് മയക്കു മരുന്ന് ചെയ്യുന്നത്. ഇങ്ങനെ നിർത്താൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് മാറുന്നു.
അത് പോലെ മയക്കു മരുന്നിനോടുള്ള ആസക്തി നിയന്ത്രിക്കുന്നതിൽ വ്യക്തിക്ക് മാത്രമല്ല അയാളുടെ ശരീരത്തിനും അയാൾ നിവസിക്കുന്ന ചുറ്റുപാടുകൾക്കും പങ്കുണ്ട്. ആസക്തിയിൽ നിന്നും രക്ഷ നേടുന്നതിനുള്ള ശ്രമത്തിൽ ചെറിയ ഭാഗം മാത്രമാണ് ഇനി ഇല്ല എന്ന തീരുമാനം. അതിനേക്കാളേറെ അവനോ അവളോ ചികിത്സക്ക് വിധേയമാകുകയും, അവർക്ക് വളരെയധികം പിന്തുണയും സഹായവും ലഭിച്ചാൽ മാത്രമെ പൂർണമായി മോചനം ലഭിക്കുകയുള്ളൂ.
*❓എങ്ങനൊക്കെയാണ് മയക്കു മരുന്ന് ഉപയോഗിക്കുന്നത്..?*
പല രീതികളിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ട്. പുകവലി, ശ്വാസത്തിനൊപ്പം വലിച്ചെടുക്കൽ , കുത്തിവയ്പ്, ചവക്കുന്നതിലൂടെയും കഴിക്കുന്നതിലൂടെയുമൊക്കെ ചെയ്യാറുണ്ട്.
*❓മയക്കു മരുന്നിന്റെ ദോഷങ്ങൾ എന്തൊക്കെ..?*
ആദ്യമായി, ഇത് വ്യക്തിക്ക് ഒരു വിധത്തിലുള്ള പ്രയോജനവും ചെയ്യുന്നുമില്ലെന്ന് അറിയണം.
മയക്കു മരുന്നിന്റെ ദീർഘ കാലത്തെ ഉപയോഗം തലച്ചോറിന്റെ തിരിച്ചറിയാനുള്ള ധാരണാ ശക്തി തകർക്കും. തിരിച്ചറിയൽ, തീരുമാനമെടുക്കൽ, പെരുമാറ്റ നിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾ മയക്കു മരുന്ന് ഉപയോഗിക്കുന്നവരിൽ ദോഷകരമായി ബാധിക്കും. ഇതിനൊക്കെ പുറമേ ഇത്തരം വ്യക്തികൾ വിഷാദ രോഗത്തിനും മറ്റ് മാനസിക ആരോഗ്യ പ്രശ്നങ്ങൾക്കും വേഗം ഇരയാകുന്നുവെന്നാണ്.
മയക്കു മരുന്ന് മൂലമുള്ള മറ്റ് പ്രശ്നങ്ങൾ ഇനി പറയുന്നവയാണ്...
* വിറയൽ
* ഭക്ഷണ വിരക്തി, ഉറക്കമില്ലായ്മ
* കോച്ചിപ്പിടുത്തം
* ശരീരത്തിന്റെ തൂക്കത്തിലെ ഏറ്റക്കുറച്ചിൽ
* സാമൂഹിക ബന്ധങ്ങളിൽ നിന്നും പിന്മാറ്റം
* അമിതമായ പ്രസരിപ്പ്
* പരിഭ്രമവും അസ്വസ്ഥത പ്രകടിപ്പിക്കലും
* മനോവിഭ്രാന്തി
*❓മയക്കു മരുന്നിനോടുള്ള താത്പര്യം ആസക്തിയിലേക്ക് മാറിയോ എന്ന് എങ്ങനെ തിരിച്ചറിയാം..?*
CAGE ടെസ്റ്റിലൂടെ മയക്കു മരുന്നിന് ആസക്തനാണോയെന്ന് കണ്ടെത്താം.
* കഴിക്കുന്ന മയക്കു മരുന്നിന്റെ അളവ് കുറയ്ക്കണമെന്ന് താങ്കൾക്ക് എപ്പോഴെങ്കിലും തോന്നുന്നുണ്ടോ..?
* താങ്കളുടെ മയക്കു മരുന്ന് ഉപയോഗത്തെ കുറിച്ച് ആരെങ്കിലും വിമർശനത്തിലൂടെ അലോസരപ്പെടുത്തുന്നുണ്ടോ..?
* താങ്കളുടെ മയക്കു മരുന്ന് ഉപയോഗത്തെയോ കുറിച്ച് താങ്കൾക്ക് കുറ്റബോധമോ അത് തെറ്റാണെന്ന ചിന്തയോ ഉണ്ടായിട്ടുണ്ടോ..?
* ഏതെങ്കിലും ദിവസം രാവിലെ ശരീരത്തിനു ഉന്മേഷം ലഭിക്കുന്നതിനു മയക്കു മരുന്ന് ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ..?
* തലേന്നത്തെ മയക്കു മരുന്നിന്റെ ക്ഷീണം തീർക്കുകയോ കൈ വിറയൽ അവസാനിപ്പിക്കുകയോ വേണ്ടി കഴിക്കാറുണ്ടോ..?
മുകളിൽ പരാമർശിച്ചവയിൽ ഏതെങ്കിലും ഒരെണ്ണത്തിന് 'ഉവ്വ്' എന്നാണ് ഉത്തരമെങ്കിൽ മയക്കു മരുന്നിനു ആസക്തനാണെന്ന് തിരിച്ചറിയുകയും വിദഗ്ധ വൈദ്യ സഹായം തേടുകയും ചെയ്യേണ്ടതാണ്.
*❓മയക്കു മരുന്ന് അടിമയായ വ്യക്തി എങ്ങനെ അത് നിർത്തലാക്കും..?*
മറ്റെല്ലാ ആസക്തികളേയും പോലെ തന്നെയാണ് മയക്കു മരുന്ന് ആസക്തിയേയും ചികിത്സാ വിദഗ്ധർ പരിഗണിക്കുന്നത്. ചികിത്സയുടെ ഓരോ ഘട്ടവും നിശ്ചയിക്കുന്നത് വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. മരുന്ന് ഉപയോഗിക്കുന്നതിനൊപ്പം വ്യക്തിപരമായും രോഗി ഉൾപ്പെടുന്ന കൂട്ടായ്മയുമായും ഈ ചികിത്സയെ ബന്ധപ്പെടുത്തും. ഓരോ രോഗിയുടേയും രോഗ കാരണം അനുസരിച്ചാകും ചികിത്സ. രോഗം ഉണ്ടാകുവാനിടയായ സാഹചര്യം, ഉപയോഗിച്ച മയക്ക് മരുന്ന് സംബന്ധമായ വിവരങ്ങൾ, ഇവയുടെ ഉപയോഗം മൂലം നേരിടുന്ന ശാരീരിക പ്രശ്നങ്ങൾ എന്നിവ പരിഗണിച്ചാണ് ഓരോ രോഗിക്കും പരിശോധനയും ചികിത്സയും നിശ്ചയിക്കുക.
ചികിത്സയിൽ മുഖ്യമായും നൽകുന്നത് രോഗി ഇനി മയക്കു മരുന്ന് സംബന്ധമായ കാര്യങ്ങളിൽ നിന്നും അകന്നു നില്ക്കാനും പഴയ നിലയിലേക്ക് മടങ്ങാതിരിക്കുന്നതിനും അവരെ സജ്ജമാക്കുന്ന തരത്തിലാണ്. മിക്ക രോഗികൾക്കും ചെറിയ കാലത്തെ ആശുപത്രി വാസ ചികിത്സ ആവശ്യമാണ്. അതിനു ശേഷമേ പുനരധിവാസം ഉൾപ്പെടെയുള്ള അനന്തര ചികിത്സാ ക്രമങ്ങളിലേക്ക് കടക്കുകയുള്ളൂ...
⚠ മയക്കു മരുന്ന് ആസക്തി ഒരു മസ്തിഷ്ക രോഗമാണ്. എത്രയും വേഗം അതു കണ്ടുപിടിച്ചു ചികിത്സിക്കുകയാണ് വേണ്ടത്. മയക്കു മരുന്നിന് അടിമയായ വ്യക്തിക്ക് പൂർണമായി അതിൽ നിന്ന് മാറാൻ വളരെയധികം പിന്തുണയും ആവശ്യമാണ്. തമാശക്ക് പോലും ഉപയോഗിച്ച് നോക്കരുത് എന്നുള്ളതാണ് ഏറ്റവും നല്ല പോംവഴി..!!!
Dr Danish Salim,
Vice President IMA-Kovalam,
Kerala Secretary-SEMI,
National Innovation Head-SEMI,
HOD & Academic Director Emergency,
PRS Hospital, Trivandrum, Kerala
Post a Comment