ഒരു_അദബുകേടിൻ്റെ_ശേഷവിശേഷങ്ങൾ
ബസ്വറയിലെ പള്ളിയിൽ പണ്ഡിത വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ് ഇമാം ഹസനുൽ ബസ്വരി(642-728). പ്രവാചക പത്നിമാരുടെ താരാട്ടു കേട്ടു വളർന്ന താബിഈ പ്രമുഖനും മഹാ ജ്ഞാനിയുമാണദ്ദേഹം. താബിഉകളുടെ നേതാവ്(സയ്യിദു ത്താബിഈൻ) എന്ന് ഉമർ ബിൻ അബ്ദിൽ അസീസ്(റ) വിശേഷിപ്പിച്ച പ്രതിഭയും സൂക്ഷ്മശാലിയും.
ക്ലാസിനിടയിൽ ഒരാൾ വന്നു ഒരു സംശയം ഉന്നയിച്ചു; "ദീനിൻ്റെ ഇമാം അവർകളേ, മഹാപാപം ചെയ്തവർ കാഫിറുകളാണെന്നു പറയുന്ന ഒരു വിഭാഗം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കാഫിറുകളല്ല, അവർ മുസ്‌ലിംകൾ തന്നെയാണെന്നു പറയുന്ന മറുവിഭാഗവും. ഇതിൽ ഏതാണ് ശരി?"
ജമൽ, സ്വിഫ്ഫീൻ സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട് അക്കാലത്ത് ജനങ്ങൾക്കിടയിൽ ഒരു ചർച്ച ഉയർന്നിരുന്നു. പ്രസ്തുത യുദ്ധങ്ങളിൽ കൊന്നവരും കൊല്ലപ്പെട്ടവരുമായ ആളുകളുടെ അവസ്ഥയെന്ത്? കൊലപാതകം പോലുള്ള മഹാ പാതാകങ്ങൾ ചെയ്തവർ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുമോ ഇല്ലയോ? അവർ കാഫിറുകളും നരകത്തിൽ ശാശ്വതരുമായിരിക്കുമെന്ന് ഖവാരിജുകൾ വിധിച്ചു. പരസ്യമായി പശ്ചാതപിച്ചാൽ മാത്രമേ അവരെ മുസ് ലിംകളായി ഗണിക്കാവൂ എന്നായിരുന്നു അവരുടെ വാദം. എന്നാൽ അല്ലാഹുവിലും അന്ത്യപ്രവാചകരിലും മറ്റും വിശ്വസിക്കുന്ന ഒരാൾ പാപം ചെയ്തതു കൊണ്ടു ഇസ് ലാമിൽ നിന്ന് പുറത്തു പോവുകയില്ല. പ്രസ്തുത പാപം അല്ലാഹു പൊറുത്തു കൊടുക്കുകയോ, അതിനനുസരിച്ചുള്ള ശിക്ഷ നൽകുകയോ ചെയ്യാം. ഇതായിരുന്നു പൊതു മുസ്ലിംകളുടെ നിലപാട്.
ഈ വിഷയത്തിൽ ഒരു വ്യക്തതയാണ് ചോദ്യ കർത്താവ് ഇമാം ഹസനുൽ ബസ്വരിയിൽ നിന്ന് ആവശ്യപ്പെട്ടത്. ഇമാം അതിനു മറുപടി പറയാനിരിക്കെ, ശിഷ്യനായ വാസ്വിൽ ബിൻ അത്വാ( 700- 748) ഇടക്ക് കയറി ഇടപെട്ടു. ഗുരുവിനെ അവഗണിച്ചു കൊണ്ടു വാസ്വിൽ മറുപടി പറഞ്ഞു: "മഹാപാപം ചെയ്തവൻ മുഅമിനോ കാഫിറോ അല്ല. അവ രണ്ടിൻ്റെയും ഇടയിലാണ് അവൻ്റെ സ്ഥാനം". ശിഷ്യൻ്റെ ധിക്കാരപരവും പരമാബദ്ധവുമായ ഈ മറുപടി കേട്ടപ്പോൾ, ഇമാം പറഞ്ഞു: "വാസ്വിൽ നമ്മുടെ കൂട്ടത്തിൽ നിന്ന് വിഘടിച്ചു പോയി" (ഖദ് ഇഅതസല അന്നാ വാസ്വിൽ).
ഗുരുത്വക്കേടിൻ്റെ ഈ ധിക്കാര ശൈലി വാസ്വിലിനെ കൊണ്ടുപോയത് അപകടകരമായ ഒരു ഐഡിയോളജിയിലേക്കായിരുന്നു. ഹസനുൽ ബസ്വരി ഉൾപ്പെടുന്ന മുസ്‌ലിം പൊതു കൂട്ടായ്മയിൽ നിന്ന് വിഘടിച്ചു പോയതുകൊണ്ടുതന്നെ ആ ഐഡിയോളജിയെ ജനം, മുഅതസിലിയ്യ(വിഘടിതർ) എന്നു വിളിച്ചു.
അദബ് കേടിൽ നിന്ന് വാസ്വിൽ തുടക്കമിട്ട ആ വിഘടിത പ്രസ്ഥാനം മുസ്‌ലിം ലോകത്തുണ്ടാക്കിയ വിനാശങ്ങൾക്കും വസ് വാസുകൾക്കും കയ്യും കണക്കുമില്ല. മുസ്‌ലിം ലോകത്തെ കുടിലും കൊട്ടാരവും പള്ളിയും പള്ളിക്കൂടവുമെല്ലാം നൂറ്റാണ്ടുകളോളം ഇവരുടെ വാദങ്ങളിൽ നീറി പുകഞ്ഞു നിന്നു. മതത്തിനകത്തെ മോഡേണിസ്റ്റുകളായും ലിബറലുകളായും അവർ വേഷം കെട്ടി. അതിനൊപ്പിച്ചു ഇസ്ലാമിനെ വ്യാഖ്യാനിച്ചു. ഭരണകൂടങ്ങളെ അതു സ്വാധീനിച്ചു. ഇമാം അഹ്മദ് ബിൻ ഹമ്പൽ(റ)നെ പോലുള്ള മഹാ ജ്ഞാനികളെ ജയിലിലടച്ചു. അഹ് ലുസുന്ന: യുടെ ഇമാമുകളുടെ ശക്തമായ പ്രതിരോധം കാരണം പിന്നീട് മുഅതസിലിസം നാമാവശേഷമായെങ്കിലും, ഇപ്പോഴും ഇസ് ലാമിനകത്ത് മോഡേണിസവും ലിബറലിസവും കുത്തിക്കയറ്റാൻ ശ്രമിക്കുന്നവർ ആശ്രയിക്കുന്നത് വാസ്വിലിൻ്റെ ഫോസിലുകളെയാണ്. അവിടെ നിന്നാണ് അദബുകേടിൽ ചുട്ടെടുത്ത എല്ലാ അതിവാദക്കാരും ഊർജം സ്വീകരിക്കുന്നത്.
Anwar Sadiq faizy Tanur
ചരിത്രത്തിലെ സുവർണ ചിത്രങ്ങൾ -112
(ശഹറസ്താനി: അൽ മിലൽ 1/45, അള്വീമാബാദി: ഔനുൽ മഅബൂദ് 13/9)
Post a Comment