ഐക്യത്തിനായി ഉപേക്ഷിച്ച സ്വപ്ന പദ്ധതി

 

ഇബ്റാഹീം പ്രവാചക (ബി.സി 2150-1975) നു ശേഷം അമാലിക്ക, ജുർഹും, ഖുസയ്യ് ഗോത്ര തലവന്മാർ പുതുക്കി പണിതിട്ടുണ്ടെങ്കിലും കാലപ്പഴക്കം കാരണം കഅബാലയത്തിനു ക്ഷതം സംഭവിച്ചിരിക്കുന്നു. തീ പിടുത്തവും പ്രളയവും കെട്ടിടത്തെ മൊത്തം ദുർബലമാക്കിയിരിക്കുന്നു. അങ്ങനെയാണ് ഖുറൈശികൾ സി.ഇ 785-790 കാലത്ത് കഅബ പുതുക്കി പണിയാൻ തീരുമാനിക്കുന്നത്. 

വൈകല്യങ്ങളും വ്യതിയാനങ്ങളും എമ്പാടും അറബികളിൽ വന്നു ചേർന്നിട്ടുണ്ടെങ്കിലും കഅബയെ തൊടാൻ അവർക്ക് പേടിയായിരുന്നു. കാരണം ആ ദേവാലയത്തെ തകർക്കാൻ വന്ന അബ്റഹത്തിനെയും അയാളുടെ ആനപ്പടയെയും പടച്ച തമ്പുരാൻ പച്ചക്ക് നശിപ്പിക്കുന്നത് നേരിൽ കണ്ടവരാണവർ. പക്ഷേ, ഇത് സദുദ്ദേശ്യത്തോടെയാണ്. എന്നിട്ടും അവർക്ക് പേടി.  അവസാനം വലീദ് ബിൻ മുഗീറ മുന്നോട്ടു വന്നു പ്രാർത്ഥിച്ചു പൊളി തുടങ്ങി. അയാൾ സുരക്ഷിതാണെന്നു കണ്ടപ്പോഴാണ് ബാക്കിയുള്ളവർ ഇറങ്ങിയതു തന്നെ. അങ്ങനെ ഇബ്റാഹീമീ തറ ഒഴികെയുള്ളതെല്ലാം പൊളിച്ചു മാറ്റി. 

കഅബ, വിശുദ്ധ മന്ദിരമാണെന്ന ഉറച്ച ബോധ്യം അറബികൾക്ക് ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ തിന്മയുടെ മാർഗത്തിലൂടെ സമ്പാദിച്ച യാതൊന്നും  കഅബയുടെ നിർമാണത്തിന് വിനിയോഗിക്കരുതെന്നും സംഭാവനയായി സ്വീകരിക്കരുതെന്നും അവർ തീരുമാനിച്ചു. പലിശപ്പണവും പിടിച്ചുപറിച്ചതുമൊന്നും പാടില്ലെന്ന് പ്രത്യേകം വിളംബരം ചെയ്തു. മഖ്സൂമീഗോത്ര തലവൻ  അബൂ വഹബ് ബിൻ അംറ് അക്കാര്യം ഉറക്കെ പ്രഖ്യാപിച്ചു.

അങ്ങനെ ഹലാൽ സംഭാവന കിട്ടാൻ ഖുറൈശികൾ കാത്തിരുന്നു. സൂക്ഷ്മമായ ഹലാൽ വരുമാനത്തിൻ്റെ ദൗർലഭ്യം കാരണം പതിനെട്ടു വർഷം അവർക്ക് കാത്തിരിക്കേണ്ടി വന്നു. എന്നിട്ടും വിചാരിച്ച പോലെ കിട്ടിയില്ല. അവസാനം അവർ ഇബ്റാഹീമീ അടിത്തറയിൽ നിന്ന് കഅബ ഒന്നു ചുരുക്കി ഉണ്ടാക്കാൻ തീരുമാനിച്ചു. അങ്ങനെ ഹത്വീം എന്നും ഹിജ്റ് ഇസ്മാഈൽ എന്നും അറിയപ്പെടുന്ന ഭാഗം കഅബയുടെ കെട്ടിടത്തിനു പുറത്താക്കി അവരത് ചുരുക്കി ഉണ്ടാക്കി. രണ്ടു വാതിലുകൾ ഉണ്ടായത് ഒന്നാക്കി ചുരുക്കി. അങ്ങനെ ഒരു വിധം കഅബയുടെ പണി പൂർത്തിയാക്കി.

സി.ഇ 630 ൽ മുഹമ്മദ് നബി (സ) മക്ക കീഴടക്കിയപ്പോൾ പ്രവാചകൻ്റെ  ആഗ്രഹമായിരുന്നു, കഅബയെ പണ്ട് ഇബ്റാഹീം(അ) നിർമിച്ച മാതൃകയിൽ വലുതാക്കി ഉണ്ടാക്കണമെന്ന്. പക്ഷേ, ഇസ്ലാമിലേക്ക് വന്നിട്ട് വലിയ പഴക്കമില്ലാത്ത പുതു വിശ്വാസികളായിരുന്നു ആ സമയത്ത് മക്കക്കാർ അധികവും. അതു കൊണ്ടു തന്നെ തൻ്റെ തീരുമാനം ഒറ്റയടിക്ക് നടപ്പിലാക്കിയാൽ ആ സമൂഹത്തിൽ അനൈക്യവും അഭിപ്രായ വ്യത്യാസവും ഉണ്ടാകുമെന്ന് പ്രവാചകൻ ആശങ്കപ്പെട്ടു. തൻ്റെ ആഗ്രഹത്തെക്കാൾ സമൂഹത്തിൻ്റെ ഐക്യത്തിനും കെട്ടുറപ്പിനും പ്രാധാന്യം നൽകിയ പ്രവാചകൻ, സ്വന്തം അധികാരമുപയോഗിക്കാതെ മറ്റുള്ളവർക്കു വേണ്ടി പിന്മാറി. അക്കാര്യം മുഹമ്മദ് നബി (സ) പ്രിയ പത്നി ആയിശ(റ)യോട് തുറന്നു പറയുകയും ചെയ്തു.

Anwar Sadiq faizy Tanur
ചരിത്രത്തിലെ സുവർണ ചിത്രങ്ങൾ: 102
(ബുഖാരി: 7243, മുസ് ലിം: 3307, തിർമിദി: 875, നസാഈ: 2903)