ഇബ്റാഹീം_മുതൽ_മുറാദ്_വരെ



കഅബാലയത്തെ ഇബ്റാഹീമീ മാതൃകയിൽ പുതുക്കി പണിയണമെന്നത് മുഹമ്മദ് നബി(സ)യുടെ ആഗ്രഹമായിരുന്നു. പക്ഷേ, ഇസ്ലാമുമായി വലിയ തഴക്കമില്ലാത്ത മക്കയിലെ പുതു വിശ്വാസികളുടെ അവസ്ഥ പരിഗണിച്ചു, സമുദായത്തിൽ അതു കാരണം അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ പാടില്ലെന്ന നിർബന്ധം കാരണം പ്രവാചകൻ ആ പദ്ധതിയിൽ നിന്ന് പിന്മാറി. 

പിന്നീട് അറേബ്യ ഇസ്ലാമിൻ്റെ വേരുറച്ച മണ്ണായി മാറുകയും തലമുറ മാറ്റം സംഭവിക്കുകയും ചെയ്തപ്പോൾ, മക്കയുടെ ഭരണാധികാരിയും പ്രമുഖ സ്വഹാബിയുമായ അബ്ദുല്ലാഹിബിൻ സുബൈർ(624-692) മുന്നോട്ടുവന്നു. 682ൽ അദ്ദേഹം പ്രവാചകൻ ആഗ്രഹിച്ച പോലെ കഅബ പുനർ നിർമിച്ചു. ഹത്വീം എന്നും ഹിജ്ർ ഇസ്മാഈൽ എന്നും അറിയപ്പെടുന്ന ഭാഗം കഅബയുടെ അകത്താക്കി. കിഴക്കും പടിഞ്ഞാറുമായി കഅബക്ക് തറനിരപ്പിൽ നിന്നു തന്നെ രണ്ടു വാതിലുകൾ വച്ചു.

എന്നാൽ, പിന്നീട് മക്കയിൽ ഗവർണറായി വന്ന ഹജ്ജാജ് ബിൻ യൂസുഫിന് വലിയ മതബോധമോ ഇക്കാര്യത്തിൽ ധാരണയോ ഉണ്ടായിരുന്നില്ല. ഖുറൈശി മാതൃക വലുതായിക്കണ്ട ഹജ്ജാജ് 692 ൽ, കഅബ പഴയ ഖുറൈശി മോഡലിലേക്ക് തന്നെ മാറ്റി പണിതു. ഹിജ്ർ കഅബയുടെ പുറത്താക്കുകയും രണ്ടു വാതിൽ മാറ്റി, തറ നിരപ്പിനും  മുകളിൽ ഒറ്റ വാതിൽ സ്ഥാപിക്കുകയും ചെയ്തു. 

 അന്നത്തെ ഭരണാധികാരിയും ഖലീഫയും  അബ്ദുൽ മലിക് ബിൻ മർവാൻ (646_705) ആയിരുന്നു. അദ്ദേഹം ആദ്യഘട്ടത്തിൽ ഹജ്ജാജിൻ്റെ പദ്ധതികളെ പിന്തുണച്ചു. എന്നാൽ അദ്ദേഹം  വളരെ വൈകിയാണ്, ഹജ്ജാജ് നടപ്പിലാക്കിയ പദ്ധതി പ്രവാചക തിരുമേനിയുടെ ആഗ്രഹത്തിനു വിരുദ്ധമായിരുന്നു എന്നും, ഇബ്നു സുബൈർ നടപ്പിലാക്കിയതാണ് പ്രവാചകൻ്റെ ആഗ്രഹമെന്നും  അറിയുന്നത്. എങ്കിലും പുതിയ കെട്ടിടം എന്ന നിലക്ക് അത് തുടർന്നു.

പിന്നീട് അബ്ബാസി ഭരാണികാരി ഹാറൂൻ റശീദ്(766-809) അധികാരത്തിൽ വന്നപ്പോൾ, ഹജ്ജാജിൻ്റെ നിർമിതി പൊളിച്ചു ഇബ്നു സുബൈർ ഉണ്ടാക്കിയ പോലെ ഉണ്ടാക്കാൻ ഖലീഫ തീരുമാനിച്ചു. ഇക്കാര്യത്തിൽ ഇമാം മാലിക്(711_795) നോട് അദ്ദേഹം അഭിപ്രായം തേടിയപ്പോൾ ഇമാം പറഞ്ഞു: "നിങ്ങൾ മാറി മാറി വരുന്ന ഭരണകൂടങ്ങൾ കഅബയിൽ കൈവക്കുന്നത്, അതിൻ്റെ മഹത്വത്തിനെ കളങ്കപ്പെടുത്തലാണ്..." അതു കേട്ടപ്പോൾ അബ്ദുൽ മലിക് ആ ഉദ്യമത്തിൽ നിന്ന് പിന്മാറി. നിലവിലെ രൂപത്തിൽ തന്നെ നില നിർത്തി.

ഇബ്റാഹിം നബിക്ക് ശേഷം അമാലിക്ക, ജുർഹൂം, ഖുസയ്യ്, ഖുറൈശ്, ഇബ്നു സുബൈർ, ഹജ്ജാജ് എന്നിവരാണ് കഅബ പുനർ നിമിച്ചത്. അതിനു ശേഷം കാലപഴക്കം കാരണം, 1626 ൽ ഉസ്മാനി ഖലീഫ മുറാദ് നാലമൻ നിലവിലുള്ള പ്രകാരം തന്നെ പുതുക്കി പണിതു. ആ നിർമിതിയാണ് ഇപ്പോഴും നിലവിലുള്ളത്. പിന്നീടുവന്നവർ അതിനെ മോഡിപിടിപ്പിക്കുകയും മിനുക്കുപണികൾ നടത്തുകയും മാത്രമാണ് ചെയ്തത്.

Anwar Sadiq faizy Tanur
ചരിത്രത്തിലെ സുവർണ ചിത്രങ്ങൾ: 103
(ഹുസൈൻ ബാസ്ലാമ: താരീഖുൽ കഅബ പേജ് 55, ഇബ്നു രിഫ്അ: അൽ ഈള്വാഹ്. പേജ് 77)